അതിരുകളില്ലാത്ത ലോകം ?

0
135
മുരളി തുമ്മാരുകുടി
അതിരുകളില്ലാത്ത ലോകം?
നാലാം വ്യവസായ വിപ്ലവത്തേയും അതിരുകളില്ലാത്ത ലോകത്തേയും പറ്റി ഞാൻ സ്വപ്നം കണ്ടിരുന്നതും സംസാരിച്ചിരുന്നതും വെറും രണ്ടുമാസം മുന്പാണെന്ന് ഇന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം.
ഇന്നിപ്പോൾ സ്ഥിതി ഏറെ മാറിക്കഴിഞ്ഞു. ഫ്രാൻസാണ് യൂറോപ്പിൽ ആദ്യം അതിർത്തികൾ അടച്ചത്. പിന്നെ സ്വിറ്റ്‌സർലൻഡ്. സഞ്ചാര സ്വാതന്ത്ര്യം ഏതാണ്ട് ജീവവായു പോലെ അതിരുകളില്ലാതെ കിടന്ന യൂറോപ്യൻ യൂണിയനുകളുടെ അതിർത്തികൾ കാൽ നൂറ്റാണ്ടിന് ശേഷം നിയന്ത്രണത്തിലെത്തി.
ഇന്ത്യയിൽ, രാജ്യത്ത് തന്നെ, സംസ്ഥാനങ്ങൾ തമ്മിലുള്ള സഞ്ചാരങ്ങളിൽ നിയന്ത്രണമായി. കേരളം – കർണ്ണാടക അതിർത്തിയിൽ മണ്ണ് വീണു.ഇനി വരാൻ പോകുന്ന കാലം മതിലുകളുയരുന്ന കാലമാണോ എന്ന് ആളുകൾ സംശയിച്ചാൽ അതിശയം പറയാനില്ല.
ചെറുപ്പകാലത്ത് മുതൽ കേൾക്കുന്ന പ്രയോഗമാണ്, രണ്ടുദിവസം കേരളത്തിന്റെ അതിർത്തികൾ അടഞ്ഞാൽ ഇവിടെ എല്ലാവരും പട്ടിണിയാകും എന്ന്. കേരളത്തിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത വേണം എന്ന് വാദിക്കുന്നവരുടെ സ്ഥിരം വാദമാണിത്. അങ്ങനെയല്ല, ഓരോ പ്രദേശവും (അത് രാജ്യമോ സംസ്ഥാനമോ ജില്ലയോ വീടുകളോ വ്യക്തികളോ ആയാലും) അവർക്ക് ഏറ്റവും നന്നായി ചെയ്യാൻ പറ്റുന്നതെന്തോ അത് ചെയ്യണമെന്നും മറ്റുള്ളവർ അവർക്ക് നന്നായി ചെയ്യാവുന്നത് ചെയ്യണം എന്നും തന്നെയാണ് അന്നും ഇന്നും എന്റെ അഭിപ്രായം. ഈ കൊറോണക്കാലത്തും ആ അഭിപ്രായത്തിന് മാറ്റമില്ല. അപ്രതീക്ഷിതമായി തലമുറകളിൽ ഒരിക്കൽ വരുന്ന ദുരന്തങ്ങൾ ഉണ്ടാകുന്പോൾ തീർച്ചയായും കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും, അതിന് തികച്ചും താൽക്കാലികമായ ചിലത് ചെയ്യേണ്ടതായും വരും. പക്ഷെ ലോകത്തെ മുൻകാല അനുഭവങ്ങൾ നമ്മളെ പഠിപ്പിച്ചിട്ടുള്ളത് പ്രദേശത്ത് ഭക്ഷണത്തിന് ക്ഷാമം ഉണ്ടാകുന്നത് ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം ഉണ്ടാകുന്നത് കൊണ്ടല്ല, ഉള്ള വസ്തുക്കൾ വാങ്ങാൻ ആളുകൾക്ക് കഴിവില്ലാതെ ആകുന്നത് കൊണ്ടാണെന്നാണ്. ഏതൊരു ലോകത്തും ഏതൊരു കാലത്തും അതിർത്തികൾ അടച്ചാൽ കൂടുതൽ പട്ടിണിയിലേക്ക് പോകുന്നത് കൃഷി ചെയ്യുന്നവരാണ് എന്നതാണ് സത്യം. കൊറോണക്കാലവും വ്യത്യസ്തമല്ല !.
കർണ്ണാടക അതിർത്തിയിൽ മണ്ണ് വീണതും, കാസർകോഡ് നിന്നും കർണ്ണാടകയിലേക്കുള്ള രോഗികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര നിയന്ത്രിക്കപ്പെട്ടതും, കേരളത്തിലെ മറുനാടൻ തൊഴിലാളികൾ ഏറ്റവും വേഗത്തിൽ സ്ഥലം വിടണമെന്ന് പറഞ്ഞ് തെരുവിലിറങ്ങിയതുമാണ് ഈ കൊറോണക്കാലത്ത് ഉണ്ടായ മറ്റു സംഭവവികാസങ്ങൾ. ഏതാനും ദിവസങ്ങൾ മുൻപ് വരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണക്കേസുകൾ ഉണ്ടായിരുന്നത് കേരളത്തിലാണ്. ഇറ്റലിയിൽ നിന്നും മറ്റും കൊറോണയുടെ ഭീതിപ്പെടുത്തുന്ന കഥകൾ വരികയും ചെയ്തു. ഇത് രണ്ടും കൂട്ടി വായിച്ചാൽ ആരാണെങ്കിലും പേടിച്ചു പോകും.
കേരളത്തിന് പുറത്തുള്ള മറുനാടൻ തൊഴിലാളികൾ ഏറ്റവും വേഗത്തിൽ പുറത്തേക്ക് പോകണമെന്നും കേരളത്തിന് അടുത്തുള്ള സംസ്ഥാനങ്ങൾ ഇപ്പോൾ കേരളത്തിൽ നിന്നും ആരും ഇങ്ങോട്ടു വരേണ്ട എന്ന് ചിന്തിക്കുന്നതും അതുകൊണ്ടാണ്. അവരുടെ നാടുകളിലും ഭാഷകളിലും പറന്നു നടക്കുന്ന വാട്ടസ്ആപ്പ് സന്ദേശങ്ങളിൽ എന്തൊക്കെ ഭീതിതമായ കഥകളാണ് കേരളത്തിലെ സ്ഥിതിയെ പറ്റി ഉണ്ടായിരിക്കുക എന്ന് ആലോചിച്ചാൽ മനസ്സിലാവുന്നതേ ഉള്ളൂ. തീർച്ചയായും ഈ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്നവരും കാണും. ഇതൊക്കെ ഏതൊരു ദുരന്തകാലത്തും ഉണ്ടാകുന്നവയാണ്.
ഈ വിഷയം വേണ്ടത്ര ദീർഘ വീക്ഷണത്തോടേയും പക്വതയോടെയും കൈകാര്യം ചെയ്യാനുള്ള കഴിവ് നമ്മുടെ ഭരണ നേതൃത്വങ്ങൾക്കും കോടതി ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്കും ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
പക്ഷെ ഇക്കാര്യത്തിലെ കോടതിവിധി എന്താണെങ്കിലും ഈ കൊറോണക്കാലം കഴിയുന്നതിന് മുൻപ് തന്നെ ഒരു പാഠം എല്ലാവരും പഠിക്കും. ഈ ലോകം ഏറ്റവും പരസ്പരബന്ധിതമാണ്. രാജ്യത്തിന് എത്ര പണമോ ശക്തിയോ ഉണ്ടെങ്കിലും ഏറ്റവും സൂക്ഷ്മമായതും അദൃശ്യമായതും ആയ ഒരു ശത്രുവിന്റെ മുന്നിൽ ചെന്നുപെട്ടാൽ പരസ്പരം സഹായം തേടിയെ തീരൂ. ഇത് സംസ്ഥാനങ്ങളുടെ കാര്യമായാലും വീടുകളുടെ കാര്യമായാലും വ്യക്തികളുടെ കാര്യമായാലും ശരിയാണ്. മരണസംഖ്യ പ്രതിദിനം ആയിരം കടന്ന ഫ്രാൻസിൽ നിന്നും രോഗികളുമായി ആംബുലൻസുകൾ അടച്ചിട്ട അതിർത്തി കടന്ന് അയൽ രാജ്യങ്ങളിലേക്ക് പോവുകയാണ്. ഇതിപ്പോൾ നാളെ ഇവിടെയും സംഭവിക്കുന്നത് നമ്മൾ കാണും. മണ്ണിട്ടും അല്ലാതേയും അടച്ച അതിർത്തികൾ തുറന്ന് രോഗികളും അല്ലാത്തവരുമായി വാഹനങ്ങൾ ഇങ്ങോട്ടും വരാം, അവരെ നമുക്ക് സഹായിക്കേണ്ടി വരും. അന്ന് മനസ്സിൽ യാതൊരു വൈരവും ഇല്ലാതെ മറ്റുള്ളവരെ സഹായിക്കാൻ നമുക്ക് തെയ്യാറെടുക്കാം. കാരണം ഇത് നമ്മളെല്ലാം ഒരുമിച്ച് ഒറ്റ മനസ്സോടെ ഒറ്റ ലക്ഷ്യത്തോടെ ചെയ്യേണ്ട യുദ്ധമാണ്. അങ്ങനെയാണ് കൂടുതൽ ഒത്തൊരുമയുള്ള രാജ്യവും ലോകവും ഉണ്ടാക്കിയെടുക്കാൻ ആകുന്നത്. അതിരുകളില്ലാത്ത ലോകം തന്നെയാണ് ഇനിയും ഉണ്ടാകാൻ പോകുന്നത്, സംശയം വേണ്ട.
(നിങ്ങളിൽ പലർക്കും ഈ വിഷയത്തിൽ എതിർപ്പോ ശക്തമായ എതിർപ്പോ ഉണ്ടാകും എന്നെനിക്കറിയാം. കമന്റുകളിൽ അന്യ സംസ്ഥാനങ്ങളെ പറ്റിയോ മറ്റു നാടുകളിൽ നിന്നുള്ളവരെ പറ്റിയോ മോശമായ കമന്റുകൾ ഇടാതിരിക്കാൻ ശ്രദ്ധിക്കുക. ബ്ലോക്ക് ഓഫിസിൽ ഇനിയും സ്ഥലമുണ്ട്, അവിടെ ഇപ്പോൾ രണ്ടാമന്റെ ലേഖനങ്ങൾ വിതരണം ചെയ്യുന്നുമില്ല).