ശിലായുഗവും മനുഷ്യസമൂഹവും 

21

Mubariz Muhammed

ശിലായുഗവും മനുഷ്യസമൂഹവും 

ശിലാ(കല്ല്)നിർമ്മിത വസ്തുക്കൾ ചരിത്രാതീത കാലം തൊട്ടു തന്നെ മനുഷ്യവംശത്തിന്റെ ഭാഗമാണ്.ശിലായുഗം (Stone Age) എന്നത് കൊണ്ട് വിവക്ഷിക്കുന്നത് മനുഷ്യൻ ആദ്യമായി കല്ലുകളെ തന്റെ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ തുടങ്ങിയത് തൊട്ട് വെങ്കലത്തെ (Bronze) തന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ തുടങ്ങിയത് വരെയുള്ള കാലഘട്ടമാണ്.ഏകദേശം 25 ലക്ഷം വർഷങ്ങൾ മുൻപ് മുതൽ ഏകദേശം 5,300 വർഷങ്ങൾ മുൻപ് വരെ.25 ലക്ഷം വർഷങ്ങൾക്ക് മുൻപും മനുഷ്യൻ കല്ല് ഉപയോഗപ്പെടുത്തിയിരുന്നു എന്ന അഭിപ്രായവും നിലവിലുണ്ട്.തുടക്കത്തിൽ മെച്ചപ്പെട്ട രീതിയിൽ കല്ലുകൾ ഉപയോഗിക്കാൻ മനുഷ്യന് കഴിഞ്ഞില്ലെങ്കിലും കാലക്രമേണ അവയെ പരുവപ്പെടുത്തിയെടുക്കുന്നതിലുള്ള അവന്റെ കഴിവ് വർദ്ധിച്ചുവന്നു.
ശിലായുഗത്തെ പ്രധാനമായും മൂന്നായി തരംതിരിച്ചിട്ടുണ്ട്.പ്രാചീന ശിലായുഗം (Paleolithic),മധ്യ ശിലായുഗം (Mesolithic) , നവീന

ശിലായുഗം (Neolithic) .
പ്രാചീന ശിലായുഗം(Paleolithic) :-

25 ലക്ഷം വർഷങ്ങൾ മുൻപ് മുതൽ അവസാന ഹിമയുഗത്തിന്റെ അന്ത്യം വരെയുള്ള (ഏകദേശം 11,500 വർഷങ്ങൾ മുൻപ് വരെ) കാലഘട്ടത്തെയാണ് പൊതുവെ പ്രാചീന ശിലായുഗം എന്ന് വിളിക്കപ്പെടുന്നത്.ഏറ്റവും വലിയ ശിലായുഗ കാലഘട്ടമാണ് ഇത്.
മനുഷ്യരുടെ ഫോസിലുകളോടൊപ്പം ലഭിച്ച പ്രാചീന ശിലായുധങ്ങളും പഠനവിധേയമാക്കിയപ്പോൾ കാലക്രമേണ ശിലായുധങ്ങളുടെ ഉപയോഗത്തിൽ മാറ്റങ്ങൾ വന്നിട്ടുള്ളതായി തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്.25 ലക്ഷം വർഷങ്ങൾക്ക് മുൻപ് വളരെ ലളിതമായ അടർന്നു പോയ പാറക്കല്ലുകളും മറ്റുമൊക്കെയായിരുന്നു ഉപയോഗിച്ചിരുന്നത്.ഏകദേശം 17 ലക്ഷം വർഷം മുൻപുള്ള കാലഘട്ടം ആയപ്പോഴേക്കും ഒരേ രീതിയിലുള്ള കൂർത്ത മുനയുള്ള കല്ലായുധങ്ങൾ നിർമ്മിക്കാൻ മനുഷ്യനു കഴിഞ്ഞു. ഏകദേശം 40,000 വർഷങ്ങൾക്കു മുൻപു വരെയുള്ള കാലമായപ്പോഴേക്കും മനുഷ്യരുടെ ശിലാവസ്തുക്കൾ ഉപയോഗിക്കാനുള്ള കഴിവ് കൂടുതൽ വിപ്ലവാത്മകമായി. ഈ കാലഘട്ടം മുതൽ ശിലാവസ്തുക്കൾ ഉപയോഗിച്ച് ആഭരണങ്ങൾ നിർമ്മിക്കുവാനും ശിലായുധങ്ങൾ ഉപയോഗിച്ച് വസിച്ചിരുന്ന ഗുഹകളിൽ ചിത്രപ്പണികൾ ചെയ്യാനും അവർക്ക് കഴിഞ്ഞു.
പിൽക്കാലത്ത് കല്ലിനു പുറമേ മരം കൊണ്ടുള്ളതും മറ്റു ജീവികളുടെ എല്ലുകൾ കൊണ്ടുള്ളതുമായ ആയുധങ്ങളും ആഭരണങ്ങളും ഉപയോഗിച്ചുതുടങ്ങി.

മധ്യ ശിലായുഗം (Mesolithic) :-

ഭൂഗോളം ഒന്നാകെ മഞ്ഞു പൊതിയുന്ന പ്രതിഭാസമായ ഹിമയുഗം അവസാനിച്ച കാലഘട്ടം മുതൽ മനുഷ്യർ കാർഷിക വൃത്തിയിലേക്ക് തിരിഞ്ഞ് കാലഘട്ടം വരെ ആണ് മധ്യശിലായുഗം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് .മധ്യ ശിലായുഗത്തിന് വ്യക്തമായ ഒരു കാലക്രമം നൽകാൻ കഴിയില്ല. കാരണം ഭൂമിയുടെ പല ഭാഗങ്ങളിലും പല സമയങ്ങളിൽ ആണ് മനുഷ്യൻ കാർഷികവൃത്തി ആരംഭിച്ചത്. മധ്യ ഏഷ്യയിൽ മധ്യശിലായുഗം ഇല്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം. കാരണം ഹിമയുഗം അവസാനിച്ച അതേ കാലഘട്ടത്തിൽ തന്നെ അവിടെ കാർഷിക വൃത്തിയിലേക്ക് മനുഷ്യൻ കാലെടുത്തു വെച്ചിരുന്നു. തെക്ക്-പടിഞ്ഞാറ് യൂറോപ്പിൽ ഏകദേശം 9,000 വർഷങ്ങൾക്കു മുൻപാണ് മനുഷ്യൻ കാർഷിക വൃത്തിയിലേക്ക് തിരിഞ്ഞത് .മധ്യ യൂറോപ്പിൽ 7,500 വർഷം മുൻപ്. വടക്കൻ യൂറോപ്പിൽ കൃഷി ആരംഭിക്കുന്നത് ഏകദേശം 6,000 വർഷം മുൻപാണ്.
ഹിമയുഗം അവസാനിച്ചതോടെ ഭൂമിയുടെ താപനില ഉയർന്നു. മഞ്ഞുമൂടി കിടന്നിരുന്ന വടക്കൻ പ്രദേശങ്ങൾ വെളിവായി തുടങ്ങി. മഞ്ഞുപാളികൾ ഉരുകി ഒലിച്ചതോടെ കടലിലെ ജലനിരപ്പ് ഉയർന്നു. ജപ്പാനെ ഏഷ്യൻ വൻകരയിൽ നിന്നും, ടെസ്മേനിയയെ ഓസ്ട്രേലിയയിൽ നിന്നും, ബ്രിട്ടീഷ് ദ്വീപുകളെ യൂറോപ്യൻ വൻകരയിൽ നിന്നും ,അമേരിക്കൻ ഭൂഖണ്ഡത്തെ ഏഷ്യയിൽ നിന്നും ഒറ്റപ്പെടുത്തി കടൽ ജലഭിത്തികൾ കെട്ടി.
മധ്യ ശിലായുഗ കാലത്തിൽ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഉണ്ടായ ഈ വമ്പിച്ച മാറ്റം ശിലായുധങ്ങളുടെ നിർമാണത്തിലും ഉപയോഗത്തിലും വലിയ മാറ്റങ്ങളുണ്ടാക്കി.

നവീന ശിലായുഗം(Neolithic) :-

മനുഷ്യസമൂഹം കാർഷികവൃത്തി ആരംഭിച്ചതു മുതൽ ഇങ്ങോട്ടുള്ള കാലഘട്ടത്തെയാണ് നവീനശിലായുഗം എന്ന് വിളിക്കുന്നത്. മുൻ സൂചിപ്പിച്ച പോലെ വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത കാലങ്ങളിലാണ് നവീനശിലായുഗം ആരംഭിക്കുന്നത്. ഇക്കാലയളവിൽ മനുഷ്യൻ ധാന്യ വിളകൾ കൃഷിചെയ്യുന്നതോടൊപ്പം വളർത്തു മൃഗങ്ങളെ ഇണക്കി വളർത്താനും പഠിച്ചു.
കാർഷിക വിപ്ലവത്തിന്റെ ഒരു വൻ മുന്നേറ്റത്തിനാണ് നവീനശിലായുഗം സാക്ഷ്യംവഹിച്ചത് .കല്ലും വടിയുമായി നായാടി നടന്ന മനുഷ്യൻ തന്റെ മുന്നിൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്തു വിളവെടുക്കാൻ പഠിച്ചു. കാർഷിക വിപ്ലവം അലഞ്ഞുനടന്ന് ജീവിച്ച മനുഷ്യരെ സ്ഥിരവാസികൾ ആക്കി മാറ്റി. തന്റെ കൃഷിസ്ഥലം സംരക്ഷിക്കാനും കൃഷിയെ കൂടുതൽ മെച്ചം ഉള്ളതാക്കാനും മനുഷ്യൻ കഠിനശ്രമം തുടങ്ങിയതോടെ ആയുധങ്ങളിലും മറ്റു ശിലാവസ്തുക്കളിലും വിപ്ലവകരമായ മാറ്റങ്ങൾ വന്നു തുടങ്ങി. കാലാന്തരം കാർഷിക ഗോത്രങ്ങൾ പരിണമിച്ച് ഗ്രാമങ്ങളായും നഗരങ്ങളായും വളർന്നു.
പിൽക്കാലത്ത് ലോഹ സംസ്കരണ വിദ്യയിലൂടെ വെങ്കലം നിർമ്മിച്ച് ശിലായുധങ്ങൾക്കു പകരം വെങ്കല ആയുധങ്ങൾ ഉപയോഗിച്ച് തുടങ്ങി. ശിലായുധങ്ങളേക്കാൾ ഉറപ്പുള്ളതും ഇഷ്ടമുള്ള രൂപത്തിൽ നിർമ്മിക്കാൻ കഴിയുന്നതും നീണ്ടുനിൽക്കുന്നതുമായ വെങ്കല ആയുധങ്ങൾ പ്രചാരം നേടിയതോടെ ശിലായുഗത്തിന് പര്യവസാനമായി.

Reference : Article by Cristian Violatti, ‘Stone Age’ , in ancient.eu