Movie Reviews
സഹോദരനെ കൊന്ന കായേന്റെ രക്തമാണത്രെ മനുഷ്യൻ. ആ രക്തം, ആ വെറുപ്പ് അവനെ മാടി വിളിക്കുന്നുണ്ടത്രേ
മുസ്ലിം വിശ്വാസങ്ങളെ മനു വാര്യരും അനീഷ് പള്ളിയാലും കുരുതി കൊടുത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്. ഇസ്ലാമികമായതെല്ലാം വയലൻസ് ആണെന്ന് പറഞ്ഞു തുടങ്ങുന്ന കുരുതി
172 total views

Muhammad Mirash
“മണിക്കുട്ടീനെ അറുക്കേണ്ട ഉപ്പച്ചി, വേണ്ട”
“മണിക്കുട്ടീനെ ഉളുഹിയത്തിന് അറുക്കാൻ വച്ചതല്ലേ സുഹ്റു, നേർച്ച തെറ്റിച്ചാൽ പടച്ചോന്റെ ശിക്ഷ കിട്ടില്ലേ നമ്മക്ക്?.”
മുസ്ലിം വിശ്വാസങ്ങളെ മനു വാര്യരും അനീഷ് പള്ളിയാലും കുരുതി കൊടുത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്. ഇസ്ലാമികമായതെല്ലാം വയലൻസ് ആണെന്ന് പറഞ്ഞു തുടങ്ങുന്ന കുരുതി.നല്ലവനായ ഇബ്രാഹിം മുസ്ലിമാണ്, വലിയ വിശ്വാസിയാണ് എങ്കിൽ തന്നെയും അയാളുടെ നന്മയും ഇസ്ലാമും രണ്ടാണെന്ന് സംശയത്തിനിടവരുത്താതെ തെളിയിക്കാൻ സംവിധായകന് കഴിഞ്ഞെന്നു പറയാം.

“ഓൻ കളിച്ചു വളർന്ന അമ്പലമുറ്റം, ഓന്റെ അച്ഛൻ ശാന്തിക്കാരനായ അമ്പലം, അവിടെ അശുദ്ധിയാക്കിയാൽ സഹിക്കാൻ പറ്റുമോ?”
ഈ ഒറ്റ ചോദ്യം കുരുതിയുടെ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്നുണ്ട്.
വിഷ്ണു കൊലപാതകം ചെയ്തിട്ടുണ്ട്, അത് തെറ്റാണ്, എന്നാൽ അതിന് ന്യായീകരണം ഉണ്ട്. ഒരു വൃദ്ധനെ കുത്തിക്കൊന്നതിന്റെ ന്യായീകരണം അവന്റെ വ്രണപ്പെട്ട മതവികാരമാണ്.മനുഷ്യന്റെ കഥയിലെ ആദിപാപം കനി ഭക്ഷിച്ചതല്ലെന്നും അത് വെറുപ്പ് മൂത്ത് കായേൻ ആബേലിനെ കൊന്നതാണെന്നും സിനിമ പറഞ്ഞു വെക്കുന്നു. സഹോദരനെ കൊന്ന കായേന്റെ രക്തമാണത്രെ മനുഷ്യൻ. ആ രക്തം, ആ വെറുപ്പ് അവനെ മാടി വിളിക്കുന്നുണ്ടത്രേ. ഇത്രയും പറഞ്ഞ് അവസാനിപ്പിക്കുന്ന കുരുതി ചിക്കിചികഞ്ഞാൽ വെറുപ്പിന്റെ സംഘടിതമായ ഇരുധ്രുവങ്ങൾ കാണാൻ കഴിയുന്നില്ലെന്നതാണ് രസകരം.
വിഷ്ണുവിന് ന്യായീകരണം ഉണ്ട്, അവന്റെ അമ്പലം അശുദ്ധിയാക്കി,അതിന് കാരണം മുസ്ലിങ്ങളാണ്. ലായക്കിനാവട്ടെ സ്വന്തം പിതാവിനെ കൊന്ന വിഷ്ണുവിനോടുള്ള പ്രതികാരത്തിനപ്പുറം ലോകം മുഴുവൻ വേട്ടയാടപ്പെടുന്ന തന്റെ മതത്തിനോടുള്ള കൂറ്. അമ്പലം അശുദ്ധിയാക്കിയ മുസ്ലിമിലേക്ക് തന്നെ അപരാധം ചെന്ന് ചേരുന്നു. നിരോധിക്കപ്പെട്ട ലായക്കിന്റെ സംഘടനയും അയാളുടെ വിദേശ വാസവും അവിടെ ജയിൽവാസവും നാടുകടത്തലും എല്ലാം ഒരു പൊട്ടൻഷ്യൽ ഭീകരവാദിയെ നിർമ്മിക്കുന്നു. വിഷ്ണു സാഹചര്യം കൊണ്ട് കൊലപാതകിയാവേണ്ടി വന്ന ഒരു ചെറുപ്പക്കാരൻ മാത്രം.
ഇവരുടെ ഇടയിലേക്ക് പ്രതിഷ്ഠിക്കപ്പെടുന്ന ഇബ്രാഹിം എന്ന നല്ല മുസ്ലിമിന് ദൗത്യം ഹിന്ദുവിനെ സംരക്ഷിക്കലാണ്. മുസ്ലിമിന്റെ ചുമലിൽ സമൂഹം കെട്ടിവച്ച ഏറ്റവും വലിയ ഭാരം. ഹിന്ദുത്വം പൊതുബോധമായ സമൂഹത്തിനെ തൃപ്തിപ്പെടുത്തി താങ്ങി നിർത്തേണ്ടത് ഇബ്രാഹിമിന്റെ ചുമതലയാണ്. അതിൽനിന്നും വ്യതിചലിച്ചാൽ അയാൾ തീവ്രവാദിയാകും. ആ ചുമതല നിറവേറ്റാൻ അയാൾക്ക് മറ്റൊരു മുസ്ലിമിനെ കൊല്ലുകയും ആവാം. ഇത്രയൊക്കെയാണെങ്കിലും ഭരണകൂടത്തിന് അയാൾ വിശ്വസിക്കാൻ കൊള്ളാത്തവനാണ്. ഏതു നിമിഷവും അയാൾ തങ്ങൾക്കെതിരെ തിരിയാം എന്ന് അവർ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ വിഷ്ണുവിനെ കൊല്ലപ്പെടാതെ കാക്കും എന്ന് രക്തം പുരണ്ട കൈ ഖുർആനിൽ വച്ച് അയാളെക്കൊണ്ട് സത്യം ചെയ്യിപ്പിക്കുന്നു.
സുമയ്ക്ക് ഈ ബാധ്യതയില്ല, സ്വന്തം മതക്കാരനായത് കൊണ്ട് കൊലയാളിയായ വിഷ്ണുവിന് ഒളിത്താവളവും ഭക്ഷണവും നൽകാൻ അവൾക്ക് കഴിയും, അത് ഒരു മാനുഷിക പരിഗണന മാത്രമാവും. എന്നാൽ ആ രേഖ ഇബ്രാഹിം മുറിച്ചു കടക്കുന്നതോടെ അയാൾ ഭീകരനാകും. കാരണം അയാളുടെ ചുമതല വിഷ്ണുവിനെയും സുമയെയും കാക്കലാണ്.
സമകാലീക ഇന്ത്യൻ അവസ്ഥയെ വിശദീകരിക്കുമ്പോൾ ഏറെ ഉപയോഗിച്ച് തേഞ്ഞ ഒരു വാക്കാണ് വെറുപ്പ്. മുസ്ലിം രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നവരും വരയിൽ നിന്ന് പുറത്തായിപ്പോകാതിരിക്കാൻ ഈ വാക്ക് തന്നെ പറയും.
മുസ്ലിം ഭീകരത ഉണ്ട്, സംഘടിതമാണ്. ഹിന്ദുത്വ ഭീകരതയില്ല, അത് സാഹചര്യങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളും മാത്രം. സിനിമയുടെ ആകെത്തുകയായി മനസ്സിലാവുന്നത് ഇതാണ്. ഹിന്ദുത്വവാദികൾ ഭരിക്കുന്ന രാജ്യത്ത് നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ബാലൻസ് ഒപ്പിച്ചെന്നു വരുത്തി ഹിന്ദുത്വത്തെ വെള്ളപൂശുകയാണ് കുരുതി.
ലായക്ക് കൊല്ലപ്പെടേണ്ടവനാണ് അയാൾ കൊല്ലപ്പെടും എന്നാൽ വിഷ്ണു സ്ക്രീനിൽ മരിക്കേണ്ട എന്നും സംവിധായകൻ നിഷ്കളങ്കമായി തീരുമാനിച്ചതാവാം.
173 total views, 1 views today
Continue Reading