കെജ്രിവാളിന്റെ രാമഭക്തി ബിജെപിക്ക് മുഖത്തേറ്റ അടി, കാര്യങ്ങൾ വഴിയേ മനസിലാകും

0
226

Muhammed Aslam Pathanayath ന്റെ കുറിപ്പ് വായിക്കാം

അരവിന്ദ് കെജ്‌രിവാളിൻ്റെ രാമ രാജ്യം.ഈ കഴിഞ്ഞ ദിവസങ്ങളിലെ ഒരു പ്രധാന ചർച്ചാ വിഷയം അതായിരുന്നു.അതിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.ഇന്ത്യയിൽ ബിജെപി ഏറ്റവും പ്രധാനമായി മുന്നോട്ട് വെക്കുന്നത് ഒരൊറ്റ കാര്യമാണ്. ഹിന്ദു മതത്തിൻ്റെ അവകാശികളും സംരക്ഷകരും ഞങ്ങളാണ്, അതുകൊണ്ട് ഞങ്ങൾക്ക് വോട്ട് ചെയ്യുക.ഈ സന്ദേശം പല തരത്തിൽ അവർ ജനങ്ങളുടെ മനസിലേക്ക് എത്തിക്കുന്നു. തെരഞ്ഞെടുപ്പ് റാലികളിൽ അത് പ്രഖ്യാപിക്കുന്നു. വളരെ എളുപ്പത്തിൽ ഭൂരിപക്ഷം ജനങ്ങളേയും സ്വാധീനിക്കുന്നു.ഉത്തരേന്ത്യയിൽ ഓരോ തെരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ കോൺഗ്രസ് ഇറങ്ങുമ്പോൾ, കോൺഗ്രസിനെ നിഷ്പ്രയാസം ഹിന്ദു വിരുദ്ധ പാർട്ടിയായി അവതരിപ്പിക്കാൻ ബിജെപിക്ക് സാധിക്കുന്നു. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തോടെയാണ് ഇത് എളുപ്പമായത്.

ഇറ്റലിയിൽ നിന്നുള്ള സോണിയാ ഗാന്ധിയും അവരുടെ മകനായ രാഹുൽ ഗാന്ധിയും കൃസ്ത്യാനികൾ ആണെന്ന് വരെ വ്യാപകമായി ഇന്നും പ്രചരണം അഴിച്ചു വിടാൻ ഐടി സെല്ലും ഇതേ പ്രചരണം ഉത്തരേന്ത്യയിലെ ഓരോ ഗ്രാമങ്ങളിലും കൃത്യമായി നടത്താൻ സംഘപരിവാറും പണിയെടുക്കുന്നു. ഇതുവഴി തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഹുൽ ഗാന്ധി നടത്തുന്ന ക്ഷേത്ര സന്ദർശനങ്ങളെ അത് കേവലം തെരഞ്ഞെടുപ്പ് നാടകമായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ എളുപ്പത്തിൽ പറ്റും. അതേ സമയം ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന ക്ഷേത്ര സന്ദർശനങ്ങൾ വിശ്വാസത്തിൻ്റെ ഭാഗമാണ് എന്നുള്ള സന്ദേശം ജനങ്ങളിലേക്ക് നൽകാൻ ബിജെപിക്ക് സാധിക്കുന്നു. അതിൽ ഓരോ തവണയും വിജയിക്കുന്നു.

അരവിന്ദ് കെജ്‌രിവാൾ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുൻപും വന്നതിന് ശേഷവും ഹിന്ദു മത വിശ്വാസി തന്നെയാണ്. പക്ഷേ അദ്ദേഹത്തിൻ്റെ പഴയ ഫോട്ടോകളിൽ ഒന്നിൽ പോലും ഒരു കുറി പോലും തൊട്ട തരത്തിൽ കാണാൻ സാധിക്കില്ല. തൻ്റെ വിശ്വാസം തികച്ചും വ്യക്തിപരമായി അദ്ദേഹം നിലനിർത്തി.ഇന്ത്യൻ രാഷ്ട്രീയത്തിൽ ജനങ്ങൾക്ക് വേണ്ട യഥാർത്ഥ വികസനം നടപ്പിലാക്കി അരവിന്ദ് കെജ്‌രിവാൾ കേവലം 49 ദിവസത്തെ ഭരണം കൊണ്ട് ചുവടുറപ്പിച്ചപ്പോൾ അപ്രതീക്ഷിതമായി ആ വളർച്ച കണ്ട് സകലരും അമ്പരന്നു. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും മറികടന്ന് ബിജെപിക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷ സ്ഥാനത്തേക്ക് കെജ്‌രിവാളും പാർട്ടിയും പതുക്കെ നടന്നു കയറുന്നു എന്ന് ബിജെപി മനസ്സിലാക്കി.

അന്താരാഷ്ട്ര തലത്തിൽ തന്നെ കയ്യടി നേടിയ ഉജ്ജ്വലമായ ഭരണം കാഴ്ചവച്ച അരവിന്ദ് കെജ്‌രിവാൾ തങ്ങൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്ന് ബിജെപി വ്യക്തമായി തിരിച്ചറിഞ്ഞു. ആംആദ്മി പാർട്ടിക്ക് വാരാണസി ലോക്സഭാ മണ്ഡലത്തിൽ ഒരു ബൂത്ത് കമ്മിറ്റി പോലും ഇല്ലാതിരുന്ന 2014 ൽ നരേന്ദ്ര മോദിക്ക് എതിരെ മത്സരിച്ച് സമാജ്‌വാദി പാർട്ടിയെയും ബിഎസ്പിയെയും കോൺഗ്രസിനെയും മറികടന്ന് കെജ്‌രിവാൾ രണ്ടാം സ്ഥാനം നേടിയത് ഓർക്കുക.നരേന്ദ്ര മോദിക്ക് വേണ്ടി ആർഎസ്എസ് സംഘടനാ സംവിധാനം മാസങ്ങളോളം പണിയെടുത്തപ്പോൾ ഏതാനും ആഴ്ചകൾ മാത്രം നീണ്ടു നിന്ന പ്രചരണം കൊണ്ടാണ് കെജ്‌രിവാൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. ഇത് ബിജെപിയെ അക്ഷരാർത്ഥത്തിൽ നടുക്കി.

അതോടെ ബിജെപി പതിവു തന്ത്രം പുറത്തെടുത്തു. അരവിന്ദ് കെജ്‌രിവാൾ ഹിന്ദു മതത്തിൻ്റെ ശത്രുവാണ് എന്ന പ്രചരണം ഉത്തരേന്ത്യയിൽ വ്യാപകമായി അഴിച്ചു വിട്ടു. പെരുന്നാൾ ദിനത്തിൽ കെജ്‌രിവാൾ മുസ്‌ലിം വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോകളും ഇഫ്താർ പാർട്ടികളിൽ മുസ്‌ലിം തൊപ്പി ധരിച്ച് നിൽക്കുന്ന ഫോട്ടോകളും ഇമ്രാൻ ഖാൻ ഡൽഹിയിൽ വന്നപ്പോൾ കെജ്‌രിവാളിന് ഒപ്പം നിൽക്കുന്ന ഫോട്ടോകളും ഉത്തരേന്ത്യയിലെ സകല വാട്ട്സ്ആപ് ഗ്രൂപ്പുകളിലും പറന്നു നടന്നു. അതോടൊപ്പം എഡിറ്റ് ചെയ്ത് കൃത്രിമമായി നിർമിച്ച പല ഫോട്ടോകളും കെജ്‌രിവാളിനെ ഹിന്ദു വിരുദ്ധനായി അവതരിപ്പിക്കാൻ സൃഷ്ടിക്കപ്പെട്ടു. അതോടെ ഉത്തരേന്ത്യയിൽ ആംആദ്മി പാർട്ടിക്ക് ഒരു ചലനം പോലും സൃഷ്ടിക്കാൻ സാധിച്ചില്ല

വികസനവും സൗജന്യവും കെജ്‌രിവാൾ ഡൽഹിയിൽ വാരിക്കോരി എറിഞ്ഞിട്ടും ഡൽഹിക്ക് പുറത്തേക്ക് കാലുറപ്പിക്കാൻ സാധിച്ചില്ല. അതോടെ അതിൻ്റെ കാരണം അദ്ദേഹത്തിന് ബോധ്യമായി. തൻ്റെ ജനോപകാരപ്രദമായ രാഷ്ട്രീയത്തെ ‘ഹിന്ദു വിരുദ്ധൻ’ എന്ന ഒരൊറ്റ കാർഡ് വെച്ച് ബിജെപി തോൽപ്പിക്കുന്നു എന്ന് കെജ്‌രിവാൾ തിരിച്ചറിഞ്ഞു.അതോടെ മറു തന്ത്രം മെനയാൻ നിർബന്ധിതനായി.
ഇതിൻ്റെ ആദ്യ ഡോസ് കണ്ടത് ഈ കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ്. സജീവമായി ക്ഷേത്ര സന്ദർശനങ്ങൾ നടത്തുകയും ഹനുമാൻ ഭക്തനാണെന്ന് തുറന്നു പ്രഖ്യാപിക്കുകയും ചെയ്ത കെജ്‌രിവാൾ താനും ഒരു ഹിന്ദുവാണ് എന്ന് ജനങ്ങളെ ഓർമിപ്പിച്ചു.

അതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ രണ്ടാം ഘട്ടം എത്തിയപ്പോഴേക്കും ‘ ഹിന്ദു വിരുദ്ധൻ ‘ കാർഡ് പുറത്തിറക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് ബിജെപി എത്തി.അതോടെ പിന്നീട് സ്കൂളുകളും ആശുപത്രികളും ചർച്ച ചെയ്യുന്നതിലേക്ക് കെജ്‌രിവാൾ കാര്യങ്ങളെ എത്തിച്ചു. ഡൽഹിയിലെ സ്കൂളുകളും ആശുപത്രികളും മോശമാണ് എന്നും കെജ്‌രിവാൾ മോഡൽ പരാജയം എന്നുമൊക്കെ അമിത് ഷാ വരെ പ്രസംഗിച്ച് നടന്നു.പക്ഷേ ഇതെല്ലാം അനുഭവിക്കുന്ന ഡൽഹി നിവാസികളെ അതും പറഞ്ഞ് പറ്റിക്കാൻ ഒരിക്കലും സാധ്യമല്ലായിരുന്നു. അങ്ങനെ തെരഞ്ഞെടുപ്പ് അജണ്ട സ്കൂളുകളും ആശുപത്രികളും വികസനവും ആക്കികൊണ്ട് നിലനിർത്താൻ കെജ്‌രിവാളിന് സാധിച്ചപ്പോൾ ബിജെപി ദയനീയമായി തോറ്റു.ഇതേ തന്ത്രം ഇനി വ്യാപകമായി പയറ്റുക എന്നതാണ് കെജ്‌രിവാളിൻ്റെ നീക്കം.

ഞാനും ഒന്നാന്തരം ഹിന്ദുവാണ്, അതുകൊണ്ട് നമുക്ക് വികസനം ചർച്ച ചെയ്യാം എന്ന സന്ദേശമാണ് അദ്ദേഹം ഉത്തരേന്ത്യയിൽ നൽകുന്നത്. ഈ നീക്കം ബിജെപിയെ യഥാർത്ഥത്തിൽ വെപ്രാളപ്പെടുത്തുന്നു. വളരെ മോശമായ ബിജെപിയുടെ കേന്ദ്ര സർക്കാരിൻ്റെ ഭരണത്തിന് ബദലായി കെജ്‌രിവാൾ മോഡൽ വരട്ടെ എന്ന് ഉത്തരേന്ത്യ ചിന്തിക്കുമോ എന്ന് ബിജെപി ഭയപ്പെടുന്നു.

ജാതി മത ഭേദമന്യേ എല്ലാവർക്കും തുല്യ നീതിയും പരിഗണനയും വികസനവും ഉറപ്പ് വരുത്തുന്ന രാമ രാജ്യ മോഡലാണ് തൻ്റെ ലക്ഷ്യമെന്ന് അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിക്കുമ്പോൾ,ഉത്തരേന്ത്യയിൽ ബിജെപിയുടെ ഒരു പ്രധാന അജണ്ടയെ തകർത്തെറിയുകയാണ് കെജ്‌രിവാൾ ചെയ്യുന്നത്. ശ്രീരാമൻ ബിജെപിയുടെ സ്വന്തമല്ല എന്നും ഹിന്ദു മത വിശ്വാസികളുടെ സ്വന്തമാണ് എന്നുമുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തുന്നു.

ശ്രീരാമൻ്റെ പേരിൽ ഇന്ത്യയിൽ നടപ്പിലാക്കിയ വെറുപ്പിൻ്റെ രാഷ്ട്രീയത്തിന് പകരം സ്നേഹത്തിൻ്റെ രാഷ്ട്രീയം കെജ്‌രിവാൾ മുന്നോട്ട് വെക്കുന്നു.ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയം പറയട്ടെ.2024 ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപി നേരിടാൻ പോവുന്നത് ഒരൊറ്റ അജണ്ട കൊണ്ടാണ്. രാമ ക്ഷേത്ര നിർമാണം എന്ന ഏക അജണ്ട. ഞങ്ങളാണ് അയോദ്ധ്യയിൽ രാമ ക്ഷേത്രം നിർമിച്ചത് എന്ന ഒരൊറ്റ മുദ്രാവാക്യം മതി ബിജെപിക്ക്. ഉത്തരേന്ത്യ തൂത്തു വാരാൻ അത് ധാരാളം. ദുർഭരണവും പെട്രോൾ വില കൂടിയതും ജനങ്ങൾ മറക്കും.

പക്ഷേ രാമ ക്ഷേത്രം വന്നാൽ, ഡൽഹിയിലെ മുതിർന്ന പൗരന്മാർക്ക് അവിടേക്ക് തൻ്റെ സർക്കാരിൻ്റെ വക സൗജന്യ യാത്ര നൽകുമെന്ന് ഈ 2021 ൽ തന്നെ പ്രഖ്യാപിച്ചു കൊണ്ട് ബിജെപിയുടെ അയോധ്യാ കാർഡ് കെജ്‌രിവാൾ കീറിയെറിഞ്ഞു. ഞാനും ഹിന്ദുവാണ്, ഞാനും രാമ ഭക്തനാണ് അതുകൊണ്ട് അതൊക്കെ നിർത്തി വികസനം ചർച്ച ചെയ്യാനുള്ള പരസ്യമായ വെല്ലുവിളിയാണ് ബിജെപിക്കെതിരെ കെജ്‌രിവാൾ ഉയർത്തുന്നത്. അതാണ് ബിജെപിയെ ഭയപ്പെടുത്തുന്നതും.

വികസനം ചർച്ചക്ക് വന്നാൽ അരവിന്ദ് കെജ്‌രിവാളിന് മുന്നിൽ നരേന്ദ്ര മോദി അടിപതറി വീഴുമെന്ന് ഏതൊരാൾക്കും അറിയാം. അതുകൊണ്ട്.കെജ്‌രിവാൾ പറഞ്ഞ ‘ രാമ രാജ്യം ‘ എന്ന ഒരു വാക്കിൽ പിടിച്ച് അദ്ദേഹത്തെ വിമർശിക്കാനോ താറടിക്കാനോ ശ്രമിക്കുന്നവർ ഒരൊറ്റ കാര്യം അറിയുക.ഇത് രാഷ്ട്രീയമാണ്.ചില നീക്കങ്ങൾ അത്യാവശ്യമാണ്.നിലവിൽ ബിജെപിയെ തറ പറ്റിക്കാൻ ഇതല്ലാതെ വേറേ മാർഗമില്ല. നരേന്ദ്ര മോദിയെ തോൽപ്പിക്കാൻ അരവിന്ദ് കെജ്‌രിവാൾ അല്ലാതെ വേറൊരു നേതാവുമില്ല.