ബാലവേലക്കെതിരെ പോരാടി പന്ത്രണ്ടാം വയസിൽ വെടിയേറ്റ് മരിച്ച ഇഖ്ബാൽ മസീഹ്

15

MUHAMMED HASHIR A

കളിച്ചും പഠിച്ചും നടക്കേണ്ട കാലമാണ് ബാല്യം.പട്ടം പറത്തിയും മീൻപിടിച്ചും പാട്ടു പാടിയും കഥകൾ പറഞ്ഞും നാം ഓരോരുത്തരും ആഘോഷിക്കുന്ന കാലമാണത്. അത് ഓരോ കുട്ടിയുടെയും അവകാശവുമാണ്. എന്നാൽ കളിച്ചു നടക്കേണ്ട പ്രായത്തിൽ പലപ്പോഴും തന്റെ മുന്നോട്ടുള്ള ജീവിതത്തിനോ ആഹാരത്തിനോ പ്രയാസം വരുമ്പോൾ പുസ്തകങ്ങളും കളികളും ഇല്ലാത്തൊരു ലോകത്തേക്ക് പോകാൻ ചെറുപ്രായത്തിൽതന്നെ നിർബന്ധിതരായ ഒരുപാടുപേരുണ്ട്. അങ്ങനെ കുട്ടിയായിരിക്കുമ്പോൾ തന്നെ ദുരിതങ്ങളുടെ ലോകത്തേക്ക് പറിച്ചു നടപ്പെട്ട ബാലനാണ് പാകിസ്ഥാൻകാരനായ ഇഖ്ബാൽ മസീഹ് .

Iqbal Masihപരവതാനികൾ ഉണ്ടാകുന്ന കമ്പനിക്ക് നാലാം വയസ്സിൽ വിറ്റതോടെ ഇഖ്ബാൽ മസീഹിനെ ദുരിതം തുടങ്ങി. ആഴ്ചയിൽ എല്ലാ ദിവസവും 12 മണിക്കൂറോളം കഠിനമായ ജോലി. കിട്ടുന്ന വേതനമാകട്ടെ വെറും ഒരു രൂപ. ആവശ്യത്തിന് വിശ്രമമോ ആഹാരമോ ലഭിക്കാതെ കഠിനമായ ജോലി ചെയ്ത് അവരുടെ കുഞ്ഞു ശരീരം പ്രായത്തിനനുസരിച്ച് വളർന്നില്ല. നെയ്തു വെച്ച പരവതാനികൾ പ്രാണികൾ കയറി നശിപ്പിക്കാതിരിക്കാൻ ജനാലകൾ പോലും അടച്ചിട്ട കാറ്റ് കയറാത്ത മുറിയിലായിരുന്നു അവനെ പാർപ്പിച്ചിരുന്നത്. സമീപത്തെ മുര ഡ്ക് ഗ്രാമത്തിലെ ദരിദ്രകുടുംബത്തിലായിരുന്നു മസീഹിന്റെ ജനനം.

തൻറെ വീട്ടുകാർ നെയ്ത്തുശാല ഉടമസ്ഥനിൽ നിന്നും കടം വാങ്ങിയ 6000 രൂപ തിരിച്ചു നൽകാനായിരുന്നു അവനെ ആ കമ്പനിയിൽ അടിമപ്പണിക്ക് കൊണ്ടെത്തിച്ചത്. ദിവസവും ലഭിച്ചിരുന്ന ഒരു രൂപ വേണമായിരുന്നു ആ കടം വീട്ടാൻ . ആറുവർഷത്തോളം മസീഹ് അവിടെ അടിമപ്പണി ചെയ്തു. തൻറെ പത്താംവയസ്സിൽ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു.
പക്ഷേ, അതുകൊണ്ടൊന്നും തോറ്റുകൊടുക്കാനവൻ തയ്യാറായിരുന്നില്ല. സ്വാതന്ത്ര്യം നേടാനുള്ള അവൻറെ അതിയായ ആഗ്രഹത്തിൽ വീണ്ടും രക്ഷപ്പെടാൻ നടത്തിയ ശ്രമം വിജയിച്ചു.ബാലവേലക്കെതിരെ പോരാടുന്ന ബോണ്ടഡ് ലേബർ ലിബറേഷൻ ഫ്രണ്ട് ഓഫ് പാകിസ്ഥാൻ (BLLF) എന്ന സംഘടനയിലാണ് അവൻ എത്തിച്ചേർന്നത്.

അവിടെ നിന്ന് വിദ്യാഭ്യാസം നേടുകയും അടിമവേല അവസാനിപ്പിക്കാൻ ആ സംഘടന യോടൊപ്പം കഠിനമായി പ്രയത്നിക്കുകയും ചെയ്തു. ബാലവേലയിൽ നിന്നും നിർബന്ധിത ബാലവേലയിൽ നിന്നും മൂവായിരത്തോളം കുട്ടികളെ രക്ഷപ്പെടുത്താൻ മസീഹിന് സാധിച്ചിട്ടുണ്ട്.ലോകത്തിൻറെ ബഹുമാനവും പ്രശംസയും പിടിച്ചു പറ്റിയ അവൻ ബാലവേലക്കെതിരെ പ്രഭാഷണങ്ങൾ നടത്തി.
ഒട്ടേറെ പുരസ്കാരങ്ങൾക്കർഹനായ ആ വ്യക്തി 1995- ൽ തൻറെ പന്ത്രണ്ടാം വയസ്സിൽ കാർപെറ്റ് മാഫിയയുടെ വെടിയേറ്റ് കൊല്ലപ്പെടുകയാണുണ്ടായത്.നന്മയുടെ പ്രകാശം പരത്തി ലോകത്തിന് വഴികാട്ടിയ മസീഹ് പാകിസ്ഥാനിലെ ബാലവേല യിലേക്ക് ലോകശ്രദ്ധ കൊണ്ടുവരുന്നതിൽ വിജയിച്ചു .