മാന്യമായ ബിസിനസ് ചെയ്തു പണമുണ്ടാക്കിയ സാബു ജേക്കബിനോടു പുച്ഛം, അവിഹിതരീതിയിൽ പണക്കാരായ രാഷ്ട്രീയക്കാർക്ക്

59

Muhammed Nihal എന്റെ പോസ്റ്റ്

സോഷ്യൽ മീഡിയയിൽ സാബു ജേക്കബ് എന്ന ഈ മനുഷ്യനെ കുറിച്ചും അദ്ദേഹത്തിൻ്റെ കമ്പനിയായ കിറ്റെക്സ് ഗ്രൂപ്പ് തുടക്കമിട്ട രാഷ്ട്രീയ കൂട്ടായ്മയായ ട്വൻറി ട്വൻ്റിയെ കുറിച്ചും വ്യാപകമായ ചർച്ചകൾ കാണുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പ് അവസരത്തിൽ ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.

കേരളത്തിലെ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വൻ്റി ട്വൻ്റി ചില സീറ്റുകളിൽ മത്സരിക്കുമ്പോൾ സാബു ജേക്കബിനെ കുറിച്ചും അദ്ദേഹം തുടക്കം കുറിച്ച രാഷ്ട്രീയ കൂട്ടായ്മയെ കുറിച്ചും പലരും പറഞ്ഞു കാണുന്ന ചില ആരോപണങ്ങളും കുറ്റങ്ങളും എന്താണെന്ന് നോക്കാം.

  1. സാബു ജേക്കബ് വൻ മുതലാളിയാണ്.

ഈ പറയുന്ന സാബു ജേക്കബിനേക്കാൾ ആസ്തിയും ബാങ്ക് ബാലൻസും കയ്യിലുള്ള കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളോട് എന്തുകൊണ്ടാണ് ഈ വെറുപ്പും ചോദ്യവും ഉണ്ടാവാത്തത്? ഇനി ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പറയാം. സാബു ജേക്കബ് പണം സമ്പാദിച്ചത് നിയമപരമായ മാർഗത്തിൽ ബിസിനസ് ചെയ്തിട്ടാണ്.ജനങ്ങൾക്ക് വേണ്ടി എന്നും പറഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ നേതാക്കൾ സാബു ജേക്കബിനേക്കാൾ എങ്ങനെ പണം സമ്പാദിച്ചു എന്ന് ആലോചിക്കാൻ എന്തുകൊണ്ടാണ് സാബു ജേക്കബിനെ എതിർക്കുന്ന ആളുകൾക്ക് സാധിക്കാത്തത്?

  1. കിറ്റെക്സ് കമ്പനി നടത്തുന്ന മലിനീകരണം ഭയാനകമാണ്.

കിറ്റെക്സ് കമ്പനി നിലവിൽ വന്നിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. ഇത്രയും കാലം കേരളം ഭരിച്ചത് കമ്പനി അല്ലല്ലോ. കേരളത്തിൻ്റെ ഭരണം കയ്യാളിയ എൽഡിഎഫും യുഡിഎഫും എന്തുകൊണ്ട് കിറ്റെക്സ് കമ്പനിയുടെ മലിനീകരണ പ്രശ്നം മുൻനിർത്തി നടപടി എടുത്തില്ല.
എല്ലാം പോവട്ടെ,ട്വൻ്റി ട്വൻ്റി കൂട്ടായ്മ നിലവിൽ വന്നതിന് ശേഷം പോലും കിറ്റെക്സ് കമ്പനിയുടെ മാലിന്യ വിഷയം ഉയർത്തിക്കാട്ടി നടപടി എടുക്കാൻ എന്തുകൊണ്ട് ഈ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന് സാധിച്ചില്ല?

  1. കോർപ്പറേറ്റ് സ്വഭാവമുള്ള ട്വൻ്റി ട്വൻ്റി രാഷ്ട്രീയത്തിൽ പിടിമുറുക്കുന്നത് അപകടമാണ്.

ഈ പറയുന്നത് കേട്ടാൽ തോന്നും കേരളത്തിൽ കോർപ്പറേറ്റ് മുതലാളിമാർക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്ന്. അംബാനിയും അദാനിയും മുതൽ യൂസഫ് അലിയും രവി പിള്ളയും വരെ പറയുന്നതിന് അപ്പുറത്തേക്ക് ഒരു ചുവടെങ്കിലും വെക്കാൻ കെൽപ്പുള്ള ഭരണം കേരളത്തിൽ ഉണ്ടാവാറുണ്ടോ?ഏതെങ്കിലും വൻകിട കമ്പനികൾക്ക് കേരളത്തിൽ എന്തെങ്കിലും നടത്താൻ പ്രയാസമുണ്ടോ?ഏതെങ്കിലും മുതലാളിമാർ സർക്കാരിൻ്റെ പ്രവർത്തനം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ?പിന്നെ സാബു ജേക്കബിൻ്റെ കാര്യം വരുമ്പോൾ മാത്രം ദേഷ്യം തോന്നേണ്ട ആവശ്യമെന്ത്?

  1. ട്വൻ്റി ട്വൻ്റി നടപ്പിലാക്കിയ വികസനം മുഴുവൻ കമ്പനിയുടെ ഫണ്ട് കൊണ്ടാണ്.

ആയിക്കോട്ടെ.ജനങ്ങൾക്ക് ഉപകാരം കിട്ടിയാൽ പോരെ.ജനങ്ങൾക്ക് ഉപകാരം ചെയ്യേണ്ട പണം അഴിമതി നടത്തി കീശയിലാക്കി സുഖിക്കുന്ന രാഷ്ട്രീയ നേതാക്കളോട് ഇഷ്ടവും,സ്വന്തം കമ്പനിയുടെ പണം ജനങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്ന സാബു ജേക്കബിനോട് വെറുപ്പും തോന്നുന്നതിന് പിന്നിലുള്ള മനഃശാസ്ത്രമെന്താണ്?

  1. അധികാരം നേടാൻ വേണ്ടിയാണ് കിറ്റെക്സ് കമ്പനി പണം മുടക്കുന്നത്.

അധികാരം നേടാൻ വേണ്ടി തന്നെയല്ലേ ഇവിടെയുള്ള രാഷ്ട്രീയ പാർട്ടികളും ചാരിറ്റി പ്രവർത്തനങ്ങളും മറ്റും നടത്തുന്നത്.
അല്ല എന്നാണ് ഉത്തരമെങ്കിൽ, എന്നാൽ പിന്നെ ചാരിറ്റി പ്രവർത്തനം നടത്തുന്നവർക്ക് വല്ല എൻജിഒ പോലെയുള്ള സംഘടനകളും രൂപീകരിച്ചാൽ പോരെ?അധികാരം നേടാൻ വേണ്ടിയല്ലെങ്കിൽ പിന്നെന്തിനാണ് അവർ രാഷ്ടീയ പാർട്ടികളിൽ നിൽക്കുന്നത്?
അവർ ചെയ്യുമ്പോൾ ശരിയും സാബു ജേക്കബ് ചെയ്യുമ്പോൾ തെറ്റും ആവുന്നത് എങ്ങനെയാണ്?

  1. ട്വൻ്റി ട്വൻ്റി ഒരു അരാഷ്ട്രീയ കൂട്ടായ്മയാണ്.

എന്താണ് രാഷ്ട്രീയം?എന്താണ് അരാഷ്ട്രീയം?ജനങ്ങൾക്ക് ഉപകാരം കിട്ടുന്ന ഒരു സംവിധാനമാണ് യഥാർത്ഥത്തിൽ രാഷ്ട്രീയ പ്രവർത്തനം.ട്വൻ്റി ട്വൻ്റി ഭരിച്ച കിഴക്കമ്പലം പഞ്ചായത്തിൽ ജനങ്ങൾക്ക് ഉപകാരം കിട്ടിയത് കൊണ്ടാണല്ലോ സമീപ പഞ്ചായത്തുകളിലേക്കും ട്വൻ്റി ട്വൻ്റി വളർന്നത്.അതിനെ അരാഷ്ട്രീയം എന്ന് പറഞ്ഞ് പരിഹസിക്കുന്നതിലൊന്നും യാതൊരു അർത്ഥവുമില്ല.പ്രത്യയശാസ്ത്രം അച്ചടിച്ച പുസ്തകം പൊക്കിപ്പിടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.ഇത് ആധുനിക ലോകമാണ്.
പൊതു പ്രവർത്തനം കൊണ്ട് ആളുകൾക്ക് ഉപകാരം കിട്ടണം.അങ്ങനെ ജനങ്ങൾക്ക് ഉപകാരം കിട്ടുന്നുണ്ടെങ്കിൽ അതിനെ പിന്നെയും അരാഷ്ട്രീയം എന്നൊക്കെ പറയുന്നത് തമാശയാണ്.

  1. സാബു ജേക്കബ് ബിജെപിയുടെ ഏജൻ്റാണ്.

ഒരാളെ കുറിച്ച് ആർക്കും എന്തും പറയാം.അങ്ങനെ പറഞ്ഞത് കൊണ്ട് യാതൊരു പ്രയോജനവുമില്ല.സാബു ജേക്കബ് ബിജെപിയുടെ ഒരു സഹായിയാണ് എന്ന് വ്യക്തമായ ഒരു തെളിവ് ഈ പറയുന്ന ആളുകൾ നൽകുന്നത് വരെ അത്തരം ആരോപണങ്ങൾക്ക് പ്രസക്തിയില്ല.

  1. സാബു ജേക്കബ് ഭാവിയിൽ ബിജെപിയിൽ പോവും.

അങ്ങനെ ആരെ കുറിച്ചും പറയാം.പിണറായി വിജയനും ഉമ്മൻ ചാണ്ടിയും ഭാവിയിൽ ബിജെപിയിൽ പോവും എന്ന് പറയുന്നത് പോലെ തന്നെ.ഭാവിയിൽ ആര് എന്ത് ചെയ്യും എന്ന് ഗണിച്ചു പറയാൻ സാധിക്കാത്തത് കൊണ്ട് ഇതിനൊന്നും പ്രാധാന്യമില്ല.

  1. ട്വൻ്റി ട്വൻ്റിക്ക് നിഗൂഢമായ ലക്ഷ്യങ്ങളുണ്ട്.

എങ്കിൽ അത് എന്താണെന്ന് പറഞ്ഞു തരൂ.അത്രയും മോശം ആണെങ്കിൽ അപ്പോൾ അതിന് അനുസരിച്ച് തീരുമാനം എടുക്കാം.

  1. കേരളം പിടിക്കാനാണ് ട്വൻ്റി ട്വൻ്റി ശ്രമിക്കുന്നത്.

എൽഡിഎഫും യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത് പോലെ അവരും ശ്രമിക്കട്ടെന്നെ.എന്തു സംഭവിക്കും എന്ന് നോക്കാമല്ലോ.
ജനങ്ങൾ തീരുമാനിക്കട്ടെ.