Muhammed Sageer Pandarathil
കൊല്ലം മിത്രം പത്രാധിപര്‍ മുഹമ്മദ് മാലിക്കിന്റെയും തങ്കമ്മ എന്ന സാമൂഹിക പ്രവര്‍ത്തകയുടെയും ഏകമകളായി 1954 ൽ കൊല്ലത്തുള്ള ജോനകപുരത്താണ് ജമീലാ മാലിക്ക് ജനിച്ചത്.കൊല്ലത്ത് ഏറെ അറിയപ്പെട്ടിരുന്ന മാധ്യമ ദമ്പതികളായ മുഹമ്മദ് മാലിക്കും തങ്കമ്മ മാലിക്കും ജോനകപുരത്തെ കൗണ്‍സിലര്‍മാർ കൂടിയായിരുന്നു.ഹിന്ദി പഠനത്തിൽ ഏറെ മിടുക്കിയായിരുന്ന ജമീല വിദ്യാഭ്യാസത്തിനുശേഷം 10 ആം ക്ലാസ് മുതല്‍ പിജി വരെയുള്ള കുട്ടികൾക്ക് ഹിന്ദിട്യൂഷനെടുക്കുമായിരുന്നു.ജമീലയുടെ മാതാപിതാക്കൾക്ക് വൈക്കം മുഹമ്മദ് ബഷീര്‍/ കാമ്പിശേറി കരുണാകരന്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.
അഭിനയിക്കാൻ ഏറെ താല്പര്യമുണ്ടായിരുന്ന ജമീലയെ 1969 ല്‍ പൂനെ ഫിലിം ഇൻസിറ്റിട്യൂട്ടില്‍ അഭിനയം പഠിക്കാന്‍ ബഷീറിന്റെ കൂടി അഭിപ്രായം പരിഗണിച്ചാണ് മാതാപിതാക്കൾ അഭിനയം പഠിക്കാന്‍ അയച്ചത്. കുട്ടികളെ സിനിമയിലേക്ക് അയക്കാന്‍ മടിച്ചിരുന്ന സമൂഹമായിരുന്നു അക്കാലത്ത്. അതിലുപരി മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു കാരണവശാലും പെണ്‍കുട്ടികള്‍ അഭിനയ രംഗത്തേക്ക് പോകാതിരുന്ന സമയവുമെല്ലാം ആയിരുന്നതിന്നാൽ ജമീല മാലിക്കിന്റെ അഭിനയ പഠനം വലിയൊരു സംഭവം തന്നെയായിരുന്നു.
കേരളത്തില്‍ നിന്ന് ആദ്യമായി പൂനെ ഫിലിം ഇൻസിറ്റിട്യൂട്ടില്‍ പോയി അഭിനയം പഠിച്ച ഇവർ 1971 ല്‍ അഭിനയ പഠനം പൂര്‍ത്തിയാക്കി. തുടർന്ന് 1972 ൽ ഇറങ്ങിയ ആദ്യത്തെ കഥ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര ലോകത്തേക്കെത്തി.രാജഹംസം, ലഹരി തുടങ്ങി ഏതാനും മലയാള ചിത്രങ്ങളിലും ലക്ഷ്മി, അതിശയരാഗം തുടങ്ങി ഏതാനും തമിഴ് ചിത്രങ്ങളിൽ നായികയായും അഭിനയിച്ചിട്ടുള്ള ഇവർ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിൻസെൻറ്/അടൂർ ഭാസി/പ്രേംനസീർ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുള്ള ജമീല പ്രശസ്ത ബോളിവുഡ് താരം ജയാ ബച്ചൻ, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത തുടങ്ങിയവർക്കൊപ്പം തുല്യ പ്രാധാന്യമുള്ള റോളുകളിലും അഭിനയിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് ആദ്യമായി സിനിമാ അഭിനയം പഠിക്കാന്‍ പോയ രവി മേനോന്‍ പൂനെ ഇൻസിറ്റിട്യൂട്ടില്‍ ജമീലാ മാലിക്കിന്റെ സീനിയറായിരുന്നു. ഇരുവരും ഒന്നിച്ച് അക്കാലത്ത് ഒരു ക്യാമ്പസ് ചിത്രത്തില്‍ അഭിനയിക്കുകയുമുണ്ടായി.ഇവരുടെ വിവാഹബന്ധം ഒരു വർഷമേ നീണ്ടുനിന്നുള്ളൂ. ആ ബന്ധത്തിൽ ഒരു മകനുണ്ട്. പിന്നീടുള്ള പ്രതികൂല അനുഭവങ്ങള്‍ അഭിനയ ജീവിതത്തിൽ തടസമായി. ഇതിനിടെ ബാപ്പയും ഉമ്മയും മരിച്ചു.ദൂരദർശന്റെ സാഗരിക, കയർ, മനുഷ്യബന്ധങ്ങൾ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഇവരുടെ അവസാനകാലങ്ങൾ ഏറെ ദുരിതങ്ങൾ നിറഞ്ഞതായിരുന്നു.
താരസംഘടനയായ അമ്മ ഓരോ മാസവും നല്‍കുന്ന കൈനീട്ടവും ഒപ്പം കേരള സര്‍വകലാശാലയില്‍ നിന്ന് റിട്ടയര്‍ ചെയ്ത സഹോദരന്റെ ഒരു കൈ സഹായവുമായിരുന്നു ഇവരുടെ വരുമാനങ്ങൾ. 2020 ജനുവരി 27 ആം തിയതി തന്റെ 66 വയസ്സിൽ തിരുവനന്തപുരം പാലോട് പൂന്തുറയിലുള്ള ബന്ധുവിന്റെ വീട്ടിൽ വെച്ച് ഇവർ അന്തരിച്ചു.