നടി കനകയുടെ മാനസിക നില തെറ്റിയോ ?
Muhammed Sageer Pandarathil
മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമ ആയ ഗോഡ്ഫാദറിലെ നായികയായി മലയാളത്തിൽ എത്തിയ കനകയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികയായ ഇവരെ പറ്റി ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ഏറെ ദുഖിപ്പിക്കുന്നതാണ്.ഈ മാസം 23 ആം തിയതി ആയിരുന്നല്ലോ കനക താമസിക്കുന്ന ചെന്നൈയിലെ വീട്ടില്‍ തീ പിടിച്ചു എന്ന വാര്‍ത്തയു ദൃശ്യങ്ങളും നമ്മൾ കണ്ടത്. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ ഫോസില്‍ വിവരം അറിയിച്ചത്.
ഇതിനെ തുടര്‍ന്ന് മൈലാപുരിയില് നിന്നും ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തി കനകയുടെ വീട്ടില്‍ കയറിയപ്പോള്‍ ആണ് നിരവധി വസ്ത്രങ്ങള്‍ ആണ് കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. രക്ഷിക്കാന്‍ എത്തിയവരെ ആദ്യം നടി വീട്ടിലേക് കയറ്റിയിരുന്നില്ല. മാത്രമല്ല ഫയര്‍ ഫോഴ്സ് സംഘത്തോടും പൊലീസിനോടും അവർ വളരെ മോശമായുമായിരുന്നു പെരുമാറിയത്. ഇതുകണ്ട അയല്‍വാസികളാണ് നടിയുടെ മാനസിക നില തെറ്റിയ അവസ്ഥയില്‍ ആണെന്നും അവരെയൊന്നും അങ്ങോട്ട് അടുപ്പിക്കറില്ലെന്നും പോലീസിനോടും മറ്റും പറഞ്ഞതിനെ തുടര്‍ന്ന്, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്മാർ അവരോട് സൗമ്യമായി ഇടപെട്ട് വീടിന്റെ അകത്തേയ്ക്ക് കയറുകയും തീ അണക്കുകയും ചെയ്തത്.
തീ പിടുത്തത്തെ കുറിച്ച് വീട്ടില്‍ ഉള്ളവരോട് അന്വേഷിച്ചപ്പോള്‍ പൂജ മുറിയില്‍ വിളക്ക് കൊളുത്തുന്നതിനിടെ തീ ആളി കത്തി വീടിനകത്ത് പടരുക ആയിരുന്നുവെന്നാണ് പറഞ്ഞത്. ഫയര്‍ ഫോഴ്സ് തീ അണക്കുന്ന സമയം ഇവർ വീടിന്റെ മുറ്റത്തു കൂടെ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ സംസാരിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നുവെന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപോര്‍ട്ടിൽ പറയുന്നത്. ഗോഡ്ഫാദറിനുശേഷം മോഹന്‍ലാലിന്റെ നായികയായി വിയറ്റനാം കോളനി എന്ന ചിത്രത്തില്‍ കൂടി കനക അഭിനയിച്ചതോടെ ഇവർ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായി മാറി. തുടർന്ന് രജനികാന്ത്, മമ്മൂട്ടി, വിജയ് കാന്ത്, പ്രഭു, കാർത്തിക്, ജയറാം തുടങ്ങിയവരുടെ നായികയായ കനകയുടെ സിനിമയിൽ നിന്നുള്ള പിന്‍വാങ്ങല്‍ അപ്രതീക്ഷിതമായിരുന്നു.
2000 ല്‍ റിലീസ് ചെയ്ത മഴ തേന്മഴ എന്ന ചിത്രത്തിലാണ് ഇവർ അവസാനമായി അഭിനയിച്ചത്. പിന്നീട് അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷമായ താരത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നു. പിന്നെ ഒരുപാട് നാളുകള്‍ക്ക് ശേഷം കനക മരണപ്പെട്ടു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെയായിരുന്നു ഇവർ വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. എന്നാല്‍ വലിയ തോതില്‍ ഈ വാര്‍ത്ത പരന്നതോടെ താന്‍ ജീവനോടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് കനക തന്നെ രംഗത്തെത്തിയിരുന്നു.
1973 ജൂലായ് 14 ആം തിയതി തെലുങ്കിലും തമിഴിലും അഭിനയിച്ചിരുന്ന അന്തരിച്ച നടി ദേവികയുടെ മകളായി ചെന്നൈയിൽ ജനിച്ച കനകക്ക് ഗായിക ആകാനായിരുന്നു ആഗ്രഹം. എന്നാൽ ഇവർ അപ്രതീക്ഷിമായി അഭിനനയ രംഗത്തേക്ക് എത്തുക ആയിരുന്നു. അഭിനയ രംഗത്ത് നിന്ന് മാറി ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് തിരിഞ്ഞ കനകയുടെ അമ്മ ദേവിക, ഗംഗൈ അമരനെ നായകനാക്കി ഒരു സിനിമ നിര്‍മിക്കണമെന്ന ആഗ്രഹത്തോടെ കനകയെയും കൂട്ടി അദ്ദേഹത്തെ കാണാന്‍ പോയതായിരുന്നു. ഈ സമയം ഗംഗൈ അമരൻ ഒരു പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്നു.
കൂടാതെ അദ്ദേഹമപ്പോൾ തന്റെ സിനിമയ്ക്ക്ഒരു നായികയെ അന്വേഷിക്കുന്ന സമയം കൂടിയായിരുന്നു. കനകയെ കണ്ട് ഇഷ്ടമായ ഗംഗൈ അമരന് തന്റെ ‘കരകാട്ടക്കാരന്‍’ എന്ന ചിത്രത്തില്‍ അവരെ നായികയാക്കി. 1989 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ സിനിമ ലോകത്തിൽ എത്തിയ ഇവരുടെ അഭിനയ ജീവിതം നിർത്താൻ കാരണവും ഇതേ അമ്മ തന്നെയായിരുന്നു. ഇവരുടെ അഹങ്കാരമാണ് കനക അഭിനയം നിർത്താൻ കാരണമെന്ന് ഒരു പ്രമുഖ സിനിമ നിരൂപകരൻ പറഞ്ഞിരുന്നു. അത് ശരിവെക്കുന്ന തരത്തിൽ ആയിരുന്നു പിന്നീടുള്ള കനകയുടെ പ്രതികരണവും.
2021 സെപ്റ്റംബറിൽ, കനക സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താന്‍ സിനിമ ലോകത്ത് നിന്ന് വിടപറഞ്ഞിട്ട് വര്‍ഷങ്ങളായി, അതിനാല്‍ താന്‍ എന്ത് ചെയ്താലും പഴയതായിരിക്കുമെന്നും അതുകൊണ്ട് താന്‍ ഇപ്പോഴത്തെ കാലത്തിനനുസരിച്ച് വസ്ത്രം, ഹെയര്‍സ്റ്റൈല്‍, മേക്കപ്പ് എന്നിവ മാറ്റണമെന്നും കനക വീഡിയോയില്‍ പറഞ്ഞിരുന്നു. അഭിനയത്തില്‍ താല്പര്യമുള്ളതിനാല് ഇതെല്ലാം വേഗം പഠിച്ച് തിരിച്ചുവരുമെന്നും ഒരു വിദ്യാര്ത്ഥിയാകാനും എല്ലാം പഠിക്കാനും ആഗ്രഹമുണ്ടെന്നും ഇവർ പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് 50 വയസ്സ് കഴിഞ്ഞതിനാല്‍ ഈ പ്രായത്തിലും ഇതാണോ ആഗ്രഹമെന്ന് ചിലര്‍ ചോദിക്കുമെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
ചെന്നൈ രാജ അണ്ണാമലൈ പുരത്തുള്ള വീട്ടിലാണ് കനക ഇപ്പോൾ അച്ഛൻ ദേവദാസിനൊപ്പം താമസിക്കുന്നത്. കനകയും അച്ഛനും തമ്മിലുള്ള സ്വത്തു തര്‍ക്കവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അച്ഛന് തന്നെ മനോരോഗിയായി ചിത്രീകരിക്കുകയാണെന്ന് അന്ന് തന്നെ കനക പറഞ്ഞിരുന്നു. അഭിനയ രംഗത്ത് ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന ഒരു അഭിനേത്രിയായിരുന്ന ഇവരുടെ അവസ്ഥ മറ്റൊരു നടിക്കും സംഭവിക്കാതിരിക്കട്ടെ.