Muhammed Sageer Pandarathil
ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ജന്മവാർഷികദിനമാണിന്ന്.തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ആൽത്തറമൂട് കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെ നാലു മക്കളിൽ ഇളയവനായി 1936 നവംബർ 8 ആം തിയതി ജനിച്ചു.
ഗോപിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956 ൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ ധനുവച്ചപുരം സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഞാനൊരു അധികപ്പറ്റ് എന്ന നാടകത്തിലെ ‘ദാമു‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എസ്സ്.സി പാസായതിന് ശേഷം കേരള ഇലക്ട്രിസിറ്റി ബോർഡിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ഗോപിയുടെ യാത്ര നിത്യവും ട്രെയിനിലായിരുന്നു. ഇക്കാലത്താണ് ജി. ശങ്കരപ്പിള്ളയെ പരിചയപ്പെടുന്നത്. യാത്രയിലുടനീളം നാടകത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു. ഈ ബന്ധത്തിന്റെ ഫലമായാണ് ചിറയിൻകീഴിൽ ‘പ്രസാധന ലിറ്റിൽ തിയേറ്റർ’ പിറവിയെടുത്തത്. 1960 ൽ ആരംഭിച്ച ‘പ്രസാധന’ 1973 വരെ പ്രവർത്തനം തുടർന്നു. ഗോപിയായിരുന്നു മിക്ക നാടകങ്ങളിലും മുഖ്യവേഷക്കാരൻ.
1972 ൽ വിക്രമൻ നായർ ട്രോഫിക്കുവേണ്ടി നടത്തിയ നാടകമത്സരത്തിൽ ഇലക്ട്രിസിറ്റി ബോർഡിനെ പ്രതിനിധാനം ചെയ്തു ശ്രീരംഗം വിക്രമൻനായരുടെ ശൂന്യം ശൂന്യം ശൂന്യം എന്ന നാടകവുമായി മത്സരവേദിയിലെത്തിയ ഇദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. കാവാലം നാരായണപ്പണിക്കരുടെ ‘തിരുവരങ്ങ് ‘എന്ന നാടകസമിതിയുമായി ചേർന്നുളള പ്രവർത്തനങ്ങൾ ഗോപിയെ നാടകരംഗത്ത് കൂടുതൽ ശ്രദ്ധേയനാക്കി. പല ദേശീയ നാടകോത്സവങ്ങളിലും തിരുവരങ്ങിന്റെ നാടകങ്ങളിലെ നടനായി വേദിയിലെത്തിയ ഇദ്ദേഹം പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു.സാമുവൽ ബെക്കറ്റിന്റെ വിഖ്യാതമായ ഗോദോയെ കാത്ത് എന്ന നാടകം അടൂർ ഗോപാലകൃഷ്ണൻ അവതരിപ്പിച്ചപ്പോൾ അതിലെ ‘എസ്ട്രഗോൺ’ എന്ന കഥാപാത്രമായി വേഷമിട്ടത് ഗോപിയായിരുന്നു. നാടകാഭിനയത്തിനു പുറമേ രചന/ സംവിധാനം എന്നീ മേഖലകളിലും ഗോപി ശ്രദ്ധ പതിപ്പിച്ചിരുന്നു. കുട്ടികളുടെ നാടകമുൾപ്പെടെ അഞ്ചുനാടകങ്ങൾ എഴുതുകയും മൂന്നെണ്ണം സംവിധാനം ചെയ്തു. അടൂർ ഗോപാലകൃഷ്ണനുമായുള്ള പരിചയമാണ് ഗോപിയെ ചലച്ചിത്രരംഗത്ത് എത്തിക്കുന്നത് . സിനിമാ അഭിനയത്തിൽ തത്പരനായിരുന്നില്ലെങ്കിലും അടൂരിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സ്വയംവരത്തിൽ ചെറിയൊരു വേഷം ചെയ്തത്. 1972 ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ തൊഴിൽ രഹിതനായ ചെറുപ്പക്കാരന്റെ വേഷമായിരുന്നു ഇദ്ദേഹം അവതരിപ്പിച്ചത്.
1975 ൽ അടൂരിന്റെ തന്നെ കൊടിയേറ്റം എന്ന സിനിമയിൽ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‘ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചു.പിന്നീട് 1978/82/83/85 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകളും ഗോപിയെ തേടിയെത്തി. 1985 ൽ ടോക്കിയോയിൽ നടന്ന ഏഷ്യാ പസഫിക് മേളയിൽ നല്ല നടനുള്ള പ്രത്യേക പുരസ്കാരവും നേടി. ആഖാത്/സടക്ക് സേ ഉഠാ ആദ്മി എന്നീ ഹിന്ദി ചലച്ചിത്രങ്ങളിലും ഗോപി അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയജീവിതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ 1986 ൽ ഗോപി പക്ഷാഘാതം വന്ന് തളർന്നു പോയി. ഇതേത്തുടർന്ന് കുറെക്കാലം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നശേഷം പാഥേയം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയത്.
2008 ജനുവരി 24 ആം തിയതി ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപി അഞ്ചുദിവസങ്ങൾക്ക് ശേഷം ജനുവരി 29 ആം തിയതി തന്റെ 71 വയസ്സിൽ വിടവാങ്ങി. 1977 ൽ കൊടിയേറ്റത്തിലൂടെ അഭിനയത്തിനും 1991 ൽ യമനത്തിലൂടെ സംവിധാനത്തിനും 1993 പാഥേയത്തിലൂടെ നിർമ്മാണത്തിനും 1995 ൽ അഭിനയം അനുഭവം എന്നത്തിലൂടെ ഗ്രന്ഥകർത്താവിനുമായി സിനിമയിലെ നാല് വ്യത്യസ്ത മേഖലകളിൽ ദേശീയ പുരസ്കാരം നേടിയ ഒരേയൊരു പ്രതിഭയായ അദ്ദേഹത്തിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടം വൈദ്യുതശ്മശാനത്തിൽ സംസ്കരിച്ചു.