ഇന്ന് ബോളിവുഡ് നടൻ കാദർഖാന്റെ ഓർമദിനം…
1937 ഒക്ടോബർ 22 ആം തിയതി കാബൂളിലെ ഒരു ദരിദ്ര ഗ്രാമീണ കുടുംബത്തിൽ 4 ആമത്തെ മകനായി കാദർഖാൻ ജനിച്ചു.കാദർഖാന്റെ മൂത്ത സഹോദരങ്ങളെല്ലാം ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു. പിന്നീട് കാബൂളിൽ നിന്ന് ഇന്ത്യയിൽ എത്തിയ കാദർഖാനും മാതാപിതാക്കളും ബോബയിലെ കാമാട്ടി പുരത്ത് താമസമാക്കി.
പിതാവിന് ബോബെയിലെ ഒരു പള്ളിയിൽ ജോലി ഉണ്ടായിരുന്നുവെങ്കിലും ദാരിദ്ര്യവും പട്ടിണിയും തുടർക്കഥയായപ്പോൾ ആ മാതാപിതാക്കൾ വേർപിരിഞ്ഞു. തുടർന്ന് മാതാവ് വേറെ കല്ല്യാണം കഴിച്ചതിന്നാൽ കാദർഖാന് 2 പിതാവുണ്ടായി.
എന്നിട്ടും അനാഥത്വം അനുഭവിച്ച ബാലനായിരുന്ന കാദർഖാൻ, പത്തിലേറെ കിലോമീറ്ററോളം നടന്ന് പിതാവിന്റെ മുന്നിൽ തൊഴുകൈയ്യോടെ നിന്ന് അടുപ്പ് പുകയാൻ എന്തെങ്കിലും തരണമെന്ന യാചനയോടെ പറഞ്ഞപ്പോൾ “മകനെ എനിക്ക് എന്തെങ്കിലും തരാൻ കഴിയുമെങ്കിൽ നമ്മൾ വേർപിരിയുകയില്ലായിരുന്നു” എന്ന പിതാവിന്റെ പൊട്ടിക്കരച്ചിൽ ആ ബാലനിൽ ജീവിതത്തിൽ എന്തെങ്കിലും നേടണമെന്ന് വാശി ഉണ്ടാക്കി.
കാദർഖാന്റെ മാതാവ് തെരുവിൽ അല്ലറ ചില്ലറ പണിചെയ്ത കാദർഖാനെ സ്കൂളിലേക്ക് അയക്കുമ്പോൾ, പേനയാണ് ഏറ്റവും നല്ല ആയുധമെന്ന് അവനോട് അവർ പറയുമായിരുന്നു. തെരുവിൽ കാണുന്ന എല്ലാ കലാ പരിപാടികളും പാട്ടും പ്രസംഗവുമെല്ലാം വീടിന്റെ തൊട്ടടുത്തുള്ള ജൂത ഖബർസ്ഥാനിലെ ഏകാന്തതയിൽ സ്വയം പ്രാക്ടീസ് ചെയ്യുന്നത് ആ ബാലൻ പതിവാക്കി. ഇത് കണ്ട ഒരു നാടകകൃത്ത് അവനെ കൂട്ടികൊണ്ട് പോയി.
പിന്നീട് പഠിത്തവും നാടകവും മായി നടന്ന അദ്ദേഹം പഠിച്ച് എഞ്ചിനീയറായി. തുടർന്ന് കോളേജ് ലക്ചറും നാടക കഥാകൃത്തുമായ അദ്ദേഹം സിനിമയിൽ തിരക്കഥകൾ എഴുതുകയും അഭിനയിക്കുകയും ചെയ്തതോടെ ഹിന്ദി സിനിമയിൽ തിരക്ക് പിടിച്ച കഥാകൃത്തും സംവിധായകനും തിരക്കഥാകൃത്തും നടനും എഴുത്തുകാരനുമായി.
ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം നേടിയെടുത്ത അദ്ദേഹം തന്റെ സമ്പാദ്യം മുഴുവനും മുംബൈയിലെ തെരുവ് മക്കളുടെ വിദ്യാഭ്യാസത്തിനായി നീക്കിവെച്ച് മകന്റെ കൂടെ കനഡയിൽ താമസമാക്കി. 2018 ഡിസംബർ 31 ആം തിയതി അവിടെ വെച്ച് മരണപ്പെട്ട അദേഹത്തിന്റെ ജീവിത വഴികൾ അത്യപൂവ്വവും ചിന്താർഹവുമാണ്.