കലക തലൈവന് (തമിഴ്)
Muhammed Sageer Pandarathil
റെഡ് ജയന്റ് മൂവീസിന്റെ ബാനറില് ഉദയനിധി സ്റ്റാലിൻ നിർമ്മിച്ച് മഗിഴ് തിരുമേനി സംവിധാന ചെയ്ത ചിത്രമാണ് കലക തലൈവന്.ഈ ക്രൈം ആക്ഷന് ചിത്രത്തിൽ തമിഴ്നാട് നിയമസഭാംഗമായ ഉദയനിധി സ്റ്റാലിൻ, അനീതിയ്ക്കെതിരെ പോരാടുന്ന തിരുമാരൻ എന്ന കഥാപാത്രമായി വേഷമിടുന്നു.
ഹെവി വാഹനങ്ങൾ നിർമ്മിക്കുന്ന ചെന്നൈയിലെ വജ്ര മോട്ടോഴ്സിലാണ് തിരുമാരൻ ജോലി ചെയ്യുന്നത്. വജ്ര മോട്ടോഴ്സ് ലോകത്തിലെ ഏറ്റവും ഉയർന്ന മൈലേജുള്ള ഒരു ട്രക്ക് കമ്പനി പുറത്തിറക്കാൻ പദ്ധതി ഇടുന്നു. ഇക്കാരണത്താൽ, കമ്പനിയുടെ ഓഹരികൾ ഉയർന്നതിനാൽ കമ്പനിക്ക് ഓഹരി വിപണിയിൽ നിന്ന് നല്ല ലാഭം കിട്ടുന്നു.
എന്നാൽ, ഈ വാഹനങ്ങൾ യഥാർത്ഥത്തിൽ ഉയർന്ന അളവിലുള്ള മലിനീകരണം പുറന്തള്ളുന്നുവെന്ന് ജോലിക്കാരിൽ നിന്ന് മനസ്സിലാക്കിയ ഇതിന്റെ ഉടമയായ തിവാരി മറ്റ് 18 ബോർഡ് അംഗങ്ങളും ജോലിക്കാരായ 20,000 ത്തോളം പേരും അറിയാതെ അത് രഹസ്യമായി സൂക്ഷിക്കാൻ തീരുമാനിക്കുന്നു. എന്നാൽ, ഈ വാർത്ത പുറത്ത് വരുന്നു. ഇത് കമ്പനിയെ മുഴുവൻ ഞെട്ടിക്കുകയും ചെയ്യുന്നു.
കാര്യം ചോർന്നതിന്റെ പിന്നിലെ ആളെ കണ്ടെത്താൻ തിവാരി ഒരു സ്വകാര്യ അന്വേഷകനും കൊലയാളിയുമായ അർജുനെ നിയമിക്കുന്നു. അർജുൻ അക്രമാസക്തമായ വഴികൾ ഉപയോഗിച്ച് അന്വേഷിക്കുകയും കമ്പനിക്കെതിരെ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഒരു ശൃംഖല കണ്ടെത്തുകയും ചെയ്യുന്നു. ചെന്നൈ റീജിയണൽ ആസ്ഥാനത്ത് നിന്നുള്ള തിരു ആണ് ഈ ചാരൻ എന്ന് അർജുൻ കണ്ടെത്തുന്നു.തുടർന്ന് തിരുവും അർജുനും തമ്മിൽ നടക്കുന്ന ത്രില്ലടിപ്പിക്കുന്ന പോരാട്ടങ്ങളുടെ ബാക്കി കാണാൻ നെറ്റ്ഫ്ലിക്സിലേക്ക് പോകാം.