Muhammed Sageer Pandarathil
ഇന്ന് കെ.എൽ. ആന്റണിയുടെ ഓർമദിനം..മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ കെ.എൽ. ആന്റണി ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള പട്ടണമായ ചേർത്തല തൈക്കാട്ടുശ്ശേരിയിലെ ഉളവെയ്പ് ദേശത്ത് കോയിപ്പറമ്പിൽ വീട്ടിലാണ് ജനിച്ചത്. 1950 ൽ ബാലനടനായി നാടക വേദികളിലെത്തിയ അദ്ദേഹം ചവിട്ടുനാടങ്ങളിലൂടെയാണ് നാടക രംഗത്തേക്ക് എത്തിയത്. അക്കാലത്ത് പി.ജെ. ആന്റണിയുടെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രമായി അമച്വർ നാടകവേദി തഴച്ചുവളരുന്ന ഘട്ടത്തിലായിരുന്നു പി.ജെ. ആന്റണിയുടെ സംഘത്തിലേക്ക് കെ.എൽ. ആൻറണിയുടെ കടന്ന് വരവ്.
കൊച്ചിൻ കലാകേന്ദ്രം എന്ന നാടക സമിതി രൂപീകരിച്ച് നാടകങ്ങളും പാർട്ടി പ്രവർത്തനങ്ങളുമായി സജീവമായതോടെ ഫോർട്ട്കൊച്ചിയിൽ സ്ഥിരതാമസമാക്കി. 1979 ൽ ആന്റണിയുടെ കൊച്ചിൻ കലാകേന്ദ്രത്തിൽ അഭിനയിക്കാനെത്തിയ പൂച്ചാക്കൽ സ്വദേശിനി ലീനയെ ആണ് ആന്റണി ജീവിത പങ്കാളിയാക്കിയത്. സ്വന്തം നാടകങ്ങൾ പുസ്തകരൂപത്തിലാക്കി സ്വയം പ്രസാധനം നടത്തി അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് നാടക സമിതി നടത്തികൊണ്ടുപോയത്.
പ്രമുഖ പ്രസാധകരൊന്നും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും വിൽക്കാനും തയ്യാറാകാത്ത ഒരു സാഹചര്യമായിരുന്നു അന്ന് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ആന്റണി സ്വന്തം പുസ്തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. പ്രസിദ്ധീകരിക്കുന്നവ കിലോമീറ്ററുകളോളം നടന്നു വീടുകൾ തോറും കയറി വിൽക്കും. മകൻ ലാസർ ഷൈനിന്റെ കഥയും കവിതകളും ഉള്പ്പെടെയുള്ള പുസ്തകങ്ങളും അദ്ദേഹം ഇത്തരത്തിൽ പ്രസദ്ധീകരിച്ച് വിറ്റിട്ടുണ്ട്.
പല പ്രമുഖരുടെയും പുസ്തകങ്ങൾ 10,000 കോപ്പികളിൽ താഴെമാത്രം വിറ്റഴിയുമ്പോൾ ആന്റണിയുടെ പുസ്തകങ്ങളിൽപ്പലതും അരലക്ഷത്തിലേറെ കോപ്പികൾ വിറ്റു തീർന്നിട്ടുണ്ട്. ആന്റണി എഴുതി സംവിധാനം ചെയ്ത കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രൻ, തെരുവുഗീതം തുടങ്ങിയ നാടകങ്ങളിൽ ലീന അഭിനയിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്കുശേഷം എഴുപത്തിമൂന്നുകാരനായ ആന്റണിയും അറുപതുകാരിയായ ലീനയും വീണ്ടും വേദിയിൽ ഒന്നിച്ച രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള നാടകമായിരുന്നു 2013 ൽ അവതരിപ്പിച്ച അമ്മയും തൊമ്മനും. അതിൽ ആന്റണിയുടെ അമ്മ വേഷമാണു ലീന ചെയ്തത്.
ദീലീഷ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. ചിത്രത്തിലെ ചാച്ചന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
തുടർന്ന് ഗപ്പി/ ജോർജേട്ടൻസ് പൂരം/ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള/ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ/ ആകാശമിഠായി തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചു. 2014 ൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 2018 ഡിസംബർ 21 ആം തിയതി ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ അദ്ദേഹം അന്തരിച്ചു. അമ്പിളി/ലാസർ ഷൈൻ/നാൻസി എന്നിവർ മക്കളാണ്.