ലൗ ടുഡേ (തമിഴ്) റിവ്യൂ…..
Muhammed Sageer Pandarathil
എജിഎസ് എന്റർടെയ്ൻമെന്റ് നിർമിച്ച് പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത് പ്രദീപ് രംഗനാഥനും ഇവാനയും നായകനും നായികയുമായ ചിത്രമാണ് ലൗ ടുഡേ.ഐടി കമ്പനിയായ കോഗ്നിസെന്റിൽ സപ്പോർട്ട് എഞ്ചിനീയറാണ് 24 കാരനായ നായകനായ പ്രദീപ് രംഗനാഥന്റെ കഥാപാത്രമായ ഉത്തമൻ പ്രദീപ്. ഇയാളുടെ അമ്മ രാധിക ശരത്കുമാറിന്റെ കഥാപാത്രമായ സരസ്വതി, സഹോദരിയായ രവീണ രവിയുടെ കഥാപാത്രമായ ദിവ്യ എന്നിവർക്കൊപ്പമാണ് ഇയാൾ താമസിക്കുന്നത്. യാഥാസ്ഥിതിക ബ്രാഹ്മണനും അഭിഭാഷകനുമായ സത്യരാജിന്റെ കഥാപാത്രമായ വേണു ശാസ്ത്രിയുടെ മകളും സോഫ്റ്റ്വെയർ എഞ്ചിനീയറുമായ ഇവാനയുടെ കഥാപാത്രമായ നിഖിതയുമായി നികിതയുമായി ഉത്തമൻ പ്രണയത്തിലാണ്.
ഇവരിരുവരും വിവാഹിതരാകാൻ തയ്യാറാണ്. എന്നാൽ, നിഖിതയുടെ കർക്കശക്കാരനായ അച്ഛൻ കാരണം ഇയാൾ അൽപ്പം മടിച്ചുവെങ്കിലും വേണു ശാസ്ത്രി ഇയാളുമായുള്ള തന്റെ മകളുടെ പ്രണയം കണ്ടെത്തുകയും, ഇയാളെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.അവരുടെ ആ പ്രണയം വിവാഹത്തിൽ കലാശിക്കണമെങ്കിൽ അവരിരുവരും ഒരു നിബന്ധന അംഗീകരിക്കണമെന്ന് ശാസ്ത്രി അവരോട് പറയുന്നു. ഒരു ദിവസത്തേക്ക് ഇവരിരുവരും തങ്ങളുടെ മൊബൈൽ ഫോണുകൾ പരസ്പരം കൈമാറണം എന്നതായിരുന്നു ആ നിബന്ധന. അതിനുശേഷവും, അവർ പ്രണയത്തിലാണെങ്കിൽ അയാൾ അവരുടെ പ്രണയത്തെ എതിർക്കില്ല, അല്ലെങ്കിൽ അവരിരുവരും അവരവരുടെ വഴിക്ക് പോകണം. മനസില്ലാ മനസ്സോടെ അവർ തങ്ങളുടെ ഫോണുകൾ പരസ്പരം കൈമാറുന്നു. എന്നാൽ അതിനു മുമ്പ് പ്രദീപ് തന്റെ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുന്നു.
ഇതിനിടയിലാണ് നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രദീപിന്റെ സഹോദരി ദിവ്യയുടെയും യോഗി ബാബുവിന്റെ കഥാപാത്രമായ ദന്തഡോക്ടർ യോഗിയുടേയും വിവാഹം. തന്റെ സുഹൃത്തുക്കളുമായുള്ള ഒരു യാത്രയിൽ, പ്രദീപ് നിഖിതയുടെ മൊബൈൽ ഫോണിൽ ഒരു സന്ദേശം വായിക്കുന്നു. അത് മാമക്കുട്ടി എന്ന അവളുടെ മുൻ ബോയ് ഫ്രണ്ടിന്റെ ഒരു വാട്ട്സ്ആപ്പ് സംഭാഷണമായിരുന്നു. ഇപ്പോഴും അവൾ ആ പ്രണയം തുടരുന്നുണ്ടെന്ന ആ അറിവ് അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
അതിലെല്ലാമുപരി അവൾ തന്റെ മുൻ കാമുകനായ മാമക്കുട്ടിയുമൊത്ത് ഏതാനും ദിവസം മുമ്പ് പുതുച്ചേരിയിലേക്ക് രാത്രി ഡ്രൈവ് പോയതും അയാൾ കണ്ടെത്തുന്നു. അക്കാര്യങ്ങൾ അവൻ നിഖിതയോട് ചോദിക്കുമ്പോൾ അവരുടെ ഇതുവരെയുള്ള ആ പ്രണയബന്ധത്തിന് വിള്ളൽ വീഴ്ത്തുന്നു. അടുത്ത ദിവസം, ഫോൺ തിരികെ വാങ്ങാൻ എത്തിയ പ്രദീപ് തന്റെ സഹോദരിയുടെ വിവാഹം കഴിയുന്നത് വരെ ഈ ഫോണുകൾ ഇങ്ങിനെ തന്നെ സൂക്ഷിച്ചുകൊള്ളാം എന്ന് പറയുന്നു.പ്രദീപ് ഇത് ചെയ്യുന്നത് നിഖിതയുടെ മറ്റു ബന്ധങ്ങളെക്കുറിച്ച് കൂടുതലറിയാൻ വേണ്ടിയുമായിരുന്നു. പ്രദീപ് തന്റെ ഫോണിൽ നിന്ന് വാട്ട്സ്ആപ്പ് ഡിലിറ്റാക്കിയെന്ന് ഈ സമയമാണ് ശാസ്ത്രിക്ക് മനസ്സിലാകുന്നത്. അവന്റെ തനിനിറമടിയാൻ അയാൾ പ്രദീപിന്റെ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ബാക്കപ്പിൽ നിന്ന് റീലോഡ് ചെയ്യുന്നു. തുടർന്ന് പ്രദീപിന്റെ അശ്ലീല ആസക്തിയും വാട്ട്സ്ആപ്പിൽ പെൺകുട്ടികളുമായുള്ള സംഭാഷണങ്ങളും നിഖിത കണ്ടെത്തുന്നു. പെൺകുട്ടികൾക്ക് അഭിനയിക്കാൻ അവസരം നൽകുമെന്ന് പറഞ്ഞ് അവരുടെ സെക്സി ആയ ഫോട്ടോകൾ അയയ്ക്കാൻ അയാൾ ആവശ്യപ്പെട്ടതുമെല്ലാം അവൾ കണ്ടെത്തുന്നു.
അതോടൊപ്പം പ്രദീപിന്റെ ഫോണിൽ നിന്ന് അയാളുടെ മറ്റൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് കണ്ടെത്തുന്നു. അവനും സുഹൃത്തുക്കളും കോളേജിൽ വെച്ച് ഒരു സ്ത്രീ ഐഡിയിൽ ഉണ്ടാക്കിയ ഈ അക്കൗണ്ട് അവർ ലൈംഗിക സന്ദേശമയക്കാൻ ആണ് ഉപയോഗിസിച്ചിരുന്നത്. ഇതിൽ നിന്നായിരുന്നു നിഖിതയ്ക്കും അവളുടെ അനുജത്തി ശ്വേതയ്ക്കും മുമ്പ് ചില വൃത്തികെട്ട സന്ദേശങ്ങൾ ലഭിച്ചതെന്നും അവൾ കണ്ടെത്തുന്നു. ഈ സന്ദേശങ്ങൾ അയാൾ അല്ല അയച്ചതെന്ന് അവളോട് അയാൾ പറഞ്ഞുവെങ്കിലും, ഇത് അയച്ച ആളെ അയാൾക്ക് കണ്ടെത്തി തന്റെ നിരപരാധിത്വം അയാൾക്ക് തെളിയിക്കേണ്ടതുണ്ട്. ഈ അക്കൗണ്ട് പ്രദീപ് അടക്കം അയാളുടെ മറ്റു കൂട്ടുകാരും ഉപയോഗിക്കുന്നതിനാൽ അയാൾ അവരെയെല്ലാം സംശയിക്കുന്നു.
അതിനിടയിൽ, അത്ര ഭംഗിയൊന്നും ഇല്ലാത്ത യോഗിയെ എങ്ങിനെയാണ് ദിവ്യ ഇഷ്ടമായതെന്ന് അവളുടെ കൂട്ടുകാരി ചോദിക്കുന്നുണ്ട്. അതിന്റെ കാരണം അയാളുടെ സംസ്ക്കാര സമ്പന്നതയും സൗമ്യതയുമാണെന്നായിരുന്നു അവളുടെ ഉത്തരം. എന്നാൽ അയാൾ എപ്പോഴും തന്റെ മൊബൈൽ രഹസ്യമായി വെക്കുന്നത് അവളിൽ സംശയം ഉണ്ടാക്കി. അവൾ ഉൾപ്പെടെ ആരെയും ആ ഫോണിൽ തൊടാൻ പോലും അയാൾ അനുവദിക്കാറില്ല. ഇത് ദിവ്യയെ അസ്വസ്ഥയാക്കി. അവളും അവളുടെ കൂട്ടുകാരികളും ചേർന്ന് യോഗിയുടെ ഫോൺ എടുക്കാനും അത് പരിശോധിക്കാനും പലതവണ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇത് അവളിൽ അയാളോട് കൂടുതൽ വിദ്വേഷമുണ്ടാക്കി.
തുടർന്ന്, ദിവ്യയും യോഗിയും തമ്മിൽ അയാളുടെ ഫോൺ രഹസ്യമാക്കി വെക്കുന്നതിനെതിരെ തർക്കിക്കുന്നു. ഇത് കണ്ട പ്രദീപ് ദേഷ്യത്തിൽ യോഗിയുടെ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുന്നു, ഇത് കണ്ട സരസ്വതി ദേഷ്യത്തോടെ അത് തടയുന്നു. പ്രദീപിന്റെ ഈ പെരുമാറ്റ വ്യത്യാസം ശ്രദ്ധിച്ച അമ്മ അവനോട് അതിന്റെ കാര്യം തിരക്കുന്നു. അപ്പോൾ അവൻ നിഖിതയുമായി തെറ്റിയ കാര്യം പറയുന്നു. അവനെ ആശ്വസിപ്പിച്ച അവർ അവൻ കുട്ടികാലത്ത് ചെയ്ത ഒരു കാര്യം അവനോട് വീണ്ടും പറയുന്നു. അവൻ ചെറുപ്പത്തിൽ ഒരു മാങ്ങയണ്ടി വളരാൻ വേണ്ടി കുഴച്ചിട്ടിട്ട് എന്നും വളർന്നോ എന്നറിയാൻ എന്നും അത് മാന്തിയെടുത്ത് നോക്കിയിരുന്ന കാര്യവും, അത് വളരാത്തതിൽ അവൻ ദുഖിച്ചപ്പോൾ അത് വളർന്നോ എന്നറിയാൻ എന്നും കുഴിച്ച് നോക്കാതെ അതിൽ വിശ്വാസമർപ്പിച്ച് കാത്തിരിക്കണമെന്നും അവനോട് അവർ പറയുന്നു. അങ്ങിനെ ചെയ്തപ്പോൾ അത് വളർന്നതും അവനോട് പറയുന്നു.ഇതിനിടയിൽ, നികിതയുടെ ഒരു അശ്ലീല ക്ലിപ്പ് വൈറലാകുന്നു.തുടർന്നുള്ള രംഗങ്ങൾ കാണാൻ നെറ്റ്ഫ്ലിക്സിലേക്ക് പോകാം.