ഇന്ന് ഹിന്ദിചലച്ചിത്ര ലോകത്തിലെ മെർലിൻ മൺറോ ആയിരുന്ന മധുബാലയുടെ ജന്മദിനവാർഷികം
Muhammed Sageer Pandarathil
ബ്രിട്ടീഷ് ഇന്ത്യയിലെ പഴയ പെഷാവറിൽ അത്താഉല്ല ഖാന്റെയും അയിഷാ ബീഗത്തിന്റെയും 11 മക്കളിൽ അഞ്ചാമതായി 1933 ഫെബ്രുവരി 14 ആം തിയതി മുംതാസ് ബേഗം ജെഹാൻ ദെഹ്‌ലവി എന്ന മധുബാല ജനിച്ചു.മുൻകോപിയായിരുന്ന മുംതാസിന്റെ പിതാവ് ബ്രിട്ടീഷ് വ്യവസ്ഥകളുമായി കലഹിച്ചതിന്നാൽ അദ്ദേഹത്തിന്റെ ഇംപീരിയൽ ടുബാക്കോ കമ്പനിയിലെ ജോലി നഷ്ടമായി. അങ്ങനെ ആ കുടുംബം ഡൽഹിയിലേക്കും പിന്നീട് മുംബൈയിലേക്കും താമസം മാറി.
ഒരു ചേരി പ്രദേശത്ത് ആ വലിയ കുടുംബം താമസമാക്കി. അവിടെ വെച്ചുണ്ടായ തീപിടിത്തത്തിൽ മുംതാസിന് തന്റെ അഞ്ചു സഹോദരങ്ങളെ നഷ്ടപ്പെട്ടു. തുടർന്ന് കുടുംബത്തിനെ പട്ടിണിയിൽനിന്ന് രക്ഷിക്കാനായി തന്റെ ഒമ്പതാമത്തെ വയസ്സിൽ ബേബി മുംതാസ് അഭിനയിച്ചു തുടങ്ങി. മെഹ്ബൂബ് സ്റ്റുഡിയോ പരിസരങ്ങളിൽ പിതാവുമൊത്ത് അവസരങ്ങൾ തേടിയിറങ്ങിയ അവൾ ബോംബെ ടാക്കീസ് ഫിലിം സ്റ്റുഡിയോയുടെ സ്ഥാപകരിൽ ഒരാളായ ദേവികാറാണിയുടെ കണ്ണിൽപ്പെട്ടു. തുടർന്ന് ബസന്ത് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച അവൾക്കു മധുബാല എന്ന പേരിട്ടതും ദേവികാറാണിയാണ്. ചിത്രം ബോക്സ് ഓഫിസ് ഹിറ്റായതോടെ ബേബി മുംതാസ് ഹിന്ദി സിനിമയുടെ അവിഭാജ്യഘടകമായി.
കമൽ അമ്രോഹിയുടെ പുനർജന്മത്തിന്റെ കഥപറയുന്ന ‘മഹൽ’ എന്ന സിനിമ വൻ വിജയമായതോടെ രണ്ട് താരങ്ങളുടെ ഉദയമാണുണ്ടായത്. മധുബാലയും ലതാമങ്കേഷ്കറുമായിരുന്നു ആ താരങ്ങൾ. കൽക്കത്തയിലെ അധോലോകത്തിന്റെ കഥപറഞ്ഞ ‘ഹൗറ ബ്രിഡ്ജി’ലെ ആംഗ്ലോ ഇന്ത്യൻ ബാർ ഡാൻസറായി ആശ ബോസ്‌ലേയുടെ ത്രസിപ്പിക്കുന്ന ശബ്ദത്തിൽ ‘‘ആയിയെ മെഹർബാൻ’’ എന്ന് മാദകമായി മധു ചുവടുവച്ചപ്പോൾ ആരാധകർ തിയറ്ററുകളിൽ ഇവരുടെ പേര് അലറി വിളിക്കുമായിരുന്നു. സ്വപ്നം മയങ്ങുന്ന കണ്ണുകളും അതിമനോഹരമായ പുഞ്ചിരിയും നിഗൂഢമായ സൗന്ദര്യവുമെല്ലാം ചേർന്ന ഈ അഫ്ഗാനി സുന്ദരി ഹിന്ദി സിനിമാലോകത്തിന്റെ ഹൃദയം കവർന്നു. ഇവരുടെ പ്രസക്തി ഹോളിവുഡിലേക്കും എത്തി.
അമേരിക്കൻ മാഗസിനായ തിയറ്റർ ആർട്സ് ‘ലോകത്തെ ഏറ്റവും മികച്ച താരം’ എന്ന തലക്കെട്ടിൽ മധുബാലയുടെ ചിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. ഒരു ഫിലിം ഫെസ്റ്റിവലിനായി മുംബൈയിലെത്തിയ അക്കാദമി അവാർഡ് ജേതാവ് അമേരിക്കൻ ഡയറക്ടർ ഫ്രാങ്ക് കപ്രേ ഇവരെ ഹോളിവുഡിലേക്ക് ക്ഷണിച്ചുവെങ്കിലും ഇവരുടെ പിതാവ് ആ ഓഫർ നിരസിച്ചു.
മലാഡിലെ പശുത്തൊഴുത്തിനു സമാനമായ താമസസ്ഥലത്തുനിന്ന് അന്ധേരിയിലെ ഫ്ലാറ്റിലേക്കും പിന്നീട് കൈവന്ന സ്വർഗതുല്യമായ സൗഭാഗ്യങ്ങളിലേക്കുമുള്ള യാത്രകൾക്ക് പിന്നിൽ ഇവരുടെ കഠിനാധ്വാനം തന്നേയായിരുന്നു. ആദ്യകാലങ്ങളിൽ മലാഡിൽനിന്ന് ദാദറിലേക്കുള്ള ലോക്കൽ ട്രെയിനിൽ യാത്ര ചെയ്തു ഷൂട്ടിങ്ങിനു എത്തുകയും ഭക്ഷണം പോലും സമയത്തിന്കഴിക്കാതെ ഒരു യന്ത്രം പോലെ ഷൂട്ടിങ്ങിൽ മുഴുകുമായിരുന്നു മധുബാല.
ഷൂട്ടിങ് സെറ്റുകളിൽ രാവിലെ കൃത്യം ആറു മണിക്കുതന്നെ എത്തിയിരുന്നതിനുപിന്നിൽ അങ്ങേയറ്റം കർക്കശക്കാരനായ പിതാവിന്റെ സ്വാധീനമായിരിക്കണം. ആൾക്കൂട്ടത്തിൽ നിന്നും പൊതുചടങ്ങുകളിൽനിന്നും അകന്നുനിന്ന അവർ ഷൂട്ടിങ് കഴിഞ്ഞ് കൃത്യം ഏഴു മണിക്ക് തിരികെ വീട്ടിൽ എത്തണമെന്ന പിതാവിന്റെ ആജ്ഞ പോലും ഇവർ തെറ്റിച്ചിരുന്നില്ല.പ്രശസ്തിക്കൊപ്പം പ്രണയവിവാദങ്ങളിലും അവർ നിറഞ്ഞുനിന്നു. തന്റെ പതിനെട്ടാമത്തെ വയസ്സിൽ സഹനടനായ പ്രേംനാഥിനോടായിരുന്നു ആദ്യപ്രണയം. പിന്നീടത് ‘തരാനാ’ എന്ന ചിത്രത്തിൽ തന്റെ നായകനായ ദിലീപ്കുമാർ എന്നറിയപ്പെട്ട മുഹമ്മദ് യൂസഫ് ഖാനോടായി.
എന്നാൽ കുടുംബത്തിന്റെ ഏക വരുമാനസ്രോതസ്സായ മധുവിന്റെ ഈ ബന്ധം പിതാവിനെ അസ്വസ്ഥനാക്കി. അക്കാലത്തെ ഏറ്റവും പ്രശസ്ത താരങ്ങളായിരുന്ന ഇരുവരും പത്താൻ കുടുംബങ്ങൾ ആയിട്ടുപ്പോലും മധുവിന്റെ പിതാവ് അത്താഉല്ല ഖാൻ പച്ചക്കൊടി കാണിച്ചില്ല.പുണെയിലെ പ്രഭാത് സ്റ്റുഡിയോയിൽ നിന്നു മധുവിനെ കാണാനായി മുംബൈയിലേക്ക് ഡ്രൈവ് ചെയ്തുവരുമായിരുന്നു ദിലീപ്കുമാർ. കൈകോർത്ത് ഷൂട്ടിങ് സെറ്റുകളിൽ എത്തിയിരുന്ന ഈ പ്രണയികൾ ഹിന്ദി ചലച്ചിത്രലോകത്തിലെ സംസാരവിഷയങ്ങളായിരുന്നു.
ഖദീജ അക്ബറിന്റെ ‘ഐ വാണ്ട് ടു ലിവ്… ദി സ്റ്റോറി ഓഫ് മധുബാല’ എന്ന ആത്മകഥാംശമുള്ള പുസ്തകത്തിൽ ഇവരുടെ പ്രണയങ്ങൾ അതിവികാരമായി തന്നെ എഴുതിയീട്ടുണ്ട്.എന്നും ഉദാരമതിയായിരുന്ന അവർ ഈസ്റ്റ് പാകിസ്താനിൽനിന്നുള്ള അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനും മറ്റും കൈയയച്ചു സഹായിച്ചു. ഒരിക്കൽ തന്നെ ആദ്യകാലത്ത് സഹായിച്ച സംവിധായകനുവേണ്ടി അവർ പ്രതിഫലമില്ലാതെയും അഭിനയിച്ചു. 1950 കളിൽ ഇവരുടെ പ്രതിഫലം ഒരു ലക്ഷം രൂപക്കും മുകളിലായിരുന്നു.
സുൽഫിക്കർ അലി ഭൂട്ടോയും ഇവരെ പ്രണയിച്ചവരിൽ പെട്ടിരുന്നു. ബാന്ദ്രയിലെ കൊട്ടാരസദൃശമായ വീട്ടിൽനിന്ന് ഇവരെ കാണാനായി മാത്രം ‘മുഗൾ ഇ അസമി’ന്‍െറ സെറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഇദ്ദേഹം.സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തതിനാൽ പതിനേഴാമത്തെ വയസ്സിൽ ഒരു ട്യൂട്ടറെ വെച്ച് ഇംഗ്ലീഷ് ഭാഷയിൽ അവർ പ്രാവീണ്യം നേടിയ അവർ വളരെ നന്നായി ഡയറിഎഴുതുമായിരുന്നു.
1954ൽ മദ്രാസിൽ വെച്ച് ‘ബഹുത് ദിൻ ഹുയെ’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഇവർ രക്തം ഛർദിച്ച് കുഴഞ്ഞു വീണു. പിന്നീട് ‘ചലക്’എ ന്ന മൂവിയുടെ സെറ്റിൽവെച്ചാണ് വെൻട്രികുലാർ സെപ്റ്റൽ ഡിഫക്ട് എന്ന ജന്മനായുള്ള ഹൃദയവൈകല്യം കണ്ടുപിടിക്കപ്പെട്ടത്.
ഹൃദയത്തിലുള്ള ദ്വാരം കാരണം ശുദ്ധരക്തവും അശുദ്ധരക്തവും കൂടിക്കലരുന്ന അവസ്ഥയാണിത്. എന്നിട്ടും സിനിമയുടെ തിരക്കുകളിൽ രോഗം വകവെക്കാതെ അവർ മുഴുകി. ഈ അവസരത്തിലാണ് അഭിനേതാവും പിന്നണിഗായകനുമായ അബ്ബാസ് ഗാംഗുലിയെന്ന കിഷോർകുമാർ മധുബാലയുടെ ജീവിതത്തിലേക്ക് എത്തിയത്. ബംഗാളി നടി റൂമാദേവിയുമായുള്ള വിവാഹമോചനം കഴിഞ്ഞയുടനെ കിഷോർകുമാർ മധുവിനെ കല്ല്യാണം കഴിക്കാനായി തന്റെ പേര് കരിം അബ്ദുൽ എന്ന് മാറ്റുകയുണ്ടായി.
തുടർന്ന് 1960 ൽ തന്റെ ഇരുപത്തിയേഴാമത്തെ വയസ്സിൽ ഇവർ കിഷോർകുമാറിനെ വിവാഹം കഴിച്ചു. ഇവരുടെ അസുഖത്തെപ്പറ്റി അറിയാമായിരുന്നെങ്കിലും അതിന്റെ ആഴം അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല എന്നുവേണം കരുതാൻ. വിവാഹശേഷം പത്താമത്തെ ദിവസം അവർ ലണ്ടനിലേക്ക് പറന്നു. അവിടെ വെച്ചാണ് മധുബാല ഇനി രണ്ടുവർഷം മാത്രമേ ജീവിച്ചിരിക്കുകയുള്ളൂവെന്ന് ഡോക്‌ടർമാർ വിധിയെഴുതുന്നത്. കൂടാതെ ഒരു അമ്മയാകാനോ ഭാര്യയാകാനോ ഉള്ള ആരോഗ്യം ഇവരുടെ ഹൃദയത്തിനില്ലെന്നും ഡോക്ടർ വെളിപ്പെടുത്തുന്നത്..
തിരിച്ച് മുംബൈയിൽ എത്തിയ അവർ തന്റെ ഇച്ഛാശക്തികൊണ്ട് ഒമ്പതു വർഷം വരെ ജീവിച്ചു.
ശ്വാസകോശങ്ങളുടെ ഭിത്തികൾക്കുണ്ടാകുന്ന അമിത മർദത്താൽ എല്ലായ്‌പോഴും ചുമയ്ക്കുന്ന മധുവിനെ കിഷോർ കുമാറും കൈവിട്ടു.രോഗം മൂർച്ഛിച്ചപ്പോൾ ഹൃദയവൈകല്യം മൂലം അധികമുണ്ടാവുന്ന രക്തം മൂക്കിൽ കൂടി പുറത്തുവരാൻ തുടങ്ങി. അപ്പോഴേക്കും ആ സുന്ദര താരം എല്ലും തോലുമായിക്കഴിഞ്ഞിരുന്നു . നീണ്ട 22 വർഷത്തെ സിനിമാജീവിതത്തിൽ 74 സിനിമകളിൽ അഭിനയിച്ച ഇവർ 1969 ഫെബ്രുവരി 23 ആം തിയതി തന്റെ 36 ആം വയസ്സിൽ വിടവാങ്ങി.ഇവരുടെ പ്രണയക്കുറിപ്പുകളും ഹൃദയനൊമ്പരങ്ങളും നിറഞ്ഞ അവരുടെ ഡയറിയും ആ പിതാവ് അവരുടെ സാന്താക്രൂസിലെ ഖബറിടത്തിൽ അടക്കി. അങ്ങിനെ ഏകാകിനിയായിരുന്ന ഒരു പ്രണയിനിയുടെ ഹൃദയക്കുറിപ്പുകൾ പുറംലോകമറിയാതെ മണ്ണിലലിഞ്ഞു.