ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം
Muhammed Sageer Pandarathil
മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന കാര്യത്തിൽ അവറാന്റെ മകനായി 1940 ൽ ചാവക്കാട് കുരഞ്ഞിയൂരിൽ മുടവത്തേയിൽ കുഞ്ഞിമോൻ എന്ന മലായ കുഞ്ഞിമോൻ ജനിച്ചു. 1944 ൽ അവറാൻ മകനെ മലേഷ്യയിലേക്ക് കൊണ്ട് പോയി. അവിടെ നിന്നാണ് മലായ കുഞ്ഞിമോന്റെ യഥാർത്ഥ കഥ ആരംഭിക്കുന്നത്. അദ്ദേഹം അവിടെ അഞ്ചാം ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ 1950 ൽ അവിടെയുള്ള ഒരു കൊള്ള സംഘം ഇദ്ദേഹത്തെയടക്കം കുറച്ചു കുട്ടികളെ ആ സ്കൂളിൽ നിന്നു തട്ടി കൊണ്ടുപോയി.പിന്നെ നീണ്ട 14 വർഷം അദ്ദേഹം ആ കൊള്ള സംഘത്തിന്റെ കീഴിൽ ആയിരുന്നു. 1964 ൽ മലേഷ്യൻ സെൻട്രൽ ബാങ്കിന്റെ ഒരു ബ്രാഞ്ച് കവർച്ച ചെയ്യപ്പെട്ടു അതിന്റെ പ്രധാന സൂത്രധാരൻ എന്ന നിലക്ക് അവിടെത്തെ പോലീസ് ഇദ്ദേഹത്തെ പിടിച്ചു ജയിൽ അടച്ചു.
1965 ൽ ഇദ്ദേഹത്തെ മലേഷ്യൻ ഗവണ്മെന്റ് ഇന്ത്യയിലേക്ക് കയറ്റിവിടാൻ ഉത്തരവിട്ടു. ശിക്ഷയുടെ ഭാഗമായി വേഗത്തിൽ ഓടി രക്ഷപ്പെടാതിരിക്കാൻ അത്ര പ്രധാനമല്ലാത്ത ഒരു ഞരമ്പ് ഇരു കാലുകളിൽ നിന്നും കട്ട് ചെയ്യുകയും ഒപ്പം വലതു കൈയിൽ മലേഷ്യൻ ഗവണ്മെന്റിന്റെ മുദ്രയും ലൈഫ് ലോങ്ങ് നോ എൻട്രിയും അടിച്ചാണ് ഇദ്ദേഹത്തെ അവിടെ നിന്നും അവർ കയറ്റിവിട്ടത്.അങ്ങിനെ മദിരാശിയിൽ എത്തിയ ഇദ്ദേഹത്തെ തമിഴ്നാട് പോലീസ് ചാവക്കാട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും അവിടെ നിന്നു ചാവക്കാട് പോലീസ് ഇദ്ദേഹത്തിന്റെ ജന്മദേശമായ കുരഞ്ഞിയൂരിലെ വീട്ടിൽ കൊണ്ടാക്കി. അങ്ങനെ വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ ഇദ്ദേഹം നാട്ടുകാർക്ക് ഒരു അത്ഭുതകഥാപാത്രമായിരുന്നു.
കാരണം പ്രേംനസിറിന്റെ സൗന്ദര്യം/ ബ്രൂസ്‌ലിയുടെ ശരീരമികവ്/മമ്മൂട്ടിയുടെ നടത്തം/മോറിസ് മൈനർ കാറിലെ യാത്ര/റെയ്ബാൻ ഗ്ലാസ്/റാഡോ വാച്ചുമൊക്കെയായി ഒരു സൂപ്പർസ്റ്റാർ ലുക്കിലായിരുന്നു ഇദ്ദേഹം.ചുരുങ്ങിയ കാലം കൊണ്ട് ഇദ്ദേഹത്തിനൊരുപാട് സുഹൃത്തുക്കളെ കിട്ടി. അന്നത്തെ രാഷ്ട്രീയ കാരുടെയും പണക്കാരുടെയും ഇടയിൽ ഒരുപാട് ബന്ധങ്ങൾ ആയി. ഇതിനിടയിൽ നാലഞ്ച് തല്ലുകൾ ചാവക്കാടും പെരുമ്പിലാവ് ചന്തയിലും കുന്നംകുളം ബൈജു തീയേറ്റർ നിൽക്കുന്ന സ്ഥലത്തുമൊക്കെവെച്ചുണ്ടായ അടിയുമിടിയുമായി മലായ് കുഞ്ഞിമോൻ എന്ന പേര് നാട് മുഴുവൻ പ്രസിദ്ധമായി.അതിനിടയിൽ മൈസൂരിൽ ഇടക്കിടെ പോകുമായിരുന്ന ഇദ്ദേഹം വരുമ്പോൾ കാറും കൈ നിറയെ കാശും ഉണ്ടാകും അങ്ങനെ ഒരു നായകനെ പോലെ വൻ സുഹൃത്ത് വലയങ്ങളുമായി ജീവിക്കുമ്പോഴാണ് നായകനായ അദ്ദേഹം വില്ലനാവുന്നത്.
1970 ലെ കുരഞ്ഞിയൂർ ഖിലാഫത്തിന്റെ ഭാഗമായി താഴെ കിടയിലുള്ളവരും ജന്മിമാരും തമ്മിൽ അടിയായി. തുടർന്ന് മലായ കുഞ്ഞിമോനും കൂട്ടരും ജന്മിമാർക്കെതിരെ തിരിഞ്ഞു. കുരഞ്ഞിയൂരുള്ള ജന്മിമാരെ തിരഞ്ഞു പിടിച്ചു അടിക്കുകയും വാഴപ്പുള്ളിയിലെ അറിയപ്പെടുന്ന ഒരു തറവാട്ടിലേക്ക് ബോംബാക്രമണം നടത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയായിട്ടാണ് തമ്പുരാൻപ്പടിയിലെ പ്രസിദ്ധമായ മാണ്ടൽ വീട് ആക്രമണ കേസ് ഉണ്ടാകുന്നത്. ദൈവത്തിനും നീതിക്കും നിരക്കാത്ത ഒരു വലിയ തെറ്റ് അന്ന് ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് സംഭവിച്ചു. കേരളത്തിലെ ഏറ്റവും വലിയ കോൺഗ്രസ് പാരമ്പര്യമുള്ള ഒരു തറവാട് കൂടിയാണ് മാണ്ടൽ തറവാട്. പ്രൊഫസ്സർ എം ലീലാവതി ടീച്ചറുടെയും തറവാടാണിത്.
50 വർഷം മുമ്പുള്ള ഒരു പത്രത്തിന്റെ ഫ്രണ്ട് പേജിലെ വാർത്ത ഇങ്ങിനെയായിരുന്നു. മാണ്ടൽ കേസ് : മലായ് കുഞ്ഞിമോനുൾപ്പെടെ 8 പ്രതികൾ. 7 പേരെയും പോലീസ് പിടിച്ചു പക്ഷേ മലായ കുഞ്ഞിമോൻ മാത്രം ഒളിവിൽ പോയി. ഇന്ദ്രപ്രസ്ഥ നഗരമായ ഡൽഹിയിൽ വരെ വൻ ബന്ധങ്ങളുള്ള മാണ്ടൽ കുടുംബാംഗങ്ങൾ ഇദ്ദേഹത്തെ പിടിക്കാനുള്ള ശ്രമങ്ങൾ നടത്തി. അതിന്റെ ഭാഗമായി കേരള പോലീസ് മലായ കുഞ്ഞിമോന്റെ ഫോട്ടോയോട് കൂടിയുള്ള ലുക്ക്‌ഔട്ട് നോട്ടീസും എവിടെയുണ്ടന്ന് പറഞ്ഞു കൊടുക്കുന്നവർക്ക് 50, 000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
മൈസൂർ/ഗോവ/ബോംബെ എന്നിവിടങ്ങളിൽ 6 വർഷത്തെ ഒളിവ് ജീവിതം. എന്നാൽ ഈ കാലയളവിൽ പലപ്പോഴായി മല്ലാടും വാഴപ്പുള്ളിയിലും അഞ്ഞൂരുമൊക്കെ തന്റെ സുഹൃത്തുക്കളെ കാണാനായി മലായ വരാറുണ്ടായിരുന്നു. രാത്രി കാലങ്ങളിൽ ബോണറ്റിൽ ഒരു എയറോപ്ലെയിനിന്റെ പ്രതിമയുള്ള അംബാസിഡർ കാറിൽ വരാറുള്ള മലായക്ക് ആ ഇടക്ക് ബോംബയിൽ വെച്ച് കുത്തേറ്റു. 1975 ആഗസ്റ്റ് 15 ആം തിയതി ഷോലെ റിലീസ് ആയ ദിവസം അദ്ദേഹം താമസിക്കുന്ന മുറിയിൽ വെച്ചാണ് സംഭവിച്ചത്. അന്ന് കൂടെ ഉണ്ടായിരുന്ന കുന്നംകുളം/ചാവക്കാട്/തൊഴിയൂർ സ്വദേശികൾക്കും പരിക്കേറ്റിരുന്നു. പക്ഷെ ആരാണ് ആ ക്വോട്ടേഷൻ നൽകിയതെന്ന് ഇപ്പോഴും അറിയില്ല.
അങ്ങനെ 1976 ൽ അദ്ദേഹതെ നിയമപരമായി നാട്ടിലേക്ക് കൊണ്ടുവരാനായി ഗുരുവായൂർ കെ.എസ്സ്.ആർ.ടി.സിയിൽ യിൽ ജോലിയുള്ള ഒരു കോൺഗ്രസ് നേതാവുമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ബന്ധപെട്ടു. ഈ കോൺഗ്രസ് നേതാവിന് സംസ്ഥാന നേതാക്കളുമായി വൻ ബന്ധമാണുണ്ടായിരുന്നത്. ഇദ്ദേഹവും കെ. കരുണാകരന്റെ വലം കൈ ആയി അറിയപ്പെടുന്ന മലപ്പുറത്തുള്ള ഒരു നേതാവിന്റെയും തീവ്ര പരിശ്രമത്തിന്റെ ഭാഗമായി 1977 ൽ ഇദ്ദേഹം നാട്ടിലെത്തി. പല കേസുകൾക്കും ഹൈകോടതിയിൽ നിന്നാണ് ജാമ്യം എടുത്തത്.നാട്ടിലെത്തിയ അദ്ദേഹം വീട്ടിൽ ഒരു റാത്തീബ് സംഘടിപ്പിച്ചു. അന്നതിൽ അയാളുടെ സുഹൃത്തുക്കളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ വൻ നിര തന്നെ ഉണ്ടായിരുന്നു. നാട്ടിലെത്തിയ അദ്ദേഹത്തിനു ഒരുപാട് വാഗ്ദ്ധാനങ്ങൾ പലരും നൽകി. ഇനി ഒന്നിനും പോകണ്ട/ഗൾഫിൽ ഒരുപാട് സാധ്യതകൾ ഉണ്ട്/ വിസ ഞങ്ങൾ വിചാരിച്ചാൽ കിട്ടും അങ്ങിനെ ദിവസങ്ങൾ കടന്നു പോയി.
നായകനിൽ നിന്നു വില്ലനിലേക്കും വില്ലനിൽ നിന്നു റൗഡിയിലേക്കും ഉള്ള അദ്ദേഹത്തിന്റെ ഒരു കാലഘട്ടം ആണ് പിന്നീട് കണ്ടത്. തന്നെ പുറത്തു കൊണ്ട് വന്ന നേതാക്കന്മാരെവരെ അദ്ദേഹം നെഞ്ചത്ത് തോക്ക് വെച്ച് ഭീഷണിപ്പെടുത്തിയോട് കൂടി എല്ലാവർക്കും മനസിലായി അണയാൻ പോകുന്നത് ആളി കത്തുന്നതിന്റെ സൂചനയാണെന്ന്. അതിനിടയിൽ കുരഞ്ഞിയൂർ വിട്ട് എരുമപ്പെട്ടിയിലേക്ക് താമസം മാറ്റിയ മലായ അവിടന്നങ്ങോട്ട് നടത്തിയ അക്രമങ്ങൾ, ക്രിക്കറ്റ് ഭാഷയിൽ പറഞ്ഞാൽ സിക്സറുകളും ബൗണ്ടറികളും തന്നെ ആയിരുന്നു.പൂരങ്ങളിലും ബാറുകളിലും വൻ ചീട്ട് കളി കേന്ദ്രങ്ങളിലും മലായ കുഞ്ഞിമോനും കൂട്ടരും നടത്തിയ അടികളും മറ്റും വളരെ പ്രസിദ്ധമായിരുന്നു. ഇതിനിടയിൽ എരുമപ്പെട്ടിയിൽ നിന്നും അദ്ദേഹം കറുകപുത്തൂരിലേക്ക് താമസം മാറ്റിയിരുന്നു. അവസാനം വാൾ എടുത്തവൻ വാളാൽ എന്ന് പറഞ്ഞ പോലെ 1982 ജനുവരി 29 ആം തിയതി എരുമപ്പെട്ടിയിലെ പഴിയോട്ടുമുറിയിൽ വെച്ചുണ്ടായ ഒരു സംഘട്ടനത്തിൽ അദ്ദേഹം തന്റെ 42 ആം വയസ്സിൽ കൊല്ലപ്പെട്ടു. മൃതദേഹം പിന്നീട് കറുകപുത്തൂർ ജുമാ മസ്ജിദിൽ കബറടക്കി.