ഇന്ന് ഹിന്ദി ചലച്ചിത്ര നടി മീനാകുമാരിയുടെ ഓർമദിനം…..

Muhammed Sageer Pandarathil

പാർസി തിയേറ്റർ നടനായിരുന്ന അലി ബക്ഷിന്റെയും സ്റ്റേജ് നടിയായിരുന്ന പ്രഭാവത്ദേവി എന്ന ഇഖ്ബാൽ ബേഗത്തിന്റെയും മൂന്നാമത്തെ മകളായി 1932 ആഗസ്റ്റ് 1 ആം തിയതി മഹ്ജബീൻ ബാനോ എന്ന മീനാകുമാരി ബോംബെ ദാദറിൽ ജനിച്ചു. ഇവരുടെ കുട്ടിക്കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് മൂലം അച്ഛൻ ഇവരെ അനാഥമന്ദിരത്തിൽ ഉപേക്ഷിച്ചുവെങ്കിലും പിന്നീട് തിരിച്ചെടുത്തു. തുടർന്ന് നാല് വയസ്സുമുതൽ അച്ഛന്റെ പാത പിന്തുടർന്ന് നാടകങ്ങളിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങി. ഇവർ സിനിമാഭിനയത്തിലേക്ക് വരുന്നത് അമ്മയുടെ നിർബന്ധം കൊണ്ടാണ്. തന്റെ ഏഴാം വയസ്സിൽ അഭിനയിച്ചു തുടങ്ങിയ ഇവരുടെ ആദ്യ ചിത്രം 1939 ലെ ഫർസന്റ് ഏ വദൻ ആയിരുന്നു. തുടർന്ന് ധാരാളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.

നാല് വയസ്സു മുതൽ കുടുംബത്തിനായി അഭിനയിച്ചു തുടങ്ങിയ ഇവർക്ക് കൂട്ടുകാരുമൊത്ത് കളിക്കാനോ സ്കൂളിൽ പോകാനോ കഴിഞ്ഞില്ല. വായനയിലും ഭാഷകളിലും വലിയ താത്പര്യമായിരുന്ന ഇവർ സ്വന്തമായാണ് പഠിച്ചത്. പതിനാറ് വയസ്സിൽ കുടുംബത്തെ ദാദറിലെ പഴകിയ ഒറ്റമുറി ഫ്ലാറ്റിൽ നിന്ന് ബോംബെയിലെ സമ്പന്നരുടെ ആവാസകേന്ദ്രമായ ബാന്ദ്രയിൽ ആധുനിക സൗകര്യങ്ങളുള്ള വില്ലയിലേക്ക് മാറ്റിത്താമസിപ്പിച്ചു. 1946 ൽ ഇറങ്ങിയ ബചോന്‍ കാ ഖേല്‍ എന്ന സിനിമയിൽ ആദ്യമായി നായികാ വേഷം അണിഞ്ഞതെങ്കിലും 1952 ല്‍ ഇറങ്ങിയ ബൈജു ബാവരയാണ് അവരെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്.
പ്രശസ്തനായ എഴുത്തുകാരനും ചലച്ചിത്രകാരനും തന്നേക്കാൾ ഇരട്ടി പ്രായമുണ്ടായിരുന്ന കമാൽ അംറോഹി എന്ന ഇഷ്ടപുരുഷനെ വിവാഹം കഴിച്ച കുറ്റത്തിന് വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടു. എന്നാൽ ഒരുമിച്ച് താമസമായതോടെ ഈ ഇഷ്ടങ്ങൾ മിഥ്യയാണെന്ന് തെളിഞ്ഞു. വരുന്നതിനും പോകുന്നതിനും മറ്റുള്ളവരെ കാണുന്നതിനും സിനിമകൾ സ്വീകരിക്കുന്നതിനുമെല്ലാം നിയന്ത്രണങ്ങളും/ ദേഹോപദ്രവവും ഏൽക്കേണ്ടിവന്നപ്പോൾ ഇവർ ആ ബന്ധം വിച്ഛേദിച്ചു.

1963 ല്‍ സാഹെബ് ബീവി ഓര്‍ ഗുലാം/ആരതി/മേം ചുപ് രഹേംഗി എന്നീ ചിത്രങ്ങളിലെ ഇവരുടെ പ്രകടനങ്ങൾ വിലയിരുത്തി മികച്ച അഭിനേത്രിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു. തുടർന്ന് സാഹെബ് ബീവി ഓര്‍ ഗുലാം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നേടുകയുമുണ്ടായി. ഇതിൽ അവർ അവതരിപ്പിച്ച ചോട്ടി ബഹു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വേഷം അവര്‍ ചെയ്ത വേഷങ്ങളിൽ വച്ചേറ്റവും മികച്ചതും മനോഹരവുമായിരുന്നു.

പിൽക്കാലത്ത് താരരാജാക്കളായി വളർന്ന സുനിൽദത്തും രാജേന്ദ്രകുമാറും ധർമ്മേന്ദ്രയും തങ്ങളുടെ താരപദവിക്ക് കടപ്പെട്ടിരിക്കുന്നത് ഇവരോടാണ്. അതുവരെ അപ്രധാന വേഷങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ഇവർ താരങ്ങളാവുന്നത് ഇവരൊടൊപ്പം യഥാക്രമം അഭിനയിച്ച ഏക് ഹി രാസ്താ (1956)/ചിരാഗ് കഹാം രോഷ്നി കഹാം (1959)/ഫുൽ ഔർ പത്ഥർ (1966) എന്നീ ചിത്രങ്ങളിലൂടെയാണ്.ബൈജു ബാവര/ചാന്ദ്നി ചൗക്/പരിണീത/ബഹു ബേഗം/ഭീഗി രാത്/ ചിത്രലേഖ/ആസാദ്/ആരതി/കാജൽ/ ബേനസീർ/സാഹെബ് ബീവി ഓര്‍ ഗുലാം/മേം ചുപ് രഹേംഗി/ദിൽ അപ്നാ ഔർ പ്രീത് പരായി/പ്യാർ കാ സാഗർ/ബഹാറോം കി മൻസിൽ/ദിൽ ഏക് മന്ദിർ/ഭാഭി കി ചൂഡി യാം/കിനാരെ കിനാരെ/മിസ് മേരി/ശരാരത് അഭിലാഷ്/ ദുൾമൻ എന്നിങ്ങനെ നീളുന്ന ഹിറ്റുകളുടെ നീണ്ടനിര തന്നെ ഇവർ സൃഷ്‌ടിച്ചു.

പിന്നീട് അന്നത്തെ പുതുമുഖമായിരുന്ന ധർമ്മേന്ദ്രയുമായി അടുത്തു. തന്റെ ചിത്രങ്ങളിൽ നായകനാക്കി. അയാളുമായുള്ള അടുപ്പം അവർ മൂടിവെച്ചില്ല. അയാൾ വിവാഹിതനും പിതാവുമാണെന്നതും ഇവർ കാര്യമാക്കിയില്ല. അവരൊന്നിച്ചഭിനയിച്ച ഫുൽ ഔർ പത്ഥർ എന്നചിത്രം വൻ വിജയമായതോടെ ഇദ്ദേഹം താരമായി. തുടർന്ന് ധർമ്മേന്ദ്ര അവരെ നിഷ്ക്കരുണം വലിച്ചെറിഞ്ഞു.ഈ സംഭവം അവരുടെ ജീവിതം സംഘർഷഭരിതവും ദുരന്തപൂർണവുമാക്കി. ഉറക്കംകിട്ടാതെ വലഞ്ഞ സമയത്ത് പ്രതിവിധിയായി ഡോക്ടർ പറഞ്ഞ അൽപ്പം വിസ്ക്കി കഴിക്കൽ എന്നത് അവരെ മദ്യത്തിനടിമയാക്കി. കരിയർ ഗ്രാഫ് അപ്പോഴും മേലോട്ടു തന്നെയായിരുന്നു.

1968 ല്‍ ഒരു ദിവസം ചോര ഛർദ്ദിച്ച അവരെ ആശുപത്രിയിൽ അഡ്മിറ്റായി. അമിത മദ്യപാനം മൂലമുണ്ടാകുന്ന ലിവർ സിറോസിസ്സ് എന്ന രോഗം ബാധിച്ച് മാരകാവസ്ഥയിലെത്തിയിരുന്നു അവർ.എന്നാൽ ലണ്ടന്‍/സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ചികിത്സ നേടി അവര്‍ തിരിച്ചു വന്നു. ഡോക്ടര്‍മാരുടെ വിലക്കുകളെ മറികടന്നു അവര്‍ സിനിമയില്‍ അഭിനയിക്കുന്നത് തുടർന്നു. അങ്ങിനെ ഇവർ വർഷങ്ങൾക്ക് മുൻപ് അഭിനയിച്ച് നിറുത്തിയ ഇവരുടെ മുൻ ഭർത്താവ് കമാൽ അംറോഹി സംവിധായകനായിരുന്ന പാകീസാ എന്ന വിഖ്യാത ചിത്രം ഇവർ മുൻകൈ എടുത്ത് അഭിനയിച്ച് 1972 ജനുവരിയിൽ പൂർത്തിയാക്കി റിലീസ് ചെയ്തു.
താമസിയാതെ ഇവരുടെ നില വീണ്ടും അതീവ ഗുരുതരമായി. തുടർന്ന് ഇന്ത്യന്‍ സിനിമയുടെ ട്രാജഡി ക്വീന്‍ എന്നറിയപ്പെട്ടിരുന്ന ഇവർ തന്റെ 40 ആം വയസ്സിൽ 36 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിന് 1972 മാര്‍ച്ച്‌ 31 ആം തിയതി തിരശ്ശീലയിട്ടു.

Leave a Reply
You May Also Like

“കൊത്ത് ” ചോന്ന മഷി കൊണ്ടെഴുതിയ ജീവിതഗാഥ

എം.കെ. ബിജു മുഹമ്മദ് “കൊത്ത് ” ചോന്ന മഷി കൊണ്ടെഴുതിയ ജീവിതഗാഥ 75 വർഷങ്ങൾക്ക് മുമ്പ്…

എം ടി, തിരക്കഥാ സുകൃതം

എം ടി , തിരക്കഥാസുകൃതം ഗിരീഷ് വർമ്മ ബാലുശ്ശേരി ഇഷ്ട തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ…

അടുത്ത പാട്ടിൽ വിജയ് തീപ്പൊരിയാകും

ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നടൻ വിജയ് അഭിനയിക്കുന്നത് സംവിധായകൻ Vamshi Paidipally സംവിധാനം ചെയ്യുന്ന…

പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി മലയാളത്തിലെ രണ്ട് സൂപ്പർ നടിമാർ.

സൂപ്പർതാരങ്ങളുടെ വിശേഷം അറിയുവാൻ മലയാളികൾക്ക് എന്നും കൗതുകമാണ്