പഴയ സിനിമകൾ
‘മൂന്നാം നാള് ഞായറാഴ്ച’
Muhammed Sageer Pandarathil
സാമൂഹിക പ്രസക്തിയുള്ള നല്ലൊരു സിനിമ എന്ന ഒറ്റവാക്കിൽ ഈ സിനിമയെ വിലയിരുത്താം.ടി.എ.റസാഖ് ആദ്യമായി സംവിധാനം ചെയ്യ്ത ഈ ചിത്രം നടനും ദേശീയ അവാര്‍ഡ് ജേതാവുമായ സലിംകുമാറിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്.’മൂന്നാം നാള് ഞായറാഴ്ച’ ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ദിനമാണ്. ക്രിസ്തുവും കറുപ്പനും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചിത്രം കണ്ടുകഴിയുമ്പോൾ നമുക്ക് ബോധ്യമാകും!.
കറുമ്പന് എന്ന ദളിത് യുവാവിന്റെ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും പേറി ഗള്‍ഫ് മണ്ണിലിറങ്ങിയ കറുമ്പന് ജയിലിലാകുന്നു. പത്തുകൊല്ലത്തെ ജയില്‍വാസത്തിനു നാട്ടിലെത്തുമ്പോൾ കറുമ്പന് കാണുന്നത് കുടുംബ പ്രാരാബ്ദങ്ങൾ മൂലം മതം മാറി നല്ല രീതിയിൽ ജീവിക്കുന്ന കുടുംബത്തെയാണ്.
നാട്ടിലായിരിക്കുമ്പോൾ പരമ്പരാഗത കുലദൈവങ്ങൾക്ക് നിത്യവും വിളക്കു കൊളുത്തി പ്രാർത്ഥിച്ചിരുന്ന അയാൾക്ക് പക്ഷേ ആ മാറ്റം ഉൾകൊള്ളാനാകുന്നില്ല. പക്ഷേ കുടുംബത്തോടൊപ്പം അതേ സമുദായത്തിൽ ചേർന്ന് ‘സർവൈശ്വര്യങ്ങളോടെയും ‘ ജീവിക്കണോ തന്റെ സമുദായത്തിൽ അവരെ തിരികെ ചേർത്ത് എല്ലാ ‘ ഇല്ലായ്കകളോടെയും ‘ ജീവിക്കണോ എന്ന ചോദ്യം അയാളെ അലട്ടുന്നു.
ഒടുക്കം മതം മാറാൻ തന്നെ തീരുമാനിക്കുന്നുവെങ്കിലും ആ ദിവസം കറുമ്പൻ ഉൻമാദ അവസ്ഥയിൽ ആവുകയും അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.അവസാനം ഭർത്താവിനെ മതത്തിന്റെ പേരിൽ തള്ളിപറയേണ്ട ഘട്ടത്തിൽ കറുമ്പന് ഭാര്യയും കുഞ്ഞും നഷ്ടമാകുകയും അതോടെ ഭ്രാന്താവസ്ഥയിലേക്ക് എത്തിപെടുന്നതോടെ ചിത്രം അവസാനിക്കുകയാണ്.
കറുമ്പനായ് വാക്കിലും നടപ്പിലും സലിം കുമാർ വിസ്മയിപ്പിക്കുന്നുണ്ട്. റഫീഖ് അഹമ്മദിന്റെ വരികളും രഞ്ജിത്ത് മേലോപ്പാടിന്റെ സംഗീതവും എടുത്ത്പറയേണ്ടതാണ്.മറ്റഭിനേതാക്കളായ ബാബു ആന്റണി, ജ്യോതി കൃഷ്ണ, ജഗദീഷ്, ജനാർദ്ദനൻ, പ്രേംപ്രകാശ്, കൊച്ചുപ്രേമൻ, മനുരാജ്, തെസ്നിഖാൻ, സേതുലക്ഷ്മി, ഹസീന, രേഷ്മ, ഷിരോണ, ഹരീഷ് പേരാടി എന്നിവർ അവരവരുടെ വേഷങ്ങള്‍ നന്നായി തന്നെ അവതരിപ്പിച്ചു