Muhammed Sageer Pandarathil
ഇന്ന് നടന കലയുടെ രാജാവ് മുരളിയുടെ ജന്മവാർഷികദിനം!
1954 മെയ് 25 ആം തിയതി പി കൃഷ്ണപിളളയുടെയും ദേവകിയമ്മയുടെയും മൂത്തമകനായി കൊല്ലം കുടവട്ടൂരിൽ മുരളി ജനിച്ചു.കുടവട്ടൂർ എൽ.പി. സ്‌കൂൾ/ തൃക്കണ്ണമംഗലംഎസ്.കെ.വി.എച്ച്.എസ്,/ ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളജ്/തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ആരോഗ്യ വകുപ്പില്‍ എല്‍ ഡി ക്ളാര്‍ക്കായി കുറച്ചു നാള്‍ ജോലി നോക്കി. തുടർന്ന് കേരളാ സര്‍വ്വകലാശാലയിൽ യു ഡി ക്ളാര്‍ക്കായി ജോലി നോക്കിയിരുന്ന ഇദ്ദേഹം നാടക വേദിയിൽ സജീവമാവുകയും ജോലി രാജി വെയ്ക്കുകയും ചെയ്തു.
1981 ൽ ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിലൂടെ ചലചിത്ര ലോകത്തേക്ക് കാലെടുത്ത് വെച്ച ഇദ്ദേഹം പിന്നീട് അഭിനയിക്കുന്നത് 1986 ൽ അരവിന്ദന്‍ സംവിധാനം ചെയ്ത ചിദംബരത്തിലായിരുന്നു. തുടർന്നഭിനയിച്ച മീനമാസത്തിലെ സൂര്യന്‍/ പഞ്ചാഗ്നി എന്നിവയിലെ അഭിനയം ഏറെ ശ്രദ്ധയാകർഷിച്ചതിനെ തുടർന്ന് ഇദ്ദേഹം മലയാള സിനിമയുടെ അവിഭാജ്യഘടകമായി. ഇദ്ദേഹത്തിന് ആദ്യമായി സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുന്നത് 1991 ൽ ഭരതൻ സംവിധാനം ചെയ്ത അമരം എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് ആധാരം/നെയ്ത്തുകാരന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകൾ നേടിക്കൊടുത്തു. നെയ്ത്തുകാരനിലെ അപ്പുമേസ്തിരിയെ അവിസ്മരണീയമാക്കിയ അഭിനയത്തിന് 2002 ലെ മികച്ച നടനുളള ദേശീയ അവാര്‍ഡ് ലഭിച്ച ഇദ്ദേഹം ഇരുനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കിട്ടിയ വേഷങ്ങളെല്ലാം അവിസ്മരണീയമാക്കിയ ഇദ്ദേഹം പ്രിയനന്ദനന്റെ പുലിജന്മത്തിലും മുരളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അപാരമായ ശബ്ദനിയന്ത്രണത്തിലൂടെയും തന്റെ കഥാപാത്രങ്ങള്‍ക്കു മിഴിവു പകര്‍ന്ന ഇദ്ദേഹം മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ തന്റെ അഭിനയത്തിന്റെ കരുത്ത് കാട്ടിയീട്ടുണ്ട്. കരുത്തുറ്റ അഭിനയംകൊണ്ടു മലയാളികളെ അതിശയിപ്പിച്ച നടനായിരുന്ന ഇദ്ദേഹം സിനിമയെക്കാള്‍ നാടകത്തെ നെഞ്ചേറ്റിയിരുന്നു. അത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അദേഹം രചിച്ച് പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ‘മൃത്യുഞ്ജയന്‍’ എന്ന നാടകം.
മൃത്യുഞ്ജയനുമുന്‍പ് അദ്ദേഹം ‘ലങ്കാലക്ഷ്മി’ അവതരിപ്പിച്ചതും നാടകത്തോടുള്ള ഇഷ്ടം കൊണ്ടായിരുന്നു. അതിൽ ‘ലങ്കാലക്ഷ്മി’യെ ഒറ്റക്ക് അരങ്ങിലവതരിപ്പിച്ച് ഇദ്ദേഹം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കഥകളിയും കൂടിയാട്ടവും ചേര്‍ന്ന ഏകാഹാര്യം എന്ന രീതിയാണ് അതില്‍ അവലംബിച്ചത്. മേക്കപ്പ് മാറ്റാതെ ശരീരവടിവും മറ്റും മാറ്റിയുള്ള രീതി. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ തുടക്കം കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസില്‍ ആയിരുന്നെങ്കിലും പിന്നീട് സജീവ ഇടതുപക്ഷ സഹയാത്രികനായി. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല.
ഭാര്യ ഷൈലജ/മകള്‍ കാര്‍ത്തിക എന്നിവരടങ്ങിയതായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബം. സിനിമയിലും നാടകത്തിലും എന്തിന് രാഷ്ടീയത്തിൽ പോലും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം കേരള സംഗീത നാടക അക്കാദമി ചെയർമാനായിരിക്കുമ്പോൾ 2009 ആഗസ്റ്റ് 6 ആം തിയതി ഈ ലോകത്ത് നിന്ന് വിടചൊല്ലി.