പർസാനിയ അഥവാ ഭൂമിയിലെ സ്വർഗ്ഗവും നരഗവും……
Muhammed Sageer Pandarathil
2002 ലെ ഗുജറാത്ത് വംശഹത്യയെ ആധാരമാക്കി 2007 ൽ ഭാരതത്തിലറങ്ങിയ ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു ചലച്ചിത്രമാണ് പർസാനിയ അഥവാ ഭൂമിയിലെ സ്വർഗ്ഗവും നരഗവും എന്ന് അർത്ഥം വരുന്ന ഈ ചിത്രം രാഹുൽ ധലാക്കിയയാണ് സംവിധാനം ചെയ്തത്. കഥ ധലോക്കിയയും ഡേവിഡ്. എൻ. ധോനിഹുവും ചേർന്നാണ് എഴുതിയത്. ഈ ചിത്രത്തിന് ആ വർഷത്തെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.നസീറുദ്ദീൻ ഷാ,സരിക എന്നിവരാണ് മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചത്. ഏഴുലക്ഷം അമേരിക്കൻ ഡോളർ ബഡ്ജറ്റിൽ നിർമ്മിക്കപ്പെട്ട ഈ ചിത്രം ചിത്രീകരിച്ചത് അഹമദാബാദിലും ഹൈദരാബാദിലും ആയിരുന്നു.
അഹമ്മദാബാദിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിലെ സിനിമാതിയറ്റര്‍ നടത്തിപ്പുകാരനായ സൈറസിന്റെ (നസറുദ്ദീന്‍ ഷാ) കുടുംബവും അവരുടെ പരിചയക്കാരടങ്ങുന്ന ഒരു സമൂഹവും ഒരു വംശഹത്യയുടെ ക്രൂരതകളിലൂടെ കടന്നുപോകുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. സൈറസിന്റെ മകനായ പര്‍സാന്റെ സ്വപ്‌നസ്വര്‍ഗമാണ് പര്‍സാനിയ. പര്‍സാനിയയെക്കുറിച്ച് അവന്‍ വിവരിക്കുന്നത് ചോക്കലേറ്റു കൊണ്ടുള്ള കെട്ടിടങ്ങളും ഐസ്‌ക്രീം കൊണ്ടുള്ള മലകളുമുള്ള ക്രിക്കറ്റിന് സര്‍വപ്രാധാന്യവുമുള്ള ഇടമെന്നാണ്.
ഒരു ശരാശരി ഇന്ത്യാക്കാരന്റെ സ്വപ്‌നം. പര്‍സാന്‍ തന്റെ സ്വര്‍ഗം വിവരിക്കുന്നതിനു ശേഷം വരുന്ന സീനില്‍ നാം കാണുന്നത് പരിഷത്തിന്റെ പ്രവര്‍ത്തകര്‍ തെരുവിലുടനീളം മോഡിയുടെ ചിത്രം പതിയ്ക്കുന്നതും കാവിക്കൊടികള്‍ സ്ഥാപിക്കുന്നതുമാണ്.
സൈറസിന്റെ കുടുംബത്തിന്റെ മധ്യവര്‍ഗ സ്വപ്‌നങ്ങളും അവരുടെ ഉല്ലാസങ്ങളും ഗാന്ധി ഭക്തനായ വൃദ്ധനും ഗാന്ധിയെക്കുറിച്ചു പഠിക്കാന്‍ വന്ന മദ്യപാനിയായ അലന്‍ എന്ന വിദേശി യുവാവും കള്ളവാറ്റുകാരനായ സമീപവാസിയുമെല്ലാമടങ്ങുന്ന ഒരു ഗുജറാത്തി സമൂഹമാണ് സിനിമയുടെ ആദ്യഭാഗത്ത്.
ഇന്ത്യയില്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. അതിനു മുഖ്യ കാരണം ഗുജറാത്ത് ഗാന്ധിജിയുടെ നാടാണെന്നതല്ല, മറിച്ച് സംസ്ഥാനം ഭരിക്കുന്ന പരിഷത്തിന്റെ ഐഡിയോളജി മദ്യപാനം അംഗീകരിക്കുന്നില്ല എന്നതാണ്. മദ്യപിച്ച് മോഡിയുടെ പോസ്റ്റര്‍ വലിച്ചുകീറാനൊരുങ്ങുന്ന അലനെ പരിഷത്തിന്റെ പ്രവര്‍ത്തകര്‍ മൃഗീയമായി ആക്രമിക്കുന്നത് നാം കാണുന്നുണ്ട്.ഗോധ്രയില്‍ തീവണ്ടിക്ക് തീ പിടിച്ച സംഭവത്തോടെ സ്ഥിതിഗതികളാകെ മാറുന്നു. ഗോധ്രയിലെ തീഗുജറാത്തിലുടനീളം പടരുന്നു. സംഭരിച്ചുവച്ചിരുന്ന ആയുധങ്ങളുമായി ഹിന്ദുത്വവാദികള്‍ മറ്റു മതസ്ഥരെ കൊല ചെയ്യുന്നത് പിന്നീടുള്ള രംഗങ്ങളില്‍ കാണുന്നത്.
മുസ്ലിംകളല്ലെങ്കിലും സൈറസിന്റെ കുടുംബവും ഒഴിവാക്കപ്പെടുന്നില്ല. അയല്‍വാസികളായ ഹിന്ദുക്കളും അവര്‍ക്കു മുന്നില്‍ വാതിലടയ്ക്കുന്നു. ഒരാഴ്ചയോളം നീണ്ടുനിന്ന ഭീകരസംഭവങ്ങള്‍ക്കു ശേഷം സ്ഥിതിഗതികള്‍ ശാന്തമാകുമ്പോള്‍ സൈറസ് തന്റെ ഭാര്യയെയും മകളെയും കണ്ടെത്തുന്നു. അയല്‍വാസിയായ ഒരു ഹൈന്ദവബാലന്റെ സഹായത്തോടെയാണ് സൈറസിന്റെ ഭാര്യയും മകളും കലാപകാരികളില്‍ നിന്നു രക്ഷപ്പെടുന്നത്.
എന്നാല്‍ പര്‍സാനെ പിന്നീട് കാണുന്നില്ല. സൈറസിന്റെ പിന്നീടുള്ള യാത്രകള്‍ പര്‍സാനെ അന്വേഷിച്ചുള്ളതാണ്. ഈ യാത്രയിലാകട്ടെ അഹമ്മദാബാദിലും പരിസര പ്രദേശങ്ങളിലുമെല്ലാം മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്നത് നാം കാണുന്നു. ഭരണകൂടത്തിന്റെയും പോലീസിന്റെയും അഴിമതിയും ഈ കൂട്ടക്കൊലയില്‍ അവര്‍ക്കുള്ള പങ്കും പ്രത്യക്ഷമായി ചിത്രം സൂചിപ്പിക്കുന്നുണ്ട്. കലാപകാരികളെ വിചാരണ ചെയ്യുന്ന ഒരു കോടതി രംഗത്തിലാണ് ചിത്രം അവസാനിക്കുന്നത്.
സാക്ഷികള്‍ പലരും വിലയ്‌ക്കെടുക്കപ്പെടുന്നു. എന്നാല്‍ സധൈര്യം സത്യത്തിന്റെ ഭാഗത്തു നില്‍ക്കാന്‍ പലരും തയ്യാറാവുന്നുമുണ്ട്. കലാപത്തിനിടയില്‍ കാണാതായ 12 വയസ്സുകാരന്‍ അസ്ഹറിനെക്കുറിച്ച് അറിവു ലഭിക്കുന്നവര്‍ തങ്ങളെ അറിയിക്കണമെന്ന് ഒരു ഗുജറാത്തി പാഴ്‌സി കുടുംബം നമ്മോടഭ്യര്‍ഥിക്കുന്നുണ്ട്. ഈ അസ്ഹറാണ് സിനിമയിലെ പര്‍സാന്‍.ഒരു വ്യാഴവട്ടക്കാലമായ ഗുജറാത്ത് വംശഹത്യക്കിടെ സ്വന്തം മകന്‍ അകലങ്ങളിലേക്ക് മറഞ്ഞ് പോകുന്നത് നിസ്സഹായയായി നോക്കി നില്‍ക്കേണ്ടി വന്ന ധാരാ മിനു മോദിയും, രൂപാ മോദിയും അസറിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു. സിനിമ അവശേഷിപ്പിച്ച ചോദ്യങ്ങള്‍ക്ക് ഇന്നും ആര്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഗുജറാത്ത് വംശഹത്യയുടെ ഇരകളില്‍ ഇന്ന് അവശേഷിക്കുന്നവരോടും, അവര്‍ക്ക് വേണ്ടി ലാഭേച്ഛയില്ലാത്തെ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരോടും ഭരണകൂടസംവിധാനങ്ങള്‍ അനുവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ വിലയിരുത്തുമ്പോള്‍ എന്തു കൊണ്ടാണ് പര്‍സാനിയ ബാക്കിവെച്ച ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ലഭിക്കാത്തതെന്ന് മനസ്സിലാകും.