Muhammed Sageer Pandarathil
മോത്തി ജേക്കബ് പ്രൊഡക്ഷൻസിൻ്റെയും വോക്ക് മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറിൽ മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് ബാബു കെ ശൂരനാടും ചേർന്ന് നിർമ്മിച്ച ‘പെര്‍ഫ്യൂം’ സംവിധാനം ചെയ്തിരിക്കുന്നത് ഹരിദാസ് ആണ്. 2022 നവംബർ 18 ആം തിയതി തിയറ്ററിൽ റിലീസ് ചെയ്ത ഈ ചിത്രം 2017 ൽ ഗ്രീൻ ആപ്പിൾ എന്ന പേരിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രമായിരുന്നു.നീണ്ട പ്രണയത്തിനുശേഷം വീട്ടുകാരെ ഉപേക്ഷിച്ച് വിവാഹിതരായവരാണ് ടിനി ടോമിന്റെ കഥാപാത്രമായ ലീയോയും കനിഹയുടെ കഥാപാത്രമായ അഭിരാമിയും. നഗരത്തിൽ തരക്കേടില്ലാത്ത നല്ലൊരു ഫ്ലാറ്റിൽ താമസിക്കുന്ന ഇവർ രണ്ടുപേരും ജോലിക്കാരാണ്. ഇവർക്ക് സ്ക്കൂളിൽ പഠിക്കുന്ന ആറുവയസ്സുള്ള ബേബി ഷമ്മ അർഷാദിന്റെ കഥാപാത്രമായ പിങ്കി എന്ന ഒരു മകളുണ്ട്.
അമിത ജോലിയുടെ പിരിമുറുക്കത്തിൽ രാത്രി വളരെ വൈകി വരുന്ന ലിയോ രണ്ട് പെഗ്ഗ് കഴിച്ചാണ് ദിവസവും വീട്ടിൽ എത്താറുള്ളത്. അഭിരാമിക്കിതിൽ ഇത്തിരി നീരസമുണ്ടെങ്കിലും രാവിലെ അലാറം വെച്ച് എഴുന്നേറ്റ് ലൈഗീകബന്ധത്തിന് നിർബന്ധിക്കുമ്പോൾ അവൾ മടിയൊന്നും പ്രകസിപ്പിക്കാറില്ല. മകളെ സ്കൂളിൽ വിട്ട് ഒരുമിച്ച് ജോലിക്ക് പോകാറുള്ള ഇവരുടെ പഴയ വണ്ടി ഇടക്കിടക്ക് കേട് വന്ന് വഴിയിൽ കിടക്കാറുള്ളതിനാൽ ലിയോ ഇടക്കിടക്ക് ഓഫീസിലെത്താൻ വൈകാറുണ്ട് ഇത് ദിലീപിന്റെ കഥാപാത്രമായ മാനേജറെ ചൊടിപ്പിക്കാറുണ്ട്. എന്നാൽ അത് വളരെ തന്ത്രപൂർവം അയാൾ മറികടക്കാറുണ്ട്.
എന്നാൽ ഒരിക്കൽ ഈ മാനേജർ ലിയോയുടെ ഓഫീസ്മേറ്റും കൂട്ടുകാരനുമായ അൽ അമീന്റെ കഥാപാത്രമായ ഹരികൃഷ്ണനോട്, ലിയോ സാധാരണ ചെയ്യാറുള്ള ഒരു ജോലി ഏല്പിക്കുന്നു. അതിൽ തന്നോട് നീരസം ഒന്നും തോന്നരുതെന്ന് ലിയോയോട് ഹരി പറയുമ്പോൾ, അയാളത് നിസാരവൽക്കരിക്കുന്നുണ്ട്. ലിയോയുടെ നാട്ടുകാരിയും കൂട്ടുകാരിയുമായ പ്രവീണയുടെ കഥാപാത്രമായ സീരിയൽ നടി സാന്ദ്ര ഇവർ താമസിക്കുന്ന കെട്ടിടത്തിൽ തന്നെയാണ് താമസം. അഭിരാമിക്ക് തങ്ങളുടെ കാർ ഒന്ന് മാറ്റിവാങ്ങിയാൽ കൊള്ളാമെന്നുണ്ടെങ്കിലും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപ്പെടുന്ന ആ ജീവിതത്തിൽ ലിയോക്ക് അതിനൊന്നും സാധിക്കാതെ വരുന്നു. അതിനാൽ തന്നെ ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോൾ ഒരു കാർ ഷോറൂമിൽ കയറി അഭിരാമി വിവരങ്ങൾ എല്ലാം അറിഞ്ഞുവെക്കുന്നുണ്ട്.
മകളുടെ സ്ക്കൂളിൽ ഒരു കെട്ടിടം പണിയാൻ മറ്റ് രക്ഷിതാക്കൾ രണ്ടും മൂന്നും ലക്ഷങ്ങൾ ഡൊണേഷനായി വാഗ്ദ്ധാനം നൽകുമ്പോൾ ഇവർക്ക് അമ്പത്തിനായിരം രൂപ മാത്രമേ ഓഫർ ചെയ്യാൻ പറ്റുന്നുള്ളൂ. എന്നാൽ അതിനുതന്നെ കഴിയാത്ത അവസ്ഥയാണ്. അവസാനം സാന്ദ്രയിൽ നിന്ന് ആ തുകക്ക് ചെക്ക് ഒപ്പിച്ചു വരുന്ന ലിയോയിൽ നിന്ന് അഭിരാമി ആ ചെക്ക് വാങ്ങി അപ്പോൾ തന്നെ സാന്ദ്രക്ക് തിരികെ നൽകുന്നുണ്ട്. സാന്ദ്രയുമായി ഇത്തരത്തിൽ ലിയോ ഇടപഴകുന്നത് അഭിരാമിക്ക് ഒട്ടും പിടിക്കുന്നില്ല. എന്നാൽ അവൾ അത് ലിയോയോട് ചോദിക്കാനൊന്നും നിൽക്കാറില്ല. ഇതെല്ലാം നന്നായി അറിയാവുന്ന സാന്ദ്ര, പിറ്റേദിവസം ലിയോയെ വഴിയിൽ വെച്ച് കണ്ട് ആ പണം നൽകുന്നുണ്ട്.
അങ്ങിനെ ഒരു ദിവസം അഭിരാമി ജോലി കഴിഞ്ഞ് ഒരു സാരിയും വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ അപ്രതീക്ഷിതമായി ഒരു കാർ തട്ടി റോഡിൽ വീഴുന്നു. ആ കാർ ഓടിച്ചിരുന്നത് ജ്വല്ലറി ഉടമയും കോടീശ്വരനുമായ പ്രതാപ് പോത്തന്റെ കഥാപാത്രമായ മാധവദാസ് ആയിരുന്നു. പരിക്കൊന്നും ഇല്ലെങ്കിലും അവിടെ ഓടികൂടിയ നാട്ടുകാരും പോലീസും അയാളോട് അവളെ ആശുപത്രിയിൽ കാണിക്കാൻ പറയുന്നു. തുടർന്ന് ആ കാറിൽ അയാൾ അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ട്പോകുന്നു.
പോകുന്ന വഴിയിൽ വെച്ച് അവൾ ആശുപത്രിയിൽ പോകണ്ട എന്നെ ഇവിടെ ഇറക്കിക്കൊള്ളൂ എന്ന് പറയുന്നുണ്ട്.
അങ്ങിനെ അവളെ ഇറക്കാൻ കാർ നിർത്തിയപ്പോഴാണ് അയാൾ അവളുടെ കൈയ്യിൽ ഉണ്ടായിരുന്ന ആ സാരി ശ്രദ്ധിക്കുന്നത്. അത് അപകടത്തിൽ നാശമായിരുന്നു. തുടർന്ന് അയാൾ നിർബന്ധിച്ച് നല്ലൊരു സാരി അവൾക്ക് വാങ്ങി നൽകുന്നു. ആ സാരി എടുത്ത് അവൾ ലിയോയുടെ കൂട്ടുകാരൻ ഹരിയുടെ പാർട്ടിയിൽ തിളങ്ങുന്നുണ്ട്. പിറ്റേന്ന് ഓഫീസിൽ എത്തിയ അവളെ കാത്ത് ഒരു പാർസൽ ഉണ്ടായിരുന്നു. അതിൽ ഒരു പെര്‍ഫ്യൂം ആയിരുന്നു. അത് അയച്ചത് മാധവദാസും. അങ്ങിനെ അവർ തമ്മിൽ അടുക്കുന്നു. തന്റെ ജ്വല്ലറിക്ക് ഒരു മോഡലാകാമോ അവൾക്കെന്ന് അയാൾ ചോദിക്കുന്നു. അതിനായി തന്റെ പി എ ആയ ദേവി അജിത്തിന്റെ കഥാപാത്രമായ മാർഗരറ്റിനെ കാണാൻ അയാൾ ആവശ്യപ്പെടുന്നു.
ഒരിക്കൽ ലിയോ ഒരു ഓഫീസ് ആവശ്യത്തതിനായി ബാഗ്ലൂരിൽ പോയ അന്ന് അഭിരാമി മാർഗരറ്റിനെ കാണാൻ അയാളുടെ വീട്ടിൽ എത്തുന്നു. തുടർന്ന് ചില ഡ്രസ്സ് ചെക്കിങ് പ്രാക്ട്ടീസ് നോക്കുന്നു. ഇതിനിടെ അയാളിൽ അനുരക്തയായ അവൾ അയാൾക്ക് വഴങ്ങികൊടുക്കുന്നു. അതിനുശേമാണ് അവൾക്ക് താൻ ലിയോയെ ചതിച്ചു എന്ന ചിന്ത ഉണ്ടാകുന്നു.അന്ന് രാത്രി അവൾ എല്ലാം ലിയോയോട് പറയാൻ തീരുമാനിക്കുന്നു. എന്നാൽ അവന്റെ സ്നേഹത്തിന്റെ മുന്നിൽ അവൾക്കത് പറയാൻ സാധിക്കുന്നില്ല.
ഇതിനിടെ അപ്രതീക്ഷിതമായി ലിയോക്ക് തന്റെ മാനേജറുമായി വഴക്കിടേണ്ടി വരുന്നു. അതേതുടർന്ന് അയാൾക്ക് ജോലി ഉപേക്ഷിക്കേണ്ടിയും വരുന്നു. ഇതിനിടെ മാധവദാസ് അഭിരാമിയെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. അപ്പോളൊക്കെ അവൾ അയാളുടെ ഫോൺ കട്ട് ചെയ്തു. തുടർന്ന് അയാൾ കാര്യങ്ങൾ തിരക്കാൻ അവളുടെ അടുത്തേക്ക് മാർഗരറ്റിനെ വിടുന്നു. അവൾക്കിനിയും ലിയോയെ വഞ്ചിക്കാൻ വയ്യ,അതിനാൽ ഇനി അവളെ ശല്യം ചെയ്യരുതെന്ന് മാധവദാസിനോട് പറയാൻ അവൾ മാർഗരറ്റിനോട് പറയുന്നു. ജോലി പോയ ലിയോ ഒരു മുഴുകുടിയനായി മാറുന്നു.
ഇതിനിടെ അവർ ഒരു പ്രോപ്പർട്ടി വാങ്ങാൻ കുറച്ച് അഡ്വാൻസ് കൊടുത്തിരുന്നു. പൈസയുടെ ബുദ്ധിമുട്ട് കാരണം അതിന്റെ റജിസ്ട്രേഷൻ ഒന്ന് രണ്ട് വട്ടം മാറ്റിവെച്ചിരുന്നു. അത് അത്രയും വേഗം ചെയ്തില്ലെങ്കിൽ അവർകൊടുത്ത അഡ്വാൻസ് ലാപ്സാകുമെന്ന് അറിയിച്ചു കൊണ്ടുള്ള ഒരു വക്കീൽ നേട്ടീസ് വരുന്നു. അതിനായി ലിയോ സാന്ദ്രയെ കണ്ട് വരുന്ന വഴി അഭിരാമി ലിയോയെ കാണുന്നു. സാന്ദ്ര പൈസ ശരിയാക്കി തരാം എന്ന കാര്യം അവളോട് അയാൾ പറയുന്നു. ഇത്രയും രൂപ സാന്ദ്ര ലിയോക്ക് കൊടുക്കാമെന്നേറ്റതിൽ ഇവർ തമ്മിലുള്ള ബന്ധത്തിൽ ചില സംശയങ്ങൾ അവളിൽ ഉണ്ടാകുന്നു. അന്ന് രാത്രി അവൾ ചില തീരുമാനങ്ങൾ എടുക്കുന്നു.പിറ്റേന്ന് അവൾ മാധവദാസിനെ കണ്ട് തനിക്ക് കുറച്ച് രൂപ തന്ന് സഹായിക്കണമെന്ന് അയാളോട് ആവശ്യപ്പെടുന്നു. അത് അയാൾ മുതലെടുക്കാൻ ശ്രമിക്കുന്നു. എന്നാൽ അവൾ അതിന് വഴങ്ങുന്നില്ല. അവിടെ നിന്ന് മടങ്ങിയ അവൾ ലിയോയെ കണ്ട് എല്ലാ കാര്യങ്ങളും പറയുന്നു.തുടർന്ന് അവർ പിരിയാൻ തീരുമാനിക്കുന്നു. കോടതി അവർക്ക് നിയമപരമായി ഡിവോഴ്സ് അനുവദിക്കുന്നു. കോടതിയിൽ നിന്ന് മടങ്ങുന്ന അവൾ സാന്ദ്ര തന്റെ മകൾ പിങ്കിയെ ലോയോയുടെ കൈയിൽ നിന്ന് വാങ്ങി ഉമ്മവെക്കുന്നതായി കാണുന്നു.
ഉടനെ അവൾ പോയി പിങ്കിയെ വാങ്ങി തരുതുരെ ഉമ്മകൾ നൽകുന്നു. ശേഷം ലിയോയുടെ കൈയിൽ അവളെ നൽകി പോകാൻ ശ്രമിക്കുമ്പോൾ അയാൾ അവളുടെ കൈയിൽ പിടിച്ചു നിർത്തുന്നു. അങ്ങിനെ വീണ്ടും അവർ ഒന്നിക്കുന്നു..ചിഞ്ചു മോഹൻ, ഡൊമിനിക്, സുശീല്‍ കുമാര്‍, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
കുടുംബചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഒരുതവണ കണ്ടിരിക്കാവുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം സജെത്ത് മേനോനും ചിത്രസംയോജനം അമൃത് ലുക്കാ മീഡിയയും സംഗീതം രാജേഷ് ബാബു കെയുമാണ് നിർവഹിച്ചിരിക്കുന്നത്.
പെർഫ്യൂം സിനിമയിലെ മികച്ചൊരു സീൻ
**