ഇന്ന് ഫിലോമിനയുടെ ഓർമദിനം
Muhammed Sageer Pandarathil
തൃശൂർ മുള്ളൂർക്കര പുതിയവീട്ടിൽ ദേവസിയുടെയും മറിയയുടെയും മകളായി 1926 ൽ ജനിച്ച ഫിലോമിന പി ജെ ആന്റണിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടർന്ന് 60 തുകളിൽ ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു.മൊയ്തു പടിയത്ത് എഴുതി , ടി ഇ വാസുദേവന്‍ നിര്‍മ്മിച്ച്, എം കൃഷ്ണന് നായര്‍ 1964 ൽ സംവിധാനം ചെയ്ത കുട്ടിക്കുപ്പായം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ ഇവരുടെ കൂടപ്പിറപ്പായിരുന്നു അഭിനയസിദ്ധി. അതിനാൽ തന്നെ ഒട്ടും കൃത്രിമത്വമില്ലാതെ അവര്‍ക്ക് അഭിനയിക്കാനായി.
തുറക്കാത്തവാതില്‍, ഓളവും തീരവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1970 ല്‍ ഇവരെ തേടി ആദ്യത്തെ സംസ്ഥാന അവാര്‍ഡ് വന്നു. പിന്നീട് തനിയാവര്‍ത്തനത്തിലെ അഭിനത്തിനും അവര്‍ഡ് ലഭിച്ചു.എന്നാല്‍ ഓളവും തീരവും എന്ന സിനിമയിലെ ബീവാത്തുമ്മയാണ് മലയാള സിനിമയ്ക്ക് ഫിലോമിനയുടെ മികച്ച സംഭാവന. സുന്ദരിയായ മകളെ പോറ്റുകയും വില്ലന്മാരില് നിന്നും രക്ഷിക്കുകയും ഒടുവില്‍ പണക്കാരന് കെട്ടിച്ചുകൊടുത്ത് കാമുകനായ ബാപ്പൂട്ടിയെ തഴയേണ്ടി വരികയും ചെയ്യുന്ന നിര്‍ണ്ണായകമായ അമ്മ വേഷം ഫിലോമിന മികവുറ്റതാക്കിയിരുന്നു.
നാട്ടിന്‍പുറത്ത് നാമെന്നും കാണുന്ന കഥാപാത്രങ്ങളായാണ് ഇന്നും ഇവർ പ്രേക്ഷക മനസ്സില്‍ ജീവിക്കുന്നത്. നാടന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ അവര്‍ക്ക് വല്ലാത്ത മിടുക്ക് ഉണ്ടായിരുന്നു.ഈ ഗുണവിശേഷം കൊണ്ടായിരുന്നു പത്മരാജന്, ഭരതന്, സത്യന് അന്തിക്കാട് തുടങ്ങിയ സംവിധായകര്‍ ഇവരെ അവരുടെ ചിത്രങ്ങളിൽ പതിവായി അഭിനയിപ്പിച്ചത്. മണ്ടന്മാര് ലണ്ടനില്‍ എന്ന ചിത്രത്തിലൂടെ സത്യന് അന്തിക്കാടാണ് ഇവരെ ഹാസ്യ പ്രധാനമായ റോളിലേക്ക് തിരിച്ചുവിട്ടത്.
സിദ്ദിഖ് ലാലിന്റെ ഗോഡ്ഫാദറിൽ അഞ്ഞൂറാനോട് പക മൂത്ത് കലിതുള്ളുന്ന ആനപ്പാറ അച്ചാമ്മ, അവര്‍ ചെവിയടച്ച ആനയെക്കൊണ്ട് പനിനീര് തളിപ്പിക്കുന്ന രംഗങ്ങൾ ഒരിക്കലും മലയാളികൾക്ക് മറക്കാനാകില്ല. അതുപോലെ വിയറ്റ്നാം കോളനിയിലെ ധനികയെങ്കിലും നിരാലംബയായി ജീവിക്കേണ്ടി വന്ന ഉമ്മ മറ്റൊരു നല്ല കഥാപാത്രമാണ്. അതില്‍ മൂസാസേട്ടുവായി അഭിനയിച്ച നെടുമുടി വേണു, ഉമ്മയെ കണ്ടുമുട്ടുന്ന രംഗത്ത് ഉമ്മാ എന്ന് വിളിച്ചപ്പോള്‍ താന്ശരിക്കും പൊട്ടിക്കരഞ്ഞു പോയതായി ഫിലോമിന ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ഗോഡ് ഫാദര്‍, മാലായോഗം, കിരീടം, അങ്കിള്‍ബണ്‍, മാനത്തെ കൊട്ടരം, കിരീടം, തലയണമന്ത്രം, ഇന്‍ ഹരിഹര്‍ നഗര്‍, വൃദ്ധന്മാര് സൂക്ഷിക്കുക, തുറക്കത്തവാതില്, ചാട്ട, ഇന്നലെ, വെങ്കലം, ചുരം, വിയറ്റ്നാം കോളനി, കോളജ് ഗേള്‍, തനിയാവത്തനം, കുട്ടിക്കുപ്പായം, സുബൈദ, തുറക്കാത്ത വാതില്‍, ചാട്ട, പ്രാദേശിക വാര്‍ത്തകള്‍, ആറടി മണ്ണിന്റെ ജന്മി തുടങ്ങിയവയാണ് ഇവർ അഭിനയിച്ച പ്രധാന സിനിമകള്‍. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ആയിരുന്നു ഇവർ അവസാനം അഭിനയിച്ച ചിത്രം. 750 തിലേറെ ചിത്രങ്ങളില്‍ വേഷമിട്ട ഇവർ 2006 ജനുവരി 2 ആം തിയതി തന്റെ 80 ആം വയസ്സിൽ അന്തരിച്ചു.