മലയാള സിനിമയിലെ ആദ്യ നായിക ‘പി കെ റോസി’ വീണ്ടും ചലച്ചിത്രമാകുമ്പോൾ…
Muhammed Sageer Pandarathil
ജി.എസ്. ഫിലിംസിന്റെ ബാനറില്‍ ഡി. ഗോപകുമാർ നിര്‍മ്മിച്ച് ശശി നടുക്കാട് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത പി കെ റോസി എന്ന ചിത്രം മലയാള സിനിമയിലെ ആദ്യ നായികയായ പി. കെ. റോസിയുടെ ജീവിത കഥയാണ് പറയുന്നത്.1903 ല്‍ പൗലോസിന്റെയും കുഞ്ഞിയുടെയും മകളായാണ് രാജമ്മയെന്ന റോസമ്മ ജനിച്ചത്. നന്തന്‍കോട് ആമത്തറവയലിനു സമീപത്തായിരുന്നു റോസമ്മയുടെ കുടുംബം താമസിച്ചിരുന്നത്. ഇന്ന് ഈ പ്രദേശം കനക നഗര്‍ എന്നറിയപ്പെടുന്ന ഈ ഭാഗത്ത് അന്ന് ഒട്ടേറെ പുലയക്കുടിലുകള്‍ ഉണ്ടായിരുന്നു. ഇവരില്‍ പലരും സവര്‍ണാധിപത്യത്തിന്റെ അനാചാരഫലമായി സമൂഹനീതിക്കായി വിദേശമിഷനറികള്‍ സ്ഥാപിച്ച ലണ്ടന്‍ മിഷനിലും സാല്‍വേഷന്‍ ആര്‍മിയിലും ചേരുകയുണ്ടായി. അങ്ങനെയാണ് ആ പ്രദേശത്ത് പുലയര്‍ക്കുവേണ്ടി റവ. ഫാ. മേറ്റിയര്‍ എല്‍.എം.എസ്. പള്ളി സ്ഥാപിച്ചത്. ഈ പള്ളി അക്കാലത്ത് ‘പുലപ്പള്ളി’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ആ പള്ളിയിൽ അന്ന് അച്ചനായിരുന്ന പാര്‍ക്കന്‍ സായിപ്പിന്റെ പാചകക്കാരൻ ആയിരുന്നു റോസമ്മയുടെ അച്ഛൻ പൗലോസ്. ഇവരുടെ ഇടയിൽ ഉണ്ടായിരുന്നകലാകാരന്മാർ, ക്രിസ്തുമതത്തിലൂടെ ലഭിച്ച സ്വാതന്ത്രം ഉപയോഗിച്ച് തങ്ങളുടെ ഉള്ളിൽ ഉണ്ടായിരുന്ന കലകൾ രംഗത്ത് എത്തിക്കാൻ ആരംഭിച്ചു.
തുടർന്ന് നന്തന്‍കോട് ആമത്തറയില്‍ ചേരമര്‍ സംഘത്തിന്റെ കീഴില്‍ കലാസംഘടന ഉണ്ടാക്കി, കാക്കരശി അഥവാ കാക്കരുകളി നാടകം അരങ്ങിലെത്തിച്ചു. അക്കാലത്ത് പുരുഷന്മാരാണ് സ്ത്രീവേഷം കെട്ടി കാക്കാത്തിയായി അഭിനയിച്ചിരുന്നത്.
അവരുടെ ഇടയിലേക്ക് റോസമ്മ ആദ്യമായി അഭിനയിക്കാൻ കടന്നുവന്നതോടെ ഈ നാടകത്തിന് ജനപ്രിയമേറി. അന്നത്തെ സാമൂഹിക സ്ഥിതിയില്‍ രണ്ടാം ക്ലാസുവരെ മാത്രം പഠിച്ച ആ കലാകാരി അതുവരെ, ജീവിതമാർഗ്ഗത്തിനായി വയലിലെ പണിയും പുല്ലു വിൽപ്പനയും മറ്റുമായിരുന്നു ചെയ്തിരുന്നത്.
നാടകത്തിൽ അഭിനയിക്കാൻ തുടങ്ങിയതോടെ തമിഴ്‌നാട്ടിലെ ഒരു നാടകക്കമ്പനിയുടെ രാജാപാര്‍ട്ട് നാടകത്തില്‍ അഭിനയിക്കാൻ അവർ റോസമ്മയെ ക്ഷണിച്ചെങ്കിലും അവരത് നിരസിച്ചു. ഇതിനിടെയാണ് കാക്കരശി നാടകക്കാരും നാടകസംഘക്കാരും ഇവരെ ചൊല്ലി തര്‍ക്കങ്ങളുണ്ടായത്. തര്‍ക്കം സംഘട്ടനത്തിലെത്തിയതോടെ റോസമ്മയും കുടുംബവും വീടുവിട്ട് ആദ്യം ആറന്നൂരേക്കും അവിടെ നിന്ന് തൈക്കാട് ആസ്പത്രിക്ക് സമീപത്തെ പുറമ്പോക്ക് ഭൂമിയിലേക്ക് മാറിത്താമസിച്ചു.
ആ സമയം, 1926 ൽ ജെ.സി. ഡാനിയേല്‍ വിഗതകുമാരന് വേണ്ടി ബോംബേയിൽ നിന്ന് കൊണ്ടുവന്ന ലാന എന്ന ആംഗ്ലോ ഇന്ത്യൻ യുവതി, ഇവിടെ തനിയ്ക്ക് ലഭിച്ച സൗകര്യ കുറവിനെച്ചൊല്ലി പിണങ്ങിപ്പോകുന്നത്. അതേ തുടർന്ന് ആ ചിത്രത്തിലേക്ക് മറ്റൊരു നായികയെ തേടിയിരുന്ന സമയത്തതാണ് അതിലെതന്നെ മറ്റൊരു നടനായ ജോൺസൺ ഇവരെ ഡാനിയേലിനു പരിചയപ്പെടുത്തിക്കൊടുന്നത്.അങ്ങിനെ റോസമ്മ, പി കെ റോസി എന്ന പേരിൽ ആ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങി. ഇവർ അഭിനയിക്കാനായി സ്റ്റുഡിയോയിൽ വരുന്നത് പോലും പാടത്ത് പണിയ്ക്കു പോകുന്നതു പോലെ പിച്ചള തൂക്കുപാത്രത്തിൽ ചോറുമായിയായിരുന്നു. അന്ന് റോസിയ്ക്ക് കൊടുത്തിരുന്ന പ്രതിഫലം ഒരു ദിവസത്തേയ്ക്ക് അഞ്ച് രൂപ ആയിരുന്നു. അങ്ങനെ ഷൂട്ടിംഗ് കഴിയുമ്പോൾ അവർക്ക് ലഭിച്ചത് 50 രൂപയും ഒരു മുണ്ടും നേരിയതും പിന്നെ ചിത്രീകരണ സമയത്ത് അണിഞ്ഞിരുന്ന വസ്ത്രങ്ങളുമായിരുന്നു.
അങ്ങിനെ 1928 ൽ വിഗതകുമാരൻ റിലീസ് ചെയ്തു. എന്നാൽ ഈ അഭിനയത്തെ തുടർന്ന് അവർക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഇവർ അവതരിപ്പിച്ച സരോജിനി എന്ന നായികാ കഥപാത്രം തങ്ങളുടെ നാട്ടുകാരിയായ രാജമ്മയെന്ന റോസമ്മയാണതെന്ന് തിരിച്ചറിഞ്ഞ ആളുകൾ ആ പേര് ഉറക്കെവിളിച്ച് ബഹളമുണ്ടാക്കി. ക്രിസ്തുമതത്തിലേക്ക് മാറിയ ദളിത് സ്ത്രീ, നായർ യുവതിയായി തിരശ്ശീലയിൽ വന്നതിനെതിരേയുള്ള സവർണ്ണ സമൂഹത്തിന്റെ വിദ്വേഷവും പ്രണയരംഗത്ത് ഇവർ നേരിട്ട് പ്രത്യക്ഷപ്പെട്ടതിനെതിരേയുള്ള സദാചാരപരമായ വിദ്വേഷവും പ്രതിഷേധം ആളിക്കത്താൻ കാരണമായി.
തുടർന്ന് പ്രതിഷേധക്കാർ റോസിയുടെ വീടിനു നേരെ കല്ലേറിയുകയും, തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി ഇവർ റോസിയെ വസ്ത്രാക്ഷേപം വരെ ചെയ്തപ്പോൾ, ഡാനിയേലിന്റെ അഭ്യർത്ഥനയെത്തുടർന്ന് കൊട്ടാരത്തിൽ നിന്ന് പോലീസുകാരെ കാവൽ നിർത്തിയിരുന്നുവെങ്കിലും അവരുടെ കണ്ണുവെട്ടിച്ച് ഇവർ റോസിയുടെ വീടിന് തീയിട്ടു. തുടർന്ന് നാട്ടുവിട്ട റോസി കിള്ളിപ്പാലത്തുള്ള അമ്മാവന്റെ വീട്ടിൽ താമസിക്കുകയുമായിരുന്ന സമയത്ത് കേശവപ്പിള്ള എന്ന ലോറി ഡ്രൈവറുമൊത്ത് തമിഴ്നാട്ടിലെ നാഗർക്കോവിലിലേക്ക് ഒളിച്ചോടി എന്ന് പറയുന്നു. പിന്നീട് ഇവരുടെ വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു.
എന്നാൽ, നാഗർകോവിലിലെ വടശേരി തെരുവിലാണ് ഇവർ കഴിഞ്ഞിരുന്നുവെന്നും പറയപ്പെടുന്നു. ഇവരെ അന്വേഷിച്ച് അവിടെപോയ ഒരാൾ, കേശവപ്പിള്ള- രാജമ്മാൾ ദമ്പതികളുടെ മകനായ നാഗപ്പൻ പിള്ളയെ കാണുകയും, അയാളുടെ അമ്മ രാജമ്മയാണോ റോസി എന്ന് തിരക്കുകയും ഉണ്ടായി. എന്നാൽ തന്റെ അമ്മ രാജമ്മാൾ തന്നെയാണോ രാജമ്മ എന്ന റോസിയെന്ന് നാഗപ്പൻ പിള്ളയ്ക്ക് അറിയില്ലയെങ്കിലും, രാജമ്മ തന്നെയാണ് റോസിയെന്നാണ് സാഹചര്യ തെളിവുകൾ നമ്മോട് പറയുന്നത്. 1988 ൽ ഇവർ തന്റെ 85 ആം വയസ്സിൽ നാഗർകോവിലിൽ വെച്ച് അന്തരിച്ചു. ഇവർ മരിച്ച് 23 വർഷങ്ങൾക്ക് ശേഷം, 2011 ലാണ് റോസിയുടെതെന്ന് കരുതുന്ന ഒരു ഫോട്ടോ, അന്തരിച്ച മലയാള സിനിമാ ചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ഡയറിയിൽ നിന്നും കണ്ടെത്തുന്നത്.
പിൻ കുറിപ്പ് (വിഗതകുമാരന്റെ കഥാസഗ്രഹം) :- ബാലനായ ചന്ദ്രകുമാറിനെ ഭൂതനാഥൻ എന്നയാൾ അപഹരിക്കുന്നു. ചന്ദ്രകുമാറിനെ സിലോണിലേക്കാണ് ഭൂതനാഥൻ കൊണ്ട് പോകുന്നത്. അച്ചനമ്മമാർ തങ്ങളുടെ കളഞ്ഞ് പോയ കുട്ടിയെ തിരികെക്കണ്ടുപിടിക്കാൻ നടത്തുന്ന ശ്രമങ്ങളൊക്കെ വിഫലമാവുകയാണ്. വളരെ വർഷങ്ങൾക്ക് ശേഷം ചന്ദ്രകുമാർ തിരിച്ചെത്തുന്നു. ഒരു തോട്ടം മാനേജരായി ഉയർന്ന നിലയിലാണ് നാട്ടിലേക്കുള്ള അയാളുടെ തിരിച്ചു വരവ്. ഒപ്പം താൻ രക്ഷിച്ച ജയച്ചന്ദ്രൻ എന്ന സുഹൃത്തുമുണ്ട്. സരോജം എന്ന യുവതിയെ ജയച്ചന്ദ്രൻ പ്രണയിക്കുന്നു. തന്റെ സുഹൃത്തിന്റെ പ്രണയിനിയായ സരോജം തന്റെ സഹോദരിയാണ് എന്ന് ചന്ദ്രകുമാറിന് മനസിലാവുന്നു. പുനസമാഗമത്തിന്റെ സന്തോഷത്തിൽ അവർ ഒത്ത് ചേരുന്നിടത്ത് ചിത്രം അവസാനിക്കുന്നു.