ഇന്ന് നിത്യഹരിതനായകന്റെ ഓർമദിനം

Muhammed Sageer Pandarathil

മലയാളത്തിലെ എക്കാലത്തെയും നിത്യഹരിത നായകൻ അബ്ദുൾ ഖാദർ എന്ന പ്രേംനസീർ തിരുവനന്തപുരം ചിറയിൻകീഴിലെ അക്കോട്ട് ഷാഹുൽ ഹമീദിന്റേയും അസുമാ ബീവിയുടേയും മൂത്ത പുത്രനായി 1926 ഏപ്രിൽ 7 ആം തിയതിയാണ് ജനിച്ചത്.കടിനാങ്കുളം ലോവർ പ്രൈമറി സ്കൂളിൽ നിന്ന് ആരംഭിച്ച വിദ്യാഭ്യാസം ആലപ്പുഴ എസ്.ഡി കോളേജിലും ചങ്ങനാശ്ശേരി എസ്.ബിയിലുമായി പൂർത്തിയാക്കിയ അദ്ദേഹം സ്കൂൾ കോളേജ് വിദ്യാഭാസ കാലത്തു തന്നെ അഭിനയത്തിൽ തൽപ്പരനായിരുന്നതിനാൽ നാടകങ്ങളിൽ സജീവമായിരുന്നു. ഒരു നായകനുവേണ്ട എല്ലാ മികവുകളുമുള്ള ഇദ്ദേഹം അക്കാലത്ത് നാടകങ്ങളിൽ നിന്ന് ധാരാളം പുരസ്കാരങ്ങളും നേടി. തുടർന്ന് എം പി പ്രൊഡക്ഷൻസിന്റെ മരുമകൾ എന്ന ചിത്രത്തിലൂടെ 1952 ൽ സിനിമയിൽ ഇദ്ദേഹം അരങ്ങേറ്റം കുറിച്ചു. രണ്ടാം ചിത്രമായ വിശപ്പിന്റെ വിളിക്കിടയിലാണ് അബ്ദുൾ ഖാദർ എന്ന പേരു മാറ്റി പ്രേംനസീർ എന്ന പേര് തിക്കുറിശ്ശി നൽകുന്നത്. പിന്നീടങ്ങോട്ട് 32 വർഷം മലയാള സിനിമയിൽ ഇദ്ദേഹം മുടുചൂടാമന്നനായി അടക്കി വാഴുകയായിരുന്നു.

ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങളില്‍ നായകവേഷം കെട്ടിയ പ്രേംനസീര്‍ ലോക റെക്കോര്‍ഡ് കുറിച്ചതു കണ്ട് മറ്റ് ചലച്ചിത്രകാരന്മാര്‍ അദ്ഭുതം കൂറുകയല്ല, അഭിമാനം കൊള്ളുകയായിരുന്നു. മറ്റൊരു നടനും സാധിക്കാത്തത് നിത്യഹരിത നായകന്‍ നേടിയപ്പോള്‍ ആ വിജയത്തെ നമ്മള്‍ നെഞ്ചിലേറ്റി. ഒരു നടിയുമായി 107 ചലച്ചിത്രങ്ങളില്‍ അവരുടെ നായകനായി പ്രേംനസീര്‍ അഭിനയിച്ചതും ലോക റെക്കോര്‍ഡാണ്. ഷീലയുടെ നായകനായിട്ടായിരുന്നു ഈ നേട്ടം. ജയഭാരതിയുടെ നായകനായും തൊണ്ണൂറോളം ചിത്രങ്ങളില്‍ പ്രേംനസീര്‍ അഭിനയിച്ചു. ശശികുമാര്‍ എന്ന സംവിധായകന്റെ നൂറിലേറെ ചിത്രങ്ങളില്‍ നായകനായി മറ്റൊരു റെക്കോര്‍ഡും.

ഏറ്റവും കൂടുതല്‍ നായികമാരോടൊത്ത് അഭിനയിച്ച നടന്‍. ഏറ്റവും കൂടുതല്‍ ഡബിള്‍, ത്രിബിള്‍ വേഷങ്ങള്‍ കെട്ടിയ നടന്‍. ഏറ്റവും കൂടുതല്‍ സീനുകളില്‍ പ്രത്യക്ഷപ്പെട്ട നടന്‍. ഏറ്റവും കൂടുതല്‍ ഗാനരംഗത്തും സംഘട്ടന രംഗത്തും അഭിനയിച്ച നടന്‍ എന്നിങ്ങനെ ഒട്ടനവധി ലോക റെക്കോര്‍ഡുകള്‍ പ്രേംനസീറിന് സ്വന്തം.കാമുകൻ, സിഐഡി, രാജാവ്, തൊഴിലാളി, കൃഷിക്കാരന്‍, രാജകുമാരന്‍, മുതലാളി, ധനികന്‍, ദരിദ്രന്‍ തുടങ്ങി പ്രേംനസീര്‍ കെട്ടിയാടിയ വേഷങ്ങളില്‍ എടുത്തുപറയേണ്ട രണ്ടു വേഷങ്ങളുണ്ട്. ഭഗവാന്‍ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും വേഷങ്ങളാണവ. ഈ വേഷങ്ങളില്‍ വിശ്വാസികള്‍ക്കും ഭക്തര്‍ക്കും തൃപ്തിയേകുന്ന രൂപമായിരുന്നു അദ്ദേഹത്തിന്റേത്.

ശ്രീരാമനായും ശ്രീകൃഷ്ണനായും ഇന്ത്യയില്‍ മറ്റു ഭാഷകളിലെ നടന്മാരും അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേംനസീറിന്റെ ഏഴയലത്ത് വരില്ല അവയൊന്നും. ഈ അവതാര പുരുഷന്മാരെ അദ്ദേഹത്തിലൂടെ പ്രേക്ഷകര്‍ തിരശ്ശീലയില്‍ കണ്ട് ആനന്ദിച്ചു.അതുപോലെ ഇദ്ദേഹം നമുക്ക് നല്‍കിയ കണ്ണപ്പനുണ്ണി, ആരോമലുണ്ണി, തച്ചോളി അമ്പു എന്നിങ്ങനെയുള്ള വടക്കന്‍പാട്ടിലെ വീരന്മാര്‍ ആസ്വാദകരില്‍ അദ്ദേഹത്തിനോടുള്ള ആരാധന വീണ്ടും വര്‍ദ്ധിപ്പിച്ചു. പടയോട്ടത്തിലെ തമ്പാന്‍ എന്ന കഥാപാത്രം ലോക സിനിമാ ചരിത്രത്തില്‍ ഏതൊരു കഥാപാത്രത്തെക്കാളും മികച്ചതാണെന്നും, പ്രേംനസീര്‍ ആ കഥാപാത്രമായി ജീവിക്കുകയായിരുന്നുവെന്നാണ് അന്ന് നിരൂപകര്‍ വിധിയെഴുതിയത്.

ജീവിതത്തിലും നന്മ നിറഞ്ഞ വ്യക്തിയായിരുന്ന ഇദ്ദേഹം ഒരു നിര്‍മാതാവിനോടും കണക്ക് പറഞ്ഞ് കാശ് വാങ്ങിയിട്ടില്ല. അതുപോലെ അദ്ദേഹം സാമ്പത്തിക ഞെരുക്കമുള്ള നിര്‍മാതാവിനെ സഹായിച്ചിരുന്നു. സഹപ്രവര്‍ത്തകരെയും തന്നോട് സഹായമാവശ്യപ്പെട്ടുവരുന്ന ജനങ്ങളെയും സഹായിക്കാന്‍ എപ്പോഴും അദ്ദേഹം തയ്യാറായിരുന്നു.തന്റെ ചെറുപ്പം ചിലവഴിച്ച ഗ്രാമത്തിലെ ശാര്‍ക്കര ക്ഷേത്രത്തില്‍ ആനയെ വാങ്ങി നല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തെ മുസ്ലിം മതസ്ഥര്‍ വിമര്‍ശിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ”ശ്രീകൃഷ്ണനായും ശ്രീരാമനായും വേഷമിട്ടതിലൂടെ ഞാന്‍ നേടിയ സമ്പത്തില്‍ നിന്ന് ഞാന്‍ പള്ളിക്ക് വേണ്ടി പണം തന്നിരുന്നു; അപ്പോള്‍ ആ പണം നിങ്ങള്‍ നിരസിച്ചില്ലല്ലോ? പിന്നെന്തിനാ നമ്മുടെ നാട്ടിലെ പേരുകേട്ട ക്ഷേത്രത്തില്‍ ആനയെ വാങ്ങി നല്‍കിയതിന് നിങ്ങള്‍ ദേഷ്യപ്പെടുന്നത്. മുസ്ലിങ്ങളെക്കാള്‍ കൂടുതല്‍ എന്റെ സിനിമകള്‍ കണ്ടത് ഹിന്ദു സഹോദരന്മാരാണല്ലോ, അവര്‍ എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാണല്ലോ എന്റെ ചിത്രങ്ങള്‍ കണ്ടത്. അതുവഴി വന്ന സമ്പത്തും പ്രതാപവുമാണല്ലോ എനിക്ക് കിട്ടിയത്. അതിനാല്‍ അവരും എനിക്ക് സഹോദരര്‍ ആണ്.” അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേട്ടപ്പോള്‍ പരിഭവിച്ച് വന്നവര്‍ ഒന്നും പറയാതെ സ്ഥലംവിട്ടു.

വര്‍ഷത്തില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ മാത്രം നിര്‍മിച്ചിരുന്ന മലയാള ചലച്ചിത്ര രംഗം ഇദ്ദേഹം എത്തിയതോടെ ഉഷാറായി. ഇദ്ദേഹത്തിന്റെ ആദ്യകാലചിത്രങ്ങളായ മരുമകളും വിശപ്പിന്റെ വിളിയും കാണാന്‍ ജനങ്ങള്‍ ഇരമ്പി എത്തിയതോടെ മലയാള ചലച്ചിത്രത്തിന് ജീവന്‍വെക്കുകയായിരുന്നു. ഇദ്ദേഹത്തെവെച്ച് ചിത്രങ്ങളെടുക്കാന്‍ നിർമ്മാതാക്കൾ തിരക്കുകൂട്ടുകയും അങ്ങിനെ മലയാളത്തില്‍ ധാരാളം ചിത്രങ്ങള്‍ ഇറങ്ങുകയുമുണ്ടായി. ആ ഉണര്‍വ്വിന്റെ എല്ലാ ബഹുമതികളും ഈ നിത്യവസന്തത്തിന് അവകാശപ്പെട്ടതാണ്. ഉദയ, മുരുകാലയ എന്നീ വമ്പന്‍ ബാനറുകള്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ മത്സരിച്ചു. ഇവരോടൊപ്പം മറ്റുള്ളവരും എത്തിയതോടെ മലയാള സിനിമാരംഗം തഴച്ചുവളര്‍ന്നു. ഇദ്ദേഹം അഭിനയിച്ച ചിത്രങ്ങളില്‍ തൊണ്ണൂറ്റി ഒമ്പത് ശതമാനം ചിത്രങ്ങളും സാമ്പത്തിക വിജയമായിരുന്നു.

ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ മറ്റ് ഇന്ത്യന്‍ ഭാഷകളിലും അക്കാലത്ത് മുടിചൂടാ മന്നന്മാരായ നടന്മാര്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ പദവി ആദ്യമായി ലഭിക്കുന്നത് ഇദ്ദേഹത്തതിനായിരുന്നു. ഇദ്ദേഹം രംഗത്ത് വരുന്നതിന് മുന്‍പാണ് തമിഴില്‍ എംജിആര്‍ നടനായി അരങ്ങേറുന്നത്. എന്നാല്‍ അറുപതുകളിലാണ് എംജിആര്‍ സൂപ്പര്‍ നടന്‍ എന്ന പദവിയിലെത്തുന്നത്. എന്നാല്‍ പ്രേംനസീര്‍ തന്റെ എട്ടാമത്തെ ചിത്രമായ സിഐഡി യില്‍ അഭിനയിച്ചതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള നടന്‍ എന്ന ഖ്യാതി നേടി.

എന്നാല്‍ ഈ നടന് ഒരു സംസ്ഥാന അവാര്‍ഡുപോലും കിട്ടിയില്ലെന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. അതിന്റെ പിന്നില്‍ ചില ചതിക്കഥകളുണ്ട്. ഇദ്ദേഹത്തിന്റെ വിജയത്തിൽ അസൂയപൂണ്ട ചിലര്‍ സിനിമാ രംഗത്തുണ്ടായിരുന്നു. അവര്‍ ഇദ്ദേഹത്തിന് സംസ്ഥാന-ദേശീയ ബഹുമതികള്‍ കിട്ടാതിരിക്കാന്‍ പല അടവുകളും പ്രയോഗിച്ചു. നാലുപേര്‍ മാത്രം വിധി കല്‍പ്പിക്കുന്ന അവാര്‍ഡിനെക്കാളും എത്രയോ വലുതാണ് ജനലക്ഷങ്ങളുടെ ഇഷ്ടനടന്‍ എന്ന അവാര്‍ഡ്. ഇദ്ദേഹത്തിന് ആ അവാര്‍ഡ് മതിയല്ലോ?.

ഇദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരമായിരുന്നു പത്മഭൂഷണ്‍ ബഹുമതി നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചത്. മൂന്നും നാലും ദേശീയ ബഹുമതി ലഭിച്ച നടന്മാര്‍ക്കെന്തേ പത്മഭൂഷണ്‍ ലഭിച്ചില്ല? ദേശീയ ചലച്ചിത്ര ജൂറി ചെയര്‍മാനായി പ്രേംനസീര്‍ നിയമിതനായത് കഴിവില്ലാഞ്ഞിട്ടാണോ? ഇന്ത്യൻ തപാല്‍ വകുപ്പ് മലയാള ചലച്ചിത്ര രംഗത്തുള്ളവരില്‍ ഒരേയൊരാളുടെ ചിത്രമേ തപാല്‍ സ്റ്റാമ്പില്‍ പതിച്ച് പുറത്തിറക്കിയിട്ടുള്ളൂ; അത് ഇദ്ദേഹത്തിന്റെതാണ്.

ചലച്ചിത്രാസ്വാദകരുടെ നിത്യവസന്തമായിരുന്ന ഇദേഹം കാലയവനികയ്ക്കുള്ളില്‍ മറയുന്നത് 1989 ജനുവരി 16 ആം തിയതി ആയിരുന്നു. സിനിമയുടെ എക്കാലത്തെയും യൗവ്വനമായിരുന്ന ഇദ്ദേഹം കടന്നുപോയി വർഷങ്ങൾ ഒരുപാട് കടന്നുപോയെങ്കിലും ഇന്നും യൂട്യൂബില്‍ ജനലക്ഷങ്ങള്‍ കാണുന്നത് ഇദ്ദേഹത്തിന്റെ ചിത്രങ്ങളാണെന്ന് കണക്കുകള്‍ പറയുന്നു. ഇദ്ദേഹത്തിന്റെ മരണത്തിനുശേഷം ജനിച്ചവർ പോലും യുട്യൂബില്‍ കണ്ണപ്പനുണ്ണി, കടത്തനാട്ട് മാക്കം, പാലാട്ട് കുഞ്ഞിക്കണ്ണന്‍, ആരോമലുണ്ണി, തുമ്പോലാര്‍ച്ച, അങ്കത്തട്ട്, ഒതേനന്റെ മകന്‍ എന്നിങ്ങനെയുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പിറകേ പായുന്ന കാഴ്ച യൂട്യൂബ് നോക്കുന്നവര്‍ക്കറിയാം.മരിച്ചിട്ടും ഇദ്ദേഹം നിത്യഹരിതതാരമായി നിലനില്‍ക്കുന്നു എന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്.

You May Also Like

വാരിസിന് മൃഗസംരക്ഷണ വകുപ്പിന്റെ നോട്ടീസ്

വിജയ് യുടെ പൊങ്കൽ ചിത്രമായി റിലീസ് ആകാൻ പോകുന്നത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വാരിസ്’…

തമിഴ് സിനിമാ ഉലകത്തിൽ എത്ര പറഞ്ഞാലും വീണ്ടൂം പറയാൻ കാമ്പുള്ള ഒരു വിഷയം ആണ് ജാതി രാഷ്ട്രീയം

Vaaitha Faisal K Abu തമിഴ് സിനിമാ ഉലകത്തിൽ എത്ര പറഞ്ഞാലും വീണ്ടൂം പറയാൻ കാമ്പുള്ള…

നിഖിൽ – സംയുക്ത ചിത്രം “സ്വയംഭൂ”

നിഖിൽ – സംയുക്ത ചിത്രം “സ്വയംഭൂ”; പൂജ പിക്‌സൽ സ്റുഡിയോസിന്റെ ബാനറിൽ ഭുവൻ, ശ്രീകർ എന്നിവർ…

പോലീസിന്റെ വേട്ടയിൽ നിന്നും രണ്ടാം തവണയും രക്ഷപെട്ട ജോർജ്ജൂട്ടിക്കു ‘ദൃശ്യം 3’ യിൽ എന്ത് സംഭവിക്കാം ?

Starwin Mendez Dhrishyam-3 (2023) പോലീസിന്റെ വേട്ടയിൽ നിന്നും രണ്ടാം തവണയും രക്ഷപെട്ട ജോർജ്ജൂട്ടി, തന്റെ…