Muhammed Sageer Pandarathil
മലയാളത്തിലെ എക്കാലത്തെയും നിത്യഹരിത നായകൻ അബ്ദുൾ ഖാദർ എന്ന പ്രേംനസീർ തെക്കൻ കേരളത്തിലെ ചിറയിൻകീഴ് എന്ന സ്ഥലത്ത് അക്കോട്ട് ഷാഹുൽ ഹമീദിന്റേയും അസുമാ ബീവിയുടേയും മൂത്ത പുത്രനായി 1926 ഏപ്രിൽ 7 ആം തിയതി ജനിച്ചു. കടിനാങ്കുളം ലോവർ പ്രൈമറി സ്കൂളിൽ നിന്ന് ആരംഭിച്ച വിദ്യാഭ്യാസം ആലപ്പുഴ എസ്.ഡി കോളേജിലും ചങ്ങനാശ്ശേരി എസ്.ബിയിലുമായി പൂർത്തിയാക്കിയ അദ്ദേഹം സ്കൂൾ കോളേജ് വിദ്യാഭാസ കാലത്തു തന്നെ അഭിനയത്തിൽ തൽപ്പരനായിരുന്നതിനാൽ നാടകങ്ങളിൽ സജീവമായിരുന്നു.
ഒരു നായകനുവേണ്ട എല്ലാ തികവുകളും ഉള്ള സുന്ദരനായ അദ്ദേഹം അക്കാലത്ത് നാടകങ്ങളിൽ നിന്ന് ധാരാളം പുരസ്കാരങ്ങളും നേടി. അക്കാലത്ത് ജനപ്രിയമായി വന്ന സിനിമ എന്ന നൂതന ദൃശ്യാവിഷ്കാരത്തിലേക്ക് അദ്ദേഹം ആകൃഷ്ടനാവുകയും എം പി പ്രൊഡക്ഷൻസിന്റെ മരുമകൾ എന്ന ചിത്രത്തിലൂടെ 1952 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അദ്ദേഹത്തിന്റെ രണ്ടാം ചിത്രമായ വിശപ്പിന്റെ വിളിക്കിടയിലാണ് അബ്ദുൾ ഖാദർ എന്ന പേരു മാറ്റി പ്രേംനസീർ എന്ന പേര് തിക്കുറിശ്ശി നൽകിയത്. ആ നാമം അനശ്വരമാക്കി 32 വർഷം അദ്ദേഹം എതിരാളിയില്ലാതെ മലയാള സിനിമയിൽ നിറഞ്ഞു നിന്നു.
മലയാളികളുടെ നായക സങ്കൽപ്പം പരിപൂർണ്ണതയിലെത്തിയത് പ്രേംനസീറിലായിരുന്നു. 600 ലധികം മലയാള ചലച്ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും അധികം ചലച്ചിത്രങ്ങളിൽ നായകനായഭിനയിച്ച വ്യക്തി എന്ന ഗിന്നസ് റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. മാത്രമല്ല ഒരു നായികയോടൊപ്പം (ഷീലയ്ക്കൊപ്പം) ഏറ്റവുമധികം ചലച്ചിത്രങ്ങളിൽ നായകനായ വ്യക്തി എന്ന റെക്കോഡും അദ്ദേഹത്തിനാണ് . ഷീലയോടോപ്പം 117 ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഇതിൽ ഷീല നസീറിന്റെ അമ്മയും സഹോദരിയും കാമുകിയും ഭാര്യയും ചേട്ടന്റെ ഭാര്യയും അമ്മായി അമ്മയും മരുമകളും ഒക്കെ ആയി അഭിനയിച്ചിട്ടുണ്ട്. 100 ലധികം നായികമാരോടോപ്പം അഭിനയിച്ചു എന്നതും റെക്കോർഡ് ആണ് .മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രത്തിലും (തച്ചോളി അമ്പു) ആദ്യ 70 എം എം ചിത്രത്തിലും (പടയോട്ടം) നസീർ ആയിരുന്നു നായകൻ.
ഒരു വർഷം ഏറ്റവുമധികം ചിത്രങ്ങളിൽ നായകനായി അഭിനയിച്ചതിന്റേയും (1979 ൽ 39 സിനിമകൾ) സർവ്വകാല റെക്കോഡ് അദ്ദേഹത്തിന്റെ പേരിലാണ്. 38 ഓളം തമിഴ് ചിത്രങ്ങളിലും മൂന്നു കന്നഡ ചിത്രത്തിലും ഏഴ് തെലുങ്ക് പടത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ പദ്മഭൂഷൺ പുരസ്കാരത്തിന് (1983) അർഹനായ അദ്ദേഹത്തിനു 1981 ൽ സർവ്വകാല സംഭാവനകളെ മാനിച്ച് കേരള സർക്കാരിന്റെ പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി 1992 ൽ പ്രേംനസീർ പുരസ്കാരമേർപ്പെടുത്തി.
അദ്ദേഹം സിനിമയിൽ ആലപിച്ചതായി അഭിനയിച്ച ഗാനങ്ങൾ മിക്കവയും പാടിയത് കെ.ജെ.യേശുദാസ് ആയിരുന്നു. അതും ഒരു റെക്കോഡായി നിലകൊള്ളുന്നു. മലയാള ചലച്ചിത്ര ഗാനശാഖയുടെ വസന്തകാലമായിരുന്നു പ്രേംനസീർ – യേശുദാസ് ജോഡിയുടെ കാലഘട്ടം.ഹബീബാ ബീവിയാണ് ഭാര്യ. സിനിമാ നടനായ ഷാനവാസ് ഉൾപ്പെടെ നാലു മക്കളാണ് ശ്രീ പ്രേംനസീറിന്. ലൈല/റസിയ/റീത്ത എന്നിങ്ങനെ പെണ്മക്കൾ. അദ്ദേഹത്തിന്റെ സഹോദരൻ പ്രേം നവാസും ഒരു അഭിനേതാവായിരുന്നു. നല്ല സ്വഭാവ വിശേഷം കൊണ്ടും ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും ഒരു നല്ല വ്യക്തി എന്ന നിലയിൽ പേരെടുത്ത വ്യക്തിയുമായ അദ്ദേഹം 1989 ജനുവരി 16 ആം തിയതി 61 ആം വയസ്സിൽ മദ്രാസിൽ വച്ച് അന്തരിച്ചു. എങ്കിലും എക്കാലത്തെയും അനശ്വര നായകനായി അദ്ദേഹം മലയാള ചലച്ചിത്ര ലോകത്ത് തന്റെ നിത്യ സാന്നിദ്ധ്യമറിയിക്കുന്നു.