Muhammed Sageer Pandarathil

ഇന്നേക്ക് 12 വർഷങ്ങൾക്ക് മുമ്പായിരുന്നു ലോക ഫുട്‌ബോളിന്റെ ആസ്ഥാനമായ സൂറിച്ചിൽ ശൈഖ മൂസ ബിൻത് നാസറിന്റെ ശബ്ദം മുഴങ്ങിയത്.22 ആമത്തെ ഫിഫ ലോകകപ്പ് വേദിക്കായി ഖത്തർ അപേക്ഷ സമർപ്പിക്കുമ്പോൾ അന്ന് ഖത്തറിനെപ്പം മത്സരിക്കാൻ അമേരിക്കയും സംയുക്ത ആതിഥേയരായി ദക്ഷിണ കൊറിയ, ജപ്പാൻ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ അവസാന റൗണ്ടിൽ എത്തിയത് ഖത്തറും അമേരിക്കയുമായിരുന്നു. തുടർന്ന് അതാത് രാജ്യങ്ങളിലെ പ്രതിനിധികളെ അവതരണ പ്രസംഗത്തിനായി ക്ഷണിച്ചു.2010 ഡിസംബർ 1 ആം തിയതി ലോക ഫുട്‌ബോളിന്റെ ആസ്ഥാനമായ സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ ഖത്തറിന്റെ പ്രഥമവനിത ശൈഖ മൂസ ബിൻത് നാസറിന്റെ ശബ്ദം മുഴങ്ങി. അവർ പ്രസംഗം ആരംഭിച്ചത് ഒരു ചോദ്യത്തോടെയായിരുന്നു.
“ചരിത്രമുറങ്ങുന്ന മധ്യപൗരസ്ത്യ ദേശത്തേക്ക് ഫുട്‌ബോൾ ലോകകപ്പ് എന്നാണ് വരിക?. 1930 ൽ ലാറ്റിൻ അമേരിക്കയേയും 1994 ൽ വടക്കേ അമേരിക്കയേയും 2002 ൽ ഏഷ്യയേയും 2010 ൽ ആഫ്രിക്കയേയും ഫിഫ ആദരിച്ചത് അവർക്കൊക്കെ ലോകകപ്പ്‌ വേദി നൽകി കൊണ്ടായിരുന്നു. കാൽപ്പന്തുകളിയുടെ ഉന്നതമായ ഈ അത്ഭുതം ഞങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ ലോകത്തിന്റെ മുന്നിൽ അതൊരു ചരിത്ര വിസ്മയമായിട്ട്‌ അവതരിപ്പിക്കും”.

അതൊരു സാധാരണ അവതരണ പ്രസംഗമെന്നേ കേട്ടവർ കരുതിയുളൂ. എന്നാൽ, പിറ്റേന്ന്‌ ഡിസംബർ 2 ആം തിയതി ഫിഫ പ്രസിഡന്റ് സെപ്പ്ബ്ലാറ്ററുടെ പ്രഖ്യാപനം ‘ദി വിന്നർ ഈസ് ഖത്തർ’ എന്നായിരുന്നു. അന്ന് മുതൽ തുടങ്ങിയതാണ് അമേരിക്ക അടക്കമുള്ള പടിഞ്ഞാറൻ ശക്തികൾക്ക് ഖത്തറിനോടുള്ള വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയുമെല്ലാം.

കുറഞ്ഞ വിസ്തൃതിയുള്ള രാജ്യം എങ്ങനെ ഇത്രയധികംപേരെ ഉൾക്കൊള്ളും. അവരുടെ മതാധിഷ്ഠിത രാഷ്ട്രീയ, സാംസ്‌കാരിക സംവിധാനം ലോകകപ്പിലെ സങ്കര സംസ്‌കാരം എങ്ങനെ ഉൾക്കൊള്ളും. കേവലം രണ്ടു ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള ഒരു രാജ്യത്തിന് ഒന്നര മില്യൺ അതിഥികളെ എങ്ങനെ സ്വീകരിക്കാനാകും. അങ്ങനെ എണ്ണിയാൽ തീരാത്തത്ര സംശയങ്ങൾ അവർ ഉയർത്തി.
ഇതൊന്നും പോരാഞ്ഞ് അയൽ രാജ്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഖത്തറിനെതിരെ രംഗത്തുവന്നു. അന്താരാഷ്ട്ര ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നു എന്നാരോപിച്ച് സൗദി അറേബ്യ, ബഹ്‌റൈൻ, ഈജിപ്ത്, യുഎഇ രാജ്യങ്ങൾ 2017 മുതൽ 2021 ജനുവരിവരെ ഖത്തറിനെതിരെ ഉപരോധമേർപ്പെടുത്തി.

എത്ര വലിയ രാജ്യമായാലും പിടിച്ചു നിൽക്കാനാകാത്ത പ്രതിസന്ധികൾ ഖത്തറിനെ മൂടി. എന്നാൽ അതിലൊന്നും കുലുങ്ങാതെ, കായികത്തിന് വലിയ സ്ഥാനം നൽകുന്ന ആ രാജ്യം ചരിത്രനിയോഗമായി 2022 ലെ ലോകകപ്പ് വേദിയൊരുക്കവുമായി മുന്നോട്ടുനീങ്ങി.അപ്പോഴാണ് ആംനസ്‌റ്റി ഇന്റർനാഷണലും മറ്റു മനുഷ്യാവകാശ സംഘടനകളും രംഗത്തുവരുന്നത്. നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നില്ലെന്നും അനേകം തൊഴിലാളികൾ മരിക്കുന്നുവെന്നും ആരോപണമുയർത്തിയത്. അതിലൊന്നും വാസ്തവമില്ലെന്നും അധികരിപ്പിച്ചുകാട്ടിയ കണക്കുകളാണെന്നും രേഖകൾ നിരത്തി ഖത്തർ ആരോപണങ്ങളെ തകർത്തു. ഒപ്പം യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി.

അപ്പോഴേക്കും സെപ്പ് ബ്ലാറ്റർ ഫിഫാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി. ഒപ്പം ഖത്തറുകാരനായ ഏഷ്യൻ കോൺഫെഡറേഷൻ പ്രസിഡന്റ് ബിൻ ഹമാം ആജീവനാന്തം ഫിഫയിൽ നിന്നും ഫുട്ബോൾ രംഗത്തുനിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു. തുടർന്ന് വന്ന പുതിയ ഫിഫാ പ്രസിഡന്റ് ഇൻഫന്റിനോയുടെ പുതിയ പ്രഖ്യാപനം വീണ്ടും ആശങ്കയുണ്ടാക്കി. മത്സരങ്ങളുടെ ഇപ്പോഴത്തെ ഘടന മാറ്റി 48 ടീമുകളെ ഉൾപ്പെടുത്തി ഫുട്‌ബോൾ ലോകകപ്പ് നടത്തും എന്നായിരുന്നു ആ പ്രഖ്യാപനം. ഒപ്പം വേദികൾ ഒമാൻ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, യുഎഇ എന്നിവയുമായി പങ്കിടണമെന്നും. ഖത്തർ ലോകകപ്പ് ഇതോടെ മധ്യ പൗരസ്ത്യൻ ലോകകപ്പാകുന്ന അവസ്ഥയിലുമായി.എന്നാൽ ഇൻഫന്റിനോ തന്നെ പിന്നീട് തീരുമാനം മാറ്റിയതായി അറിയിച്ചു. ടീം വിപുലീകരണം അടുത്ത ലോക കപ്പിലേക്കു മാറ്റി. പിന്നീട് ലോകം കണ്ടത്, ഫീനിക്‌സ് പക്ഷിയെപ്പോലുള്ള ഖത്തറിന്റെ ഉയിർത്തെഴുന്നേൽപ്പാണ്. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത അഴകും സാങ്കേതികവും സൗകര്യവുമുള്ള എട്ട് വൻ സ്‌റ്റേഡിയങ്ങൾ പണിതുയർത്തി. ഒപ്പം മികവാർന്ന നഗരങ്ങളും.

പാർപ്പിട പ്രശ്‌നത്തിന്റെ പേരിൽ പരാതി പറഞ്ഞവർക്കുള്ള മറുപടിയായി അത്യാധുനിക സൗകര്യങ്ങളോടെ വൻ നഗരമായ ലുസെയ്‌ൽ പണിതു. ഒപ്പം താമസത്തിന്‌ നൂറുകണക്കിന് പഞ്ചനക്ഷത്ര ഹോട്ടൽ, അപ്പാർട്ട്‌മെന്റുകൾ, ഹോം സ്റ്റേ സൗകര്യങ്ങൾ, ഡെസർട്ട് ക്യാമ്പുകൾ, അത്യാഡംബര ക്രൂയിസ് കപ്പലുകൾ എന്നിവയും ഒരുക്കി. മെട്രോയും ട്രാമും വൈദ്യുതവാഹനങ്ങളുമടക്കം പുതിയ ഗതാഗതശൃംഖല സൃഷ്ടിച്ചു. ഒരു മിനിറ്റുപോലും യാത്ര വൈകാതിരിക്കാനുള്ള ഗതാഗത സംവിധാനവും ഒരുക്കി.കളിക്കളങ്ങൾക്ക് സമീപവും നഗരത്തിലും അതിർത്തികളിലും നിരവധി പാർക്കിങ് ഇടങ്ങളും കാലാവസ്ഥയെ പഴിച്ചവരെ പരിഹസിച്ച് മുഴുവൻ കളിക്കളങ്ങളും കളിനഗരങ്ങളും ശീതീകരിച്ച് വിസ്മയം തീർത്തു.അങ്ങനെ സകല പ്രതിയോഗികളുടെയും ആരോപണങ്ങളെ സമചിത്തയോടെ നേരിട്ട് ഖത്തർ അവരുടെ രാജ്യത്തെ ഒരു വിസ്മയ ലോകമാക്കി മാറ്റി. ലോകകപ്പ് കാണാൻ ലോകം ഖത്തറിൽ എത്തുന്നവർ അവർ ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത ആഡംബര സൗകര്യങ്ങളും സ്‌നേഹപരിചരണവും നൽകി അവരെ സ്വീകരിച്ചു.

Leave a Reply
You May Also Like

ഷെയിന്‍ വോണിന് ഒപ്പമെത്താന്‍ മൈക്കിള്‍ ജോണ്‍സണ്‍

വോണിന്‍റെ നേട്ടത്തിന് ഒപ്പമെത്താന്‍ മൈക്കിള്‍ ജോണ്‍സണ്‍

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത്…

ക്രിക്കറ്റിൽ ഒരു ഓവറിൽ 77 റൺസ് ! അതെങ്ങനെ സംഭവിച്ചു ?

ക്രിക്കറ്റിൽ ഒരു ഓവറിൽ 77 റൺസ് ! അതെങ്ങനെ സംഭവിച്ചു ? അറിവ് തേടുന്ന പാവം…

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സെമിയിലും ഫൈനലിലും മാൻ ഓഫ് ദ് മാച്ചായ ആദ്യ കളിക്കാരനാണ് ജിമ്മി അമർനാഥ്

Suresh Varieth 1983 ലോകകപ്പ് ഫൈനൽ… ടെലിവിഷൻ ദുർലഭമായ അക്കാലത്ത് നേരിട്ട് കളി കാണാൻ കഴിയാത്തവരും,80…