ഖത്തര്‍ ലോകകപ്പിലെ അതിശയിപ്പിക്കുന്ന ആ എട്ട് സ്റ്റേഡിയങ്ങളെ പറ്റി കൂടുതൽ അറിയാം
Muhammed Sageer Pandarathil
22 ആം ഫിഫ ലോകകപ്പ് ഇന്ന് ഖത്തറിൽ ആരംഭിക്കുമ്പോൾ, അറബ് ലോകത്ത് ആദ്യമായി നടക്കുവാന്‍ പോകുന്ന ലോകകപ്പ് മത്സരം എന്ന നിലയില്‍ ലോകം ആ കൊച്ചു രാജ്യത്തെ ഉറ്റുനോക്കുകയാണ്. മറ്റൊരു തരത്തില്‍ 2002 ശേഷം പൂർണ്ണമായും ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. ഖത്തറിൽ നടക്കുന്ന ഈ ലോകകപ്പ് 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ലോകകപ്പ് മത്സരം കൂടിയാണ്. 2026 ലെ ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുക.
അതിശയിപ്പിക്കുന്ന തരത്തിലുള്ള എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തര്‍ ഈ ലോകകപ്പ് മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്.വളരെ വ്യത്യസ്തമായ രൂപകല്പനയാണ് ഈ ലോകകപ്പ് മത്സരത്തിനായി തയ്യാറാക്കിയ ഈ സ്റ്റേഡിയങ്ങള്‍ക്ക്. ഒരു മണിക്കൂര്‍ ഡ്രൈവ് അകലത്തിലാണ് ഓരോ സ്റ്റേഡിയവും സ്ഥിതി ചെയ്യുന്നത്. ഇതിൽ 7 സ്റ്റേഡിയങ്ങളും ഈ ലോകകപ്പിനായി പുതുതായി നിർമ്മിച്ചതാണ്. ഇനി ആ സ്റ്റേഡിയങ്ങളെ കുറിച്ച് കൂടുതൽ അറിയാം.

ആദ്യം ലുസൈല്‍ സ്റ്റേഡിയത്തെ പരിചയപ്പെടാം. ലോകകപ്പ് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിൽ ഒന്നായ ഈ സ്റ്റേഡിയം, ദോഹയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ്. 80,000 കണികളെ ഉള്‍ക്കൊള്ളുവാൻ ശേഷിയുള്ള ഈ സ്റ്റേഡിയത്തിൽ ഫൈനല്‍ മത്സരമടക്കം പത്ത് മത്സരങ്ങളാണ് നടക്കുന്നത്.ഖത്തർ ലോകകപ്പിന്റെ മുൻനിര സ്റ്റേഡിയമായ ഇത് മത്സരം കഴിയുന്നതോടു കൂടി 200,000 ആളുകൾ താമസിക്കുന്ന 33 ബില്യൺ പൗണ്ടിന്റെ പുതിയ നഗരത്തിന്റെ കേന്ദ്രമായി ലുസൈൽ മാറും. മാത്രമല്ല, ഏറ്റവും മുകളിലത്തെ ഒഴികെയുള്ള എല്ലാ സീറ്റുകള്‍ നീക്കം ചെയ്ത് ഒരു കമ്മ്യൂണിറ്റി ഹബ്ബായി ഇതിനെ മാറ്റിയെടുക്കുവാനാണ് പദ്ധതി. ശേഷിക്കുന്ന മുകളിലത്തെ ഇരിപ്പിടങ്ങൾ പുതിയ വീടുകൾക്കുള്ള ഔട്ട്ഡോർ ടെറസുകളുടെ ഭാഗമാകും.

ഇനി അല്‍ ബയാത് സ്റ്റേഡിയത്തെ കുറിച്ച് അറിയാം. ആദ്യമത്സരം ഉള്‍പ്പെടെ എട്ടു മത്സരങ്ങള്‍ നടക്കുന്ന ഈ സ്റ്റേഡിയം ദോഹയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ്. പരമാവധി 60,000 സീറ്റുള്ള ഈ സ്റ്റേഡിയമാണ് ദോഹയിൽ നിന്ന് ഏറ്റവും അകലെയുള്ളത്. എന്നാൽ ഡ്രൈവ് ചെയ്തു വരുമ്പോള്‍ 40 മിനിറ്റ് മാത്രമേ ഇവിടെയെത്തുവാന്‍ വേണ്ടുള്ളൂ.കൂടാരത്തിന്റെ ഘടനയിൽ നിർമിച്ച ഈ സ്റ്റേഡിയത്തിന് ഈ പേര് ഇട്ടത്, ആ പ്രദേശത്തെ പുരാതന ആളുകൾ ഉപയോഗിച്ചിരുന്ന ബൈത്ത് അൽ ഷാർ എന്ന ടെന്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. ലോകകപ്പിന് ശേഷം മുകളിലെ നിര സീറ്റുകൾ നീക്കം ചെയ്യുകയും വികസ്വര രാജ്യങ്ങൾക്ക് നൽകുകയും ചെയ്യും. സ്റ്റേഡിയത്തിന്റെ ശേഷി 32,000 ല്‍ താഴെയാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം തന്നെ സ്റ്റേഡിയത്തിൽ പഞ്ചനക്ഷത്ര ഹോട്ടലും ഷോപ്പിങ് സെന്ററും തുറക്കും.

ഇനി സ്റ്റേഡിയം 974 നെ കുറിച്ച് അറിയാം. ദോഹയില്‍ തന്നെ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം 974 ല്‍ ഏഴ് മത്സരങ്ങളാണ് ഉണ്ടായിരിക്കുക. സ്റ്റേഡിയത്തിന്‍റെ പേര് ഇതിന്റെ നിര്‍മ്മിതിയുമായി ചേര്‍ന്നു നില്‍ക്കുന്നു. 974 ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് മോഡുലാര്‍ സ്റ്റീലിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 40,000 ആണ് ഇതിന്റെ സീറ്റിങ് കപ്പാസിറ്റി. മുമ്പ് ഇത് റാസ് അബു അബൗദ് സ്റ്റേഡിയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ലോകകപ്പിനു ശേഷം ഇത് പൂര്‍ണ്ണമായും പൊളിച്ചു നീക്കുകയും സ്റ്റീല്‍ മറ്റു പ്രോജക്റ്റുകള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും.

അടുത്തത് ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയമാണ്. ഇതും ദോഹയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. 45,416 ഇരിപ്പിടങ്ങളുള്ള ഇവിടെ തേഡ് പ്ലേസ് പ്ലേ-ഓഫ് ഉള്‍പ്പെടെ എട്ട് മത്സരങ്ങളാണ് നടക്കുക. ഇത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിലവിലുണ്ടായിരുന്ന ഏക ലോകകപ്പ് സ്റ്റേഡിയമായിരുന്നു. ഇത് 1976 ൽ നിർമ്മിക്കുകയും 2017 ൽ വിപുലമായി പുനർവികസനം ചെയ്യുകയും ചെയ്തു. 2019 ൽ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനും ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിനും ഈ സ്റ്റേഡിയം ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

ഇനി എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തെ പറ്റി അറിയാം. ദോഹയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെ അല്‍ റയ്യാനിലാണ് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 40,000 ആണ് ഇതിന്റെ സീറ്റിങ് കപ്പാസിറ്റി. ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെ എട്ടു മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്.ദോഹയ്ക്ക് പുറത്ത് ഗ്രീൻ സ്പേസിൽ നിരവധി ഖത്തറി സർവകലാശാലകളുടെ മധ്യത്തിലാണ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ‘മരുഭൂമിയിലെ ഡയമണ്ട്’ എന്നാണ് ഈ സ്റ്റേഡിയം അറിയപ്പെടുന്നത്.

ഇനി അല്‍ തുമാമ സ്റ്റേഡിയം. ദോഹയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അല്‍ തുമാമ സ്റ്റേഡിയം ലോകകപ്പ് മത്സരത്തില്‍ എട്ട് മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. 40,000 ആണ് ഇതിന്റെ സീറ്റിങ് കപ്പാസിറ്റി. എന്നാല്‍ മത്സരങ്ങള്‍ക്കു ശേഷം ഇതിന്റെ സീറ്റിങ് കപ്പാസിറ്റി 20,000 ആയി കുറയ്ക്കും. അറബി തൊപ്പിയായ ഗഹ്ഫിയയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സ്റ്റേഡിയം ഇവിടുത്തെ പ്രാദേശിക മരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

അടുത്തത് അൽ ജനൂബ് സ്റ്റേഡിയം. 40,000സീറ്റിങ് കപ്പാസിറ്റിയുള്ള അൽ ജനൂബ് സ്റ്റേഡിയത്തില്‍ ഏഴ് മത്സരങ്ങളാണ് നടക്കുന്നത്. 2019 ൽ പൂർത്തിയാക്കിയ ആദ്യത്തെ പുതിയ ലോകകപ്പ് സ്റ്റേഡിയം കൂടിയാണിത്. 2020 ലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ആതിഥേയത്വം വഹിച്ച ഈ സ്റ്റേഡിയം ദൗ ബോട്ടിന്റെ ആകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മത്സര ശേഷം മറ്റ് മിക്ക സ്റ്റേഡിയങ്ങളെയും പോലെ, 20,000 സീറ്റുകൾ പിന്നീട് നീക്കം ചെയ്യും.
അവസാനമായി അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം. ദോഹയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയത്തിൽ 40,000 സീറ്റിങ് കപ്പാസിറ്റിയാണുള്ളത്. 7 മത്സരങ്ങൾ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഈ സ്റ്റേഡിയം അതേ പേരിൽ അവിടെ ഉണ്ടായിരുന്ന ഒരു പഴയ ഗ്രൗണ്ടിന്റെ സ്ഥലത്തുതന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ലോകകപ്പിന് ശേഷം 20,000 പേരെ ഉൾക്കൊള്ളുന്ന അൽ റയ്യാൻ സ്‌പോർട്‌സ് ക്ലബ്ബായി ഇത് മാറ്റിയെടുക്കും.