ഇന്ന് ആർ.ഡി ബർമന്റെ ഓർമദിനം……
Muhammed Sageer Pandarathil
1939 ജൂൺ 27 ആം തിയതി സംഗീതജ്ഞൻ സച്ചിൻ ദേവ് ബർമൻ എന്ന എസ് .ഡി ബര്‍മന്റെയും മീര ദേവ് ബർമൻ എന്ന എഴുത്തുകാരിയുടെയും മകനായി കൊൽക്കത്തയിൽ രാഹുൽ ദേവ് ബർമൻ എന്ന ആർ.ഡി ബർമൻ ജനിച്ചു. ചെറുപ്പത്തിൽ അദ്ദേഹം കരയുമ്പോൾ സപ്തസ്വരങ്ങളിലെ ‘പ’ പോലെ തോന്നുന്നതിനാൽ കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തെ പഞ്ചം എന്നാണ് വീട്ടിൽ വിളിച്ചിരുന്നത്. വലുതായപ്പോൾ പഞ്ചം ദാ എന്ന വിളിപ്പേരായി ഇത് മാറി.
9 വയസുള്ളപ്പോള്‍ തന്നെ സംഗീത സംവിധാനം നിര്‍വഹിക്കാന്‍ അദ്ദേഹം പരിശീലിച്ചു. ഈ ഈണങ്ങള്‍ അദ്ദേഹത്തിന്റെ അച്ഛന് എസ്.ഡി ബര്മന് തന്റെ ചില സിനിമകളില്‍ അന്ന് ഉപയോഗിച്ചിരുന്നു. സരോദ് വിതക്തൻ അലി അക്ബര്‍ ഖാൻ/ തബല വിതക്തൻ സംതാ പ്രസാദ് തുടങ്ങിയവരാണ് അദ്ദേഹത്തെ പരിശീലിപ്പിച്ചതെങ്കിലും സലില്‍ ചൗധരിയെയായിരുന്നു അദ്ദേഹം ഗുരുസ്ഥാനത്ത് കണ്ടിരുന്നത്.
1958 ൽ ചല്‍തി ക നാം ഗാഡി/സോല്‍വാ സാല്/1959 ൽ കാഗസ് കെ ഫൂല്/1963 ൽ തേരെ ഘര്‍ കെ സാംനെ/ബന്ദിനി/1964 ൽ സിദ്ദി/1965 ൽ ഗൈഡ്/ തീന് ദേവിയാം എന്നീ ചിത്രങ്ങളില്‍ അച്ഛന്റെ അസിസ്റ്റന്റ് ആയ അദ്ദേഹം 1959 ൽ റാസ് എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി സംഗീതം ചിട്ടപ്പെടുത്തി എന്നാൽ ആ ചിത്രം ഇറങ്ങിയില്ല. പിന്നീട് 1961ൽ ഛോട്ടേ നവാബ് എന്ന ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനായി.
1966 ൽ തീസരി മന്‍സില്‍ ഹിറ്റായതോടെ അദ്ദേഹത്തിന് തിരക്കേറി. 1969 ൽ രാജേഷ് ഖന്നയുടെ ആരാധനയിൽ കിഷോർ കുമാർ പാടിയ ഗാനങ്ങൾ സൂപ്പര്‍ ഹിറ്റായി. തുടർന്ന് 1970 ല്‍ രാജേഷ് ഖന്നയുടെ തന്നെ കടി പതംഗില്‍ കിഷോര്‍ കുമാര്‍ പാടിയ പാട്ടുകള്‍ വീണ്ടും സൂപ്പര്‍ ഹിറ്റായി. അതോടെ പുതിയൊരു കൂട്ടുകെട്ട് പിറന്നു. തുടർന്ന് മൂവരും കൂടിച്ചേര്‍ന്ന നിരവധി സിനിമകളിലെ ഗാനങ്ങള്‍ ജനപ്രിയമായി. 32 ഓളം സിനിമകളിൽ ഇവർ ഒന്നിച്ചു. രാജേഷ് ഖന്നയുടെ 40 ഓളം സിനിമകള്‍ക്ക് ഇദ്ദേഹം സംഗീത നൽകി.1977 ല്‍ ഹം കിസീ സെ കം നഹി എന്ന ചിത്രത്തില്‍ ഇദ്ദേഹം ഈണമിട്ട ‘ക്യാ ഹുവാ തേരാ വാദാ’ എന്ന ഗാനത്തിലൂടെ മുഹമ്മദ് റഫിക്ക് മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടാനായി.
1980 തുകളിൽ ബപ്പി ലാഹിരിയുടെയും ലക്ഷികാന്ത് പ്യാരേലാലിന്റെയും ഈണങ്ങള്‍ വന്നപ്പോൾ അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ പരാജയപ്പെട്ടു. ഇതോടെ അദ്ദേഹത്തിന്റെ പ്രതാപകാലം അസ്തമിച്ചു. 1986 ല്‍ ഇജ്ജാസത് എന്ന ചിത്രത്തിന് ഇദ്ദേഹം നിര്‍വ്വഹിച്ച സംഗീതം സംവിധാനം നിരൂപക പ്രശംസ നേടിയെങ്കിലും ഈ ചിത്രം സമാന്തര സിനിമാവിഭാഗത്തില്‍ പെട്ടതിനാല്‍ അദ്ദേഹത്തിന് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല. എന്നാൽ ഇതിലെ ഗാനങ്ങള്‍ രചിച്ച ഗുല്‍സാറിനും ആലപിച്ച ആശാ ഭോസ്ലേക്കും ദേശീയ അവാര്‍ഡ് ലഭിച്ചു.
സംഗീതപ്രേമികളെ ദുഃഖത്തിലാഴ്ത്തി തന്റെ 54 മത്തെ വയസ്സില്‍ 1994 ജനുവരി 4 ആം തിയതി അദ്ദേഹം വിടപറഞ്ഞു. അദ്ദേഹത്തിന്റെ മരണ ശേഷം 1994 ഏപ്രില്‍ 15 ആം തിയതി റിലീസായ 1942 ഏക് ലവ് സ്റ്റോറി സൂപ്പര്‍ ഹിറ്റായി. ഇതിലെ സംഗീതത്തിനായി മൂന്നാമത്തെയും അവസാനത്തേതുമായ ഫിലിം ഫെയര്‍ അവാര്‍ഡ് മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ലഭിച്ചു. നേരെത്തെ രണ്ട് പ്രാവശ്യം ഫിലിം ഫെയർ പുരസ്കാരം നേടിയ ഇദ്ദേഹം 330 ലധികം ചിത്രങ്ങൾക്ക് ഈണമൊരുക്കിയീട്ടുണ്ട്. പ്രശസ്ത ഗായിക ആശാ ഭോസ്ലേയാണ് അദ്ദേഹത്തിന്റെ ഭാര്യ