ഇന്ന് (29-01-2023) റോമിയോ ആൻഡ് ജൂലിയറ്റിന്റെ പിറന്നാൾ….
Muhammed Sageer Pandarathil
ഷേക്‌സ്പിയറിന്റെ ആദ്യകാല ദുരന്തനാടകങ്ങളിലൊന്നായ ഇത് എക്കാലത്തേയും കൊണ്ടാടപ്പെട്ട ജനപ്രിയ പ്രണയ കഥയാണ്. ഇറ്റലിയിലെ ചെറുനഗരമായ വെറോണയിൽ പരസ്പരശത്രുതയിൽ കഴിഞ്ഞിരുന്ന ഇരുകുടുംബങ്ങളിൽ പെട്ട റോമിയോയും ജൂലിയറ്റും അനുരക്തരാവുന്നതും, പിന്നീട് രഹസ്യമായി വിവാഹിരായ ഇവർ വീട്ടുകാർ മൂലം മരണപ്പെടാൻ ഇടയാകുന്നതുമാണല്ലോ ഈ കഥ.
ഈ ദുരന്തനാടകത്തിന്റെ മൂലകഥകളെന്നു വിശേഷിപ്പിക്കാവുന്നവ മൂന്നെണ്ണമുണ്ട്. പക്ഷേ 1476 ൽ എഴുതപ്പെട്ട, മസൂസിയോ സലെർനിറ്റാനോയുടെ ‘മാരിയോട്ടോ ആന്റ് ഗനോസ’ (Masuccio Salernitano, author of Mariotto & Ganozza) ആണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ടതായി ഗണിച്ചു പോരുന്നത്. പ്രണയിതാക്കളുടെ കുലനാമം ഉള്ള ആളുകൾ ഇപ്പോഴും വെറോണയിൽ ഉള്ളതിനാലാവാം, ഇത് നടന്ന കഥയാണെന്ന് പലരും കരുതുന്നു. ജൂലിയറ്റിന്റേതെന്നു കരുതപ്പെടുന്ന വീട് കാണാൻ പലരും ഇവിടെ എത്തുന്നുണ്ട്. റോമിയോയും ജൂലിയറ്റും പ്രണയിച്ചു നിന്നതെന്ന് കരുതുന്ന മുകൾ നിലയിലെ തുറന്ന ബാൽക്കണി ഇപ്പോഴും അവിടെ കാണാം.
‘ഹിൽ ഓഫ് റോസസ്’ അഥവാ റോസാപ്പൂക്കളുടെ കുന്ന് എന്നു പേരിട്ടിരിക്കുന്ന പ്രണയകഥയാണ് ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. കുന്നിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലെ ജനങ്ങൾ കടുത്ത ശത്രുതയിലായിരുന്നു. എപ്പോഴും വിജനവമായിരുന്ന ആ കുന്ന് ഇരു ഗ്രാമക്കാരും ശ്മശാനമായി ഉപയോഗിച്ചിരുന്നു താനും. ചിലർ ധൈര്യശാലിയെന്നും മറ്റു ചിലർ ഭ്രാന്തനെന്നും വിശേഷിപ്പിച്ച റോമിയൂസ് അതിലൊരു ഗ്രാമത്തിൽ കഴിഞ്ഞിരുന്നു. അയാളുടെ ശത്രു ഗ്രാമത്തിലായിരുന്നു ലോകത്തിൽവെച്ച് ഏറ്റവും സുന്ദരിയായ പെൺകുട്ടി ജൂലിയെറ്റയും അവളുടെ സഹോദരൻ റ്റിബോറ്റും താമസിച്ചിരുന്നത്. ‘ആഹാ, ഞാൻ അവളെ കാണും, എന്തായാലും വേഷപ്രച്ഛന്ന വിരുന്നല്ലേ നടക്കാൻ പോകുന്നത്, ‘ റോമിയൂസ് വീമ്പു പറഞ്ഞു, ‘എങ്കിൽ അതൊന്നു കാണട്ടെ ‘ എന്ന് ചങ്ങാതി ക്വിക്‌സിൽവർ അവനെ എരികയറ്റി.
അങ്ങനെ വേഷം മാറിയ റോമിയൂസ് വിരുന്നിനു പോയി, ജൂലിയെറ്റയുടെ കൈ കവർന്ന് നൃത്തവും വച്ചു. തുടർന്ന് അവർ അനുരക്തരുമായി!. നൃത്താവസാനത്തിനു മുമ്പ് പിൻവാങ്ങിയ റോമിയൂസിനെ ജൂലിയെറ്റ അനുഗമിച്ചു, ശ്മശാനത്തിലൂടെ ചാടിക്കടന്ന് കുന്നുകയറിപ്പോകുന്ന അവൻ ശത്രു ഗ്രാമക്കാരനെന്ന് മനസ്സിലാക്കിയിട്ടും പിന്മാറാതെ അവൾ അവനെ വിളിച്ചു, അവൻ ഓടി വന്നു, നിലാവിനെ സാക്ഷിയാക്കി അവർ നീണ്ടുനിന്ന ചുംബനാലിംഗനത്തിലമർന്നു. പിന്നെ അവർ അവിടെവച്ച് പരസ്പരം വീണ്ടും വീണ്ടും കാണാൻ തുടങ്ങി. ഒരു ചുവന്ന റോസാപ്പൂവ് ജൂലിയെറ്റയ്ക്കും വെളുത്ത റോസാപ്പൂവ് റോമിയോവിനും കൈമാറിയാണ് കുന്നിൻ പുറത്ത് എത്തുമെന്ന സന്ദേശം ഇരുവരും പരസ്പരം കൈമാറിയിരുന്നത്. തങ്ങളുടെ വിവാഹം വഴി ഇരു ഗ്രാമക്കാരും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനാവുമെന്നും അവർ മോഹിച്ചു. ഒരു നാൾ, കനത്ത ഹിമപാതമുള്ളൊരു രാത്രി, ജൂലിയറ്റെയെ വീട്ടിൽ കൊണ്ടു ചെന്നാക്കാനും അന്നു രാത്രി അവിടെ തങ്ങാനും തന്നെ അനുവദിക്കണമെന്ന് റോമിയൂസ് അപേക്ഷിച്ചു.
പക്ഷേ വിവാഹത്തിനു മുമ്പ് ഒന്നിച്ചു കഴിയാനാവില്ല എന്ന ജൂലിയെറ്റയുടെ നിലപാട് അറിഞ്ഞപ്പോൾ ഉടനേ തന്നെ വിവാഹം നടത്താം എന്ന് അവർ പള്ളിയിലെത്തി, വിവരങ്ങൾ മനസ്സിലാക്കിയപ്പോൾ, ഈ വിവാഹം ഗ്രാമീണരുടെ സ്പർദ്ധ ഇല്ലാതാക്കും എന്നു പ്രത്യാശിച്ച വൈദികൻ കൂദാശ നടത്തിക്കൊടുത്തു.
വിവാഹിതരായി അവർ ജൂലിയെറ്റയുടെ മുറിയിൽ രാത്രി കഴിച്ചുകൂട്ടി. അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയം. പിറ്റേന്ന് രാവിലെ റോമിയൂസ് ഇരുചെവിയറിയാതെ സ്വന്തം നാട്ടിലേക്കു മടങ്ങി. ഇരുവരും അന്ന് തങ്ങളുടെ വീട്ടിൽ വിവരം അറിയിക്കാനായിരുന്നു തീരുമാനം. പക്ഷേ സഹോദരിയെ നിരീക്ഷിച്ചിരുന്ന റ്റിബോറ്റ് അവൾക്ക് ശത്രുഗ്രാമത്തിൽ നിന്ന് ഒരു പ്രണയേതാവുണ്ടെന്ന് മനസ്സിലാക്കിയിരുന്നു.
അന്ന് പുലർച്ചെ തന്റെ ഗ്രാമത്തിൽ തിരികെയെത്തിയ റോമിയൂസ് കാണുന്നത്, റ്റിബോറ്റിന്റെ നേതൃത്വത്തിൽ തന്റെ ഗ്രാമം ആക്രമിക്കപ്പെടുന്നതാണ്. തന്റെ ഭാര്യാ സഹോദരനായ റ്റിബോറ്റിനെ വധിക്കാൻ ശ്രമിച്ച ക്വിക്‌സിൽവറിനെ റോമിയൂസ് തടഞ്ഞു, പക്ഷേ രക്ഷപ്പെട്ട റ്റിബോറ്റാവട്ടെ ക്വിക്‌സിൽവറിനെ ആ അവസരമുപയോഗിച്ച് വെട്ടി കൊലപ്പെടുത്തി. തുടർന്ന് റോമിയൂസ് ഒറ്റക്ക് പടപൊരുതി എല്ലാവരേയും അവിടെനിന്നും തുരത്തി.തിരികെ വീട്ടിലെത്തിയ റ്റിബോറ്റ്, ജൂലിയെറ്റയോട് കാര്യങ്ങൾ പറഞ്ഞു. തങ്ങൾ തലേന്നു വിവാഹിതരായെന്ന് പറഞ്ഞതൊന്നും ചെവിക്കൊള്ളാതെ, താൻ വിളിച്ചുകൊണ്ടുവരുന്ന ആളിനെ അവൾ വിവാഹം കഴിക്കണം എന്ന വാശിയിൽ റോമിയൂസ് തറപ്പിച്ചുനിന്നു. ഇതേതുടർന്ന് ജൂലിയെറ്റ വൈദികന്റെ അടുത്ത് അഭയം തേടി. ഇരുവരും ആലോചിച്ചശേഷം ജൂലിയെറ്റയോട് ഒരു പ്രത്യേക കഷായം കുടിക്കാൻ പറഞ്ഞു. ഇതുകുടിച്ചാൽ മൂന്നു ദിവസത്തേക്ക് മരിച്ചതുപോലെ കിടക്കും, പക്ഷേ യഥാർത്ഥത്തിൽ മരിച്ചിട്ടുണ്ടാവുകയുമില്ല.
ജൂലിയെറ്റയുടെ സംസ്‌ക്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്ന സമയമെങ്കിലും സമാധാനമായി ഇരിക്കാൻ വൈദികൻ, റ്റിബോറ്റയോടു പറഞ്ഞതിൻ പ്രകാരം സംസ്‌ക്കാരം കഴിഞ്ഞയുടനെ അവളുടെ മരണത്തിന് കാരണക്കാരനായ റോമിയൂസിനെ കൊല്ലാൻ റ്റിബോറ്റ് തീരുമാനിച്ചു.അതിനായി പള്ളിയങ്കണത്തിൽ നിന്ന് ഒരു വെളുത്ത റോസാപ്പൂവ് പറിച്ച്, അതിൽ ജൂലിയെറ്റ മരിച്ചിട്ടില്ലെന്നും അവളുടെ ശവകുടീരത്തിൽ വരണമെന്നും എഴുതിയ ഒരു കുറിമാനം റോമിയൂസിന് എത്തിച്ചു.ആ രാത്രി ശവകുടീരത്തിലെത്തിയ റോമിയൂസിനെ റ്റിബോറ്റ് വെട്ടി കൊന്നു.മൂന്നാം നാൾ ഉണർന്നെഴുന്നേറ്റ ജൂലിയെറ്റ പ്രേതമാണോ ആത്മാവാണോ എന്നറിയാത്ത റ്റിബോറ്റ് ഭയന്ന് ക്ഷമ ചോദിച്ചു.
ഇരു ഗ്രാമക്കാരുടേയും ഇടയിൽ സമാധാനം വരുത്തണം എന്ന ആവശ്യം അയാൾ അംഗീകരിച്ചു, ജൂലിയെറ്റയുടെ ശവകുടീരത്തിൽ റോമിയൂസിനെ സംസ്‌ക്കരിച്ചു. റോമിയൂസിനെ നഷ്ടപ്പെട്ട ദുഃഖത്താൽ അവൾ, അവന്റെ ശവകുടീരത്തിൽ താമസമാക്കി. അവൾ അവിടം ഒരു പുണ്യസ്ഥലമാക്കി അവിടെ സന്യാസിനിയെപ്പോലെ കഴിഞ്ഞു. ഏറെ നാൾ കഴിയും മുമ്പേ ജൂലിയെറ്റയും മരിച്ചു. അവളെ അതേ ശവകുടീരത്തിൽ തന്നെ അടക്കുകയും ചെയ്തു.കഥ പറഞ്ഞു കേട്ട് ധാരാളം പേർ, പ്രത്യേകിച്ചും പ്രണയം കൊണ്ടു മുറിവേറ്റവർ, അവിടം സന്ദർശിക്കാനെത്തി. പിന്നെ അവിടെ പോകെപ്പോകെ ഒരു പ്രണയ സ്മാരകമായി മാറി. ഗ്രാമീണർ കുന്നു മുഴുവൻ റോസാച്ചെടികൾ നട്ടുപിടിപ്പിച്ചു. ഒരു വശം മുഴുവനും ചുവപ്പ്, മറുവശം മുഴുവനും വെള്ള. വൈരാഗ്യത്തിന്റെ വില ഓർമ്മിപ്പിച്ച് അവിടെ റോസാപ്പൂക്കൾ ഇന്നും ഇന്നും പൂത്തുലഞ്ഞു നിൽക്കുന്നത് കാണാം….