Muhammed Sageer Pandarathil
ഇന്ന് ഇന്ത്യക്കാരനായ ആദ്യത്തെ രാജ്യാന്തര ചലച്ചിത്ര നടൻ സാബു ദസ്തഗിറിന്റെ ജന്മദിനവാർഷികം…..
1924 ജനുവരി 27 ആം തിയതി കർണാടകയിലെ കാരപൂരിലാണ് ജനിച്ച സാബു ദസ്തഗിർ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ മൈസൂർ മഹാരാജാവിന്റെ ആന പാപ്പാൻമാരിൽ ഒരാളായിരുന്നു. അമ്മ അസാം സ്വദേശിനിയും.സാബുവിന്റെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു. 1931ൽ അച്ഛനും മരണപ്പെട്ടത്തോടെ സാബു ഉപജീവനത്തിനുവേണ്ടി അച്ഛന്റെ തൊഴിൽ തന്നെ സ്വീകരിക്കുകയായിരുന്നു. തുടർന്ന് മൈസൂറിൽ ആനപാപ്പാനായ സാബുവിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്, വിഖ്യാത ബ്രിട്ടീഷ് ഡോക്യുമെൻററി സംവിധായകനായിരുന്ന റോബർട്ട് ജെ. ഫ്ലഹെർട്ടിയുടെ ദി എലിഫെൻറ് ബോയ്’ എന്ന ചിത്രത്തിൽ അഭിനയിച്ചതായിരുന്നു.
റുഡ്യാർഡ് കിപ്ലിംഗിന്റെ ‘തുമായി ഓഫ് ദി എലിഫെന്റസ്’ എന്ന രചനയെ ആസ്പദമാക്കി റോബർട്ട് ജെ. ഫ്ലഹെർട്ടി സംവിധാനം ചെയ്ത ‘ദി എലിഫെൻറ് ബോയ്’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് അനുയോജ്യനായ ഒരു ബാല താരത്തെ തേടിയുള്ള അന്വേഷണത്തിനൊടുവിലാണ് 1935 ൽ 11 വയസ്സുള്ള സെലാർ ഷെയ്ഖ് സാബുവിനെ കാണുന്നത്. തുടർന്ന് 1935 ൽ തന്നെ ചിത്രീകരണം തുടങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞത്.
1937 ൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് നിരൂപകരുടെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു. ഒപ്പം സാബു അവിടെ ഒരു സൂപ്പർ സ്റ്റാർ ആയി മാറി. 1937 ലെ വെനീസ് ചലച്ചിത്രോത്സവത്തിൽ ഈ ചിത്രം മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടുകയുണ്ടായി. ആദ്യ ചിത്രത്തിന്റെ പിന്നാലെ സാബുവിനെത്തേടി അടുത്ത അവസരമെത്തി. എലിഫെന്റ് ബോയിയുടെ സംവിധാനത്തിൽ പങ്കാളിയായ സുൽത്താൻ കോർദ എ.ഇ മാൻസന്റെ നോവലിനെ ആധാരമാക്കി ഒരുക്കിയ ‘ദി ഡ്രം’ ആയിരുന്നു ചിത്രം.
തുകൽ വാദ്യ വിദ്വാനായ ഒരു ഇംഗ്ളീഷ് യുവാവും ഇന്ത്യൻ രാജകുമാരനും തമ്മിലുള്ള ബന്ധമായിരുന്നു വെയ്ൽസിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഇതിവൃത്തം. തുടർന്ന് അഭിനയിച്ച ‘ദി തീഫ് ഓഫ് ബഗ്ദാദ്’ സാബുവിന്റെ അഭിനയ ജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. ഈ ചിത്രം സംവിധാനം ചെയ്തത് ലുഡ്‌വിഗ് ബെർഗർ, മൈക്കൽ പവൽ, ടിം വെലൻ എന്നിവർ ചേർന്നായിരുന്നു. പ്രധാന കഥാപാത്രമായ അബുവിനെ അവതരിപ്പിച്ച സാബുവിനൊപ്പം ജൂൺ ഡ്യൂപ്രെസ്, ജോൺ ജസ്റ്റിൻ, റെക്സ് ഇൻഗ്രാം തുടങ്ങിയ പ്രമുഖരായിരുന്നു അഭിനയിച്ചത്.
രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതിനെ തുടർന്ന് തടസപ്പെട്ട ചിത്രീകരണവും അനുബന്ധ ജോലികളും ഇടക്ക് ഹോളിവുഡിലേക്ക് മാറ്റേണ്ടിവന്നു. ഈ സമയം ആർ.കെ.ഒയുടെ ‘ഗുംഗ ഡിൻ’ എന്ന ചിത്രത്തിൽ സാബു വേഷമിട്ടു.1940 ഡിസംബർ 25 ആം തിയതി പുറത്തിറങ്ങിയ ‘ദി തീഫ് ഓഫ് ബഗ്ദാദ്’ ഗംഭീര വിജയമായിരുന്നു. ഈ ചിത്രത്തിന് ഛായാഗ്രഹണം, കലാസംവിധാനം, ദൃശ്യ, ശബ്ദ മികവ് എന്നിവക്കുള്ള ഓസ്കാർ അവാർഡുകൾ ലഭിച്ചു. 1942 ൽ ഇറങ്ങിയ ജംഗിൾ ബുക്കിൽ സാബു മൌഗ്ലിയായാണ് വേഷമിട്ടത്. തുടർന്ന് യുണിവേഴ്സൽ പിക്ചേഴ്സിന്റെ നാലു ചിത്രങ്ങളിൽ അഭിനയിച്ചു. 1942 ൽ അറേബ്യൻ നൈറ്റ്സ്, 1943 ൽ വൈറ്റ് സാവേജ്, 1944 ൽ കോബ്രാ വുമൺ, 1946 ൽ ടാംഗിയർ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. എന്നാൽ ഇദ്ദേഹത്തിന് ഈ ചിത്രങ്ങളിലൊന്നും നായക വേഷമായിരുന്നില്ല.
രണ്ടാം ലോക മഹായുദ്ധം രൂക്ഷമായതോടെ അമേരിക്കൻ ട്രഷറി ഡിപ്പാർട്മെൻറിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാബു 30 നഗരങ്ങളിൽ പര്യടനം നടത്തുകയും റേഡിയോ പ്രക്ഷേപണത്തിൽ പങ്കെടുക്കുകയും ചെയ്ത സാബുവിന് 1944 ൽ അമേരിക്കൻ പൗരത്വം ലഭിച്ചു. തുടർന്ന് വടക്കൻ കരോലിനയിലെ ആർമി എയർഫോഴ്സിൽ പരിശീലനത്തിനു ചേർന്ന ഇദ്ദേഹം യുദ്ധത്തിൽ അമേരിക്കൻ വിമാനങ്ങളിൽ ടെയ്ൽ ഗണാറായി സേവനമനുഷ്ഠിച്ചു. പസഫിക് മേഖലയിൽ നാൽപ്പതോളം ദൗത്യങ്ങളിൽ പങ്കാളിയായ സാബുവിന് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരമായ ഡിസ്റ്റിംഗുഷ്ഡ് ഫ്ളൈയിംഗ് ക്രോസ് ലഭിച്ചു.
തുടർന്ന് ബ്രിട്ടനിൽ തിരിച്ചെത്തിയയുടൻ അടുത്ത ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചു.
1947 ൽ മൈക്കൽ പവൽ സംവിധാനം ചെയ്ത ‘ബ്ലാക്ക് നാർസിസസി’ൽ നായകനായിരുന്നില്ലെങ്കിലും പ്രാധാന്യമുള്ള വേഷമായിരുന്നു. അതേ വർഷം തന്നെ അടുത്ത ചിത്രമായ ‘എൻഡ് ഓഫ് ദി റിവറിൽ’ ബ്രസീലിയൻ താരറാണി ബിബി ഫെരെയ്‌റയായിരുന്നു സാബുവിന്റെ ഭാര്യയായി വേഷമിട്ടത്. ചിത്രം കാര്യമായ വിജയം കണ്ടില്ല.വീണ്ടും അമേരിക്കയിലെത്തിയ സാബു 1948 ൽ യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ‘മാൻ ഈറ്റർ ഓഫ് കുമായോൺ’ എന്ന ചിത്രത്തിൽ അഭിനയിച്ചു. അതേ വർഷം ജൂലായിൽ കൊളംബിയ ഫിലിംസിന്റെ ‘സോംഗ് ഓഫ് ഇന്ത്യ’യിൽ അഭിനയിക്കുമ്പോഴാണ് യുവ നടി മാരിലിൻ കൂപ്പറുമായി സാബു പ്രണയത്തിലാകുന്നത്. ചിത്രത്തിൽ സാബുവിന്റെ നായികയായി നിശ്ചയിച്ചിരുന്ന ഗെയ്ൽ റെസ്സലിന്റെ പകരക്കാരിയായാണ് മാരിലിൻ അഭിനയിക്കാനെത്തിയത്. 1948 ഒക്ടോബർ 19 ആം തിയതി ഇവർ വിവാഹിതരായി.
ഇദ്ദേഹം 1950 ൽ അഭിനയത്തോടൊപ്പം കോൺട്രാക്ടിംഗ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ബിസിനസുകളിൽ ഏർപ്പെട്ടു. അഭിനയ ജീവിതത്തിൽ തിരക്ക് കുറഞ്ഞതോടെ സാബുവിന് അവസരങ്ങൾ നാമമാത്രമായി. 1952 ൽ ബഗ്ദാദ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി സാബു വീണ്ടും ഇന്ത്യയിലെത്തി. അതേ വർഷം ഇംഗ്ലണ്ടിലേക്ക് മടങ്ങിയ ഇദ്ദേഹം പിന്നീട് ഹാരിംഗ്ഗേ സർക്കസിൽ ആന അഭ്യാസിയായി ജോലിക്ക് ചേർന്നു. ദി തീഫ് ഓഫ് ബഗ്ദാദ് എന്ന ചിത്രത്തിലെ വേഷത്തിലാണ് ഇദ്ദേഹം ആദ്യം സർക്കസിൽ പ്രത്യക്ഷപ്പെട്ടതെങ്കിലും കാണികൾ ഇതിൽ വലിയ താൽപര്യം പ്രകടിപ്പിക്കാത്തതിനാൽ പരമ്പരാഗാത വേഷമായ മുണ്ട് ധരിക്കാൻ നിർബന്ധിതനായി. കൊടും തണുപ്പിൽ മുണ്ട് ധരിച്ച് സർക്കസിൽ പങ്കെടുത്തത് സാബുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചു. 1953 ൽ സർക്കസ് സംഘത്തിനൊപ്പം അദ്ദേഹം യൂറോപ്പിൽ പര്യടനം നടത്തി.
തുടർന്ന് 1954 ൽ ഹലോ എലിഫെന്റ് എന്ന ഇറ്റാലിയൻ ചിത്രത്തിൽ വിറ്റോറിയോ ഡെസികക്കൊപ്പം അഭിനയിച്ചു. ഇതും 1956 ൽ പുറത്തിറങ്ങിയ ബ്ലാക് പാന്തറും നടൻ എന്ന നിലയിൽ സാബുവന് കാര്യമായ നേട്ടമുണ്ടാക്കിയില്ല. മുടങ്ങിപ്പോയ ചില ചിത്രങ്ങളിലെ രംഗങ്ങൾ ഉപയോഗിച്ച് തന്റെ അനുവാദമില്ലാതെ സംവിധാനം ചെയ്ത ജംഗിൾ ഹെൽ എന്ന ചിത്രത്തിന്റെ നിർമാതാവിനെതിരെ സാബു കോടതിയെ സമീപിച്ചതിനെ തുടർന്ന് ഈ ചിത്രം വെളിച്ചം കണ്ടില്ല.അലൈഡ് ആർട്ടിസ്റ്റ് പിക്ചേഴ്സ് കോർപ്പറേഷൻ 1957 ൽ സാബു ആൻഡ് ദ മാജിക് റിംഗ് എന്ന ചിത്രം പുറത്തിറങ്ങി. ഒരു നടന്റെ പേരിൽതന്നെ സിനിമ ഇറങ്ങുക എന്ന അപൂർവത ഇതിലൂടെ ഇയാൾക്ക് സ്വന്തമായി. 1959 ൽ ജർമൻ-ഇറ്റാലിയൻ ചിത്രമായ മിസ്ട്രസ് ഓഫ് ദി വേൾഡ്, 1963 ൽ റാംപേജ്, 1964 ൽ ടൈഗർ വോക്സ് എന്നിവയാണ് സാബുവിന്റെ അവസാന ചിത്രങ്ങൾ.
1963 ഡിസംബർ 2 ആം തിയതിതന്റെ 39 ആം വയസ്സിൽ അമേരിക്കയിലെ ചാറ്റ്സ്‌വർത്തിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ഇദ്ദേഹം അന്തരിച്ചു. വിഖ്യാതരായ ചലച്ചിത്ര താരങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന ഫോറസ്റ്റ്ലോൺ സെമിത്തേരിയിലാണ് ഇദ്ദേഹത്തെ സംസ്കരിച്ചത്.പോൾ സാബുവും ജാസ്മിൻ സാബുവും ആയിരുന്നു ഇദ്ദേഹത്തിന്റെ മക്കൾ. പോൾ സംഗീത ലോകത്ത് ചുവടുറപ്പിച്ചപോൾ ജാസ്മിൻ എഴുത്തുകാരിയും കുതിര പരിശീലകയുമായി. ജാസ്മിൻ 2001 ൽ നിര്യാതയായി.