Muhammed Sageer Pandarathil
ഉർവ്വശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമിച്ചിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രം തന്റെ ആദ്യ ചിത്രമായ ഓപ്പറേഷൻ ജാവക്ക് ശേഷം രണ്ടാമതായി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ്.ഇന്ത്യന്‍ പനോരമയില്‍ സെലക്ഷന് ലഭിച്ചതുള്‍പ്പടെ നിരവധി ദേശീയ/അന്തർ ദേശീയ അംഗീകാരം നേടിയ ശേഷമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
തേങ്ങയുടെ ഏറ്റവും ചെറിയ കായയായ വെള്ളക്ക കൊച്ചിയിലുള്ള തോപ്പുംപടിയിലെ കടലോര മേഖലയായ സൗദിയിലെ കുറച്ച് മനുഷ്യരുടെ ജീവിതത്തിൽ ഉണ്ടാക്കിയ ഒരു കേസിന്റെ കഥയാണ് പറയുന്നത്. 2005 മുതൽ 2019 വരെയുള്ള 14 വർഷങ്ങളോളം നീണ്ടുപോയ ഈ കേസിലെ കേന്ദ്രകഥാപാത്രം ദേവി വര്‍മയുടെ കഥാപാത്രമായ ഐഷ റാവുത്തറാണ്. ഇവർ 70 വയസ്സുള്ള ഒരു സ്ത്രീയാണ് ഇവരുടെ മകൻ സുജിത് ശങ്കറിന്റെ കഥാപാത്രമായ സത്താർ ഒരു ഓട്ടോ ഡ്രൈവറാണ്. ഇയാളുടെ ഭാര്യയാണ് ധന്യ അനന്യയുടെ കഥാപാത്രമായ നസീമ.
ഒരു ദിവസം കുറച്ച് പോലീസുകാർ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ലുക്മാൻ അവറാന്റെ കഥാപാത്രമായ അഭിലാഷ് ശശിധരനെ തേടി അവന്റെ നാട്ടിലെ വീട്ടിലേക്ക് വരുന്നു. എന്നാൽ ആ സമയത്ത് ആ വീട്ടിൽ അവന്റെ അമ്മ രമ്യ സുരേഷിന്റെ കഥാപാത്രമായ കലയും സഹോദരി നിൽജ കെ ബേബിയുടെ കഥാപാത്രം ഗർഭിണിയായ അനുമോളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടനെ അയാളോട് നാട്ടിലേക്ക് വരാൻ പോലീസ് ആവശ്യപ്പെടുന്നു.അവൻ കുട്ടിയായിരുന്ന കാലത്ത് അവന്റെ അച്ഛൻ കിരൺ പീതാബരന്റെ കഥാപാത്രമായ ശശിധരൻ കൊടുത്ത ഒരു കേസ് തീർപ്പാക്കാനായി കോടതിയിൽ ഹാജരാകാനാണ് അയാളോട് നാട്ടിലേക്ക് വരാൻ പോലീസ് ആവശ്യപ്പെട്ടത്. ഇതിനിടയിൽ അയാളുടെ അച്ഛൻ മരിച്ചു പോയിരുന്നു. തുടർന്ന് കാണിക്കുന്നത് 14 വർഷങ്ങൾക്ക് മുൻപ് നടന്ന ആ കേസിന്റെ കഥയാണ്. ഒരുദിവസം നസീമ റേഷൻകടയിൽ നിന്ന് അരിവാങ്ങി വരുമ്പോൾ ഐഷുമ്മ അയൽക്കാരൻ ജോസഫിന്റെ കഥാപാത്രമായ രാധാകൃഷ്ണനോട് തന്റെ വീട്ടിലേക്ക് ചവറിട്ടത്തിനെ പറ്റി തർക്കിക്കുകയാണ്. ഇവർ തമ്മിൽ മുൻപും ഇക്കാര്യം ചൊല്ലി വഴക്കുണ്ടായിട്ടുണ്ട്.
നസീമ ഉമ്മയെ അനുനയിപ്പിച്ച് അകത്തേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിലും, ഇവർക്ക് അത്ര ഇഷ്ടമല്ല മരുമകളെ, അതിനാൽ തന്നെ എന്തെങ്കിലും കുറ്റമോ കുറവോ ഇവർ കണ്ടെത്തും. അങ്ങിനെയാണ് റേഷൻ കടയിൽ നിന്ന് മണ്ണെണ്ണ വാങ്ങിയില്ല എന്നും പറഞ്ഞു അവർതന്നെ പാത്രമെടുത്ത് മണ്ണെണ്ണ വാങ്ങാൻ പോകുന്നത്.അടുത്ത വീടിന്റെ ടെറസ്സിൽ ട്യൂഷനു വന്ന കുറച്ച് കുട്ടികൾ മടൽ ബാറ്റും വെള്ളക്ക കൊണ്ടും ക്രിക്കറ്റ് കളിക്കുമ്പോൾ അവരടിച്ച വെള്ളക്ക താഴെ ആ വഴിയിലൂടെ മണ്ണെണ്ണ വാങ്ങി വരുന്ന ഐഷുമ്മയുടെ നെറ്റിൽ കൊള്ളുന്നത്. അതിൽ ദേഷ്യം കൊണ്ട അവർ അതിലെ ഒരു ചെക്കനെ ആ മടൽ ബാറ്റുകൊണ്ട് ഒന്നടിക്കുന്നു. അടികൊണ്ട ആ പയ്യന്റെ വായിൽ ഇളകി നിന്നിരുന്ന പല്ല് ആ വീഴ്ചയുടെ ശക്തിയിൽ പറിയുന്നു.
എന്നാൽ ഇവരോട് ദേഷ്യമുള്ള രാധാകൃഷ്ണനും ഇയാളുടെ കൂട്ടുകാരനും കല്യാണബ്രോക്കറുമായ സജിദ് പട്ടാളത്തിന്റെ കഥാപാത്രമായ ബോസ് തങ്കപ്പനും ചേർന്ന് അഭിലാഷ് എന്ന ആ കുട്ടിയുടെ അച്ഛനെ നിർബന്ധിച്ച് പെരുപ്പിച്ച് കാണിച്ച് പൊലീസിൽ ഐഷുമ്മക്കെതിരെ കേസ് കൊടുപ്പിക്കുന്നു.
ആ രാത്രി പോലീസ് ഐഷുമ്മയെ തേടി വീട്ടിലേക്ക് വരുന്നു. തുടർന്ന് അവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നു. ഇതിൽ ബേജാറായി സത്താർ അയാളുടെ അയൽവാസിയും രാഷ്ട്രീയകാരനുമായ ബിനു പപ്പുവിന്റെ കഥാപാത്രമായ ബ്രിട്ടോയുമൊത്ത് സ്റ്റേഷനിൽ പോയി കുറച്ചു കഷ്ടപ്പെട്ടായാലും സിദ്ധാർഥ് ശിവയുടെ കഥാപാത്രമായ ഗോവിന്ദരാജ ഷേണായി വക്കീലിന്റെ സഹായത്താൽ ആ രാത്രിക്ക് രാത്രി തന്നെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഉമ്മയെ ഹാജരാക്കി ജാമ്യത്തിൽ ഇറക്കുന്നു. പിന്നെ ഈ കേസ് പൊന്തിവരുന്നത് നാല് വർഷങ്ങൾക്ക് ശേഷം 2009 ലാണ്. അന്ന് ഉമ്മാക്ക് വേണ്ടി കേസ് നടത്താൻ സത്താറിനെ നെസീമ വിലക്കുന്നു. തുടർന്ന് ഉമ്മയെ വീട്ടിൽ നിന്ന് മാറ്റിനിർത്താൻ സത്താർ തീരുമാനിക്കുന്നു.
ഇതറിഞ്ഞ ഐഷുമ്മ അവരുടെ സ്വന്തം ഇഷ്ട്ടത്താൽ വീട്ടിൽ നിന്ന് മാറിനിന്ന് കേസ് നടത്താൻ തീരുമാനിക്കുന്നു. അങ്ങിനെ ആലുവയിലുള്ള സഹോദരന്റെ സഹായത്താൽ അവിടെ അടുത്തുള്ള ഒരു വീട്ടിലേക്ക് അവർ താമസം മാറുന്നു. ഉമ്മ വീട് വിട്ട് പോയ ദുഃഖത്തിൽ സത്താർ നാട് വിട്ട് പോകുന്നു.
തുടർന്ന് കേസ് നടത്താനായി ഷേണായി വക്കീലിനെ ഐഷുമ്മ അന്വേഷിക്കുമ്പോഴാണ് അയാൾ മരണപ്പെട്ട വിവരം അവരറിയുന്നത്. എന്നാൽ അയാളുടെ ജൂനിയർ ആയിരുന്ന ഗോകുലന്റെ കഥാപാത്രമായ അഡ്വക്കറ്റ് ഗോകുലൻ അവരുടെ ആ കേസ് ഏറ്റെടുക്കുന്നു.
അങ്ങിനെ അവർ അവിടെ അടുത്തുള്ള കടകളിൽ ഉണ്ണിയപ്പം ഉണ്ടാക്കി കൊടുത്ത് സാമ്പാദിക്കുന്ന പൈസ വെച്ച് കേസ് നടത്തുന്നു. ഇതിനിടയിൽ ഉമ്മ വീട് വിട്ട് പോയ ദുഃഖത്തിൽ സത്താർ നാട് വിട്ട് പോകുന്നു. എന്നാൽ ഈ സമയം ആ ഉമ്മ ആ പരിസരത്ത് കളിക്കുന്ന കുട്ടികളെയും മറ്റും ഇഷ്ടപ്പെടാൻ തുടങ്ങുന്നുണ്ട്.
കേസിൽ വാദിഭാഗത്ത് നിന്ന് ആരും ഹാജരാകാത്തതിനാലും മറ്റ് കെടുകാസര്യസ്ഥ മൂലവും അനന്തമായി നീണ്ട കേസ് പല കോടതിയും ജഡ്ജിമാരും മാറി മാറി പത്ത് വർഷങ്ങൾക്ക് ശേഷം 2019 ൽ എത്തി നിൽക്കുമ്പോഴാണ് അന്ന് കേസ് പരിഗണിച്ച ജഡ്ജി വിനോദ് സാഗറിന്റെ കഥാപാത്രമായ മജിസ്ട്രേറ്റ് ഉത്തരവിടുന്നത്, പോലീസ് ഇടപ്പെട്ട് എല്ലാ വാദികളെയും സാക്ഷികളെയും ഹാജരാക്കാൻ. അങ്ങിനെ നാട്ടിലെത്തിയ അഭിലാഷ് ബ്രിട്ടോയുമൊത്ത് വാദികളെയും സാക്ഷികളെയും തേടി ഇറങ്ങുന്നത്…..
തുടർന്നുള്ള രംഗങ്ങൾക്കായി തിയ്യറ്ററിലേക്ക് പോകാം….. സ്നേഹം നിറഞ്ഞ മനസ്സ് കണ്ണുകളെ ബാഷ്പീകരിക്കുന്നുവെങ്കിൽ അത് നിങ്ങളുടെ മനസിന്റെ വിശാലതയായിരിക്കും. അതിന്റെ ഉത്തമ ഉദാഹരണമായാണ്, ഈ സിനിമയുടെ അവസാന സീനില്‍ അഭിലാഷിനോട് ബ്രിട്ടോ ഇങ്ങിനെ പറയുന്നതും ‘നീയല്ലേ പറഞ്ഞത് മനുഷ്യന് ഇത്രയേ ഉള്ളു എന്ന്, എന്നാല്‍ മനുഷ്യന് ഇത്രയൊക്കെ ഉണ്ട് ‘. ശരണ്‍ വേലായുധന്റെ ഛായാഗ്രഹണവും നിഷാദ് യൂസഫിന്റെ ചിത്രസംയോജനവും പാലീ ഫ്രാന്‍സിസിന്റെ സംഗീതവും ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നുണ്ട്.