Muhammed Sageer Pandarathil
സ്മിത പാട്ടില്‍ 1955 ഒക്ടോബര്‍ 17 ആം തിയതി മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രവര്‍ത്തകനായ ശിവാജി റാവു പാട്ടീലിന്റെയും സാമൂഹ്യ പ്രവര്‍ത്തകയായ വിദ്യാ തായ് പാട്ടീലിന്റെയും മകളായി ജനിച്ചു. സ്കൂള്‍ പഠനം കാലത്തുതന്നെ മനോജ് കുമാറിന്റെ റോട്ടി കപ്പടാ മക്കാനിലേക്കും ദേവാനന്ദിന്റെ ഹരേ രാമ ഹരേ കൃഷ്ണയിലേക്കും സ്മിതയ്ക്കു നായികയാകാന്‍ ക്ഷണമുണ്ടായി. എന്നാല്‍ പഠനത്തിനു പ്രാമുഖ്യം കൊടുത്ത സ്മിതയുടെ കുടുംബം ക്ഷണം നിരസിക്കുകയായിരുന്നു.
ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഇന്ത്യയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തുവന്ന സ്മിത ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരികയായാണ് കരിയര്‍ ആരംഭിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന മുഖം പെട്ടെന്നു തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. ആദ്യ സിനിമ അഭിനയം ഒരു കുട്ടികളുടെ സിനിമയിലൂടെ ആയിരുന്നു. സ്മിത അഭിനയിച്ച ഈ ചിത്രം കണ്ട ശ്യാം ബെനഗൽ അവരെ ചരൺ ദാസ് ചോർ എന്ന ചിത്രത്തിൽ അഭിനയിപ്പിച്ചു. പിന്നീട് മേരേ സാത് ചല്/നിശാന്ത് എന്നീ ചിത്രത്തിലും അഭിനയിച്ചു. നിശാന്ത് സിനിമയിലായിരുന്നു സ്മിത ഷബാന ആസ്മിയുടെ കൂടെ ആദ്യമായി അഭിനയിച്ചത്.

1977 മറാത്തി അഭിനേത്രി ഹൻസ വാഡ്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ‘ഭൂമിക’ എന്ന ചിത്രത്തിൽ ബെനഗൽ വീണ്ടും സ്മിതയെ അഭിനയിപ്പിച്ചു. മൗനം കൊണ്ടു പോലും വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയുക എന്ന കഴിവ് ഇത്ര എളുപ്പം ക്യാമറയ്ക്കു മുന്നിൽ സഫലീകരിക്കാൻ സ്മിതയ്ക്കല്ലാതെ വേറെ ഒരു ഇന്ത്യൻ അഭിനേതാവിനോ/അഭിനേത്രിക്കോ കഴിയില്ലെന്നാണ് അന്ന് പലരും അഭിപ്രായപ്പെട്ടത്. ഈ കഥാപാത്രത്തിന്റെ അഭിനയ തികവ് ഏവരെയും അത്ഭുതപ്പെടുത്തി. അവർ മികച്ച നടിക്കുള്ള ദേശീയ അവാർഡിന് അർഹയായി.
ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും സമാന്തര സിനിമകളില്‍ മാത്രം സ്മിത തന്റെ അഭിനയം പരിമിതിപ്പെടുത്തി. കലാപരമായ മൂല്യങ്ങള്‍ക്ക് താന്‍ അഭിനയിക്കുന്ന ചലച്ചിത്രങ്ങളില്‍ സ്മിത എപ്പോഴും പ്രാധാന്യം കല്പ്പിച്ചിരുന്നു.ഗോവിന്ദ് നിഹലാനി/ ശ്യാം ബെനെഗല്‍/മൃണാള്‍ സെന്‍/സത്യജിത്ത് റായ്/രമേഷ് സിപ്പി തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടെ സിനിമകളില്‍ അഭിനയ മികവു തെളിയിച്ച ഇവരെ ആ കാലഘട്ടത്തിലെ ഇന്ത്യന്‍ സിനിമയുടെ രാജ്ഞി എന്നും വിശേഷിപ്പിച്ചിരുന്നു.

അഭിനയം കൂടാതെ സ്ത്രീ പുരോഗന സംഘടനകളിലും സ്മിത പ്രവര്‍ത്തിച്ചിരുന്ന അവർ അഭിനേതാവും രാഷ്ട്രീയ നേതാവുമായ രാജ് ബബ്ബാറിനെയായിരുന്നു വിവാഹം കഴിച്ചിരുന്നത്. ഇപ്പോൾ നടനും സംവിധായകനുമായ പ്രതിക് ബബ്ബാറിനെ പ്രസവിച്ചയുടനെ 1986 ഡിസംബര്‍ 13 ആം തിയതി അവർ മരണപ്പെടുകയായിരുന്നു.