ഇന്നായിരുന്നു കേരളത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ സുകുമാരക്കുറുപ്പ് സംഭവം നടന്നത്….
Muhammed Sageer Pandarathil
കേരളത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ സുകുമാരക്കുറുപ്പ് സംഭവം നടന്നത് 1984 ജനുവരി 22 ആം തിയതി ആയിരുന്നു.ചുരുക്കി പറഞ്ഞാൽ ചാക്കോ എന്ന മനുഷ്യനെ സുകുമാരക്കുറുപ്പ് കൊന്നു. എന്നിട്ട് ചാക്കോയുടെ ശവശരീരം കത്തിച്ചുകളഞ്ഞു. മരിച്ചത് താനാണെന്ന് വരുത്തി തീർത്ത് തന്റെ പേരിലുള്ള 8 ലക്ഷത്തിന്റെ ഇൻഷുറൻസ് തുക തട്ടിയെടുക്കുകയായിരുന്നു കുറുപ്പിന്റെ ലക്ഷ്യം. അങ്ങനെ തന്റെ മരണശേഷം ഭാര്യക്ക് ലഭിക്കുന്ന ഇൻഷുറൻസ് തുകയുമായി ഭാര്യയുമൊത്ത് എവിടെ എങ്കിലും പോയി ഒളിച്ചു താമസിക്കുക ആയിരുന്നു അയാളുടെ പ്ലാൻ.
അബുദാബിയിൽ മറൈൻ ഓപറേറ്റിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന സുകുമാരക്കുറുപ്പ് ആഡംബര ജീവിതത്തോടുള്ള അമിതമായ താല്പര്യത്തെ തുടർന്നാണ് കേരളം ചരിത്രത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ കൊടുംകുറ്റവാളിയായി മാറിയതെന്നാണ് കണ്ടെത്തൽ.ചെറിയ വരുമാനമുള്ള ജോലിയായിരുന്നെങ്കിലും അധികം വൈകാതെ ഭാര്യ സരസമ്മയെയും കുറുപ്പ് അബുദാബിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് അവർക്കും അവിടെ ജോലി ലഭിച്ചു. നാട്ടിലെത്തുമ്പോൾ ബന്ധുക്കളിൽനിന്ന് അകന്നു ജീവിക്കണമെന്ന ആഗ്രഹവുമായി ഇരുവരും അമ്പലപ്പുഴയ്ക്കു സമീപം പുതിയ വീടിന്റെ നിർമാണവും തുടങ്ങി. ആഘോഷങ്ങൾക്ക് പണം ചെലവഴിക്കാൻ മടിയില്ലാത്ത കുറുപ്പിന് നാട്ടിലും അബുദാബിയിലും ധാരാളം ആരാധകരുണ്ടായിരുന്നു. അവധിക്ക് കുറുപ്പ് നാട്ടിലെത്തിയാൽ അതു നാടറിയുന്ന ആഘോഷമാകും. പരിചയക്കാർക്കും സ്നേഹിതർക്കും പണവും പാരിതോഷികവും വാരിക്കോരി നൽകിയിരുന്നു.
കുറുപ്പിനും ഭാര്യയ്ക്കും കൂടി അക്കാലത്ത് അബുദാബിയിൽ മാസം 60,000 രൂപ ശമ്പളം ലഭിച്ചിരുന്നെന്നു പറയപ്പെടുന്നു. അക്കാലത്ത് ഇത് ഭീമമായ തുകയായിരുന്നെങ്കിലും ആഡംബര ജീവിതത്തോടുള്ള ഭ്രമം കാരണം ഒന്നും മിച്ചമുണ്ടായിരുന്നില്ല. തങ്ങളുടെ വരുമാനവുമായി ഒരു തരത്തിലും ഒത്തുപോകാത്ത തരത്തിലുള്ള ആഡംബരം നിറഞ്ഞ വീട് പണിയാനാണ് കുറുപ്പ് ലക്ഷ്യമാക്കിയിരുന്നത്. പണിതീരാത്ത ആ വീട് അമ്പലപ്പുഴയ്ക്ക് സമീപം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി ഇപ്പോഴും കാടുപിടിച്ചുകിടക്കുന്നുണ്ട്. ജോലി ചെയ്തിരുന്ന കമ്പനി ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നടത്തുന്നുണ്ടായിരുന്നു. വരുമാന മാർഗം ഇല്ലാതാകുമെന്ന ചിന്തയിൽ പുതിയ മാർഗങ്ങൾ തേടുമ്പോഴാണ് ഒരു ഇംഗ്ലീഷ് ഡിറ്റക്ടീവ് മാഗസിന് കയ്യിൽ കിട്ടിയത്. അതിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഒരാളെ കൊന്ന് കാറിലിരുത്തി കത്തിച്ച സംഭവം കുറുപ്പിന്റെ ചിന്തകളിൽ കുരുങ്ങിക്കിടന്നു. അബുദാബിയിൽ ഈ മാതൃകയിൽ കൊലപാതകം നടത്തിയാൽ പിടിക്കപ്പെടാനുള്ള സാധ്യത കണ്ടാണ് കുറുപ്പ് നാട്ടിലേക്കെത്തി.തുടർന്ന് മെഡിക്കൽ കോളേജിൽ നിന്ന് ഒരു ശവം സംഘടിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അത് നടക്കാതെ വന്നപ്പോൾ തന്നോളം വലിപ്പവും, രൂപസാദൃശ്യവും ഉള്ള ഒരാളെ കണ്ടെത്തി കൊന്ന് കത്തിക്കാൻ തീരുമാനിച്ചു. ഇതിനായി 1984 ജനുവരി 21 ആം തിയതി സുകുമാരക്കുറുപ്പും, കൂട്ടാളികളും ആലപ്പുഴയിലുടെ കാറിൽ സഞ്ചരിച്ചു. എന്നാൽ 23 കിലോമീറ്റർ കാറിൽ സഞ്ചാരിച്ചുവെങ്കിലും പറ്റിയ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല.
സുകുമാരക്കുറുപ്പും ഭാര്യാ സഹോദരിയുടെ ഭർത്താവ് ഭാസ്കരപിള്ളയും ഡ്രൈവർ പൊന്നപ്പനും ഗൾഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും അടങ്ങിയ ഈ സംഘം അങ്ങിനെ തിരികെ വരുമ്പോൾ കരുവാറ്റ ടിബി ജംഗ്ഷനിൽ ശ്രീഹരി ടാക്കീസിൽ കളക്ഷൻ വിവരങ്ങൾ ശേഖരിക്കാൻ എത്തിയ ഫിലിം റെപ്രസന്റേറ്റീവ് ആലപ്പുഴ സ്വദേശി ചാക്കോയെ ഈ സംഘം കണ്ടു.ഗർഭിണിയായ ഭാര്യ ശാന്തമ്മയ്ക്കരികിൽ എത്താൻ വാഹനം കാത്തുനിൽക്കുന്ന ഇയാളെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് അവർ കാറിൽ കയറ്റി. വഴിക്ക് വെച്ച് ഈതർ കലർത്തിയ ബ്രാണ്ടി ചാക്കോയെ കൊണ്ട് നിർബന്ധിച്ച് കുടിപ്പിച്ച ശേഷം ഒരു തൂവാല എടുത്ത് ചാക്കോയുടെ കഴുത്തിൽ മുറുക്കി ഇവർ കൊന്നു.

പിന്നീട് വീട്ടിലെത്തിച്ച് ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, അവർ സുകുമാരക്കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ആ ശരീരത്തിൽ ധരിപ്പിച്ചു. തുടർന്ന് മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി യാത്രയാരംഭിച്ചു. കൊല്ലകടവിൽ എത്തിയപ്പോൾ അവർ ചാക്കോയുടെ ശരീരം എടുത്ത് കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയ ശേഷം സമീപത്തെ നെൽവയലിലേക്ക് തള്ളിവിട്ടു.
അകത്തും പുറത്തും പെട്രോൾ തളിച്ച് കാറിന് തീ കൊടുക്കുകയും ചെയ്തു. തീ ആളിപ്പടർന്നതോടെ കുറുപ്പിന്റെ കാറിൽ കയറി എല്ലാവരും സ്ഥലം വിട്ടു. തീ കൊടുക്കാനുള്ള ശ്രമത്തിനിടെ സംഘത്തിലെ 2 പേർക്ക് പൊള്ളലേറ്റിരുന്നു. അവിടെ ഓടി രക്ഷപ്പെടുമ്പോൾ താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാൻ അവർ ശ്രദ്ധിച്ചുമില്ല. ഇതായിരുന്നു പിന്നീട് കേസിൽ നിർണായക വഴിതിരിവായത്.
ജനുവരി 22 ആം തിയതി പുലർച്ചെ മൂന്നുമണിയോടെ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരുകിൽ വയലിലാണ് ഇവർ ഈ സംഭവം നടത്തിയത്.

രാവിലെ പാടത്ത് കത്തികിടന്ന കാറിനെപ്പറ്റി അന്വേഷിക്കാൻ എത്തിയ പോലീസ് സംഘത്തിന് സമീപത്ത് ഗ്ലൗസ് കിടക്കുന്നത് കണ്ടതോടെ ഇത് ഒരു കൊലപാതകം ആണ് എന്ന് മനസിലായി. തുടർന്നുള്ള അനേഷണത്തിൽ കുറുപ്പിന്റ കൂട്ടാളികളെ അറസ്റ്റ് ചെയ്തതോടെ സംഭവം പുറത്ത് വന്നു. മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും ചാക്കോ ആണെന്നും. ആ കാർ കത്തിയെരിഞ്ഞ ആ പാടം ഇപ്പോൾ അറിയുന്നത് ചാക്കോപ്പാടം എന്ന പേരിലാണ്. കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഭാസ്കരപിള്ള ഇപ്പോൾ പുലിയൂരിലെ വീട്ടിലുണ്ട്. അതുപോലെ ചാവക്കാട് സ്വദേശി ഷാഹുവും.കൊലപാതക ശേഷം കുറുപ്പ് ഭൂട്ടാനിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചിരിക്കുന്നുവെങ്കിലും പിന്നീട് വിവരം ഒന്നും ലഭിച്ചില്ല. സംഭവം നടന്നിട്ട് 37 വർഷം കഴിഞ്ഞിട്ടും സുകുമാരക്കുറുപ്പ് ഒരു ചോദ്യചിഹ്നമായി തുടരുന്ന ഈ വേളയിലും ഇയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ 74-75 വയസ്സുണ്ടാകും. ചാക്കോയുടെ മരണശേഷം ജനിച്ച മകൻ ജിതിന്റെ കൂടെ ആലപ്പുഴയിലെ വീട്ടിൽ കഴിയുന്ന ചാക്കോയുടെ ഭാര്യ ശാന്തമ്മ തന്റെ പ്രിയപ്പെട്ടവന്റെ ജീവനെടുത്ത കൊലപാതകക്കേസ് അവസാനിച്ചുകാണാൻ ഇപ്പോഴും കാത്തിരിപ്പു തുടരുകയാണ്.
കുറുപ്പ് സിനിമ
ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഡി.വൈ.എസ്.പി. കൃഷ്ണദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കുറുപ്പിന്റെ കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി. ഹരിദാസിന്റെ കഥാപാത്രമാണ് കൃഷ്ണദാസ്.വിരമിക്കല്‍ ചടങ്ങിനിടെ കൃഷ്ണദാസിന്റെ ഡയറി യാദൃച്ഛികമായി സഹപ്രവര്‍ത്തകര്‍ വായിക്കുന്നതോടെയാണ് ഗോപീകൃഷ്ണന് എന്ന സുധാകര കുറുപ്പിന്റെ ജീവിതത്തിലേക്ക് കഥ പ്രവേശിക്കുന്നത്.കൃഷ്ണദാസിന്റെ ഡയറിയില്‍ നിന്ന് ഗോപീകൃഷ്ണന്റെ സുഹൃത്തായ പീറ്ററിലൂടെ കുറുപ്പിന്റെ ഭൂതകാലം പറയുകയാണ് ചിത്രം പിന്നീട്. പഠനത്തില്‍ മിടുക്കനല്ലാത്ത കുറുപ്പ് നിരവധി പരിശ്രമങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ജോലി തേടിയെത്തുന്നതും അവിടെയുള്ള പുതിയ സൗഹൃദങ്ങളും പ്രണയവുമൊക്കെയാണ് ആദ്യഭാഗങ്ങളിൽ കാണിക്കുന്നത്.

എയര്‍ഫോഴ്സില്‍ നിന്ന് തന്ത്രശാലിയായ ഗോപീകൃഷ്ണൻ അസുഖബാധിതനായി നാട്ടിലേക്കു ലീവ് എടുത്ത് പോകുന്നു. പിന്നെ പീറ്റർ കേൾക്കുന്നത് തന്റെ സുഹൃത്തിന്റെ വിയോഗ വാർത്തയാണ്. നാട്ടിലേക്ക് പോയ കുറുപ്പ് ആത്മഹത്യ ചെയ്തുവെന്നറിയുന്ന പീറ്റർ ഗോപീകൃഷ്ണന്റെ കാമുകിയായ ശാരദയെ അറിയിക്കുന്നു. എന്നാൽ ഗോപീകൃഷ്ണൻ ആത്മഹത്യ ചെയ്തോ എന്ന് ചോദ്യത്തിന് ഉത്തരം അധികം വൈകാതെ ശാരദ അറിയുന്നു.തുടർന്ന് ഗോപീകൃഷ്ണൻ സുധാകര കുറുപ്പായി ഗൾഫിലേക്ക് പോകുന്നതും അവിടെ വെച്ച് കുറുപ്പിന്റെ തന്ത്രങ്ങളും കുതന്ത്രങ്ങളും, ചാർലി എന്ന സാധു മനുഷ്യന്റെ കൊലപാതകവും അതിനു ശേഷമുള്ള പൊലീസ് അന്വേഷണവുമാണ് ചിത്രത്തിൽ പിന്നീട് നടക്കുന്നത്.
ഏവർക്കും കേട്ടുപരിചയമുള്ള കുറുപ്പിന്റെ രചന നിർവഹിച്ച ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും കലാസംവിധായകന്‍ ബംഗ്ലാനും സംഗീതമൊരുക്കിയ സുശീൻ ശ്യാമും കാസ്റ്റിംഗും മറ്റെല്ലാഘടകങ്ങളും നല്ലൊരു ഒരു എന്റര്ടെയ്നര് ഒരുക്കാന്‍ സംവിധായകന് ശ്രീനാഥ് രാജേന്ദ്രനെ സഹായിച്ചിട്ടുണ്ട്.പ്രേക്ഷക പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കാത്ത ഈ ചിത്രം ഒരു രണ്ടാം ഭാഗത്തിന് വഴിയൊരുക്കിയാണ് അവസാനിക്കുന്നത്.