Muhammed Sageer Pandarathil
നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി. പൃഥ്വിരാജ് എന്നിവരും വി.റ്റി.വി. ഫിലിംസും ചേർന്ന് നിർമിച്ചിരിക്കുന്ന ടീച്ചർ എന്ന ചിത്രം വിവേക് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം അമല പോൾ മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയ ഈ ചിത്രത്തിൽ ദേവിക എന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചറുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച ഒരു പ്രശ്നം അവൾ എങ്ങിനെ തരണം ചെയ്യുന്നുവെന്നാണ് പറയുന്നത്.ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ ചിത്രം ആരംഭിക്കുന്നത് തന്നെ ലൈംഗികാതിക്രമം നേരിട്ട പത്തുവയസ്സുകാരിയായ ഒരു കൊച്ചു പെൺകുട്ടിക്ക് നീതി നിഷേധിക്കപ്പെട്ട് കൊണ്ടാണ്. തുടർന്നുള്ള കഥ ഈ രംഗങ്ങളുടെ തുടർച്ചയൊന്നുമല്ലയെങ്കിലും, ഈ രംഗം ഇവിടെ വെറുതെ കാണിക്കുന്നതല്ല. ഇന്ന് നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ വിഷയത്തെ കുറിച്ച് നമ്മൾ സംസാരിക്കണം. എന്നുള്ള സദേശമാണ് ഇതിലൂടെ സംവിധായകൻ ഓർമപ്പെടുത്തുന്നത്.
അമല പോളിന്റെ കഥാപാത്രമായ ദേവികയും ഹക്കീം ഷായുടെ കഥാപാത്രമായ സുജിത്തും ഭാര്യ ഭർത്താക്കൻമരാണ്. സുജിത്ത് ഒരു ഹോസ്പിറ്റലിലെ അറ്റാന്ററും ദേവിക കൊല്ലം കാരിയായ ഒരു ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചറുമാണ്. ഒരു പകലിലേക്ക് ഉറക്കമുണരുന്ന ദേവികക്ക് തന്റെ മനസ്സിനെയും ശരീരത്തെയും തളർത്തുന്ന എന്തോ ഒന്ന് തലേദിവസം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസങ്ങളായി തന്റെ സ്ക്കൂളിൽ നടന്നിരുന്ന ജില്ലാ സ്പോഴ്സ് മീറ്റിന്റെ അവസാന ദിവസത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരു അവ്യക്ത ചിത്രമായി തന്റെ ഓർമയിൽ വരുന്നുണ്ടെങ്കിലും അത് കൃത്യമായി ഓർത്തെടുക്കാനാകുന്നില്ല. അത് അവളെ അസ്വസ്ഥയാക്കുന്നുണ്ട്. ഒപ്പം ഭീതിയും.
വിവാഹം കഴിഞ്ഞ് നാലു വർഷമായിട്ടും കുഞ്ഞുണ്ടാവാത്ത ദേവിക അപ്രതീക്ഷമായി ഗർഭിണി ആകുന്നതോടെ, അന്ന് ലൈംഗികമായി താൻ പീഡിപ്പിക്കപ്പെട്ടെന്ന് അവൾ ഉറപ്പിക്കുന്നു. അതിനാൽ ഈ ഗർഭധാരണത്തിന്റെ വിവരം അവൾ സുജിത്തിൽ നിന്ന് മറച്ചുവെക്കുന്നു. എന്നാൽ അടുത്ത ദിവസം നേരെത്തെ വീട്ടിലെത്തിയ സുജിത്ത് അവന്റെ സുഹൃത്തും ഒപ്പം ജോലിചെയ്യുന്നവനുമായ പ്രശാന്ത് മുരളിയുടെ കഥാപാത്രമായ കെവിനുമൊത്ത് വെള്ളം മടിക്കുമ്പോൾ, വലിക്കാൻ സിഗരറ്റ് തിരഞ്ഞ അയാൾക്ക്, അവൾ ഗർഭിണി ആണെന്ന ആ റിപ്പോർട്ട് കിട്ടുന്നു.
തുടർന്ന് ഇക്കാര്യം ദേവികയോട് ചോദിക്കുമ്പോൾ അവൾ തനിക്ക് നേരിട്ട അനുഭവം അവനോട് പറയുന്നു. എന്നാൽ, ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്ന അയാൾക്ക് ഇത് ഉള്‍ക്കൊള്ളാനാവുന്നില്ല. ഇയാൾ ഇക്കാര്യം കെവിനോട് പറയുന്നു. അങ്ങിനെ അയാളെയും കൂട്ടി വീട്ടിലെത്തിയ കെവിനെ ദേവിക നല്ല ചീത്ത പറഞ്ഞു വീട്ടിൽ നിന്ന് ഇറക്കി വിടുന്നു. ഈ ദേഷ്യത്തിൽ ഇക്കാര്യം അയാൾ ആശുപത്രിയിലെ ചില കൂട്ടുകാരോട് പറയുന്നു. അതിലൊരാൾ ഇക്കാര്യം സുജിത്തിനോട് ചോദിക്കുന്നു. ഇത് കേട്ട അയാൾ കെവിനിട്ട് നല്ല പൊട്ടിക്കൽ പൊട്ടിക്കുന്നു.
താൻ ഇങ്ങിനെ ഒരു ചതിയിൽ പെട്ടകാര്യം ദേവിക സുജിത്തിന്റെ അമ്മയും പഴയ വിപ്ലവക്കാരിയുമായ മഞ്ചു പിള്ളയുടെ കഥാപാത്രം കല്ല്യാണിയോട് പറയുന്നു. അവർ ഇവിടെ അവൾക്ക് തുണയാകുന്നു. അങ്ങിനെ അവൾ, താൻ വിദ്യാർത്ഥികളായി കണ്ട ഷെജീർ പി ബഷീറിന്റെ കഥാപാത്രമായ നൗഫൽ, സിദ്ധാർഥ് ബാബുവിന്റെ കഥാപാത്രമായ സന്ദീപ്, ജോസഫ് ഫ്രാൻസിസിന്റെ കഥാപാത്രമായ മാർട്ടിൻ, ആദിത്യ ശങ്കർ കൈമളിന്റെ കഥാപാത്രമായ നൗഫൽ എന്നീ നാലുപേരിൽ നിന്ന് തനിക്ക് നേരിട്ട പീഡനത്തിന് പകരം ചോദിക്കാൻ തീരുമാനിക്കുന്നു.
അതിലൊരുവനായ സന്ദീപിന്റെ വിവരങ്ങൾ തിരക്കി അവൾ അവന്റെ വീട്ടിൽ എത്തുന്നു. അവിടെ അന്ന് അവന്റെ ചേട്ടന്റെ വിവാഹ നിശ്ചയമാണ്. അയാളുടെ മുൻ കാമുകിയെ തേച്ചശേഷമാണ് അയാൾ ഈ കല്ല്യാണം നടത്തുന്നത്. അതിനാൽ ദേവിക അവളുടെ ആളാണെന്ന തെറ്റിധാരണയാൽ അവളെ ആ വീട്ടുക്കാർ ഉപദ്രവിക്കുന്നു. എന്നാൽ കൃത്യസമയത്ത് സന്ദീപ് ഇടപെട്ട് ആ രംഗം ശാന്തമാക്കുന്നു. ഇതിനിടയിൽ കല്ല്യാണ ചെക്കനെ അവന്റെ മുൻ കാമുകിയുടെ ആൾക്കാർ അപായപ്പെടുത്തുന്നു. അതെല്ലാം കഴിഞ്ഞ് സന്ദീപിന്റെ കാറിൽ ബസ്റ്റാന്റിൽ എത്തിയ അവൾ അവന്റെ ഫോൺ കോളിൽ നിന്ന് അവൻ അറിയാതെ മറ്റുള്ളവരുടെ വിവരങ്ങൾ മനസിലാക്കുന്നു.
തുടർന്ന് അതിലെ മറ്റൊരുവനായ നവീനെ തേടി അവൾ അവൻ ജോലി ചെയ്യുന്ന കൊച്ചിയിൽ എത്തുന്നു. അവിടെ അവളെ സഹായിക്കാൻ ചെമ്പൻ വിനോദിന്റെ കഥാപാത്രമായ മണിയെ കല്ല്യാണി ഏര്പ്പാടാക്കിയീട്ടുണ്ട്. അങ്ങിനെ അവനെ കണ്ട അവൾ അവനെ പ്രലോഭിപിച്ച് ഒരു ലോഡ്ജിലേക്ക് എത്തിക്കുന്നു. എന്നാൽ അവളുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് അവിടെ ആ നാലുപേരും എത്തുന്നു. എന്നാൽ അന്ന് അവളെ സഹായിക്കാൻ അവിടെ മണിക്ക് എത്താനും പറ്റുന്നില്ല……
തുടർന്ന് കാണാൻ നെറ്റ്ഫ്ലിക്സിലേക്ക് പോകാം….. ഡിസംബർ 23 മുതൽ സ്ട്രീമിംഗ് ആരംഭിച്ച ഈ ചിത്രം തിയറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണങ്ങള്‍ നേടിയ ശേഷമാണ് ഇവിടെ എത്തിയത്. നന്ദു, ഹരീഷ് പേങ്ങൻ, അനുമോൾ, മാലാ പാർവ്വതി, ഐ എം വിജയൻ, പ്രശാന്ത് മുരളി, ദിനേഷ് പ്രഭാകർ, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.അനു മൂത്തേടത്തിന്റെ ഛായാഗ്രാഹണവും ഡോൺ വിൻസന്റിന്റെ സംഗീതവും മനോജിന്റെ ചിത്രസംയോജനവും ചിത്രത്തെ കൂടുതൽ മികവുറ്റത്താക്കുന്നുണ്ട്.