ഇന്ന് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമദിനം.ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വീരമൃത്യു വരിച്ച അനേകായിരങ്ങളെ നാം വിസ്മരിച്ചു പോയിട്ടുണ്ട്. അവര്‍ ചരിത്രത്തിന്റെ പുറമ്പോക്കിലാണ്. അങ്ങനെ, പുറമ്പോക്കിലായവരില് ഒരാളാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹം നമ്മോട് വിടപറഞ്ഞിട്ട് ഇന്നേക്ക് (2021 ജനുവരി 20) 99 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
വാരിയംകുന്നത്ത് മൊയ്തീന് കുട്ടി ഹാജിയുടെയും തുവ്വൂരിലെ പറവട്ടി കുഞ്ഞായിശുമ്മയുടെയും മകനായി 1866 ല്‍ മഞ്ചേരിക്കടുത്ത് നെല്ലിക്കുത്തിലാണ് കുഞ്ഞഹമ്മദ് ഹാജി ജനിച്ചത്.
അദ്ദേഹത്തിന്റെ പിതാവ് ധീരദേശാഭിമാനിയായിരുന്നു. 1894 ല്‍ ഇംഗ്ലീഷുകാര്‍ക്കെതിരേ നടന്ന മണ്ണാര്‍ക്കാട്ട് യുദ്ധത്തില്‍ പങ്കെടുത്തതിന് പിതാവിനെ ബ്രിട്ടീഷുകാര്‍ ആന്തമാനിലേക്ക് നാടുകടത്തി. പിതൃസ്വത്തായ 200 ഏക്കര്‍ ഭൂമി കണ്ടുകെട്ടുകയും ചെയ്തു. അതിനാല്‍ മാതാവിന്റെ വീട്ടിലായിരുന്നു കുഞ്ഞഹമ്മദ് ഹാജി ബാല്യകാലം കഴിച്ചുകൂട്ടിയത്. വള്ളുവങ്ങാട് കുന്നുമ്മല്‍ പ്രൈമറി സ്കൂളിലെ പഠനശേഷം ആലി മുസ്ലിയാരുടെ പിതൃസഹോദരന് എരിക്കുന്നന്‍ മമ്മദ് കുട്ടി മുസ്ലിയാരില്‍ നിന്ന് മതപഠനവും നടത്തിയ അദ്ദേഹം പിന്നീട് കൃഷിയിലേക്കും കച്ചവടത്തിലേക്കും തിരിഞ്ഞെങ്കിലും മണ്ണാര്‍ക്കാട് ലഹള അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി തീരുകയായിരുന്നു. പിതാവിനെ നാടുകടത്തപ്പെട്ടതോടെ ഉണ്ടായ ബ്രിട്ടീഷ് വിരോധം മണ്ണാര്‍ക്കാട് ലഹളയോടെ പരസ്യമായ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹത്തെ ഇറങ്ങാൻ പ്രേരിപ്പിച്ചു.
സമരങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് അക്കാലത്തെ പ്രമുഖ പണ്ഡിതന്മാര്ക്കെല്ലാം അദ്ദേഹം കത്തയച്ചു. ഈ കത്തുകള്‍ ശ്രദ്ധയില്‍ പെട്ടതോടെ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യാനൊരുങ്ങിയെങ്കിലും അവര്‍ക്ക് പിടികൊടുക്കാതെ വേഷപ്രച്ഛന്നനായി കുഞ്ഞഹമ്മദ് ഹാജി നാടുവിട്ടു. ആ യാത്ര ചെന്നവസാനിച്ചത് വിശുദ്ധ മക്കയിലായിരുന്നു. മൂന്നു വര്‍ഷത്തെ മക്കാജീവിതം അദ്ദേഹത്തെ നിപുണനായ ഒരു പണ്ഡിതനാക്കി മാറ്റി.മലബാര്‍ സമരത്തിന്റെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍ മടങ്ങിയെത്തിയെങ്കിലും ജന്മനാട്ടില് താമസിക്കാന്‍ ഗവണ്മെന്റ് അനുവദിച്ചില്ല. അതുകാരണം മൊറയൂരിനടുത്ത പോത്തുവെട്ടിപ്പാറയിലായിരുന്നു അദ്ദേഹം ആദ്യം താമസിച്ചത്.
മലബാര്‍ കലക്ടര്‍ ഇന്നിസിനെ കരുവാരക്കുണ്ട് വെച്ച് പതിയിരുന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഹാജി കുറ്റക്കാരനാണെന്ന് കണ്ട് അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചു. പോത്തുവെട്ടിപ്പാറയില്‍ താമസിച്ചിരുന്ന അദ്ദേഹത്തിന് അങ്ങിനെ ജന്മനാട്ടിലേക്ക് പോകാന്‍ അനുവാദം ലഭിച്ചു.
നാട്ടിൽ തിരിച്ചെത്തിയ ഹാജി മരക്കച്ചവടം തുടങ്ങി. ഇത് ഏറനാട്/ വള്ളുവനാട്/കോഴിക്കോട് എന്നിവിടങ്ങളിലെ വ്യാപാര പ്രമുഖരുമായും സാധാരണ തൊഴിലാളികളുമായും നല്ല ബന്ധമുണ്ടാക്കാന്‍ ഇത് സഹായമേകി.അക്കാലത്ത് അദ്ദേഹത്തിന്റെ പക്കൽ ധാരാളം പോത്ത് വണ്ടികൾ ഉണ്ടായിരുന്നു. ഇത് മലബാര്‍ സമരകാലത്ത് പോത്തുവണ്ടി/ കാളവണ്ടി ഉടമകളെ സംഘടിപ്പിച്ച് ബ്രിട്ടീഷ് ഗവണ്മെന്റിനും ജന്മിമാര്‍ക്കുമെതിരെ അണിനിരത്താനും എളുപ്പമായി.ഖിലാഫത്ത് പ്രസ്ഥാനം ശക്തിയാര്‍ജിച്ചപ്പോള്‍ അദ്ദേഹം അതിന്റെ സജീവ പ്രവര്‍ത്തകനായി. ആലി മുസ്ലിയാര്/കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്/എം പി നാരായണമേനോന് തുടങ്ങിയവരായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഹാജിയുടെ ഉറ്റ സുഹൃത്തുക്കളും സഹപ്രവര്‍ത്തകർ.
ഇതിൽ ആലി മുസ്ലിയാരെയാണ് നേതാവായി ഹാജി അംഗീകരിച്ചത്. 1921 ആഗസ്റ്റില്‍ തിരൂരങ്ങാടിയില്‍ പട്ടാളം നടത്തിയ അതിക്രൂരമായ നരനായാട്ടിനെ തുടര്‍ന്ന് അദ്ദേഹം ആനക്കയത്തു നിന്ന് ആറായിരത്തിലധികം ആയുധധാരികളായ ഖിലാഫത്ത് പോരാളികളോടൊപ്പം അദ്ദേഹം ആഗസ്റ്റ് 22 ആം തിയതി തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ട അദ്ദേഹം പാണ്ടിക്കാട് പോലീസ് സ്റ്റേഷന് ആക്രമിച്ച് തോക്കും ആയുധങ്ങളും കൈക്കലാക്കി.1921 ആഗസ്റ്റ് 29 ആം തിയതി അദ്ദേഹവും സംഘവും റിട്ടയേര്‍ഡ് ഇന്‍സ്പെക്ടര്‍ ചേക്കുട്ടിയെ കൊലപ്പെടുത്തി.1894 ലും 1897 ലും നടന്ന മാപ്പിളമാരുടെ സായുധസമര കാലത്ത് ഇന്‍സ്പെക്ടറായിരുന്ന ചേക്കുട്ടി ഇദ്ദേഹത്തിന്റെ കുടുംബത്തെ അതിക്രൂരമായി മര്‍ദിച്ചിരുന്നു.
തുടർന്ന് പൂക്കോട്ടൂര്‍ നിവാസികള്‍ക്ക് സാന്ത്വനം നല്കി കുറച്ചുകാലം അദ്ദേഹം അവിടെ താമസിച്ചു. ബ്രിട്ടീഷുകാരുടെ ഒത്താശക്കാരനായിരുന്നു കൊണ്ടോട്ടി തങ്ങള്‍ ഇദ്ദേഹത്തിന്റെ സാന്നിധ്യത്തെ ഭയന്ന് തന്നെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പട്ടാള കമാന്റര്‍ക്ക് കത്തയച്ചു.ഈ വിവരമറിഞ്ഞ ഹാജിയും സംഘവും പൂക്കോട്ടൂരില്‍ നിന്ന് മഞ്ചേരിയിലേക്കും അവിടെ നിന്ന് അരീക്കോട്ടേക്കും പോയി. അവിടെ നിന്ന് 1921 ഒക്ടോബര്‍ 28 ആം തിയതി സായുധ യോദ്ധാക്കളോടൊപ്പം കൊണ്ടോട്ടിയിലെത്തി. വഴിയില്‍ വെച്ച് ഒട്ടേറെ മതപണ്ഡിതന്മാരും മുസ്ലിം യുവാക്കളും സംഘത്തില്‍ ചേര്‍ന്നു. കൊണ്ടോട്ടിയിലെത്തിയ ഉടനെ അവര്‍ പോലീസ് സ്റ്റേഷന് തകര്‍ത്തു. രജിസ്ട്രാര്‍ ഓഫീസ് കത്തിച്ചു.
അവര്‍ പിന്നീട് പോയത് കൊണ്ടോട്ടി ഖുബ്ബയിലേക്കായിരുന്നു. ഖുബ്ബയിലുണ്ടായിരുന്ന ഹസന്‍കുട്ടി മൊല്ല നഗാറ അടിക്കാന്‍ തുടങ്ങി. സഹായത്തിന് ആളെക്കൂട്ടാനായിരുന്നു നഗാറ. അതിനാല്‍ സംഘം അത് തടഞ്ഞു. അനുസരിക്കാതിരുന്ന ഹസന്‍കുട്ടി മൊല്ലയെ ആരോ കുത്തിമലര്‍ത്തി. ഹാജിയും കൂട്ടരും ഖുബ്ബയിലേക്ക് വരുന്നതു കണ്ട നസ്വ്റുദ്ദീന്‍ തങ്ങള്‍, കാര്യസ്ഥന് കോയ ഹസന് കോയ അധികാരി, അത്തറക്കാട്ട് കുട്ട്യസ്സന് എന്നിവര്‍ ഇരട്ടക്കുഴല്‍ തോക്കെടുത്ത് തുരുതുരാ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഹാജിയുടെ സംഘത്തിലെ കമ്മു കൊല്ലപ്പെട്ടു.അവരെ കീഴ്പെടുത്തിയ ഹാജിയും അനുയായികളും കൊണ്ടോട്ടിയില്‍ നിന്ന് അരീക്കോട്ടേക്ക് യാത്രയായി. അവിടെ നിന്ന് കുറെ പേരെ കൂട്ടി നിലമ്പൂരിലേക്കും പോയി.
പിന്നീട് നിലമ്പൂരായിരുന്നു വാരിയംകുന്നത്തിന്റെ ഖിലാഫത്ത് ആസ്ഥാനം. തന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ പലര്‍ക്കായി അദ്ദേഹം ചുമതല നല്കി. സഹോദരന് മൊയ്തീന്‍കുട്ടിക്ക് നിലമ്പൂര്‍ പുഴയുടെ വടക്കുഭാഗങ്ങളും, ചുങ്കത്തറയും ചുറ്റുമുള്ള സ്ഥലങ്ങളും വാരിയംകുന്നത്ത് കുഞ്ഞുട്ടിഹാജിക്കും എടക്കരയും പരിസര പ്രദേശങ്ങളും ചക്കുംപുറത്ത് ആലിക്കുട്ടിക്കും, കൂറ്റമ്പാറ പ്രദേശങ്ങള്‍ ഉണ്ണിത്തറിക്കും കരുവാരക്കുണ്ട്/കാളികാവ് ദേശങ്ങള്‍ വാരിയംകുന്നത്ത് കോയാമുഹാജിക്കും നല്കി. നീതിനിര്‍വഹണത്തില്‍ അവരെല്ലാം ഹാജിയുടെ കല്പനകള് പൂര്‍ണമായും അനുസരിച്ചു. സെപ്റ്റംബര്‍ 20 ആം തിയതി വെള്ളിനേഴിക്കടുത്ത് വെച്ച് മാപ്പിള നേതാക്കളുടെ സമ്മേളനം വാരിയംകുന്നത്ത് വിളിച്ചുചേര്‍ത്തു. ഖിലാഫത്ത് പ്രക്ഷോഭത്തെ വിജയകരമായി മുന്നോട്ടുനയിക്കാവുന്ന സുപ്രധാന തീരുമാനങ്ങള്‍ സമ്മേളനം കൈക്കൊണ്ടു.ഹിന്ദുപ്രജകളുടെ പരാതികള്‍ കുഞ്ഞഹമ്മദ് ഹാജി ഒത്തുതീര്‍പ്പാക്കി. സമുദായങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും നിലനിര്‍ത്താന്‍ അദ്ദേഹം നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു.
വാരിയംകുന്നത്ത് സ്ഥാപിച്ച കോടതി മൂന്നുപേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഹിന്ദു സ്ത്രീകളെ മാനഭംഗപ്പെടുത്തിയതായിരുന്നു അവര്‍ക്കെതിരെയുണ്ടായിരുന്ന കുറ്റം. റോഡ്, കടവുകള്‍ എന്നിവയില്‍ ചുങ്കം പിരിവ് ആരംഭിച്ചത് ഹാജിയായിരുന്നു. സമര ഭടന്മാരുടെ രജിസ്റ്റര്‍ ഉണ്ടാക്കി. ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്ന് കണ്ടെടുത്ത സിഗ്നല്‍ സിസ്റ്റം ഉപയോഗിച്ച് പട്ടാളക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാക്കി. ബ്രിട്ടീഷ് രീതിയില്‍ തന്നെയായിരുന്നു ഹാജിയുടെയും ഭരണം. കലക്ടര്‍, ഗവര്‍ണര്‍, വൈസ്രോയി, രാജാവ് എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളും അനുസരിച്ചു. വാര്‍ത്താ വിനിമയ രീതിയും പകര്‍ത്തി. വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ ക്രൂരമര്‍ദനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ഹാജിയും സംഘവും ഗറില്ലായുദ്ധം പരീക്ഷിച്ചു. ബ്രിട്ടീഷുകാരെ ഞെട്ടിച്ച യുദ്ധമുറയായിരുന്നു ഇത്.
400 പേരടങ്ങുന്ന ഹാജിയുടെ സംഘം പാണ്ടിക്കാട്ടെ ഒരു ഗൂര്‍ഖാ ക്യാമ്പ് ഒരു രാത്രികൊണ്ട് ആക്രമിച്ച് 75 ഗൂര്‍ഖകളെ കൊന്നൊടുക്കി. കുപിതരായ ബ്രിട്ടീഷുകാര്‍ മാപ്പിളവീടുകള്‍ കയ്യേറി ബയണറ്റുകൊണ്ട് പുരുഷന്മാരെ കുത്തിക്കൊന്നു. സ്ത്രീകളെ അപമാനിച്ചശേഷം വെട്ടിക്കൊന്നു. ആലി മുസ്ല്യാരുടെയും കുഞ്ഞഹമ്മദ് ഹാജിയുടെയും നെല്ലിക്കുത്തിലെ വീടുകള്‍ കൈബോംബുകൊണ്ട് ചുട്ടെരിച്ചു.
പാണ്ടിക്കാട്ടെ പട്ടാളക്യാമ്പ് ആക്രമിക്കാന്‍ ചെമ്പ്രശ്ശേരി തങ്ങളുമായി ചേര്‍ന്ന് പദ്ധതിയൊരുക്കിയതും കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. കാളികാവിനടുത്ത കല്ലാമൂലയില്‍ വെച്ചു നടന്ന ഏറ്റുമുട്ടലില്‍ ഹാജിയുടെ സൈന്യത്തിലെ 35 പേര് കൊല്ലപ്പെട്ടു. അതിനെത്തുടര്‍ന്ന് ഗൂഡല്ലൂര്‍ പോലീസ് ട്രയിനിംഗ് ക്യാമ്പ് ആക്രമിച്ച് ഒട്ടേറെ ബ്രിട്ടീഷുകാരെ വകവരുത്തി.
ഒരു നിലക്കും പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥ സംജാതമായപ്പോൾ മാപ്പിള പോരാളികളോടൊത്ത് രക്തസാക്ഷിത്വം വരെ ഒരവസാന പോരാട്ടം നടത്താൻ ഹാജി തയ്യാറെടുത്തു.ഇത് മനസ്സിലാക്കിയ അധികാരികള്‍ എന്തുവിലകൊടുത്തും ഹാജിയെ ജീവനോടെ പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു. ഹാജിയെ പിടികൂടാന്‍ ഒരുപാട് ചാരന്മാരെ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ കുഞ്ഞഹമ്മദാജിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളും സാത്വികനുമായ ഉണ്യാലി മുസ്ല്യാരെ ആമു സൂപ്രണ്ടും ബ്രിട്ടീഷ് ഇന്റലിജന്‍സുകളും ഇടനിലക്കാരനാക്കി.കുഞ്ഞഹമ്മദാജിക്ക് മാപ്പ് നല്കി മക്കയിലേക്കയക്കാമെന്ന് പറയുന്നത് കേട്ട് വീണതായിരിക്കണം ആ പാവം. പോലീസ് നിര്‍ദ്ദേശിച്ച വഴികാട്ടിയുമൊത്ത് താളന്‍പൂന്‍ കുഴിമലയില്‍ ചെന്ന് ഹാജിയെ കണ്ട് കാര്യം അറിയിച്ചു. അന്നത്തെ അസര്‍ നമസ്ക്കാരം ഉണ്യാലി മുസ്ല്യാരുടെ നേതൃത്വത്തിലായിരുന്നു. ഇതിനിടെയാണ് ചെമ്പ്രശ്ശേരി തങ്ങളും സംഘവും പോലീസിന് കീഴൊതുങ്ങിയ വിവരമെത്തിയത്.
ചെറുത്തുനില്പ് അസാധ്യമാണെന്ന് മനസ്സിലാക്കിയതോടെ ഹാജിയുടെ സംഘത്തിലെ ചിലരും കീഴടങ്ങി. ഹാജിയുമായി അടുപ്പമുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ രാമനാഥ അയ്യരും സുബൈദാര്‍ കൃഷ്ണപ്പണിക്കരും കോണ്‍സ്റ്റബിള്‍ ഗോപാല മേനോനും അദ്ദേഹത്തിന് സുരക്ഷിതത്വം വാഗ്ദാനം ചെയ്തിരുന്നു. മക്കയിലേക്ക് നാടുകടത്താനാണ് തീരുമാനമെന്നും മറ്റൊരു ശിക്ഷയും നല്‍കില്ലെന്നും അവര്‍ മുഖേന ഉറപ്പ് കിട്ടിയിരുന്നു. പക്ഷേ, അതൊരു കൊടും ചതിയായിരുന്നു.1922 ജനുവരി 6 ആം തിയതി ഹാജിയും 20 അനുയായികളും മുന്‍നിശ്ചയപ്രകാരം ബ്രിട്ടീഷ് താവളത്തിലെത്തി. ആയുധം വെച്ച് ഹസ്തദാനത്തിനായി കൈ നീട്ടിയതോടെ അവര്‍ അദ്ദേഹത്തിന്റെ കയ്യില്‍ വിലങ്ങുവെച്ചു. കല്ലാമൂലയില്‍ വെച്ചായിരുന്നു ഈ സംഭവം. ഹാജിയെയും അനുയായികളെയും അവിടെനിന്ന് മഞ്ചേരിയിലേക്ക് കൊണ്ടുപോകുന്നത് കാണാന്‍ വണ്ടൂര്‍ മുതല്‍ മഞ്ചേരിവരെ നാനാജാതി മതസ്ഥര്‍ പൊതുനിരത്തില്‍ കൂട്ടമായി കാത്തുനിന്നു.
മഞ്ചേരിയില്‍ നിന്ന് മലപ്പുറത്തേക്ക് കൊണ്ടുവന്ന ഹാജിക്ക് മാര്‍ഷ്യല്‍ കോടതി വധശിക്ഷ വിധിച്ചു. 1922 ജനുവരി 20 ആം തിയതി രാവിലെ മലപ്പുറം കോട്ടക്കുന്നില്‍ ആ ഇതിഹാസം അസ്തമിച്ചു.മരണത്തെപ്പോലും നിര്‍ഭയമായി നേരിട്ട ആ വിപ്ലവകാരിയുടെ രക്തസാക്ഷിത്വം ചരിത്രവിരോധികള്‍ വികലമാക്കിയാലും ആ അധ്യായം എന്നും ജ്വലിച്ചുകൊണ്ടിരിക്കും. ഒരു കാലഘട്ടം നിറയെ മാപ്പിളമാരുടെ ആത്മധൈര്യത്തിന്റെയും അഭിമാനത്തിന്റെയും പേരായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. കാലുഷ്യത്തിന്റെ വര്‍ത്തമാനകാലത്ത് നേരിനൊപ്പം നില്ക്കാന് ആ ഓര്‍മകള്‍ നമുക്കു കരുത്തുപകരട്ടെ.
കടപ്പാട്: മലബാർ കലാപം/കെ.മാധവൻ നായർ. ആംഗ്ലോ മാപ്പിള യുദ്ധം/എ.കെ.കോടൂർ.