Muhammed Sageer Pandarathil
നടൻ, തിരക്കഥാകൃത്ത്, എഡിറ്റർ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ ഹിന്ദി ചലച്ചിത്ര ലോകത്ത് പ്രശസ്തനായ വിജയ് ആനന്ദിനെ ഞാൻ അറിയുന്നത് 1994 ൽ ദൂരദർശനിൽ ടെലികാസ്റ്റ് ചെയ്ത തെഹ്കികാത്ത് എന്ന പരമ്പരയിലൂടെ ആയിരുന്നു. അതിൽ അദ്ദേഹം ഡിറ്റക്ടീവ് സാമിന്റെ വേഷത്തിലായിരുന്നു. പിന്നീടാണ് ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിഞ്ഞത്. അഭിഭാഷകനായ പിഷോരി ലാൽ ആനന്ദിന്റെ ഒമ്പത് മക്കളിൽ ഏറ്റവും ഇളയ മകനായി 1934 ജനുവരി 22 ആം തിയതി പഞ്ചാബിലെ ഗുരുദാസ്പൂരിലായിരുന്നു വിജയ് ആനന്ദ് ജനിച്ചത്.
നിർമ്മാതാവും സംവിധായകനുമായ ചേതൻ ആനന്ദും പ്രശസ്ത നടൻ ദേവ് ആനന്ദും അദ്ദേഹത്തിന്റെ സഹോദരന്മാരായിരുന്നു. അദ്ദേഹത്തിന്റെ ഒരു സഹോദരി ആയിരുന്നു ചലച്ചിത്ര സംവിധായകൻ ശേഖർ കപൂറിന്റെ അമ്മയായ ഷീൽ കാന്ത കപൂർ. ഇദ്ദേഹം തന്റെ മൂത്ത സഹോദരിയുടെ മകളായ സുഷമ കോലിയെയാണ് വിവാഹം കഴിച്ചത്. അമ്മാവൻ മരുമകളെ കല്ല്യാണം കഴിക്കുന്നത് നിഷിദ്ധമായിരുന്ന കാലഘട്ടത്തിൽ ആയിരുന്നു, ഇങ്ങിനെ ഒരു വിവാഹം. പല എതിർപ്പുകളേയും നേരിട്ടാണ് ഇവർ വിവാഹിതരായത്.
1957 ൽ ആഗ്ര റോഡ് എന്ന ചിത്രത്തിലൂടെ നടനായി അദ്ദേഹം അരങ്ങേറ്റം കുറിച്ച ഇദ്ദേഹം അതേ വർഷം തന്നെ നൗ ദോ ഗ്യാര എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധായാകനുമായി. സൂപ്പർഹിറ്റായ ഈ ചിത്രത്തിലെ നായകൻ ഇദ്ദേഹത്തിന്റെ സഹോദരനായ ദേവ് ആനന്ദ് ആയിരുന്നു. തുടർന്ന് 1960 ൽ കാലാ ബസാർ എന്ന ചിത്രം സംവിധാനം ചെയ്തു. ഒപ്പം അതിൽ ഒരു വേഷവും ചെയ്തു ഇദ്ദേഹം.
തന്റെ മൂന്നാമത്തെ ചിത്രമായ തേരാ ഗർ കെ സാമ്നെ 1963 ൽ സംവിധാനം ചെയ്ത ഇദ്ദേഹം 1964 ൽ ഹഖീഖത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് ദേവ് ആനന്ദിനേയും വഹീദ റഹ്മാനേയും നായിക നായകൻമാരാക്കി 1965 ൽ സംവിധാനം ചെയ്ത ഗൈഡ്, ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ മാത്രമല്ല, ഏറ്റവും നിരൂപക പ്രശംസ നേടിയ സിനിമ കൂടിയായിരുന്നു.
1966 ൽ തീസ്‌രി മൻസിൽ, 1967 ൽ ജ്യുവൽ തീഫ്, 1968 ൽ കഹി ഔർ ചൽ, 1970 ൽ ജോണി മേരാ നാം, 1971 ൽ തേരേ മേരെ സപ്നേ, ഇതിൽ ഇദ്ദേഹം അഭിനയിക്കുകയും ചെയ്തു. 1973 ൽ ബ്ലാക്ക് മെയിൽ, 1973 ൽ ചുപ റുസ്തം, ഇതിലും ഇദ്ദേഹം അഭിനയിക്കുകയും ചെയ്തു. തുടർന്ന് 1974 ൽ കോറ കഗാസ്, ഇതിൽ ഇദ്ദേഹം ജയാ ബച്ചനൊപ്പം നായകനായി അഭിനയച്ചു. 1976 ൽ ബുള്ളറ്റ്, 1978 ൽ മേ തുളസി തേരെ ആംഗൻ കി, ഇതിലും ഇദ്ദേഹം അഭിനയിച്ചു. 1980 ൽ ഏക് ദോ തീൻ ചാർ, 1980 ൽ റാം ബൽറാം, 1988 ൽ മേ തേരെ ലിയേ എന്നിവയാണ് ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ. ഇത് കൂടാതെ 1972 ൽ ഡബിൾ ക്രോസ്, 1974 ൽ ചോർ ചോർ, 1981 ൽ ഘുങ്‌ഗ്രൂ കി, എന്നീ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യൻ സെൻസർ ബോർഡിന്റെ ചെയർമാനായിരുന്ന അദ്ദേഹം സർക്കാറുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2002 ൽ അദ്ദേഹം രാജിവച്ചു. 2004 ഫെബ്രുവരി 23 ആം തിയതി ഹൃദയാഘാതത്തെ തുടർന്ന് ഗോൾഡിയെന്ന് ആരാധകർ സ്‌നേഹപൂർവ്വം വിളിച്ചിരുന്ന അദ്ദേഹം തന്റെ 70 വയസ്സിൽ അന്തരിച്ചു. ഇന്ന് വിജയ് ആനന്ദിന്റെ ഓർമദിനം.