മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടൈയിന്‍മെന്റ് നിർമിച്ച് ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത്, ഷാറൂഖ് ഖാൻ നായകനായി 2018 ൽ 200 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങിയ ചിത്രമാണ് സീറോ. കത്രീന മേരി ജാൻ എന്നാണ് ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. എന്നാൽ, ഈ തലക്കെട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുമെന്ന് കരുതി നിർമ്മാതാക്കൾ ഈ ചിത്രത്തിന്റെ പേര് മാറ്റുകയായിരുന്നു.
ഇന്ത്യൻ സിനിമ അന്ന് വരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ആ ചിത്രം വൻ പരാജയമായിരുന്നു. ഇതോടെ ഇദ്ദേഹം സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തു. എന്നാൽ സിനിമയ്ക്ക് പുറമേ ജീവിതത്തിലും പ്രതിസന്ധികളെ ഇദ്ദേഹത്തിന് നേരിടേണ്ടവന്നു. മകൻ ആര്യൻഖാനെതിരെ വന്ന മയക്കുമരുന്ന് കേസും അദ്ദേഹത്തെ തളർത്തി. അതിനുശേഷം ഇപ്പോഴാണ് ഇദ്ദേഹത്തിന്റെ ഒരു പടം റിലീസ് ചെയ്തത്. എന്നാൽ പഠാന്‍ എന്ന ആ ചിത്രം റിലീസിനു മുമ്പേ തന്നെ വിവാദമായി. അതിലെ നായിക ദീപിക പദുക്കോൺ ധരിച്ച ബിക്കിനിയുടെ കാവി നിറം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നതായിരുന്നു ആ വിവാദം. കെട്ടിലും മട്ടിലും ഒരു വലിയ കാഴ്ച പ്രേക്ഷകന് നല്‍കുന്ന ഈ ചിത്രം ഖാൻ ആരാധകർ ഏറ്റെടുത്തു എന്നാണ് പ്രഥമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2019 ല്‍ ഇന്ത്യ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് ഇന്ത്യയോട് പ്രതികാരം ചെയ്യാൻ പാക് സൈനിക മേധാവി ഔട്ട്ഫിറ്റ് എക്സ് എന്ന തീവ്രവാദ ഏജന്‍സിയുടെ നായകനായ ജിമ്മിനെ ചുമതലപ്പെടുത്തുന്നു. ഇന്ത്യയ്ക്കെതിരായ ജിമ്മിന്‍റെ ‘രക്തബീജ്’ എന്ന ഓപ്പറേഷന്‍ പഠാനും അദ്ദേഹത്തിന്‍റെ ഏജന്‍സി JOCR റും എങ്ങനെ തകര്‍ക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.ഇനി സീറോയിലേക്ക് തിരിച്ചുവരാം, ഉത്തർപ്രദേശ് മീററ്റ് സ്വദേശി ബൗവാ സിംഗ് എന്ന 3 അടിയുള്ള കഥാപാത്രമായി ഷാറൂഖ് ഖാൻ എത്തുമ്പോള്‍ സെറിബ്രൽ പാൾസി എന്ന രോഗം ബാധിച്ച ആഫിയ യൂസഫുൽ ബിന്ദർ എന്ന ബഹിരാകാശ ശാസ്ത്രജ്ഞ ആയാണ് അനുഷ്‌ക ശർമ്മ എത്തുന്നത്. അന്തരിച്ച വിഖ്യാത ജ്യോതിശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു രൂപപ്പെടുത്തിയ ഈ കഥാപാത്രം അനുഷ്ക ഭദ്രമാക്കിയീട്ടുണ്ട്.
ബൗവാ സിംഗിന് 38 വയസ്സായെങ്കിലും ഉയരക്കുറവ് കാരണം ഇനിയും പെണ്ണ് കിട്ടിയീട്ടില്ല. ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷം തന്റെ പോരായ്മയുമായി ചേരുന്ന ആഫിയയെ അയാൾ കല്ല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. അങ്ങിനെ അവരുടെ അഞ്ച് മാസത്തെ പ്രണയത്തിനൊടുവിൽ അവരുടെ വിവാഹം തീരുമാനിച്ചു. എന്നാൽ വിവാഹത്തിന്റെ തലേദിവസം, ബൗവാ സിംഗിന് താൻ മുമ്പ് അപേക്ഷിച്ചിരുന്ന നൃത്ത മത്സരത്തിൽ പങ്കെടുക്കാനുള്ള അറിയിപ്പ് ലഭിക്കുന്നു. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു, അതിലെ വിജയിക്ക് കത്രിന കൈഫിന്റെ കഥാപാത്രമായ ബോളിവുഡ് നടി ബബിത കുമാരിയെ കാണാനും അവസരം ലഭിക്കുന്നു. ബബിതയുടെ കടുത്ത ആരാധകനായ അയാൾ ഇക്കാര്യങ്ങൾ ആഫിയയോട് പറഞ്ഞ് വിവാഹവേദിയിൽ നിന്ന് അയാൾ ഓടി പോകുന്നു.
ആ നൃത്ത മത്സരത്തിൽ വിജയിച്ച ബൗവാ സിംഗിന് സല്‍മാന്‍ ഖാനുമൊത്ത് ഡാൻസ് ചെയ്യാനുള്ള അവസരം ലഭിക്കുന്നു. തുടർന്ന് അതിന്റെ അധികൃതർ ഒരുക്കിയ ഒരു പാർട്ടിയിൽ ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കാജോള്‍, ശ്രീദേവി, കരീഷ്മ കപൂർ, ജൂഹി ചൗള, ആലിയ ബട്ട് എന്നിവരുടെ മുന്നിൽ വെച്ച് അയാളുടെ മാസ്റ്റർ പീസായ നക്ഷത്രങ്ങളെ കാണാതെ ആക്കുന്ന ആ പ്രകടനം കാഴ്ച വെക്കാനുള്ള അവസരം ലഭിക്കുന്നു. എന്നാൽ എത്ര ശ്രമിച്ചിട്ടും അയാൾക്ക് അന്ന് അതിന് സാധിക്കാതെ വരുന്നു. അതിനെ തുടർന്ന് അവരെല്ലാം ഇയാളെ കളിയാക്കി രംഗം വിടുന്നു. ഈ സമയത്താണ് മുഖ്യാഥിതിയായ ബബിത കുമാരി അവിടെക്ക് വരുന്നത്. അവളുടെ മുൻ കാമുകൻ ആദിത്യ കപൂർ അവളെ തഴഞ്ഞ് മറ്റൊരുവളെ സ്വീകരിച്ചതിഞ്ഞാൽ അവൾ അന്ന് വളരെ ദു:ഖിതയായാണ് പാർട്ടിയിൽ പങ്കെടുക്കാൻ വന്നത്.
തുടർന്ന് ബബിതയുടെ ഒപ്പം കൂടിയ ബൗവാ അവളുടെ ഷൂട്ടിങ് സെറ്റിലും അവാർഡ് നിശകളിലുമെല്ലാം സ്ഥിര സാന്നിധ്യമായി. പരസ്പരം അടുത്ത അവർ അവരുടെ മുൻ കഥകളെലാം പങ്കുവെക്കുന്നു. അയാൾ ആഫിയയുമായുള്ള തന്റെ കഥകൾ പങ്കുവെച്ചപ്പോൾ, ബബിത അവളുടെ മാതാപിതാക്കളുടെയും അവളുടെ പ്രണയതകർച്ചയുടെയും കഥകൾ അവനോട് പറയുന്നു. തുടർന്ന് ആദിത്യ കപൂറുമായി അവളെ വീണ്ടും അവൻ അടുപ്പിക്കുന്നു.എന്നാൽ ആദിത്യ തന്റെ പഴയ ബന്ധം തുടരുന്നത് കണ്ട ബൗവാ, ബബിതയെ കല്ല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു. ഇതേ തുടർന്ന് അവൾ സംഘടിപ്പിച്ച ഒരു പാർട്ടിയിൽ വെച്ച് ബൗവാ തന്റെ പ്രണയം പരസ്യമാക്കുന്നു. ഇതേ തുടർന്ന് അവർ പരസ്പരം തെറ്റുന്നു. ബൗവയെ അവൾ അവളുടെ വീട്ടിൽ നിന്നും പുറത്താക്കുന്നു. ആദിത്യ തന്നെ വീണ്ടും ചതിക്കുകയാണെന്ന് മനസ്സിലാക്കിയ അവൾ അവനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നു.
ഈ സമയം ബൗവ അവന്റെ സുഹൃത്തായ ഗുഡ്ഡുവുമൊത്ത് ആഫിയയെ കാണാൻ ന്യൂയോർക്കിലേക്ക് പോകുന്നു. അവിടെ എത്തിയ അവർ ആഫിയയെ കാണാൻ ശ്രമിക്കുന്നു. മാർസിലേക്ക് ഒരു കുരങ്ങിനെ അയക്കാനുള്ള വിവരങ്ങൾ പങ്കുവെക്കുന്ന ഒരു സെമിനാറിൽ പങ്കെടുക്കുകയായിരുന്നു അപ്പോൾ അവൾ. ഈ സമയം ആ കുരങ്ങ് അക്രമാസക്തനാകുന്നു. ഇതേ തുടർന്ന് സദസ്സിലുള്ളവരെല്ലാം ഓടിപ്പോകുന്നു. ഈ സമയം സ്റ്റേജിലേക്ക് വന്ന ബൗവയെയും ഗുഡ്ഡുവിനേയും അവൾ വെടിവെക്കുന്നു. അതിൽ നിന്ന് രക്ഷപെട്ട അവർ വീണ്ടും സ്റ്റേജിലേക്ക് വരുന്നു. അപ്പോഴേക്കും അവളെ ശാന്തമാക്കാൻ അവളുടെ അച്ഛനും അമ്മയുമെല്ലാം അവിടെ എത്തിയിരുന്നു. സ്വയരക്ഷക്കായി അവിടെ ആരുടെയോ കൈയിൽ കണ്ട ഒരു കുട്ടിയെ ബൗവ എടുത്ത് രക്ഷാവലയം തീർക്കുന്നു. എന്നാൽ അത് ആഫിയയിൽ അവനുണ്ടയ കുട്ടിയാണ് അതെന്ന് അവളുടെ അച്ഛൻ അവനെ അറിയിക്കുന്നു. ഇത് കേട്ട അയാൾ ഞെട്ടി അവിടെ നിന്ന് ഓടിപ്പോകുന്നു.
പിറ്റേന്ന് ആഫിയയെ കാണാൻ അവളുടെ ഓഫീസിൽ എത്തിയ ബൗവാക്കും ഗുഡ്ഡുവിനും, ബഹിരാകാശത്തിലേക്ക് പോകാനായി അപേക്ഷിക്കേണ്ടവരുടെ ഒരു നീണ്ട ക്യൂ കാണാൻ സാധിച്ചു. തുടർന്ന് അവനും ഗുഡ്ഡുവും ബഹിരാകാശത്തിലേക്ക് പോകാൻ തിരഞ്ഞെടുക്കുന്ന 6 പേരിൽ ഒരാളാകാൻ അവനും സാധിച്ചു. ഇതിനിടെ ആഫിയയുടെ ഒപ്പം ജോലിചെയ്യുന്ന മാധവന്റെ കഥാപാത്രമായ എഞ്ചിനിയർ കാർത്തിക് സുബ്രഹ്മണ്യവുമായി അവളുടെ വിവാഹ നിശ്ചയം നടക്കുന്നു. അവൾ മാർസിലേക്ക് അയക്കാൻ കണ്ടുവെച്ച കുരങ്ങിനെ മാറ്റി ബൗവയെ അയക്കാമെന്ന് കാർത്തിക് അവളോട് പറയുന്നു. എന്നാൽ ഇപ്പോഴും മനസിന്റെ ഏതോ കോണിൽ അവനോട് സ്നേഹം സൂക്ഷിക്കുന്ന അവൾ അവനോട് ആ ദൗത്യം ഉപേക്ഷിച്ചു അവിടെ നിന്നും പോകാൻ പറയുന്നു.
എന്നാൽ അവൾ പറയുന്നത് കേൾക്കാതെ അവൻ മാർസിലേക്ക് പോകാൻ തയ്യാറാകുന്നു. അവൻ പോകുന്ന അതേ മുഹൂർത്തത്തിൽ ആഫിയയും കാർത്തികും വിവാഹിതരാകാൻ തീരുമാനിക്കുന്നു. എന്നാൽ കാർത്തിക്, ആഫിയക്ക് ബൗവയോടുള്ള സ്നേഹം മനസിലാക്കി, അവനെ യാത്ര അയക്കാൻ അവരുടെ വിവാഹം മാറ്റിവെച്ച് അവളെ വിക്ഷേപണ കേന്ദ്രത്തിലേക്ക് പറഞ്ഞയക്കുന്നു. സന്തോഷത്തോടെ അവനെ യാത്ര അയക്കുന്ന അവൾ അവനായി കാത്തിരിക്കാമെന്ന് പറയുന്നു.തുടർന്ന് മാർസിലേക്ക് യാത്രയായ ബൗവ അവിടെ എത്തുകയും, അവിടെ നിന്ന് തന്റെ ഒരു വീഡിയോ അയയ്ക്കുകയും ചെയ്യുന്നു. മടക്കയാത്രയിൽ ബഹിരാകാശത്ത് വെച്ച് അവന്റെ റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനാൽ അവന് തിരിച്ചെത്താൻ സാധിക്കാതെ വരുന്നു. എന്നാൽ അവൻ എന്നെങ്കിലും തിരിച്ചുവരും എന്ന പ്രതീക്ഷയിൽ ആഫിയ അവനെ കാത്തിരിക്കുന്നു. പതിനഞ്ച് വർഷത്തിന് ശേഷം, ഒരു ചൈനീസ് ബഹിരാകാശ നിലയത്തിന് ബൗവയുടെ എസ്‌കേപ്പ് പോഡിന്റെ സിഗ്നൽ ലഭിക്കുന്നു. പിന്നീടത് പസഫിക് സമുദ്രത്തിൽ പതിക്കുന്നു.തുടർന്ന് ബൗവ ജീവിച്ചിരിപ്പുണ്ടെന്ന് വെളിപ്പെടുന്നു. ഹിമാന്‍ഷു ശര്‍മ്മയുടെ തിരക്കഥയും മനു ആനന്ദിന്റെ ഛായാഗ്രഹണവും ഹേമൽ കോത്താരിയുടെ ചിത്രസംയോജനവും അജയ്, അതുൽ എന്നിവർ ചേർന്ന് നൽകിയ സംഗീതവും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി.