ഒന്നുകില്‍ മദ്യം അല്ലെങ്കില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറുമാവാം എന്ന് ചിന്തിക്കുന്ന യുവജനങ്ങളാണ് കേരളത്തിലധികവും

47

മുഹമ്മദ് സഗീർ പണ്ടാരത്തിൽ

ഇന്ന് അന്താരാഷ്ട്ര ലഹരി വിമുക്തദിനം

നമ്മുടെ ഈ കൊച്ചു കേരളത്തിൽ സാമൂഹിക സാമ്പത്തിക നിലവാരത്തെ തകര്‍ക്കുന്ന വന്‍ വിപത്തായി വര്‍ധിച്ചിരിക്കകയാണ് ഇപ്പോൾ ലഹരി വസ്തുക്കളുടെ ഉപയോഗം.ഒന്നുകില്‍ മദ്യം അല്ലെങ്കില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറുമാവാം എന്ന് ചിന്തിക്കുന്ന യുവജനങ്ങളാണ് കേരളത്തിലധികവും. പ്രതിവര്‍ഷം അമ്പതിനായിരം കോടി രൂപയുടെ മയക്കുമരുന്നു വ്യാപാരമാണ് ആഗോളതലത്തില്‍ നടക്കുന്നത്.

കൊളംബിയയാണ് മയക്കുമരുന്ന് കള്ളക്കടത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രം. ഏകദേശം 300 ടണ്‍ കൊക്കെയ്‌നാണ് അവര്‍ വര്‍ഷം തോറും വിദേശ രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കുന്നത്. ഈ മയക്കുമരുന്നുകള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ്.ഒരു കാലത്ത് ആവേശങ്ങളുടെ നാളുകളായിരുന്നു ഓരോ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പഠനകാലം. കഴിഞ്ഞ പത്ത് വര്‍ഷത്തിന് ശേഷമുള്ള ഒരു സ്‌കൂള്‍ കാലത്തെ ഇന്ന് നമുക്ക് ഭീതിയോടെയല്ലാതെ നോക്കിക്കാണാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. ലഹരിയുടെ മായാ വാതായനങ്ങള്‍ അവര്‍ക്കു മുമ്പില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. അവരുടെ സ്‌കൂള്‍ ജീവിതത്തെ ലഹരിയുടെ കരങ്ങള്‍ മുറുക്കിപ്പിടിച്ചിരിക്കുന്നു.

ഇന്ന് പാഠപുസ്തകങ്ങളില്‍ പോലും ലഹരി വാസനിച്ചു കൊണ്ടിരിക്കുന്നു. സ്‌കൂള്‍ ബാഗുകള്‍ അതിനുള്ള ഒരു മറയായി മാറിയിരിക്കുന്നു. നമ്മുടെ യുവജനങ്ങളില്‍ നാല്‍പത്തിയഞ്ച് ശതമാനം ആളുകളും ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ സ്വയം നിയന്ത്രണം നഷ്ടപ്പെട്ട് പ്രതിദിനം പത്ത് പേരെങ്കിലും ആത്മഹത്യ ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. ഇതില്‍ അറുപത്തിയഞ്ച് ശതമാനവും മുപ്പത്തിയഞ്ച് വയസ്സിന് താഴെയുള്ളവരാണ്. അമ്പത് ശതമാനം ആളുകളും ഇരുപത്തിയഞ്ച് വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥി സമൂഹമാണ്. നേരത്തെ അമ്പത് വയസ്സിന് മുകളിലുള്ളവരാണ് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ചികിത്സ തേടിയിരുന്നതെങ്കില്‍ ഇന്നവരുടെ പ്രായം പതിനാല് വയസ് മുതലാണ്.

അടുത്തിടെ പത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ സോഷ്യല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. പതിനഞ്ചിനും പത്തൊമ്പതിനും ഇടയിലുള്ള രണ്ടായിരം പേരാണ് ഈ സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ അറുപത്തിയഞ്ച് ശതമാനവും മദ്യപിക്കുന്നവരാണ്. അവരിലെ പതിനഞ്ച് ശതമാനവും മദ്യപിക്കുന്നത് ബോറടി മാറ്റാനാണ്. നാല്‍പത്തിയഞ്ച് ശതമാനം കുട്ടികളും പ്ലസ് ടു തലത്തിലെത്തുമ്പോള്‍ തന്നെ മാസത്തില്‍ അഞ്ചോ ആറോ തവണ മദ്യപിക്കുന്നു. നാല്‍പത് ശതമാനം പെണ്‍കുട്ടികള്‍ക്കും പതിനഞ്ചിനും പതിനേഴിനും ഇടയിലുള്ള പ്രായത്തില്‍ തന്നെ ആദ്യത്തെ മദ്യനുഭവം രുചിച്ചവരാണ്.
പ്രണയദിനം, ജന്മദിനം, സെന്റോഫ് മറ്റ് ആഘോഷ വേളകള്‍ എന്നിവയിലാണ് എഴുപത് ശതമാനം ആളുകളും അരങ്ങേറ്റം കുറിക്കുന്നത്. ഈ പത്ത് നഗരങ്ങളിൽ ഒന്ന് കൊച്ചിയായിരുന്നു. കേരളത്തില്‍ നിന്നുള്ള മറ്റ് നഗരങ്ങള്‍ ഇതില്‍ നിന്നും ഒട്ടും പിന്നിലല്ലെന്നാണ് സമീപകാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

മദ്യപാനത്തെക്കാള്‍ ഭീകരമാണ് മലയാളിയുടെ മയക്കുമരുന്ന് ഉപയോഗം. അതില്‍ തന്നെ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ നമ്മുടെ കൗമാരക്കാര്‍ ഒരുക്കമായിരിക്കുന്നു. മദ്യദുരന്തം മൂലം ഉണ്ടാവുന്ന മരണങ്ങളുടെ പതിന്മടങ്ങാണ് മയക്കുമരുന്നിലൂടെ പൊലിയുന്ന ജീവനുകളുടെ എണ്ണസംഖ്യ. ഇതില്‍ ഏറിയവരും മുപ്പതില്‍ താഴെ മാത്രം പ്രായമുള്ളവരാണ്.
പുകവലി ശീലങ്ങള്‍ കുറഞ്ഞ് വരുമ്പോള്‍ തന്നെ മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം ഗണ്യമായി വര്‍ധിക്കുകയാണ്. മദ്യപിക്കുമ്പോള്‍ വാസനയുണ്ടാകുമെന്ന് ഭയക്കുന്നവര്‍ക്കും മയക്കുമരുന്ന് ഒരു അഭയമായി മാറിയിട്ടുണ്ട്. പണ്ട് അച്ഛനോ മുത്തച്ഛനോ വലിച്ചിട്ട കുറ്റി ബീഡിയിലായിരുന്നു ലഹരിയുടെ ആദ്യ പടിയെങ്കില്‍ ഇന്നത് ബ്രൗണ്‍ ഷുഗറും കഞ്ചാവും ഹെറോയ്‌നുമൊക്കെയാണ്.

പുതിയ ലഹരികളും ലഹരി ഉപയോഗരീതികളും കണ്ടെത്താനായി വലിയ ഗവേഷണം നടത്തുന്ന സംഘങ്ങള്‍ നമ്മുടെ കലാലയത്തെ കേന്ദ്രീകരിച്ചിട്ടുണ്ട്. പെട്രോള്‍ പോലും ലഹരിയായി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ സമൂഹത്തിലുണ്ടെന്ന് കണ്ടെത്തുമ്പോഴാണ് എത്ര അപകടകരമായ രീതിയിലാണ് നമ്മുടെ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് പോകുന്നുവെന്ന് നാം തിരിച്ചറിയുന്നത്.
ബൈക്കിലെ പെട്രോള്‍ ടാങ്ക് തുറന്ന് അത് ശ്വസിച്ച് ലഹരി കണ്ടെത്തുന്നവരുണ്ട്. സമാന രീതിയിലുള്ളതാണ് ഫെവികോള്‍ കൊണ്ടുള്ള ലഹരി ഉപയോഗവും. ഇതിനെല്ലാം പുറമെ, ലഹരി നിറച്ച നിരവധി സ്‌പ്രേകളും സ്റ്റിക്കറുകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമാണ്.

ചൈനയില്‍ നിന്നെത്തുന്ന ഇത്തരം സ്‌പ്രേകള്‍ വന്‍ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിത്തീര്‍ക്കുന്നത്. ആയുസ്സ് സൂപ്പര്‍ സ്‌പ്രേകൾ കാന്റീ, സ്‌ട്രോബറി, ഗ്രേപ്‌സ്, ആപ്പിള്‍ എന്നീ ഫ്‌ളേവറികളിലായി കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. പുറംലോകം അറിയാതിരിക്കാന്‍ ഇതിനെ പല അപരനാമങ്ങളായാണ് അവർ പേരിട്ടിരിക്കുന്നത്.
ഇതിനെല്ലാം പുറമെ, വിദ്യാര്‍ത്ഥികളുടെ ഗോവ, മൈസൂര്‍, ഊട്ടി എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രയുടെ അനന്തരഫലവും ലഹരിയിലാണ് കലാശിക്കുന്നത്. എല്‍ എസ് ഡി പോലുള്ള ദേഹത്ത് ഒട്ടിച്ചുവെക്കാവുന്ന മയക്കുമരുന്നുകള്‍ എന്നിവയെല്ലാം കേരളത്തിലെത്തുന്നത് ഇത് വഴിയാണ്.

ചെറുതായി മുറിച്ചെടുത്ത് നാക്കിനടിയില്‍ പോലും ഒട്ടിച്ചുവെക്കാവുന്നതാണ് ഈ എല്‍ എസ് ഡി സ്റ്റിക്കറുകള്‍. നാല്‍പത്തിയഞ്ച് ശതമാനം വിദ്യാര്‍ത്ഥികളും അവരുടെ ഒഴിവുവേള എങ്ങനെ ചിലവഴിക്കുന്നു എന്ന് രക്ഷിതാക്കള്‍ അറിയുന്നേയില്ല. വിനോദയാത്രക്കും മറ്റും പോകുന്ന വിദ്യാര്‍ത്ഥികള്‍ പുഴയിലും കടലിലും മുങ്ങിമരിക്കുന്നതില്‍ ഏറിയ കാരണവും ഈ ലഹരി ഉപയോഗമാണെന്ന കാര്യം മൂടിവെക്കപ്പെടുകയാണ്.

കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയാൽ, ഈ സാഹചര്യത്തെ നേരിടാൻ ആദ്യം വേണ്ടത് ശാന്തത കൈവിടാതെയിരിക്കുക എന്നതാണ്. കുട്ടിയെ ശരിയായ വഴിയിലെത്തിക്കുന്നതിനുള്ള പിന്തുണ നൽകുകയും വേണം. അവനോട് അതിന്റെ അപകടങ്ങളെക്കുറിച്ച് ബോധവാനാക്കേണ്ടതുണ്ട്. തുടർന്ന് ശാരീരികമായി സജീവമാകുന്നതിനായി കളികളിലും മറ്റും പങ്കെടുക്കുന്നതിനുമുള്ള പ്രോത്സാഹനം നൽകണം.

ഒപ്പം ആ കുട്ടിയുടെ വൈകാരിക ആവശ്യങ്ങളും മനോനിലയും മനസ്സിലാക്കാൻ ശ്രമിക്കണം. അതിനോടൊപ്പം ഡോക്ടർമാരിൽ നിന്നും കൗൺസിലർമാരിൽ നിന്നുമുള്ള സഹായം തേടണം. കൗൺസിലിംഗും പുനരധിവാസവുമാണ് മയക്കുമരുന്ന് അടിമത്വത്തിനുള്ള സാധാരണ ചികിത്സ. ഏതു തരം മയക്കുമരുന്നാണ് ഉപയോഗിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ചികിത്സ നിശ്ചയിക്കുക. കടുത്ത മയക്കുമരുന്ന് അടിമത്വമുള്ളവരെ പുനരധിവാസ കേന്ദ്രങ്ങളിൽ പാർപ്പിക്കേണ്ടിവരും.
സമൂഹം നന്നാകണമെങ്കില്‍ നമ്മൾ ഓരോ വ്യക്തികളും പരിശ്രമിക്കണം. അവന്‍ അങ്ങിനെ ഇവന്‍ ഇങ്ങിനെ എന്ന് ചിന്തിക്കുന്നതിനുമുമ്പ് ഞാന്‍ ശരിയാണോ എന്ന് ചിന്തിച്ചാല്‍ തന്നെ സമൂഹത്തിന്റെ ഒരു വലിയ ഭാഗത്തെ നമുക്ക് നന്നാക്കാനാകും. ക്രമേണ സമൂഹത്തെ മുഴുവനായി നന്നാക്കാനാകും. വിമുക്ത നാടിനു വേണ്ടി ജനങ്ങളെ ബോധവാന്മാരാക്കാന്‍ നമ്മളാല്‍ ആകുന്ന വിധം നമുക്ക് പരിശ്രമിക്കാം.