മലയാളിയുടെ ‘മഞ്ഞള്‍ പ്രസാദം’ ഓര്‍മ്മയായിട്ട് 27 വര്‍ഷം

130

Muhammed Sageer Pandarathil

മലയാളിയുടെ ‘മഞ്ഞള്‍ പ്രസാദം’ ഓര്‍മ്മയായിട്ട് 27 വര്‍ഷം !

1971 ജനുവരി 24 ആം തിയതി പി. നാരായണനുണ്ണിയുടെയും ശ്രീദേവിയുടെയും മകളായി കോഴിക്കോട് പന്നിയങ്കരയിലാണ് മോനിഷ ജനിച്ചു. അച്ഛൻ ഉണ്ണിക്ക് ബാംഗ്ലൂരിൽ തുകൽ വ്യവസായം ആയിരുന്നതിനാൽ അവിടെയായിരുന്നു മോനിഷയുടെ ബാല്യം. നർത്തകി കൂടിയായിരുന്ന അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു മോനിഷ നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. ഭരതനാട്യത്തിന് ലഭിക്കുന്ന ഏററവും ശ്രേഷ്ഠമായ സംസ്ഥാന പുരസ്‌ക്കാരം കൌശിക അവാര്‍ഡ് പതിനഞ്ചാം വയസ്സില്‍ മോനിഷയ്ക്ക് ലഭിക്കുകയുണ്ടായി.

ബാംഗ്ലൂര്‍ മൗണ്ട് കാര്‍മ്മല്‍ കോളേജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദം നേടിയ മോനിഷ 1985 ല്‍ പതിനഞ്ചാം വയസ്സിലാണ് ആദ്യ ചിത്രത്തില്‍ തന്നെ നായികയായെത്തുന്നത്. നഖക്ഷതങ്ങള്‍ നല്കിയ കരുത്ത് ഒട്ടേറെ നല്ല വേഷങ്ങള്‍ക്ക് പിന്നീട് മോനിഷയ്ക്ക് തുണയായ്. എം.ടിയുടെ തന്നെ രചനകളിലിറങ്ങിയ ഋതുഭേദം, പെരുന്തച്ഛന്‍, കടവ് എന്നീ ചിത്രങ്ങളില്‍ മോനിഷ ഏറെ മുന്നോട്ട് പോയി. ശോഭന, കാര്‍ത്തിക, ഗീത, പാര്‍വ്വതി എന്നിവര്‍ തിളങ്ങി നില്ക്കുന്ന കാലത്താണ് മോനിഷയുടെ വരവ്. നിഷ്‌കളങ്കമായ ചിരിയും ജിജ്ഞാസ തുടിക്കുന്ന കണ്ണുകളും നീണ്ട മുടിയുമുള്ള നാടന്‍ പെണ്‍കുട്ടിയുടെ രൂപഭാവങ്ങള്‍ മോനിഷയ്ക്ക് അത്തരം കഥാപാത്രങ്ങളെ തന്നെ ലഭിക്കാനിടയാക്കി.

കമലദളം, സായംസന്ധ്യ, ആര്യന്‍, കനകാംബരങ്ങള്‍, അധിപന്‍, കുറുപ്പിന്റെ കണക്കുപുസ്തകം, വീണമീട്ടിയ വിലങ്ങുകള്‍, തലസ്ഥാനം, ഒരു കൊച്ചുഭൂമികുലുക്കം, കുടുംബസമേതം, ചമ്പക്കുളം തച്ചന്‍, ഏറ്റവും ഒടുവിലായി ചെപ്പടിവിദ്യ ഇങ്ങനെ ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ വേഷമിട്ടു. വെറും പതിനാല് വയസ് മാത്രമുണ്ടായിരുന്നപ്പോള്‍ അഭിനയിച്ച നഖക്ഷതമെന്ന ചിത്രത്തിലെ അഭിനയത്തിന് തന്നെ ദേശിയ അവാര്‍ഡ് നേടിയ നടിയാണ് മോനിഷ.

1992 ഡിസംബർ 5 ന് ‘ചെപ്പടിവിദ്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിൽ മോനിഷയും അമ്മയും സഞ്ചരിക്കുകയായിരുന്ന കാർ ആലപ്പുഴക്കടുത്തുള്ള ചേർത്തലയിൽ വെച്ച് ബസുമായി കൂട്ടിയിടിച്ചു. അമ്മ പരുക്കുകളോടെ രക്ഷപ്പെട്ടുവെങ്കിലും തലച്ചോറിനുണ്ടായ പരിക്കു മൂലം മോനിഷ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം ബാംഗ്ലൂരിലാണ് സംസ്കരിച്ചത്.