ഇന്നാണ് നിര്‍ഭയയെ കാമാന്ധത പൂണ്ട കാപാലികർ പിച്ചിച്ചീന്തിയത്…

0
58

Muhammed Sageer Pandarathil

ഇന്നാണ് നിര്‍ഭയയെ കാമാന്ധത പൂണ്ട കാപാലികർ പിച്ചിച്ചീന്തിയത്…..

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പാരാ മെഡിക്കല്‍ കോഴ്സിനു പഠിക്കവെ ഡല്‍ഹിയില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാനെത്തിയ നിർഭയ 2012 ഡിസംബർ 16 ആം തിയതി രാത്രി സിനിമ കണ്ട ശേഷം സുഹൃത്തായ യുവാവിനൊപ്പം ഡൽഹിയിലെ ‘മുനിരക്ക’ യിൽ നിന്നും വീട്‌ സ്ഥിതി ചെയ്യുന്ന ദ്വാരകയിലേക്ക് യാത്രയായ ആ പെണ്‍കുട്ടി കരുതിയിരുന്നില്ല ഇതു തന്നെ ജീവിതത്തിലെ കറുത്ത ദിനമാകുമെന്ന്.

ഇവർ രണ്ടുപേരെക്കൂടാതെ ബസ്സിൽ 6 പേർ കൂടിയുണ്ടായിരുന്നു. അവരാണ് ഈ കേസിലെ പ്രതികൾ. ബസ്സിലെ ജീവനക്കാരും അവരുടെ സുഹൃത്തുക്കളുമായിരുന്നു അവർ. യാത്രക്കിടെ നിർഭയയെ ഇവർ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ സുഹൃത്തിനെ ഇവരെല്ലാം ചേർന്ന് അതിക്രൂരമായി മർദ്ദിച്ചവശനാക്കി. ഓടിക്കൊണ്ടിരുന്ന ബസ്സിൽ പിന്നീടുനടന്നത് മാനവരാശിയെത്തന്നെ വിറങ്ങലിപ്പിച്ച ഹീനതകളായിരുന്നു.മാനഭംഗം ചെറുക്കാൻ ആവതുശ്രമിച്ച നിർഭയയെ അവർ അതിദാരുണമായി മർദ്ദിച്ചു. ഡ്രൈവറുൾപ്പെടെ ഓരോരുത്തരായി 6 പേരും മാറിമാറി അവളെ പിച്ചിച്ചീന്തി.അവൾ പലതവണ താണുകേണപേക്ഷിച്ചു, കാലുപിടിച്ചു,
പക്ഷേ കാമാന്ധത പൂണ്ട ആ കാപാലികന്മാരുടെ കരളലിഞ്ഞില്ലെന്നു മാത്രമല്ല ഒരേസമയം ഒന്നിലേറെപ്പേർ ചേർന്നുനടത്തിയ രതി വൈകൃതങ്ങൾ അവളെ അബോധാവസ്ഥയിലാക്കുകയും ചെയ്തു.

ഒടുവിൽ പ്രായപൂർത്തിയാകാത്ത കുറ്റവാളി ചെയ്ത പൈശാചികത ഓർക്കുന്നതുപോലും ഞെട്ടലുളവാക്കുന്നതാണ്. ബസ്സിന്റെ വീൽ സ്പാനർ, അർദ്ധബോധാവസ്ഥയിലായിരുന്ന നിർഭയയുടെ ഗുഹ്യഭാഗത്ത് കുത്തിക്കയറ്റി. അവളുടെ കുടൽമാല മുഴവൻ പുറത്തുചാടി രക്തം തുരുതുരെ വാർന്നൊഴുകി.രാത്രി 12 മണിക്ക് ഡൽഹിയിലെ മഹിപാൽപ്പൂരിനടുത്തുള്ള ബസന്ത് വിഹാറിൽ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് ഇരുവരെയും ഈ നരപിശാചുക്കൾ പുറത്തേക്ക് വലിച്ചെറിഞ്ഞു.വിവരമറിഞ്ഞ പോലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നിർഭയയുടെ നില ഗുരുതരമായി തുടർന്നു. സംഭവമറിഞ്ഞു രാജ്യമൊട്ടാകെ ജനം ഇളകിമറിഞ്ഞു. ഡൽഹിയിലെ തെരുവുകളിൽ രാപ്പകലില്ലാതെ പ്രതിഷേധങ്ങൾ ഇരമ്പി. കുറ്റവാളികളെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി. ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വിദഗ്ദ്ധ ചികിത്സക്കായി നിർഭയയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പ്പിറ്റലിക്ക് മാറ്റപ്പെട്ടു. ഏറെ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ 2012 ഡിസംബർ 29 ആം തിയതി രാത്രി 2.15 നു അവൾ മരിച്ചു. രാംസിംഗ്/മുകേഷ് സിംഗ്/വിനയ് ശർമ/പവൻ ഗുപ്ത/അക്ഷയ് താക്കൂര്‍/ പിന്നെ പ്രായ പൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ വിചാരണക്കാലയളവിൽ രാംസിംഗ് ആത്മഹത്യ ചെയ്തു. മറ്റൊരു കുറ്റവാളി പ്രായപൂർത്തിയാകാതിരുന്നതിനാൽ മൂന്നുവർഷം ദുർഗുണ പരിഹാര പാഠശാലയിൽ പാർപ്പിച്ച ശേഷം വിട്ടയച്ചെങ്കിലും ജനരോഷം ഭയന്ന് കനത്ത സുരക്ഷയിൽ ഒരു സന്നദ്ധസംഘടനയുടെ സംരക്ഷണയിൽ കഴിയുകയാണ്.

വൻ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് പിന്നീട് പ്രായപൂർത്തിയാകാത്തവർക്കും ഇത്തരം കുറ്റകൃത്യങ്ങളിൽ കഠിനമായ ശിക്ഷ നൽകുന്ന നിയമം സർക്കാർ പാർലമെന്റിൽ പാസ്സാക്കുകയുണ്ടായി.രാജ്യമാകെ ചർച്ചചെയ്യപ്പെട്ട ഈ സംഭവത്തെത്തുടർന്ന് കേസിന്റെ അതിവേഗനടത്തിപ്പിനായി ഫാസ്റ്റ് ട്രാക്ക് കോർട്ട് രൂപീകരിച്ചാണ് വിചാരണാനടപടികൾ പൂർത്തിയാക്കിയത്. എന്നിട്ടും ഈ കേസിന്റെ അന്തിമ വിധിക്ക് 7 വർഷം എടുത്തു. സുപ്രീം കോടതി തീരുമാനം വന്നതിന് പിന്നാലെ തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പവന്‍ ഗുപ്ത/അക്ഷയ് സിങ്/വിനയ് ശര്‍മ/ മുകേഷ് സിങ് എന്നിവരെ 2020 മാർച്ച് 20 ആം തിയതി തൂക്കിലേറ്റി.

നിര്‍ഭയ സംഭവത്തോടെ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 29 നിര്‍ഭയ ദിവസമായി ആചരിച്ച് വരുന്നുണ്ട്. 2012 മുതല്‍ 2020 വരെയുള്ള കണക്ക് പ്രകാരം ഡല്‍ഹിയില്‍ മാത്രം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ 3 മടങ്ങ് വര്‍ധനവാണുണ്ടായത്. ഓരോ നാലു മണിക്കൂറിലും ഒരു സ്ത്രീപീഡന കേസ് വീതം ഇപ്പോഴും രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. സ്ത്രീ സുരക്ഷക്കായി നിരവധി പരിപാടികളും പദ്ധതികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചെങ്കിലും അവയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടതായാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാണ് ഇതിനെല്ലാം ഒരറുതി വരിക എന്ന് സ്വയം ചോദിച്ച് കൊണ്ട് നിർത്തുന്നു.