ഇന്ന് ലോക റോസാപ്പൂക്കളുടെ ദിനമാണ്, എന്താണ് ‘റോസ് ഡേ’ എന്ന് ഇന്നും പലര്‍ക്കും അറിയില്ല

33

Muhammed Sageer Pandarathil

ഇന്ന് റോസാപ്പൂക്കളുടെ ദിനം

ഇന്ന് ലോക റോസാപ്പൂക്കളുടെ ദിനമാണ്. എന്താണ് ‘റോസ് ഡേ’ എന്ന് ഇന്നും പലര്‍ക്കും അറിയില്ല. വാലന്‍ന്‍റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട് റോസ പൂവ് കൊടുക്കുന്ന റോസ് ദിനത്തെ കുറിച്ച് പ്രണയിനികൾക്ക് അറിവുണ്ടായിരിക്കും. എന്നാല്‍ ഇന്ത്യയില്‍ ഈ ദിനം അര്‍ബുദ രോഗികള്‍ക്കായാണ് സമര്‍പ്പിച്ചിട്ടുള്ളത്. ക്യാന്‍സര്‍ ബാധിതരായവര്‍ക്ക് സന്തോഷവും ആശ്വാസവും പകരുന്നതിനായാണ് ഇന്ത്യ, ഇന്ന് റോസാപ്പൂക്കളുടെ ദിനം ആചരിക്കുന്നത്. ഈ ദിവസം ആശുപത്രികളിൽ ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്നവർക്ക് സ്നേഹത്തിന്‍റെയും അടുപ്പത്തിന്‍റെയും സൂചകമായി റോസാപ്പൂവ് നല്‍കും. ക്യാന്‍സര്‍ രോഗത്തെ കുറിച്ചൊരു അവബോധവും ഈ ദിനം സൂചിപ്പിക്കുന്നു.

ക്യാന്‍സർ എന്ന അസുഖത്തെ പേടിയോടെയാണ് പലരും കാണുന്നത്. എന്നാല്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ് ഇത് എന്നും ആളുകളില്‍ എത്തിക്കുകയാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള റോസ് ദിന പരിപാടിയില്‍ ഇന്ത്യയില്‍ ഒട്ടുക്കുമുള്ള ആളുകള്‍ പങ്കു ചേരുന്നു. എല്ലാ ആശുപത്രികളിലും റോസ് പൂച്ചെണ്ടുകള്‍ എത്തുന്നു. ഡോക്ടര്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും സ്കൂള്‍ കുട്ടികളുമെല്ലാം ഇതില്‍ പങ്കാളികളാവുന്നു.

അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ 22 അര്‍ബുദ രോഗികളുടെ പ്രിയപ്പെട്ട ദിനമാണ്. കാനഡയില്‍ രക്താര്‍ബുദബാധിതയായ 12 വയസ്സുകാരി മെലിന്‍റെ റോസിന്‍റെ ഓര്‍മ്മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്.തൻറെ പന്ത്രണ്ടാം വയസ്സിൽ രക്താർബുദം ബാധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മരിക്കും എന്ന് ഡോക്ടർമാർ വിധിയെഴുതിയ കൊച്ചു ബാലികയായിരുന്നു മെലിന്‍റെ റോസ്. ചിരിയോടെ രോഗത്തിനെതിരെ പൊരുതി ചുറ്റുമുള്ള രോഗികൾക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള പ്രതീക്ഷ നൽകി ആറുമാസത്തോളം സന്തോഷത്തോടെയും പ്രതീക്ഷയോടെയും ജീവിച്ച അവൾ വിടപറഞ്ഞത് 1994 സെപ്റ്റംബർ 22 ആം തിയതി ആയിരുന്നു.