Muhammed Sageer Pandarathil
ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് നിര്‍മിച്ച് രഞ്ജിത്ത് ശങ്കർ തന്നെ സംവിധാനം നിർവഹിച്ച 4 ഇയേഴ്സ് എന്ന ചിത്രം ഒരു ക്യാമ്പസ് പ്രണയമാണ് പറയുന്നത്. പ്രിയ വാര്യരുടെ കഥാപാത്രമായ ഗായത്രിയും സര്‍ജാനോ ഖാലിദിന്റെ കഥാപാത്രമായ വിശാലും വേർപിരിഞ്ഞ കാമുകി കാമുകന്മാരാണ്. ചിത്രം ആരംഭിക്കുമ്പോൾ, അന്നവരുടെ അവസാന ക്യാമ്പസ് ദിവസമാണ്.
കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളജിലെ അവരുടെ നാലു വർഷത്തെ പഠന കാലത്തിൽ പലതവണ അവർ ബ്രേക്ക് അപ്പായിട്ടുണ്ടെങ്കിലും, ഈ ബ്രേക്ക് അപ്പ്, ഇനി അവരെ കൂട്ടിമുട്ടിക്കില്ലെന്ന് ഇരുവർക്കും അറിയാം. അതിനാൽ തന്നെ അവരുടെ മനസ്സിൽ, ഞങ്ങളിപ്പോഴും പരസ്പരം പ്രണയത്തിൽ തന്നെയാണെന്ന് അവർ പറയാതെ പറയുന്നുണ്ട്.
31 സപ്ലികളുള്ള വിശാൽ അതുകൊണ്ട് തന്നെ ആ അവസാനദിവസത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഗായത്രി വിളിച്ചിട്ടുപ്പോലും വരാതെ അവിടെ അടുത്തുള്ള വായനശാലയിൽ പോയി സമയം കളഞ്ഞ ശേഷമാണ് അവൻ തിരിച്ച് ഹോസ്റ്റലിൽ എത്തുന്നത്. പിറ്റേന്ന് എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി പോകുമെന്നതിനാൽ ആ രാത്രി ഗായത്രിയെ കാണാൻ വിശാൽ തീരുമാനിക്കുന്നു. പരസ്പരം കണ്ട അവർ, ആ ക്യാമ്പസിലെ തങ്ങളുടെ കഴിഞ്ഞ 4 വർഷത്തിലെ പല നല്ല മുഹൂർത്തങ്ങൾ ഒരിക്കൽ കൂടി പരസ്പരം പറഞ്ഞു കൊണ്ട് ഒരു ഹഗ്ഗിലൂടെ എന്നെന്നേക്കുമായി പിരിഞ്ഞു. എന്നാൽ വിശാലിന്റെ ഒരു മാപ്പ് പറച്ചലിലൂടെ വീണ്ടും അവർക്ക് ഒന്നിക്കാൻ കഴിയുമെങ്കിൽ എന്തിന് വേണ്ടെന്ന് വെക്കണം എന്ന ആശയം അവന്റെ കൂട്ടുകാരനാണ് അവനോട് പങ്കുവെക്കുന്നത്.
അങ്ങിനെ വീട്ടിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന അവളെ ബസ്റ്റോപ്പിൽ ഞാൻ ഡ്രോപ്പ് ചെയ്യാമെന്ന അഭ്യർത്ഥനയിൽ അവൻ അവളുമായി വീണ്ടും അവരുടെ പഴയ പ്രണയ സംഗമസ്ഥലങ്ങളെല്ലാം ഒന്നും കൂടി ചുറ്റികണ്ട് പഴയ പ്രണയോർമ്മകൾ പങ്കുവെച്ചും “നമുക്ക് സന്തോഷമായി പിരിയാം” എന്ന ഗായത്രിയുടെ വാക്കുകൾ ഉൾക്കൊണ്ട് അവളെ ബസ്റ്റോപ്പിൽ കാത്തുനിൽക്കുന്ന കൂട്ടുകാരിയുടെ അടുത്ത് കൊണ്ട് പോയി വിടുന്നത്.
തുടർന്ന് അവൻ അവിടെ തന്നെയുള്ള വായനശാലയിലേക്ക് പോകുന്നു. അവിടെ നിന്നാൽ ബസ്സ് കാത്തുനിൽകുന്ന അവരെ കാണാം. അങ്ങിനെ അവരെ നോക്കി നിൽക്കുമ്പോൾ വന്ന ഒരു അപ്രതീക്ഷിത ഫോൺ കോൾ അറ്റന്റ് ചെയ്തു കഴിഞ്ഞു നോക്കുമ്പോൾ അവർ പോയി കഴിഞ്ഞിരുന്നു. നിരാശയോടെ അവൻ ബൈക്കെടുത്ത് പോകാൻ തുടങ്ങിയപ്പോഴാണ് ബസ്സ് സ്റ്റോപ്പിൽ ഏകയായി ഇരിക്കുന്ന ഗായത്രിയെ കാണുന്നത്.
തുടർന്ന് അവൻ, അവളെ തന്റെ സപ്ലി ഹൌസ്സിലേക്ക് ചോറുണ്ടാക്കിത്തരാം എന്നുപറഞ്ഞ് ക്ഷണിക്കുന്നത്. അങ്ങിനെ അവൾ അവന്റെ ബൈക്കിൽ കയറി അങ്ങോട്ട് പോയി. തുടർന്ന് പരസ്പരം ചോറും കറിയും വെച്ച് കഴിച്ചശേഷം നേരം പോക്കിനായി പരസ്പരം ഓരോന്ന് പറഞ്ഞ് ഒരു കുപ്പിക്കുള്ളിലേക്ക് മഞ്ചാടി കുരുക്കൾ എറിഞ്ഞുകളിക്കുകയാണ്. അങ്ങിനെയാണ് വിശാൽ അടുത്ത തന്റെ ലക്ഷ്യം കുപ്പിയിൽ വീണാൽ അവളെ കിസ്സ് ചെയ്യുമെന്ന് പറയുന്നത്. എന്നാൽ ആ ലക്ഷ്യം കുപ്പിയിൽ വീഴാത്തതിനാൽ വേണ്ടെന്ന് വെച്ച് അവളെ ഡ്രോപ്പ് ചെയ്യാൻ ഒരുങ്ങുന്നു.
ആ സമയം പെട്ടെന്ന് ഗായത്രി അവനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നു. തുടർന്ന് ഇരുവരും പരസ്പരം കെട്ടിപിടിച്ച് തുരു തുരെ ചുംബിച്ചു കൊണ്ടിരുന്നു. ആ വികാര സംഗമത്തിൽ അവർ അവരെ തന്നെ മറന്നു. വളരെ നാളുകക്ക് ശേഷമുള്ള ആ കൂടിചേരലിനുശേഷം വീണ്ടും അവർ ഓരോന്ന് പറഞ്ഞ് തെറ്റുന്നു……
തുടർന്ന് കാണാൻ ആമസോണ്‍ പ്രൈമിലേക്ക് പോകാം….. ഡിസംബർ 23 മുതൽ സ്ട്രീമിംഗ് ആരംഭിച്ച ഈ ചിത്രം തിയറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണങ്ങള്‍ നേടിയ ശേഷമാണ് ഇവിടെ എത്തിയത്. സാലു കെ തോമസിന്റെ ഛായാഗ്രാഹണവും ശങ്കര്‍ ശര്‍മയുടെ സംഗീതവും സംഗീത് പ്രതാപിന്റെ ചിത്രസംയോജനവും ചിത്രത്തെ കൂടുതൽ മികവുറ്റത്താക്കുന്നുണ്ട്.