ട്രോൾ (Troll)
Muhammed Sageer Pandarathil
2022 ഡിസംബർ 1 ആം തിയതി മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ നോർവീജിയൻ മോൺസ്റ്റർ ചിത്രമായ ‘ട്രോൾ’ എന്ന ചിത്രം റോർ ഉത്തൗഗിന്റെ സംവിധാനത്തിൽ മോഷൻ ബ്ലറിന്റെ ബാനറിൽ എസ്പൻ ഹോണും ക്രിസ്റ്റ്യൻ സ്ട്രാൻഡും ചേർന്നാണ് നിർമ്മിച്ചിട്ടുള്ളത്.
2018 ൽ ഉത്തൗഗ് തന്റെ ടോംബ് റൈഡർ എന്ന ചിത്രം പൂർത്തിയാകാറായപ്പോൾ മോഷൻ ബ്ലറുമായി അടുത്ത ഒരു ചിത്രത്തെ കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. അങ്ങിനെ 20 വർഷത്തിലേറെയായി ഉത്തൗഗ് ചിന്തിച്ചു കൊണ്ടിരുന്നതും നോർവീജിയൻ നാടോടിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതുമായ ഒരു കഥ അദ്ദേഹം സിനിമയാക്കാൻ തീരുമാനിച്ചു.

കാലങ്ങളായി നോർവീജിയൻ പർവതത്തിൽ ഉറങ്ങി കിടന്നിരുന്ന ഒരു ട്രോൾ ഉണർന്നു വന്ന് ഓസ്ലോ നഗരത്തെ നശിപ്പിക്കുന്നതും അതിൽ നിന്ന് ഈ നഗരത്തെ രക്ഷിക്കുന്ന കഥ പറയുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം 2021 ആഗസ്റ്റിലാണ് ഇദ്ദേഹം ആരംഭിച്ചത്.നോർസ് മിത്തോളജി പ്രകാരം നോർഡിക് നാടോടിക്കഥകളിലെ ഒരു ജീവിയാണ് ട്രോൾ. പഴയ നോർസ് കഥകളിൽ, ട്രോളുകൾ എന്ന് വിളിക്കുന്ന ജീവികൾ പാറകൾ, മലകൾ, ഗുഹകൾ എന്നിവിങ്ങളിലാണ് വസിസിച്ചിരുന്നത്. ചെറിയ കുടുംബങ്ങളായി ഒരുമിച്ച് താമസിച്ചിരുന്ന ഇവർ വളരെ അപൂർവമായി മാത്രമേ മനുഷ്യരുടെ ഇടങ്ങളിലേക്ക് വരാറുള്ളൂ.
നോർവേയിലെ ഡോവ്രെ പർവതത്തിലൂടെ ഒരു റെയിൽവേ തുരങ്ക നിർമ്മാണത്തിന്റെ ഭാഗമായി അതിന്റെ ജോലിക്കാർ ആ പാറ പൊട്ടിക്കാനായി സ്ഫോടനം നടത്തുന്നു. ഈ സ്ഫോടനത്തെ തുടർന്ന് ആ പർവതത്തിൽ നിന്ന് വളരെ വലുതും അപകടകരവുമായ ഒരു ട്രോൾ ഉണർന്നു വരുന്നു. എന്താണ് അവിടെ സംഭവിച്ചതെന്ന് അറിയാനായി ഗവൺമെന്റ് ഇൻ മേരി വിൽമാന്റെ കഥാപാത്രമായ പാലിയന്റോളജിസ്റ്റ് നോറ ടൈഡ്മാന്റെ സഹായം തേടുന്നു.
തുടർന്ന് നോറ ആ ട്രോളിനെ നശിപ്പിക്കാൻ കിം ഫാൽക്കിന്റെ കഥാപാത്രമായ പ്രധാനമന്ത്രിയുടെ അസിസ്റ്റന്റ് ആൻഡ്രിയാസ് ഇസാക്സെന്നിന്റെയും മാഡ്സ് ജോഗാർഡ് പീറ്റേഴ്സണിന്റെ കഥാപാത്രമായ സൈനിക മേധാവി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഹോമിന്റെയും സഹായത്താൽ തന്റെ അന്വേഷണം ആരംഭിക്കുന്നു. ഒപ്പം ഗാർഡ് ബി. എൽഡ്സ് വോൾഡിന്റെ കഥാപാത്രമായ തന്റെ വേർപിരിഞ്ഞ പിതാവ് തോബിയാസിനെ കണ്ടെത്തി അദ്ദേഹത്തേയും ആ സംഘത്തിൽ ചേർക്കുന്നു.
അങ്ങിനെ ആ സംഘം ഡോവ്രെ പർവതത്തിന്റെ സമീപത്തുവെച്ച് ട്രോളിനെ കാണുന്നു. എന്നാൽ ക്യാപ്റ്റൻ ക്രിസ്റ്റോഫർ ഹോമിന്റെ സൈനീക പ്രവർത്തനത്തിൽ ഷുഭിതനായ ആ ട്രോളിന്റെ ആക്രമണത്തിൽ
തോബിയാസ് കൊല്ലപ്പെടുന്നു. എന്നാൽ അതിനുമുൻപ് അയാൾ മകൾ നോറയോട് ചില രഹസ്യങ്ങൾ പറയുന്നു. ക്യാപ്റ്റൻ ക്രിസ്റ്റഫറിന് തന്റെ തെറ്റ് മനസിലാകുന്നു. തുടർന്ന് അയാൾ നോറയുമായി സഹകരിക്കുന്നു. എന്നാൽ സർക്കാരിന് അവർ പറയുന്ന കാര്യങ്ങൾ കേൾക്കാനോ അനുസരിക്കാനോ താൽപ്പര്യമില്ല.
അക്രമകാരിയായ ആ ട്രോൾ ഓസ്ലോക്ക് സമീപമുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് ഇറങ്ങുന്നു. അവിടെ നാശം വിതക്കും മുൻപ് നോറയും സംഘവും ആ ട്രോളിനെ അവിടെ നിന്ന് മടക്കി അയക്കാൻ വലിയ പള്ളി മണികൾ ഹെലികോപ്റ്ററിൽ കെട്ടിയിട്ട് ഒച്ചയുണ്ടാക്കി ഓടിക്കാൻ ശ്രമിക്കുന്നു എന്നാൽ അത് അവിടെ വലിയ നാശം വിതക്കുന്നു. തുടർന്ന് ആ ട്രോൾ ഓസ്ലോ പട്ടണത്തിലേക്ക് ഇറങ്ങുന്നു. ഇതിനിടെ നോർവേ ഗവർമെന്റ് ആ ട്രോളിനെ നശിപ്പിക്കാൻ ആണവായുധം ഉപയോഗിക്കാൻ തീരുമാനിക്കുന്നു.
അതിനെ തുടർന്നുണ്ടായേക്കാവുന്ന വിനാശകരമായ ദുരന്തം തടയാൻ അച്ഛൻ പറഞ്ഞ രഹസ്യം കണ്ടെത്താൻ ആ സംഘം രാജാവിനെ സന്ദർശിക്കുന്നു. തുടർന്ന് അവിടെയുള്ള ഒരു തുരങ്കത്തിൽ പണ്ടെങ്ങോ നശിച്ചുപോയ ഒരു ട്രോളിന്റെ അസ്ഥിയിൽ തന്റെ കൈയിലുള്ള ടോർച്ചിലെ വെളിച്ചം അടിക്കുമ്പോൾ അത് ഉരുകുന്നതായി കണ്ടെത്തുന്നു. തുടർന്ന് അവർ ശക്തിയേറിയ വെളിച്ചം ഉപയോഗിച്ച് അതിനെ നശിപ്പിക്കാൻ തീരുമാനിക്കുന്നു. അതിനായി ആ ട്രോളിനെ ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് ആകർഷിച്ച് കൊണ്ട് വരാൻ അവിടെ കണ്ട ട്രോളിന്റെ ഒരു തലയോട്ടി ഒരു വണ്ടിയിൽ എടുത്തുകൊണ്ടുവരുന്നു.
അതിനിടയിൽ ആണവായുധം പ്രയോഗിക്കാതിരിക്കാൻ അവിടെയുള്ള ഒരു അസ്സിസ്റ്റന്റിന്റെ സഹായത്താൽ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഒരു പരിശ്രമം നടത്തുന്നു. തുടർന്ന് ആ ശ്രമം പരാജയപ്പെടുന്നു. ഈ സമയം നോറ ആ തലയോട്ടിയുടെ സഹായത്താൽ ആ ട്രോളിനെ അവർ വെളിച്ചം സജമാക്കിയ സ്ഥലത്ത് എത്തിക്കുന്നു. ആ ട്രോൾ അവിടെ എത്തുന്ന വഴിയിൽ ഓസ്ലോ പട്ടണം ഏകദേശം പൂർണമായും തകരുന്നുണ്ട്.
അവിടെ എത്തിച്ചേർന്ന ആ ട്രോളിനുനേരെ അവർ ആ കൃത്രിമ വെളിച്ചം അടിക്കുന്നു. എന്നാൽ അതിൽ നിന്ന് അത് അതിജീവിക്കും എന്ന് മനസിലാക്കിയ നോറ ആ വെളിച്ചമെല്ലാം അണച്ച് അതിനോട് അവിടെ നിന്ന് പോകാൻ അപേക്ഷിക്കുന്നു. ഈ സമയം ആണവായുധത്തിന്റെ പരാജയ കാരണത്തിന്റെ കാരണം അതിന്റെ ആൾക്കാർ കണ്ടെത്തുന്നു. ഈ സമയം, അവിടെ സൂര്യൻ ഉദിക്കുന്നു. ആ ശക്തിയേറിയ വെളിച്ചം ഏറ്റ ആ ട്രോൾ അതിനെ അതിജീവിക്കാൻ കഴിയാതെ അവിടെ ജീവനറ്റ് വീഴുന്നു. ആ വിജയത്തിൽ എല്ലാവരും സന്തോഷിക്കുന്നു.
എന്നാൽ, നോർവേയിലെ മലനിരകളിൽ ഇപ്പോഴും കൂടുതൽ ട്രോളുകൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ആൻഡ്രിയാസും നോറയും ആശങ്കപ്പെടുന്നു. ആ സംശയം സാധൂകരിക്കുന്ന രീതിയിൽ ഡോവ്രെ പർവത ഗുഹയിലെ അവശിഷ്ടങ്ങൾ കിടയിൽ നിന്ന് ഒരു അലർച്ചയോടെ എന്തോ ഉയർന്നു വരുന്നതോടെ ഈ ചിത്രം അവസാനിക്കുന്നു……ജല്ലോ ഫേബറിന്റെ ഛായാഗ്രഹണവും ക്രിസ്റ്റഫർ ഹേയുടെ ചിത്രസംയോജനവും ജോഹന്നാസ് റിംഗന്റെ സംഗീതവും ഈ ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നുണ്ട്.