Muhammed Sageer Pandarathil
കളിപ്പാട്ടക്കാരൻ എന്ന ചിത്രത്തിനുശേഷം, സഹോദരന്മാരായ സജാസ് റഹ്മാനും ഷിനോസ് റഹ്മാനും ചേർന്നൊരുക്കിയ ഇവരുടെ രണ്ടാമത്തെ ചിത്രമായ വാസന്തി, 2020 ൽ നടന്ന 50 ആമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനും മികച്ച തിരക്കഥക്കുള്ള പുരസ്‌കാരവും ഒപ്പം വാസന്തി എന്ന കഥപാത്രമായി ചിത്രത്തിൽ തകർത്ത് അഭിനയിച്ച സ്വാസികക്ക് മികച്ച സ്വഭാവ നടിയ്ക്കുള്ള അവാർഡും നേടിയ ചിത്രമാണ്.
വിൽസൺ പിക്ച്ചേഴ്സിന്റെ ബാനറിൽ സിജു വിൽസൺ നിർമ്മിച്ച ഈ ചിത്രം ഓടിടി ഫ്ലാറ്റ്ഫോമിൽ 2023 ഫെബ്രുവരി ആദ്യവാരം റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ സ്റ്റാർ കാസ്റ്റ് ഇല്ലെന്നപേരിൽ അവസാനം ഓടിടിക്കാർ എടുക്കാതെ വന്നപ്പോൾ വിൽസൺ പിക്ച്ചേഴ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ചിത്രം ഫെബ്രുവരി 4 ആം തിയതി റിലീസ് ചെയ്യുകയായിരുന്നു. 2016 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായപ്പോൾ ആയിരുന്നു സിജു വിത്സണ്‍ ഇതിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്.
ചിത്രം ആരംഭിക്കുമ്പോൾ, ഒരു കടപ്പുറത്ത് ഒരുക്കിയ ഓപ്പൺ സ്റ്റേജിന് മുന്നിൽ നാടകം കാണാനായി നിലത്ത് മണലിൽ കുറെ സാധാരണക്കാരായ കാണികൾ ഇരിക്കുന്നു. സ്റ്റേജിലെ സോഫയിൽ ഒരു വയസ്സൻ, ഉടൽ കീഴേയും കാൽ മുകളിലുമായി കിടക്കുന്നു. അവിടേക്ക് പുറത്തുനിന്ന് സ്വാസികയുടെ കഥപാത്രമായ വാസന്തി കടന്നു വരുന്നു. വസന്തിയെ കണ്ടപ്പോൾ കാണികൾ നാടകം തുടങ്ങാൻ വേണ്ടി ബഹളം വെക്കുന്നു. തുടർന്ന് സ്റ്റേജിൽ മരിച്ചു കിടക്കുന്ന ആളെ മാറ്റികിടത്താനായി അവൾ കാണികളിൽ നിന്ന് ഒരാളെ വിളിക്കുന്നു. അങ്ങിനെ അവിടേക്ക് വിനോദ് തോമസിന്റെ കഥാപാത്രമായ ബാലു വരുന്നു.
അവരിരുവരും അയാളെ മാറ്റി കിടത്തുന്നു.
അങ്ങിനെ അവരോട് വാസന്തി ഒരു കഥ പറഞ്ഞു തുടങ്ങുന്നു. അഞ്ച് ഭാഗങ്ങളായി പറയുന്ന ഈ കഥയിലെ ആദ്യ ഭാഗത്തിന്റെ പേര് ‘അമ്മ’ എന്നാണ്. ശ്രീല നല്ലെടത്തിന്റെ കഥാപാത്രമായ അമ്മക്കൊപ്പമുള്ള അവളുടെ ബാല്യം. അന്ന് തൊട്ടേ അവിടെ വന്നുപോകുന്ന ആൾ അമ്മയുടെ രഹസ്യബന്ധമാണെന്ന് അവൾ കൗമാരത്തോടെ തിരിച്ചറിയുന്നു. അവളും കൂടി ചീത്തയായി പോകാതിരിക്കാൻ ദൂരെയുള്ള ഒരു ബന്ധുവിന്റെ അടുക്കലേക്ക് പറഞ്ഞയക്കുന്നു.
വീണ്ടും നടക സ്റ്റേജിലേക്ക് പോകുന്ന രംഗത്തിൽ അവൾക്ക് ഒരു ടെലിഫോൺ കോൾ വരുന്നു. ജഡ്ജിയുടെ ഭാര്യയാണ്. ജഡ്ജി അവിടെ കിടന്നു മരിച്ചുവെന്ന് ആരും അറിയരുതെന്നും, മൃതദേഹം കൊണ്ടുപോകാൻ ആളെ വിടാമെന്നുമായിരുന്നു ആ കോളിന്റെ ഉള്ളടക്കം. ഇതിനിടയിൽ സ്റ്റേജിൽ അവളും ബാലുവും മദ്യപാനവും തുടങ്ങിയിരുന്നു. അവൻ കഥയുടെ ബാക്കി ഭാഗം പറയാൻ അവളോട് പറയുന്നു. അങ്ങിനെ രണ്ടാം ഭാഗമായ ‘രാമൻ’ ആരംഭിക്കുന്നു. ആ ബസ്സ് യാത്രയിൽ അവൾ മധ്യവയസ്ക്കനായ രാമൻ എന്ന ഒരു കർഷകനെ പരിചയപ്പെടുന്നു. തുടർന്ന് അയാളുടെ ഒപ്പം കൂടുന്ന അവൾ, അയാളെ സഹായിച്ച് അയാളുടെ വീട്ടിൽ താമസം ആരംഭിക്കുന്നു. കാലങ്ങൾ കടന്നു പോകവേ ആ നാട്ടിലേക്ക് അപ്രതീക്ഷിതമായി ചന്തു എന്ന ശബരീഷ് വർമ്മയുടെ കഥാപാത്രം വരുന്നു. ഇത് രാമന് തീരെ ഇഷ്ട്ടമാകുന്നില്ല. ഒരു രാത്രി കുടിച്ചുവന്ന രാമൻ അവളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു. അയാളിൽ നിന്ന് രക്ഷപെടാൻ അയാളെ തള്ളിമാറ്റിയപ്പോൾ തറയിൽ തലയിടിച്ചു വീണ് ബോധം പോയ അയാളെ കെട്ടിയിട്ട് അവൾ അവിടെനിന്നും രക്ഷപെടുന്നു.
ഭാഗം മൂന്ന് ‘ചന്തു’. വഴിയിലൂടെ രാത്രി നടന്നുപോകുന്ന അവളെ ചന്തു തന്റെ വീട്ടിലേക്ക് കൂട്ടുന്നു. വീട്ടിലെത്തിയ അവൾക്ക് അവൻ ഒരു സ്വർണ്ണമാല ചാർത്തുന്നു. ആ രാത്രി കഴിഞ്ഞു പകലിലേക്ക് വരുമ്പോൾ ചന്തുവിന്റെ അമ്മ അവളോട് ചോദിക്കുന്നുണ്ട് ഒരു കള്ളനായ ഇവന്റെ ഒപ്പം നീ എന്തിനാണ് ഇറങ്ങി വന്നതെന്ന്? നിനക്ക് രക്ഷപെടണമെങ്കിൽ അവർ അവളെ സഹായിക്കാം എന്നും പറയുന്നുണ്ട്. അന്ന് രാത്രി കൂട്ടുകാരൻ സിജു വിൽസന്റെ കഥാപാത്രമായ സുകുവും അവനും കക്കാൻ പോകുമ്പോൾ അവളും അവരോടൊപ്പം കൂടുന്നു. ചന്തു മോഷ്ടിക്കാൻ പോയപ്പോൾ അവന്റെ കുറ്റങ്ങൾ പറഞ്ഞു, അവളെ തന്നിലേക്ക് അടുപ്പിക്കാൻ സുകു ശ്രമിക്കുന്നു.
മോഷണ ശ്രമത്തിനിടയിൽ ചന്തു പിടിയിലാവുന്നു. ഒപ്പം വഴിയിൽ അവനെ കാത്തുനിന്ന അവരും പിടിയിലാവുന്നു. ചന്തുവിനെ അറിയാവുന്ന പോലീസുകാർ അവനെ മോഷണകുറ്റത്തിനറസ്റ്റ് ചെയ്യുന്നു. ആദ്യമേ വാസന്തിയെ നോട്ടമിട്ടിരുന്ന സുകു, ഞങ്ങൾ ഭാര്യഭർത്താക്കന്മാരാണെന്നും സിനിമ കഴിഞ്ഞു വരികയാണെന്നും പറഞ്ഞു അവിടെ നിന്നും രക്ഷപെടുന്നു.ഈ സമയം നടക സ്റ്റേജിലേക്ക് പോകുന്ന രംഗത്തിൽ ജഡ്ജിയുടെ മൃതദേഹം കൊണ്ടുപോകാൻ ആൾക്കാർ വരികയും, അത് കൊണ്ടുപോകുകയും ചെയ്യുന്നു. തുടർന്ന് വസന്തിയോട് ബാക്കി കഥ പറയാൻ പറയുന്ന ബാലുവിനോട്, അവൾ കുറച്ചു സമയം ഉറങ്ങണം, നിങ്ങൾ പോയി നിങ്ങളുടെ ഭാര്യയെയും മകനേയും വീട്ടിൽ കൊണ്ടാക്കി വരാൻ പറയുന്നു.
അയാൾ അവരുമായി വീട്ടിലേക്ക് പോകുമ്പോൾ അവൾ ആ സോഫയിൽ കുറച്ചു സമയം കിടന്നുറങ്ങുന്നു.
ഉറങ്ങിയെഴുന്നേറ്റ അവൾ കാണുന്നത് ബാലുവിനുപകരം അവിടെ അയാളുടെ അമ്മായിയപ്പനായ ശിവജി ഗുരുവായൂരിന്റെ കഥാപാത്രത്തെയാണ്. അയാളോട് ബാലുവിനെ തിരക്കുമ്പോൾ അയാൾ പറയുന്നുണ്ട്. അയാളെ ഭാര്യ അവിടെ പിടിച്ചുവെച്ചിരിക്കുകയാണ്. അയാൾ ഇനി വരില്ലെന്നും. ബാക്കി കഥ പറയാൻ അയാൾ അവളോട് പറയുന്നു. ഈ സമയം ചന്തു സ്റ്റേജിലേക്ക് കയറിവന്ന് ഇവൾ പറയുന്നതെല്ലാം നുണയാണെന്നും ആരും വിശ്വസിക്കരുതെന്നും പറയുന്നു. ഇതുകേട്ട് അവിടെ നിന്നും ഇറങ്ങിപോകുന്ന അവളെ പിടിക്കാൻ ചന്തുവും അവൾക്ക് പിറകെ പോകുന്നു.
ഭാഗം നാല് ‘സുകു’. സുകുവുമൊത്ത് അയാളുടെ ഒറ്റമുറി ഫ്ലാറ്റിൽ പുതിയ ജീവിതം അവർ ആരംഭിക്കുന്നു. അയാളോട് കളവ് നിർത്തി എന്തെങ്കിലും ജോലി ചെയ്തു മാന്യമായി ജീവിക്കാമെന്ന് അവൾ പറയുന്നു. കുറച്ചു കാലം ജീവിക്കാനുള്ള വകക്കായി ചന്തു അവൾക്കിട്ട മാല അവർ വിൽക്കുന്നു. അതവർ ലാവിഷായി ഫുഡ്ഡടിച്ചും മറ്റുമായി തീർക്കുന്നു. ഭക്ഷണത്തിനുപോലും വകയില്ലാതാകുന്ന അവർ ജീവിക്കാൻ പാടുപ്പെടുന്നു. തൽകാലം പിടിച്ചുനിൽക്കാൻ സുകു, അവളെ ഒരാൾക്ക് കാഴ്ചവെക്കുന്നു. ചതി മനസിലാക്കിയ അവൾ, സുകുവിനെ ഉപേക്ഷിച്ചു അവിടെ വന്ന ആളുമായി പോകുന്നു.
തുടർന്ന് നടക സ്റ്റേജിലേക്ക് പോകുന്ന രംഗത്തിൽ, നിശബ്ദനായി ഇരിക്കുന്ന ബാലുവിന്റെ അമ്മായിയപ്പനോട്, എന്താണ് ബാക്കിയൊന്നും ചോദിക്കാത്തതെന്ന് ചോദിക്കുമ്പോൾ അയാൾ അവൾക്ക് മഹാഭാരതത്തിൽ, ഭഗവാൻ ശ്രീകൃഷ്ണൻ ദ്രൗപതിയെ മനോവിശകലനം ചെയ്തപ്പോൾ അവൾക്ക് പഞ്ചപണ്ഡവരെ കൂടാതെ കർണ്ണനോടും സ്നേഹമുള്ളതായി കണ്ടെത്തിയെന്നും അതുപോലെയാണ് ഭാര്യമാരുടെ മനസ് വായിക്കാൻ ഭർത്താക്കൻമാർക്ക് ആകിലെന്നും, തന്റെ ജീവിതം തന്നെയാണ് ഉദാഹരണമെന്നും അയാൾ പറയുന്നു.
അപ്പോൾ അവൾ ചോദിക്കുന്നു, ഈ ഭാര്യ ഭർത്ത് ബന്ധമൊന്നും വേണ്ടായെനാണോ നിങ്ങൾ പറയുന്നതെന്ന്. അതിനയാൾ പറയുന്ന മറുപടി, സ്ക്കൂളിൽ പരീക്ഷ വേണോ വേണ്ടേ എന്ന് ചോദിക്കുന്നതു പോലെ, രണ്ടും ഒഴിവാക്കാൻ പറ്റാത്ത വൻ ദുരന്തങ്ങളാണ്. ഇതിനാൽ ഭാര്യഭർത്ത് ബന്ധത്തിലെ ഈ ദുരന്തം ഒഴിവാക്കാൻ ഇരുകൂട്ടരും അറിഞ്ഞു കൊണ്ട് അവർക്ക് സ്വാതന്ത്ര്യമായി മറ്റൊരു ബന്ധവും ഉണ്ടാകണമെന്നാണ്. അപ്പോൾ അവൾ അയാളോട് ചോദിക്കുന്നു, നിങ്ങൾ നിങ്ങളുടെ ഭാര്യയെ അതിനനുവദിച്ചിരുന്നോ എന്ന്, അപ്പോൾ അയാൾ ചൂടായി അവളോട് പറയുന്നു. ഞങ്ങൾ ഇവിടെ വന്നത് നിന്റെ കഥ കേൾക്കാനാണ്, നീ ബാക്കി കഥ പറയുവെന്ന്……
ഭാഗം അഞ്ച് ‘സ്വർഗ്ഗം’. പുതിയ ഒരു താമസസ്ഥലം. ഒരു പഴക്കമുള്ള ഇരുനിലവീട്, ഒറ്റയ്ക്ക്, പരിചരകൻ ശങ്കുണ്ണി, അയാൾ അവളെ അവിടെയാക്കി പോകുന്നു. അപ്പോൾ അയാൾ പറയുന്നുണ്ട് നിനക്ക് എത്ര കാലം വേണമെങ്കിലും ഇവിടെ താമസിക്കാം, പക്ഷെ അക്കാലമത്രയും അവളെ കാണാൻ അയാളുടെ ആൾക്കാർ വന്നുകൊണ്ടേയിരിക്കുമെന്ന്. തുടർന്ന് അവളെ കാണാൻ ഡോക്ടർ സാം വരുന്നു. കാർഡിയാക്ക് സർജനായ അയാൾ മൃദു സമീപനായിരുന്നു. പിന്നെ വന്നത് ഹരിലാലിന്റെ കഥാപാത്രമായ ജഡ്ജിയാണ്. പരുക്കനായിരുന്നു ഇയാൾ. തുടർന്ന് മ്യുസിഷൻസ്, രാഷ്ട്രീയനേതാവ്, പൂജാരി….. അങ്ങിനെ പലരും വന്നുപോകുന്നു.
ഒരു ദിവസം അവൾ അടുത്തുള്ള സർക്കസ് കാണാനായി പോകാൻ നിൽക്കുമ്പോഴാണ് ജഡ്ജി വീണ്ടും വരുന്നത്. അന്നയാൾ നീതി ദേവതയുടെ തുലാസുമായാണ് വന്നത്. ഒരു പ്രതിയെ ശിക്ഷിച്ച ദുഃഖവും, അയാളുടെ ഇതുവരെയുള്ള ജോലിയിൽ അയാൾക്ക് ഉണ്ടായ വെറുപ്പുമെല്ലാം അയാളിൽ കാണാം. അതെല്ലാം മറക്കാൻ അവരിരുവരും മദ്യം സേവിക്കുന്നു. തുടർന്ന് പാട്ടും വെക്കുന്നു. പതിഞ്ഞ താളം മുറുകുന്നതോടെ ഇരുവരും അമിതമായി ആഘോഷിക്കുന്നു. അവസാനം അയാൾ അവിടെ ബോധം കേട്ട് മരിച്ചുവീഴുന്നു.
പിന്നീട് നടകസ്റ്റേജിലേക്ക് പോകുന്ന രംഗത്തിൽ, സ്റ്റേജിലേക്ക് അപ്രതീക്ഷിതമായി ബാലു കടന്നു വരുന്നു.
അയാൾ അമ്മായിയപ്പനെ അവിടെ കാണുമ്പോൾ, എന്താണ് താങ്കൾ ഇവിടെ യെന്ന് ചോദിക്കുന്നു. നീ വരാൻ വൈകിയപ്പോൾ, കഥ കേൾക്കാൻ വന്നതാണ് എന്ന് പറയുന്നു. അപ്പോളയാൾ, വാസന്തിയോട് പറയുന്നു. അവൾ എന്നെ പിടിച്ചുവെച്ചുവെന്നും, അവളെ കൊന്നാണ് ഞാൻ വരുന്നതെന്നും, ഇതുകേട്ട അയാളുടെ അമ്മായിയപ്പൻ അയാളുമായി വഴക്കാവുന്നു. വഴക്കിന്റെ ഒടുക്കം, അയാളുടെ അടിയേറ്റ് ബാലു മരിക്കുന്നു. ഇനിയും തനിക്ക് ഒരു മൃതദേഹത്തിനു കൂടി കാവലിരിക്കാൻ വയ്യ, ഇയാളെ ഇവിടെ നിന്ന് കൊണ്ടുപോകാൻ ബാലുവിന്റെ അമ്മായിയപ്പനോട് അവൾ പറയുന്നു. തുടർന്ന് അയാൾ ആ മൃതദേഹം അവിടെ നിന്ന് വലിച്ചു കൊണ്ടുപോകുന്നു. സ്റ്റേജിലേക്ക് മടങ്ങിപോകുന്ന അവൾ അനന്തരം അവിടെയുള്ള കാണികളോട് നാടകം കഴിഞ്ഞതായി അറിയിക്കുന്നു….
ഇന്ദിര പാര്‍ത്ഥസാരഥിയുടെ പോര്‍വേ പോര്‍ത്തിയ ഉടല്‍കള്‍ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ വാസന്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എടുത്ത വാസന്തി എന്ന ഈ ചിത്രത്തിന്റെ അവതരണ ശൈലി മലയാള സിനിമാ രംഗത്ത് അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒന്നാണ്. ജീവിതത്തിലെ നാടകവും നാടകത്തിലെ ജീവിതവും പറഞ്ഞ ഈ ചിത്രത്തിൽ അഭിലാഷ് ശങ്കറിന്റെ ഛായാഗ്രഹണവും സംവിധായകരുടെ ചിത്രസംയോജനവും രാജേഷ് മുരുഗേശന്റെ സംഗീതവും മികവുറ്റതാണ്.