അച്ചോ പള്ളിപണിയാൻ ആ പണം ധൈര്യമായി സ്വീകരിക്കണം, തന്നത് വേശ്യയെങ്കിൽ അവൾക്കത് കൊടുത്തത് ഞങ്ങളൊക്കെത്തന്നെയാ

374

Muhammed Shameem എഴുതുന്നു 

പഴയൊരു കഥ പറയാം. ചെറിയൊരു തമാശ.
സമൂഹം ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണോ കഥയും തമാശയുമൊക്കെ എന്ന് ചോദിക്കാം. പക്ഷേ കഥയാണല്ലോ കാര്യം, കാര്യമാണല്ലോ കഥ. ഒരു കാര്യഗൌരവവുമില്ലാത്തവനെയല്ലേ മലയാളി കഥയില്ലാത്തവൻ എന്ന് വിളിക്കാറുള്ളത്..?

ചെറുതെങ്കിലും പഴക്കം ചെന്ന പള്ളിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അതൊക്കെയൊന്ന് നന്നാക്കണമെന്നും പറ്റിയാൽ പള്ളി തന്നെ മാറ്റിപ്പണിയണമെന്നും പുരോഹിതൻ വിശ്വാസികളോട് പറഞ്ഞു. എല്ലാവരും സംഭാവന നൽകണം. അടുത്ത ശനിയാഴ്ച വൈകിട്ട് നാല് മുതൽ രാത്രി എട്ട് മണി വരെ താൻ അരമനയിൽ കാണും. ആളുകൾ സംഭാവനകൾ അവിടെ കൊണ്ടുത്തരണം.

ശനിയാഴ്ച നാല് മണി മുതൽ സംഭാവനകൾ സ്വീകരിക്കാൻ വേണ്ടി പുരോഹിതൻ ഒരുങ്ങിയിരുന്നെങ്കിലും രണ്ട് മണിക്കൂർ നേരത്തേക്ക് ഒരീച്ച പോലും ആ വഴി പറന്നില്ല.

ആറു മണിയായപ്പോൾ ഒരു പെണ്ണ് വന്നു. ഒരു ലക്ഷം രൂപ സംഭാവന നൽകി. അച്ചനവൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു.

അവൾ പോയപ്പോൾ കപ്യാർ അച്ചനോട് പറഞ്ഞു: അച്ചോ, അവളാളു പിഴയാ.

കാര്യം മനസ്സിലായില്ലേ? അവൾ ‘പോക്കാ’ണ്. അതായത്, നമ്മുടെ കുന്നംപറമ്പിൽക്കാരന്റെ ഭാഷയിൽ പറഞ്ഞാൽ വേശ്യ. മാടശ്ശേരിക്കാരിയുടെ ഭാഷയിൽ പടക്കം.

പെണ്ണുങ്ങളെ മാത്രമല്ലേ ഇങ്ങനെയൊക്കെ പറയാൻ പറ്റൂ. അത് പെണ്ണുങ്ങൾക്കും നന്നായി അറിയാം. ഇനി അതല്ല, പെണ്ണുങ്ങളെ പെണ്ണുങ്ങൾ തന്നെ തെറി വിളിച്ചാൽ അത് രാഷ്ട്രീയമായി ശരിയാണെന്ന് വരുമോ?

ഇനിയിപ്പോ, ആണും പെണ്ണും വിളിക്കുന്ന തെറികൾ ഒരുമിച്ച് പരാമർശിച്ചാൽ അത് പൊലിറ്റിക്കലി കറക്ടല്ലെന്ന് വരുമോ?

പക്ഷേ, ഫിറോസ് അതിഗുരുതരമായ മറ്റൊരപരാധം കൂടി പ്രവർത്തിച്ചു. തന്തയില്ലാത്തരം എന്ന് ഞാൻ പറയില്ല. എന്തെന്നാൽ അപ്പോഴും അതും ചെന്ന് കൊള്ളുന്നത് ഒരു സ്ത്രീയുടെ മേലായിരിക്കുമല്ലോ. അതിപ്പോ, അച്ചുമ്മാൻ സ്റ്റൈലിൽ പിതൃശൂന്യത എന്ന് പറഞ്ഞാലും അങ്ങനെത്തന്നെയാ.

ഇതാണ് പ്രശ്നം. സകലരുടെയും ഉള്ളിൽ ഒരു സ്ത്രീവിരോധിയുണ്ട്. എത്ര കുടഞ്ഞെറിഞ്ഞാലും പോകാത്ത ഒരു ഭീകരസത്വം.

ജോളിയെ ജോളിയാക്കിയപ്പോഴും അതാണ് സത്യത്തിൽ പുറത്തേക്ക് വന്നത്. അന്നേരം ഞാനോർത്തത് മറ്റൊന്നാണ്.

എൻ.വി കൃഷ്ണവാരിയരുടെ ഒരു സുദീർഘ കവിത (കാവ്യകൌതുകം ആണെന്ന് തോന്നുന്നു) തുടങ്ങുന്നത് ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള വർത്താനത്തിലാണ്.

ചായക്ക് മധുരമൽപം കുറയും എന്ന് രാവിലെ ചായ നീട്ടിക്കൊണ്ട് ഭാര്യ. (പഞ്ചസാര തീർന്നു തുടങ്ങി എന്ന് വ്യംഗ്യം).
വിഷവും കുടിക്കും നീ തന്നാൽ എന്ന് ഭർത്താവ്.

തീർച്ചയായും എന്റെ സഹയാത്രിക ഏത് സയനൈഡ് വെച്ചു നീട്ടിയാലും ഞാനത് ധൈര്യമായി വാങ്ങിക്കുടിക്കും.

അവളുടെ ഒരു സ്പർശം മതി, ഏത് കൊടും വിഷവും അമൃതമായി മാറാൻ എന്ന ഒരു രാസാൽഭുതം ഞാനെന്റെ പരീക്ഷണശാലയിൽ നേരിട്ട് പരീക്ഷിച്ച് ബോധ്യപ്പെട്ടതാണ്.

അതിരിക്കട്ടെ, എന്താണ് ഫിറോസ് പ്രവർത്തിച്ച മറ്റൊരപരാധം എന്നല്ലേ?

തന്റെ തോന്ന്യാസത്തിന് പ്രവാചകനെ കൂട്ടുപിടിച്ചു കളഞ്ഞു. നല്ല ഭാഷയിൽ പറഞ്ഞാൽ പ്രവാചകനിന്ദ തന്നെ.

തന്നെ വിമർശിച്ചവരെയൊക്കെ നബി തിരിച്ച് തെറി പറഞ്ഞിരുന്നെങ്കിലുണ്ടല്ലോ?

ഇന്നത്തെ പവിത്രമായ ഹദീഥ് ഗ്രന്ഥങ്ങളൊക്കെ പൂരപ്പാട്ടുകളുടെ സമാഹാരങ്ങളായി മാറുമായിരുന്നു.

കഥയിലേക്ക് തിരിച്ചു വരാം.

കപ്യാർ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ, എങ്കിലീ കാശ് തിരിച്ചു കൊടുത്തേക്കാം എന്നായി അച്ചൻ. പള്ളിയല്ലേ, ‘വിശുദ്ധി’യുള്ള മുതല് വേണമല്ലോ.

പക്ഷേ, എട്ട് മണി പറഞ്ഞ അച്ചൻ പത്ത് മണി വരെയിരുന്നിട്ടും ഒരഞ്ച് പൈസയുമായിപ്പോലും ഒരൽമായനും ആവഴി വന്നില്ല.

പിറ്റേന്ന്, കുർബ്ബാനാദി കൂദാശകളൊക്കെ കഴിഞ്ഞ ശേഷം ഇടവക പ്രമാണിമാരുടെ അടിയന്തിര യോഗം വിളിച്ചു കൂട്ടി അച്ചനിക്കാര്യം പറഞ്ഞു.

എന്തൊക്കെയായാലും അവളുടെ (ആ ‘വെടി’യുടെ) പണം സ്വീകരിക്കരുതെന്ന് പ്രമാണിമാർ. തങ്ങളിത്ര തന്നോളാം എന്ന് ഒരുത്തനുമൊട്ട് പറയുന്നുമില്ല. ആകെക്കിട്ടിയ ഒരു ലക്ഷം, (എന്തായാലും ഒരു ഭാഗത്തെ കഴുക്കോലുകളെങ്കിലും മാറ്റിയിടാമല്ലോ) തിരിച്ചു കൊടുക്കേണ്ടി വരുമല്ലോ എന്ന അധർമസങ്കടത്തിൽ അച്ചൻ.

പുരോഗമനവാദിയായ ഒരു യുവ ഇടവകപ്രമാണി അച്ചന്റെ ഈയവസ്ഥ കണ്ട് ഉടനെ പറഞ്ഞു.

അച്ചോ, ആ പണം ധൈര്യമായി സ്വീകരിക്കണം. അത് തന്നതവളാണെങ്കിൽ അവൾക്കത് കൊടുത്തത് ഞങ്ങളൊക്കെത്തന്നെയാ.

അതായത്, സത്യമുള്ള മുതലാണ്.

അതിനാൽ നിങ്ങളിൽ പാപം ചെയ്യാത്തവൻ ആദ്യം കല്ലെറിയട്ടെ.

ബഹുമാന്യനായ ഫിറോസേ, നായക്ക് വെള്ളം കൊടുത്ത് സ്വർഗത്തിൽപ്പോയ വേശപ്പെൺകൊടിയുടെ വിശുദ്ധകഥ താങ്കളുടെ സമുദായത്തിലെ പാട്ടുകാർ പരമ്പരാഗതമായി പാടിനടക്കാറുള്ളത് താങ്കളും കേട്ടിരിക്കുമല്ലോ?

അവരെയല്ല, ഇവരെയല്ല താൻ പറഞ്ഞത് എന്നൊന്നും പറയുന്നതിൽ കാര്യമില്ല. പറഞ്ഞോ എന്നതാണ് പ്രശ്നം.

താങ്കളുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സഹായം ചെയ്യുന്നവരിൽ താങ്കളിപ്പറഞ്ഞ, ‘വേശ്യ’കൾ ഇല്ല എന്നുറപ്പാണോ?

ഒരു നായയുടെ നാക്കിൽ പ്രാണജലം ഇറ്റിച്ചു കൊടുത്തവളെപ്പോലെ അവരും ഹിദായത്തിലായി മോക്ഷം പ്രാപിക്കില്ല എന്ന് താങ്കൾക്ക് ഉറപ്പൊന്നുമില്ലല്ലോ.

അതുപോട്ടെ, അതൊരു വിശ്വാസകാര്യമല്ലേ. ‘ഇത്തരം’ പെണ്ണുങ്ങളുടെ സംഭാവനകളൊന്നും താങ്കൾ ഇതുവരെ സ്വീകരിച്ചിട്ടില്ല എന്ന് ധൈര്യമായി പറയാൻ താങ്കൾക്ക് പറ്റുമോ?

സ്വീകരിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്തെന്നാൽ അവരുടെ കൈയിലുള്ള പണം നമ്മളൊക്കെ കൊടുത്തത് തന്നെയാണല്ലോ.

അതിനാൽ പാപം ചെയ്യാത്തവരേ ആദ്യവും അവസാനവും കല്ലെറിയാവൂ.

ശിഷ്ടം: എത്ര വിപ്ലവമുണ്ടാക്കിയാലും പോകാത്ത ചില ‘മഹത്വ’ങ്ങൾ നമ്മുടെ രാജ്യത്തിനും സമൂഹത്തിനുമുണ്ട്.

അതിലൊന്ന് കാസ്റ്റീസം. അതിനനുബന്ധമായോ അതിനെക്കാൾ മേലെയോ ഇപ്പോൾ ഇസ്ലാമോഫോബിയയും (ഈ ഇസ്ലാമോഫോബിയയും ഇവിടുത്തെ അധിക്ഷേപി ഫിറോസ് ആയതും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് സത്യവാങ്മൂലം).
മറ്റൊന്ന് ഗൈനോഫോബിയ.

ആവർത്തനം: സ്ത്രീകളെ അധിക്ഷേപിക്കുന്നവർ എന്ത് മരമായാലും നന്മമരമാവില്ല.
അതിപ്പോ, അധിക്ഷേപം വേശ്യയെന്നായാലും പടക്കം എന്നായാലും എനിക്കത് കണക്കാ.
അധിക്ഷേപിക്കുന്നത് ആണായും പെണ്ണായാലും നിന്ദ്യം തന്നെ.

Advertisements