ഗേ എന്നോ ലെസ്ബിയനെന്നോ ഒക്കെ കേൾക്കുമ്പോൾ എപ്പോഴെങ്കിലും നെറ്റി ചുളിച്ചിട്ടില്ലേ നിങ്ങൾ? ഒരു നിമിഷമെങ്കിലും പുച്ഛവും പരിഹാസവും അവജ്ഞയും വെറുപ്പുമൊക്കെ മനസിലൂടെ ഓടിപ്പോയിട്ടില്ലേ നിങ്ങൾക്ക്? ഒമ്പതെന്നും ചാന്ത്പൊട്ടെന്നും കു## എന്നും ആണും പെണ്ണും കെട്ടതെന്നുമൊക്കെ തെറി വിളിചിട്ടില്ലേ നിങ്ങൾ? അങ്ങനെ വിളിച്ചു ആനന്ദലഹരി കൊണ്ടിട്ടില്ലേ നിങ്ങൾ? സിനിമകളിലും കോമഡിസ്കിറ്റുകളിലും ഞങ്ങളെ കേവല പരിഹാസകഥാപാത്രങ്ങളായി കാണിക്കുമ്പോൾ അതിൽ പൊട്ടിച്ചിരിച്ചു മതിമറന്നിട്ടില്ലേ നിങ്ങൾ? നിങ്ങളുടെ “ആണത്വ”ത്തിനും “അന്തസി”നും കോട്ടം തട്ടുമെന്ന് ഭയന്ന് നിങ്ങളുടെ സൗഹൃദങ്ങളിൽ നിന്ന് ഞങ്ങളെ അകറ്റിനിർത്താൻ ശ്രദ്ധ കാണിച്ചിട്ടില്ലേ നിങ്ങൾ? ആ നിങ്ങൾ അറിയുക! ഞങ്ങൾ നിങ്ങളുടെ ക്രൂര കളിയാക്കലുകൾക്കും പരിഹാസങ്ങൾക്കും ഇര ആയിട്ടുണ്ടെങ്കിൽ അതിനുള്ള ഏക കാരണം ഞങ്ങൾ ഇന്ത്യയിൽ ജനിച്ചു എന്നുള്ളത് മാത്രമാണ്.
ഈ സമൂഹം ഞങ്ങളെ അർഹിക്കുന്നില്ല. ഏറ്റക്കുറച്ചിലുകൾ ഇല്ലാത്ത മനുഷ്യരായി ഒപ്പം തന്നെ ഞങ്ങളെ ചേർത്ത് നിർത്തുന്ന അനവധി രാജ്യങ്ങൾ നിങ്ങൾക്ക് ചുറ്റിനുമുണ്ടെന്ന് കണ്ണ് തുറന്ന് നോക്കിയാൽ നിങ്ങൾക്ക് കാണാൻ കഴിയും. ഐസ്ലാൻഡ്, ബെൽജിയം, ലക്സിൻബർഗ്, സെർബിയ, അയർലണ്ട് എന്നിങ്ങനെ ലിസ്റ്റ് നീളും. നിരവധി രാജ്യങ്ങളിൽ പ്രധാനമന്ത്രി പദമുൾപ്പെടെയുള്ള സ്ഥാനങ്ങൾ അലങ്കരിക്കുന്നത് LGBT (Lesbian, Gay, Bisexual, Transgender) മനുഷ്യരാണെന്നത് കാണാൻ സാധിക്കും. അതിൽ ഏറ്റവും അടുത്ത ഉദാഹരണമാണ് ഇന്നലെ ന്യൂസിലാൻഡിൽ അധികാരത്തിൽ വന്ന ജസിണ്ട അർഡേൺ എന്ന സ്ത്രീയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ!
ഇരുപത് അംഗ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രി ഉൾപ്പെടെ മൂന്ന് മന്ത്രിമാർ ഗേ/ലെസ്ബിയൻ അസ്ഥിത്വം പൊതുവിടത്തിൽ തുറന്ന് പറഞ്ഞ മനുഷ്യരാണ്. ഇത് മാത്രമല്ല വൈവിദ്ധ്യം; എട്ടു പേര് സ്ത്രീകളും അഞ്ച് പേർ ഗോത്ര വർഗ്ഗങ്ങളിലുള്ളവരുമാണ്. സങ്കല്പിച്ചു നോക്കാൻ പറ്റുമോ നിങ്ങൾക്ക് അത്തരത്തിൽ ഉള്ള ഒരു മന്ത്രിസഭയെ ഇന്ത്യയിൽ?
ഈയടുത്ത വർഷം മാത്രമാണ് ഇന്ത്യയിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതങ്ങളെ ഇവിടുത്തെ പരമോന്നത കോടതി കുറ്റ വിമുക്തമാക്കുന്നത്. അതിനർത്ഥം ഇത്രയും കാലം വരെ ഇന്ത്യയിൽ ലൈംഗിക ന്യൂനപക്ഷമായി ജനിക്കുക തന്നെ ക്രിമിനൽ കുറ്റമായിട്ടാണ് ഇന്ത്യൻ നിയമവ്യവസ്ഥ നോക്കിക്കണ്ടിരുന്നത്.
നിങ്ങൾ സ്വഭാവികമായി തന്നെ ആസ്വദിച്ചു പോരുന്ന വിവാഹമുൾപ്പെടെയുള്ള പല മൗലികവകാശങ്ങൾ ഇനിയും ഞങ്ങൾക്ക് ലഭ്യമായിട്ടില്ല. വിവാഹ സമത്വമുൾപ്പെടെയുള്ള അടിസ്ഥാന മൗലികാവകാശങ്ങൾക്കായി വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിൽ ആണ് ഞങ്ങൾ. നിങ്ങളുടെ യഥാസ്ഥിതീക ബോധങ്ങളോട് നിരന്തരം ഞങ്ങൾ യാഥാർഥ്യ ബോധ്യം വെച്ച് കലഹിക്കുകയാണ്, പോരടിക്കുകയാണ്. നിരന്തരം സൈബർ അക്രമണങ്ങളിലൂടെ പോയിക്കൊണ്ടിരിക്കുകയാണ് ഞങ്ങൾ. ഓരോ നിമിഷവും ഈ നശിച്ച സമൂഹത്തിൽ ഞങ്ങൾ അതിജീവിക്കുകയാണ്. ആ ഞങ്ങൾക്ക് ന്യൂസിലാലൻഡ് നൽകുന്ന വാർത്ത അത്രയേറെ ആഹ്ലാദവും സന്തോഷവും ആശ്വാസവും നൽകുന്ന ഒന്നാണ്. കാരണം, സ്വന്തം രാജ്യത്ത് അല്ലേലും മറ്റു രാജ്യങ്ങളിലെ ജനത ഞങ്ങളെ ഏറ്റ കുറച്ചിലുകൾ ഇല്ലാത്ത സമന്മാരായി തന്നെ ചേർത്ത് പിടിക്കുന്നു. ഞങ്ങൾ മനുഷ്യരായി അംഗീകരിക്കപ്പെടുകയാണവിടെ. അതേ, സ്നേഹം വിജയിക്കുന്നു.
( ജസിണ്ട അർഡേൺ ന്യൂസിലാൻഡ് ക്വീയർ പ്രൈഡ് മാർച്ചിൽ പങ്കെടുക്കുന്നതാണ് ചിത്രത്തിൽ)