ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം

304

Mujib Kochi എഴുതുന്നു 

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം
**************************
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം നടന്നതിന്‍റെ നൂറാം വാര്‍ഷികം 2019 ഒക്ടോബര്‍ 17 ന് ആചരിക്കുകയാണ്. ഒരു രാജ്യത്ത് ജനാധിപത്യപരമായ പ്രവര്‍ത്തനം അസാധ്യമാകുന്ന ഘട്ടത്തില്‍ വിമോചന പ്രസ്ഥാനങ്ങള്‍ മറ്റു രാജ്യങ്ങളില്‍ വെച്ച് രൂപീകരിക്കുന്ന സംഭവങ്ങള്‍ ചരിത്രത്തില്‍ എക്കാലവും സംഭവിച്ചിട്ടുണ്ട്.

1920 ഒക്ടോബര്‍ 17 ന് റഷ്യയിലെ താഷ്ക്കന്‍റില്‍ വെച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചത്. അന്ന് തുര്‍ക്കിസ്ഥാന്‍ ബ്യൂറോയുടെ ചുമതലയുള്ള എം.എന്‍ റോയിയായിരുന്നു രൂപീകരണ വിവരം കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ലോകത്തിന്‍റെ കേന്ദ്രമായിരുന്ന കമ്മ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിനെ അറിയിച്ചിരുന്നത്. രൂപീകരണ യോഗത്തില്‍ അബ്ദുള്‍റബ്ബ്, എം.എന്‍ റോയി, അഭിനിമുഖര്‍ജി, ഏവ്ലിന്‍ റോയി ട്രന്‍റ്, റോസ ഫിറ്റിന്‍ഗോവ്, മുഹമ്മദ് അലി, മുഹമ്മദ് ഷെഫീക്ക്, ആചാര്യ എന്നിവരും പങ്കെടുത്തു. മുഹമ്മദ് ഷെഫീക്കിനെയാണ് പാര്‍ടി സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സോഷ്യലിസവും കമ്മ്യൂണിസവും സ്ഥാപിക്കുക എന്നതാണല്ലോ കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യം. അത് ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് പ്രാവര്‍ത്തികമാക്കാനുതകുന്ന പാര്‍ടി പരിപാടി തയ്യാറാക്കാനും ഇതില്‍ തീരുമാനമായി.

താഷ്ക്കന്‍റില്‍ ഒരു ട്രെയിനിംഗ് സ്കൂളും ഇതിന്‍റെ തുടര്‍ച്ചയായി സ്ഥാപിക്കുകയുണ്ടായി. 1920 ഒക്ടോബര്‍ മുതല്‍ 1925 മെയ് വരെ അത് പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ നിന്ന് നിരവധി പേര്‍ ഈ സ്കൂളില്‍ പോയി മാര്‍ക്സിസം പഠിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അമീര്‍ ഹൈദര്‍ഖാന്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിയായിരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടുകൊണ്ടുപോകാനായില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ഇടയാക്കുന്ന നിരവധി സംഭാവനകള്‍ നല്‍കുന്നതിന് ഇതിലൂടെ കഴിഞ്ഞു.

രാജ്യത്ത് കമ്മ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ തുടങ്ങിയതോടെ ബ്രിട്ടീഷുകാര്‍ അതിനെ മുളയിലേ നുള്ളാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഗൂഢാലോചന കേസുകളുടെ പരമ്പര ഉണ്ടായത് അങ്ങനെയാണ്. പെഷവാര്‍ ഗൂഢാലോചന കേസ് (1922), കാണ്‍പൂര്‍ ഗൂഢാലോചന കേസ് (1924), മീററ്റ് ഗൂഢാലോചനാ കേസ് (1929) എന്നിവ അതിന്‍റെ ഭാഗമായിരുന്നു. ഗൂഢാലോചന കേസുകളുടെ പരമ്പര ഉണ്ടായിയെങ്കിലും ചിതറിക്കിടക്കുന്ന കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്ന പ്രക്രിയയ്ക്ക് ഇതൊന്നും തടസ്സം സൃഷ്ടിച്ചില്ല.

ചിതറിക്കിടക്കുന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഒരു സമ്മേളനം 1925 ഡിസംബര്‍ 28 മുതല്‍ 30 വരെ കാണ്‍പൂരില്‍ വിളിച്ചുചേര്‍ത്തു. മദിരാശിയില്‍ നിന്നുള്ള ശിങ്കാരുവേല ചെട്ടിയാര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബോംബെ ആസ്ഥാനമാക്കി കമ്മ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കാനുള്ള തീരുമാനവും പാര്‍ടി ഭരണഘടനയും ഈ സമ്മേളനം അംഗീകരിച്ചു. ഉത്പാദന വിതരണ ഉപാധികളുടെ സാമൂഹ്യവത്ക്കരണത്തില്‍ അധിഷ്ഠിതമായ തൊഴിലാളി-കര്‍ഷക റിപ്പബ്ലിക്കിന്‍റെ സ്ഥാപനമാണ് പാര്‍ടിയുടെ ലക്ഷ്യമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ കരങ്ങളില്‍ നിന്ന് രാജ്യത്തിന് മോചനം ആവശ്യമാണെന്നും പാര്‍ടി പ്രഖ്യാപിച്ചു. പുതുതായി രൂപീകരിച്ച പാര്‍ടിയുടെ മുഖപത്രമായി ലേബര്‍ ആന്‍റ് കിസാന്‍ ഗസറ്റിനെയും സമ്മേളനം തീരുമാനിച്ചു.

1928 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി പുനസംഘടിക്കുകയും ആദ്യമായി ഒരു കേന്ദ്ര കമ്മറ്റി ഉണ്ടാവുകയും ചെയ്തു. നിരവധി പ്രദേശങ്ങളില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും പാര്‍ടികള്‍ രൂപീകരിച്ചുകൊണ്ട് അവരെ സംഘടിപ്പിച്ച് മുന്നോട്ടുപോയി. നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ടി രഹസ്യ പ്രവര്‍ത്തനത്തിലൂടെയും തൊഴിലാളി-കര്‍ഷ പാര്‍ടി (ഡബ്യൂ.പി.പി) നിയമപരമായ മാര്‍ഗങ്ങളിലൂടെയും പ്രവര്‍ത്തിച്ചു. അങ്ങനെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ജനങ്ങളിലെത്തിച്ചു.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം കമ്മ്യൂണിസ്റ്റുകാരുടെ വരവോടെ ഉണ്ടായി. 1921 ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ സമ്മേളനത്തില്‍ പൂര്‍ണ്ണ സ്വരാജ് എന്ന ആവശ്യം കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവച്ചു. അത് തള്ളപ്പെട്ടെങ്കിലും അത് ഒരു മുദ്രാവാക്യമായി മുന്നോട്ടുവച്ച് കമ്മ്യൂണിസ്റ്റുകാര്‍ പൊരുതി. പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ആ മുദ്രാവാക്യം അംഗീകരിച്ചു.

പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന ആശയം ഉയര്‍ന്നുവന്ന ഘട്ടത്തില്‍ അതിന് പുതിയ കാഴ്ചപ്പാട് ഉണ്ടാക്കുന്നതിനും കമ്മ്യൂണിസ്റ്റുകാര്‍ ഇടപെട്ടു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുക എന്ന മുദ്രാവാക്യത്തോടൊപ്പം ജന്മിത്വം അവസാനിപ്പിക്കണമെന്ന കാഴ്ചപ്പാടും കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവച്ചു. ജാതീയമായ അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കുന്നതിനുള്ള ഇടപെടലുകളും അവര്‍ നടത്തി. രാജ്യത്തിന്‍റെ സാമ്പത്തികവും സാമൂഹ്യവുമായ മാറ്റത്തിന് ഉതകുന്ന പരിപാടി മുന്നോട്ടുവച്ചു പ്രവര്‍ത്തിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കര്‍ഷകര്‍-തൊഴിലാളി പോരാട്ടങ്ങളുടെ പരമ്പര തന്നെ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ നടന്നു. ഫാസിസ്റ്റ് ശക്തികള്‍ പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് സാമ്രാജ്യത്വം ഒത്തുതീര്‍പ്പിന് തയ്യാറായി. അവര്‍ രാജ്യം വിട്ടുപോകുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ ദിശാബോധം നിര്‍ണ്ണയിക്കുന്നതിനും സ്വാതന്ത്ര്യ പോരാട്ടത്തില്‍ ത്യാഗനിര്‍ഭരമായ നിരവധി അധ്യയങ്ങള്‍ രചിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയെ മാറ്റിനിര്‍ത്തിക്കൊണ്ട് സ്വാതന്ത്ര്യ സമരചരിത്രം രചിക്കാനുമാവില്ല. പാര്‍ടിയെ തന്നെ നിയമവിരുദ്ധമായി ബ്രിട്ടീഷുകാര്‍ രണ്ടു ദശകകാലം പ്രഖ്യാപിച്ചിട്ടും അതിനെയെല്ലാം മറികടന്ന് പാര്‍ടി മുന്നോട്ടുപോയി.

സ്വാതന്ത്ര്യ സമരപോരാളികളുടെ സ്വപ്നമായ സോഷ്യലിസ്റ്റ് ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം പിന്നീട് മുന്നോട്ടുനയിച്ചതും കമ്മ്യൂണിസ്റ്റുകാരായിരുന്നു. അടിസ്ഥാന ജനവിഭാഗത്തിന്‍റെ താത്പര്യങ്ങള്‍ക്കായുള്ള സമരങ്ങളില്‍ അടിയുറച്ചുനില്‍ക്കാനും അതിന് കഴിഞ്ഞു. ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളിലും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലും നിറഞ്ഞുനിന്നതും കമ്മ്യൂണിസ്റ്റുകാരായിരുന്നു. ആധുനിക കേരളത്തിന്‍റെ രൂപീകരണത്തിനും വികാസത്തിനും നേതൃത്വപരമായ പങ്ക് തന്നെ വഹിക്കുകയും ചെയ്തു.

ദേശീയ ഐക്യത്തിനുവേണ്ടിയുള്ള സമരവും മുന്നോട്ടുകൊണ്ടുപോകാനായി. വര്‍ഗീയ ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരായും ജനജീവിതത്തെ ദുഷ്ക്കരമാക്കുന്ന ആഗോളവത്ക്കരണ നയങ്ങള്‍ക്കെതിരായും മുന്നറിയിപ്പ് നല്‍കി ജനങ്ങളെ അണിനിരത്തുന്നതിലും കമ്മ്യൂണിസ്റ്റുകാര്‍ ശ്രദ്ധിച്ചു. ജനകീയ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ലമെന്‍റിന് അകത്തും പുറത്തും പോരാട്ടങ്ങള്‍ സംഘടിപ്പിച്ചു. അദ്ധ്വാനിക്കുന്നവര്‍ക്കുവേണ്ടിയുള്ള കമ്മ്യൂണിസ്റ്റ് നിലപാടുകള്‍ ജനശത്രുക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവര്‍ നിരന്തരം കമ്മ്യൂണിസ്റ്റുകാരെ പല രൂപങ്ങളിലും ഭാവങ്ങളിലും വേട്ടയാടി. അനേകം പേര്‍ രക്തസാക്ഷികളായി. എങ്കിലും ലക്ഷ്യബോധത്തോടെ കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ സമരം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ജനകീയ രാഷ്ട്രീയത്തിന്‍റെ നേതൃസ്തംഭമാണ് കമ്മ്യൂണിസ്റ്റുകാര്‍. കലയിലും സംസ്കാരത്തിലും ധൈഷണികതയിലുമെല്ലാം ജനകീയ സംസ്കാരത്തെ സ്വാംശീകരിക്കുന്നതും ഉയര്‍ത്തിപ്പിടിക്കുന്നതും മറ്റാരുമല്ല. മാര്‍ക്സിസത്തെ എതിര്‍ക്കാം, പക്ഷെ അതിനെ അവഗണിച്ച് ആര്‍ക്കും മുന്നോട്ടുപോകാനാവില്ല. കാരണം അത് ജനജീവിതത്തിന്‍റെ താളവും ലയവുമാണ്.