ദലിതരും അവർണരും ‘നീചർ’, എന്നാൽ ഹിന്ദുക്കളുടെ എണ്ണം കൂടുതലെന്നുകാണിക്കാൻ അവരെ ആവശ്യവുമുണ്ട്

40

MUKESH KRISHNA

ദലിതരേയും, അവർണരേയും നീചരായി അകറ്റി നിർത്തുമ്പോൾ തന്നെ, അതേ അവർണരുടെ എണ്ണം കൂടിക്കാണിച്ച് ഇന്ത്യയൊരു ഹിന്ദു ഭൂരിപക്ഷരാഷ്ട്രമാണെന്ന് സ്ഥാപിക്കാൻ സവർണഹിന്ദുത്വബുദ്ധിക്ക് കഴിയുന്നിടത്താണ് മതത്തിന്റെ പേരിലും, രാഷ്ട്രീയപരവുമായുള്ള എല്ലാ അധികാരങ്ങളും സവർണർക്ക് കൈവശം വയ്ക്കാൻ സാധിക്കുന്നതെന്ന വസ്തുതയും, തങ്ങളൊരുകാലത്തും വൈദികബ്രാഹ്മണമതമെന്ന ഇന്നത്തെ so called ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നില്ലെന്ന ചരിത്രസത്യവും അവർണവിഭാഗങ്ങൾക്ക് ഇനിയും ബോധ്യപ്പെട്ടിട്ടില്ല.

മനുഷ്യരുടെ ഉൽപത്തിയെ പറ്റി വിവരിക്കുന്ന ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിൽ വരുന്ന പുരുഷസൂക്തത്തിൽ വിരാടപുരുഷന്റെ (ബ്രഹ്മാവ്) വിവിധ അവയവങ്ങളിൽ കൂടി പുറത്തുവരുന്ന മനുഷ്യരിൽ ജന്മനാൽ തന്നെ വ്യത്യസ്ത അളവുകളിൽ ശ്രേഷ്ഠതയും അധമതയും, നീചത്വവുമുണ്ടെന്നും (സത്വ- രജോ – തമോഗുണങ്ങൾ), അതുകൊണ്ട് തന്നെ ആ മനുഷ്യർ തുല്യതയ്ക്കും, തുല്യാവകാശങ്ങൾക്കു അർഹരല്ലെന്നും, ഇപ്രകാരം ഓരോ വർണത്തിലും മനുഷ്യർ ജനിക്കേണ്ടി വരുന്നത് അവരുടെ മുജന്മകർമ്മങ്ങളുടെ ഫലമായാണെന്നും, അതുകൊണ്ട് തന്നെ ഓരോ ജന്മത്തിലും മനുഷ്യന് ലഭിക്കുന്ന വർണ്ണത്തിന്റെ or ജാതിയുടെ കർമ്മം അനുഷ്ഠിക്കേണ്ടത് മനുഷ്യരുടെ സ്വന്തം ധർമ്മമാണെന്നും പറയുന്നു. ഓരോ വർണവും or ജാതിയും മനുഷ്യന് ലഭിക്കുന്നത് അവന്റെ മുജന്മത്തിലെ കർമ്മങ്ങളുടെ ഫലമായുള്ള ദൈവത്തിന്റെ പദ്ധതിയായതിനാൽ അതിന് വിപരീതമായ കർമ്മങ്ങൾ ചെയ്യുന്നത് കൊടിയ പാപമാണെന്നും സനാതനധർമ്മ ( വൈദികബ്രാഹ്മണമതം)മെന്ന ഇന്നത്തെ so called ഹിന്ദുമതത്തിന്റെ ധർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ സ്ഥാപിക്കുന്നു. ചുരുക്കത്തിൽ മനുഷ്യരിലെ അസമത്വത്തെ ന്യായീകരിച്ച് അത് ദൈവീകപദ്ധതിയാണെന്നും, അത്യന്തം മാനവികവിരുദ്ധമായ വർണവ്യവസ്ഥ എന്ന ഇന്നത്തെ ജാതിവ്യവസ്ഥ എല്ലാക്കാലത്തേക്കും സ്ഥിരമായി നിലനിർത്തണമെന്നും സ്ഥാപിക്കുന്ന തത്വസംഹിതകളാണ് ഇന്നത്തെ ഹിന്ദുമതത്തിന്റെ അടിസ്ഥാനം.

ഹിന്ദുമത(ബ്രാഹ്മണമതം)ത്തിന്റെ അടിസ്ഥാനതത്വങ്ങൾ ശരിയാംവണ്ണം മനസിലാക്കിയിട്ടൊന്നുമല്ല അവർണരായ ദലിതരും, മറ്റ് പിന്നോക്കവിഭാഗങ്ങളും ഇപ്പോഴും ആ മതത്തിൽ കടിച്ചു തൂങ്ങിക്കിടക്കുന്നത്. ജാതി എന്നത് ദൈവീക പദ്ധതിയെന്ന് സ്ഥാപിക്കുന്ന ഹിന്ദുമതത്തിൽ നിന്നുകൊണ്ട് ജാതിയേയും, ആ ജാതിവ്യവസ്ഥ മുന്നോട്ട് വയ്ക്കുന്ന അസമത്വത്തേയും, വിവേചനങ്ങളേയും ഇല്ലാതാക്കാനുമാവില്ല. അവർണർ ഇന്നത്തെ ഹിന്ദുമതത്തിൽ എത്തിയതിന് ബ്രിട്ടീഷിന്ത്യയിലെ ആദ്യകാല സെൻസസ് നടപടികൾ, 1950 ലെ പ്രസിഡൻഷ്യൽ ആക്ട്, ബ്രാഹ്മണവൽക്കരിക്കപ്പെട്ട അവർണരുടെ ദൈവങ്ങൾ – ആചാരങ്ങൾ തുടങ്ങി പല കാരണങ്ങളുണ്ടാവാം. അതെന്തുതന്നെ ആയാലും ഇന്നത്തെ ഹിന്ദുമതത്തിൽ തുടരുന്നത് അടിമത്വം അറിഞ്ഞുകൊണ്ട് സ്വീകരിക്കുന്നതാണ് എന്ന് പറയാതെ വയ്യ.

ഇന്ത്യയിലെ ന്യൂനപക്ഷമായ സവർണർക്ക് ഭൂരിപക്ഷം വരുന്ന ദലിത്-പിന്നോക്ക – അവർണവിഭാഗങ്ങളെ എല്ലാക്കാലത്തേക്കും അടിമകളാക്കി നിലനിർത്താൻ സഹായിക്കുന്ന മനുഷ്യസൃഷ്ടികളായ ദൈവങ്ങളേയും, മതങ്ങളേയും തിരസ്ക്കരിക്കാൻ തക്കവണ്ണമുള്ള അറിവും, ബൗദ്ധികതയും അവർണർ നേടേണ്ടിയിരിക്കുന്നു. അതിന് കഴിയുന്നില്ലെങ്കിൽ ബ്രാഹ്മണിസത്തേയും, ഹിന്ദുമതത്തേയും ഉപേക്ഷിച്ച് അവർണരുടെ സ്വന്തം ദൈവങ്ങളെ മാത്രം സ്വീകരിച്ചുകൊണ്ട് ലിംഗായത്തുക്കാരെ പോലെ വേറിട്ട മതം സ്ഥാപിച്ച്, അതിലൂടെ ശാക്തീകരിക്കപ്പെട്ട് ഇന്നത്തെ അടിമത്വത്തെ ഇല്ലായ്മ ചെയ്യാനെങ്കിലും കഴിയേണ്ടതാണ്. അതിനും കഴിയില്ലെങ്കിൽ ഏറ്റവും കുറഞ്ഞ പക്ഷം ഇന്നത്തെ So called ഹിന്ദുമതക്കാരെന്ന് ഊറ്റം കൊള്ളുന്ന അവർണർ, അതിന്റെ ഐഡിയോളജിയെങ്കിലും വായിച്ച് മനസിലാക്കുന്നത് നന്നായിരിക്കും…. ജയ് ഭീം…💪💪💪

Advertisements