Mukesh Kumar
രജനികാന്തിന്റെയും കമൽഹാസന്റേയും ശ്രീദേവിയുടെയും അഭിനയജീവിതത്തിൽ വഴിത്തിരിവായ സിനിമയാണ് ഭാരതിരാജ സംവിധാനം ചെയ്ത “പതിനാറു വയതിനിലേ”.. രജനീകാന്ത് തന്റെ അഭിനയമുദ്ര പതിപ്പിച്ച ആ സിനിമയിലെ “ഇത് എപ്പടി ഇരുക്ക്?” എന്ന ഡയലോഗ് തമിഴ് നാട്ടിലെ യുവാക്കൾ ഒന്നടങ്കം ഏറ്റെടുത്തു…കമൽ ഹാസനാണെങ്കിൽ അതുവരെ ചെയ്തു കൊണ്ടിരുന്ന അർബൻ കാമുക വേഷങ്ങളിൽ നിന്ന് വലിയൊരു മാറ്റമായിരുന്നു ചപ്പാണി എന്ന ക്യാരക്റ്റർ.. ശ്രീദേവിയുടേതാണെങ്കിൽ ദേശീയ പുരസ്കാരത്തിന് വരെ പരിഗണിക്കപ്പെട്ട കഥാപാത്രമാണ് ആ സിനിമയിലെ “മയിൽ”….
NFDC-ക്ക് വേണ്ടി “മയിൽ” എന്ന പേരിൽ ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്ന ആ സിനിമ അത് നടക്കാതായപ്പോൾ വളരെ ചിലവ് കുറച്ച് ഷൂട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു..കളറിൽ തന്നെ ചിത്രീകരിക്കണം എന്ന് നിർമാതാവായ രാജ് കണ്ണുവിന് നിർബന്ധം. മലയാളിയായ ക്യാമറമാൻ നിവാസിനെ ഭരതിരാജയ്ക്ക് നേരത്തെ തന്നെ പരിചയമുണ്ട്.. ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിറ്യൂട്ടിൽ നിവാസ് പഠിക്കുന്ന കാലത്ത് തന്നെ.. നിവാസ് പിന്നീട് മലയാള സിനിമകളിൽ ഛായാഗ്രഹണ സഹായിയായി work ചെയ്തു തുടങ്ങുകയും അതിന് ശേഷം തിരുവനന്തപുരത്ത് “Sivans Studio” ക്യാമറ യൂണിറ്റ് ആരംഭിച്ചപ്പോൾ അതോടൊപ്പം ചേർന്നും പ്രവർത്തിച്ചു വരുന്ന സമയമായിരുന്നു അത്… (ശിവൻ സാർ ആദ്യമായി പ്രൊഡ്യൂസ് ചെയ്ത “സ്വപ്നം” എന്ന സിനിമയിലും നിവാസ് അസിസ്റ്റൻറ് ആയിരുന്നു) അക്കാലത്ത് ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ക്യാമറ യൂണിറ്റ് ആയിരുന്നു ശിവൻസ് സ്റ്റുഡിയോയിലേത്…
നിവാസിന്റെ നിർദേശ പ്രകാരം ആയിടക്ക് introduce ചെയ്യപ്പട്ട ORWO ഫിലിമിൽ ഷൂട്ട് ചെയ്യാൻ തീരുമാനിക്കുകയും ക്യാമറ യൂണിറ്റ് തിരുവനന്തപുരത്തെ ശിവൻസ് സ്റ്റുഡിയോയിൽ നിന്ന് വാടകയ്ക്ക് എടുക്കാനും തീരുമാനമായി. പതിനാറു വയതിനിലേ സിനിമയുടെ ലൊക്കേഷൻ നോക്കുന്ന സമയം മുതൽ നിവാസും ശിവൻസ് സ്റ്റുഡിയോയിലെ ക്യാമറയും ഒപ്പം ഉണ്ടായിരുന്നു.. സിനിമ പൂർണ്ണമായും ചിത്രീകരിച്ചതും ആ ക്യാമറയിൽ തന്നെ..
ഭാരതിരാജയും രജനീകാന്തും കമൽഹാസനും ശ്രീദേവിയും ഒക്കെ മുഖ്യധാരാ സിനിമയുടെ ബ്രാൻഡുകൾ തന്നെ ആയി മാറി പിൽക്കാലത്ത്.. അവരുടെ ജീവിതത്തിലെ വഴിത്തിരിവായ ആ സിനിമയിലെ കാഴ്ചകൾ ഒപ്പിയെടുത്തത് തിരുവനന്തപുരത്തെ ശിവൻസ് സ്റ്റുഡിയോയിലെ ആ ക്യാമറ ആയിരുന്നു.