“എനിക്ക് ചേരാത്തയാൾ എന്നതിനർത്ഥം മുകേഷ് ഒരു മോശം മനുഷ്യനാണ് എന്നല്ല” ആ വാചകത്തിൽ എല്ലാമുണ്ട്

0
314

Kiran AR 

സൗഹൃദത്തിലായാലും പ്രണയത്തിലായാലും വിവാഹത്തിലായാലും, പരസ്പരം സന്തോഷമായി ഇരിക്കാനാവാത്ത വിധം മാറിപ്പോയവർ ചെയ്യേണ്ട ഏറ്റവും അനിവാര്യമായ ഒന്നാണ് വേർപിരിയൽ. അതൊരു ലോകാവസാനമോ, തെരഞ്ഞെടുപ്പുകളുടെ ഏറ്റവും ദയനീയമായ പരാജയമോ ഒന്നുമല്ല. ഓരോ നിമിഷവും ഇവോൾവ്ഡ് ആവുന്ന രണ്ട് വ്യക്തികൾ തമ്മിൽ അനശ്വരമായ പ്രണയവും ഒന്നിച്ചുള്ള ജീവിതവും ആയുസ്സൊടുങ്ങുന്നതുവരെ സാധ്യമാകണമെന്നില്ല എന്ന തിരിച്ചറിവാണ്. രണ്ടായി പിരിഞ്ഞാൽ ഏറ്റവും നല്ല സുഹൃത്തുക്കളായി തങ്ങൾക്ക് തുടരാൻ കഴിയുമെന്ന ബോധ്യമാണ്. ഒന്നിച്ചുണ്ടായിരുന്ന നിമിഷങ്ങളെയെല്ലാം ഏറ്റവും പ്രിയപ്പെട്ട ഓർമകളായിത്തന്നെ കൊണ്ടുനടക്കാനാവുമെന്ന പക്വതയാണ്.

വേർപിരിഞ്ഞിട്ടും രഘുനന്ദനും മീരയ്ക്കും ഏറ്റവും മികച്ച സുഹൃത്തുക്കളാകാൻ കഴിയുന്നത്, അവർ ആ തീരുമാനത്തിനെ തങ്ങൾക്കിടയിലുള്ള പ്രശ്നത്തിനുള്ള പരിഹാരമായി കണ്ടതിനാലാണ്, അപ്പോഴും ഉള്ളിൽ സഹാനുഭൂതിയും സ്നേഹവും സൂക്ഷിക്കാൻ കഴിയുന്നതിനാലാണ്.

നമ്മുടെ സമൂഹത്തിൽ വിവാഹമെന്നത് രണ്ടു കുടുംബങ്ങളും നാട്ടുകാരും ബന്ധുക്കളും ചേർന്ന് പൊലിപ്പിച്ചു നടത്തുന്ന, പല കണ്ണികളുള്ള ചങ്ങലയാകുമ്പോഴാണ് വേർപിരിയലെന്നത് അത്രമേൽ അസാധ്യമായ തീരുമാനമാവുന്നത്. സ്വന്തം കാലിൽ നിൽക്കാൻ മാത്രം സാമ്പത്തികവും സാമൂഹികവുമായ പ്രിവിലേജുള്ളവരോ, സമൂഹത്തിന്റെ ഓഡിറ്റിങ്ങും ട്രോമയും സഹിക്കാൻ മാത്രം മാനസിക സ്ഥൈര്യമുള്ളവരോ അതിൽനിന്നും ചിലപ്പോൾ വിട്ടുപോന്നേക്കും. അല്ലാത്തവർ ഗതികെട്ടു തുടരുകയോ സ്വയമവസാനിപ്പിക്കുകയോ ചെയ്യും. മാലിനിയ്ക്ക് എൽവിസിന്റെ മുഖത്തു നോക്കി നമുക്ക് വേർപിരിഞ്ഞ് നമ്മുടെ കുഞ്ഞിന് വേണ്ടി വേറിട്ട മനോഹരങ്ങളായ രണ്ട് ലോകങ്ങൾ സൃഷ്ടിക്കാമെന്നു പറയാൻ കഴിയുന്നത് സാമ്പത്തിക സുരക്ഷിതത്വത്തിന്റെയും അത് തന്ന സ്വാതന്ത്ര്യത്തിന്റെയും ബലത്തിലാണ്.

മാലിനിയ്ക്ക് അന്ന് കഴിഞ്ഞതോ, മേതിൽ ദേവികയ്ക്ക് ഇന്ന് കഴിയുന്നതോ എല്ലാവർക്കും കഴിയണമെന്നില്ല, അതവരുടെ തെറ്റുമല്ല, നിസ്സഹായത മാത്രമാണ്. മുകേഷും ദേവികയും വേർപിരിയാൻ അവരുടേതായ ആയിരം കാരണങ്ങൾ ഉണ്ടാകാം. അതന്വേഷിക്കേണ്ട തരിമ്പ് ബാധ്യത പോലും ഒരു മനുഷ്യനോ മാധ്യമത്തിനോ ഇല്ല. അന്വേഷിക്കാതെ സമാധാനം കിട്ടാത്ത അവസ്ഥയുണ്ടെങ്കിലത്, മൂന്നാമതൊരു ജീവിതത്തിൽ ഒളിഞ്ഞു നോക്കി സംതൃപ്തിയടയുന്ന മാനസികരോഗമാണ്.

മേതിൽ ദേവികയെന്ന സ്ത്രീയോട്, അവരുടെ സാമൂഹ്യ പ്രിവിലേജ് മാറ്റിവെച്ചാൽ തന്നെ ഏറ്റവും ബഹുമാനം തോന്നിയ ഒരു വാചകമാണ്, ഈ മാധ്യമവിചാരണകൾക്കിടയിൽ അവർ മുകേഷ്‌ എന്ന മുൻ പങ്കാളിയെക്കുറിച്ച് പറഞ്ഞത്.

“എനിക്ക് ചേരാത്തയാൾ എന്നതിനർത്ഥം മുകേഷ് ഒരു മോശം മനുഷ്യനാണ് എന്നല്ല”
ആ വാചകത്തിൽ എല്ലാമുണ്ട്. മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും ഇഷ്ടങ്ങൾക്കും അവർ കൊടുക്കുന്ന മൂല്യം, അയാളെ അവരുടെ ഭാഗത്തുനിന്നും മാത്രം ജഡ്ജ് ചെയ്യാതെ പോകുന്ന മാന്യത, ഒന്നിച്ചുണ്ടായിരുന്ന കാലത്തെ നല്ല ഓർമകളെ റദ്ദ് ചെയ്തുകളയാത്ത പക്വത, ഒരു പൊതുസ്വത്തു കൂടിയായ മുകേഷ്‌ എന്ന വ്യക്തിയെ സോഷ്യൽ ഓഡിറ്റിംഗിന് വിട്ടുകൊടുക്കാൻ കൂട്ടാക്കാത്ത പരിഗണന. അങ്ങനെ എത്രമേൽ ഹൃദ്യമായാണ് അവരതിൽ നിന്നും ഇറങ്ങിവരുന്നത് പോലും.

അവർക്ക് വേർപിരിയൽ സാധ്യമാകുന്നത് സോഷ്യൽ പ്രിവിലേജ് ആണെങ്കിലും, അതിനെ ഇത്രമേൽ നൈതികവും മനോഹരവുമാക്കുന്നത് അവരുടെ ഉള്ളിൽ നിറഞ്ഞുകത്തുന്ന ചിന്തകളുടെ തെളിമയാണ്. എത്ര കയ്യടിച്ചാലും അധികമാകാത്ത, അവരെക്കുറിച്ചോർത്ത് എത്ര അഭിമാനിച്ചാലും മതിയാകാത്ത നിലപാടാണത്..!