മുഖങ്ങളുടെ പ്രശ്നം

443

പേരുള്ളവരെയും, ഇല്ലാത്തവരെയും ‘ബാബു ‘ എന്നാണു ഈ നാട്ടുകാര്‍ വിളിക്കുക. അങ്ങിനെ സ്വന്തമായി ഒരു പേരു പോലുമില്ലാതിരുന്ന എനിക്ക് ഇവിടെയെത്തിയപ്പോള്‍ ഒരു പേരു കിട്ടി. ചോളപ്പൊരി പോലിരിക്കുന്ന അക്ഷരങ്ങളുടെ നാട്. ആന്ധ്രയിലെ നല്ലഗോണ്ട ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമം. യാദഗിരിഗുട്ട.

സായിപ്പുംമാരെയും കൊണ്ടു സ്റ്റുഡിയോയില്‍ ഫിലിം വാങ്ങിക്കാനെത്തിയ രമ്മുഡു അണ്ണയ്യ ,ഈ സ്ഥലത്തിന്റെ ചരിത്രം അവര്‍ക്ക് വിവരിച്ചു കൊടുക്കുന്നത് ഞാന്‍ കേട്ടു കൊണ്ടു നിന്നു. തെലുങ്കില്‍ ‘നല്ല ‘ എന്നാല്‍ കറുപ്പ് എന്നും, ‘ഗോണ്ട’ എന്നാല്‍ മല എന്നും ആണ് അര്‍ത്ഥം. പിന്നീട് അയാള്‍ ഗ്രാമപ്പെരിനു പുറകിലുള്ള ഐതിഹ്യം പറഞ്ഞു. പുരാണത്തില്‍ മാനിന്റെ തലയുള്ള ഒരു ഋഷിവര്യന്‍ ഉണ്ട്, ഋഷൃശൃംഗന്‍. അദ്ധേഹത്തിന്റെ മകനായ യാദഋഷിയുടെ പേരില്‍ നിന്നാണ് ഈ ഗ്രാമപ്പെരുണ്ടായത്. യാദഗിരിഗുട്ട. രമ്മുഡു അണ്ണയ്യ ഋഷൃശൃംഗന്റെ കഥ പറയുന്നതു കേട്ടു കൊണ്ടു നില്‍ക്കുമ്പോള്‍ അകത്തു ഡാര്‍ക്ക് റൂമില്‍ നിന്നും വെങ്കിഅണ്ണന്റെ വിളി വന്നു.

‘എടാ ബാബൂ…ഒരു കുടം വെള്ളം കൊണ്ടു വാ..’

ഒരു കുടമെടുത്ത് എരിയുന്ന വെയിലില്‍, അരികു കെട്ടാത്ത കിണറ്റിന്‍ കരയിലേക്ക് ഞാന്‍ നടന്നു. വെള്ളം കോരുമ്പോള്‍ ദൂരെ ഞാന്‍ കണ്ടു, നല്ലഗോണ്ടയിലെ കരിമലകള്‍. ഋഷൃശൃംഗന്റെ ഗുഹാ ചിത്രങ്ങള്‍ പതിഞ്ഞ കരിമലകള്‍. വെയിലില്‍ ആ പാറമലകളില്‍ നിന്നും ആവി ഉയര്‍ന്നുകൊണ്ടിരുന്നു.

ധൃതിയില്‍ വെള്ളം നിറച്ച്, കഥ കേള്‍ക്കാനായി തിരിച്ചു സ്റ്റുഡിയോയിലേക്ക് ഓടുമ്പോള്‍ , പ്ലാസ്റ്റിക് കുടത്തിലെ വെള്ളം തെറിച്ച് എന്റെ കാക്കി നിക്കറും ബനിയനും നനഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് സന്തോഷത്തോടെ ഞാനോര്‍ത്തു, ഇന്നിപ്പോള്‍ മാറിയുടുക്കാന്‍ വേറെ ഉടുപ്പുകള്‍ എങ്കിലും ഉണ്ട്. തമിഴ്‌നാട്ടിലെ തന്റെ പഴയ മുതലാളിയെ തട്ടിച്ച് നോക്കിയാല്‍ വെങ്കിയണ്ണയ്യ വളരെ നല്ലവനാണ്. പഴയ തമിഴന്‍ മുതലാളിക്ക് നായ്‌പ്പൊരു നടത്തലായിരുന്നു പണി. മത്സരത്തില്‍ തോറ്റ്, കടിയേറ്റു ചോരയില്‍ കുളിച്ചു കിടക്കുന്ന നായ്ക്കളെ കുഴിച്ചിട്ട്, അവിടം വൃത്തിയാക്കണം. അതായിരുന്നു അവിടത്തെ എന്റെ പണി. പന്തയക്കാരില്‍ നിന്നുള്ള ഒരു വീതം അറുപിശുക്കന്‍ മുതലാളിക്ക്. ചോര കണ്ടു മടുത്തപ്പോള്‍ അവിടം വിട്ടു.

സ്റ്റുഡിയോയില്‍ തിരിച്ചെത്തിയപ്പോഴേക്കും രമ്മുഡു അണ്ണയ്യ സായിപ്പുംമാരെയും കൊണ്ടു പോയിരുന്നു. വെങ്കിയണ്ണയ്യ പുറത്തു വന്നു കൌണ്ടറില്‍ ഇരിപ്പുണ്ട്. താഴെക്കിറക്കിയ മീശയും, കടും നിറത്തിലുള്ള പൂക്കളുടെ ഷര്‍ട്ടും, സുറുമയെഴുതിയ കണ്ണുകളും ആണ് അണ്ണയ്യയ്ക്. കണ്ടാല്‍ ഒരു സിനിമാ നടന്റെ പോലിരിക്കും.

‘നീയിതു കൊണ്ടുപോയി അകത്തെ ബക്കറ്റില്‍ ഒഴിച്ച് വയ്ക്ക്’. അദ്ദേഹം പറഞ്ഞു.

ഞാന്‍ അകത്തെ ഡാര്‍ക്ക് റൂമിലേക്ക് പോയി. ഈ നാട്ടില്‍ വെങ്കിയണ്ണയ്യക്ക് മാത്രമാണ് കമ്പ്യൂട്ടര്‍ അറിയാവുന്നത്. അതിന്റെ ചെറിയ ഒരഹങ്കാരം പുള്ളിക്കാരനുണ്ട്. അതുസാരമില്ല. കഴിവുണ്ടായിട്ടല്ലേ?
35 ആം വയസ്സില്‍ തന്നെ സ്വന്തമായി ഒരു സ്റ്റുഡിയോ ചെറിയ കാര്യമല്ലല്ലോ?

‘യൂണിവേഴ്‌സല്‍ സ്റ്റുഡിയോ ആന്‍ഡ് ഫോട്ടോ വര്‍ക്‌സ് ‘.

പിന്നെ പോരാത്തതിന് പെണ്ണും പിടക്കോഴിയും ഒന്നുമില്ല. ഒറ്റത്തടി. അദ്ധേഹത്തിന് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാനാണ് എന്നെ കൂടെക്കൂട്ടിയത്. പിന്നെ ഒരു കൈ സഹായവും.. ഇപ്പൊ കാലം ഒരുപാടായി ഇവിടെ, ഇങ്ങിനെ….

വെള്ളം നിറച്ച് കൊണ്ടിരിക്കുമ്പോള്‍ അപ്പുറത്ത് നിന്നും ഒരു സ്ത്രീ ശബ്ദം കേട്ടു.

‘ചിരംജീവിയുടെ കൂടെ നിര്‍ത്തി എന്റെ ഫോട്ടോ എടുത്തു തരാമെന്നു പറഞ്ഞിട്ട് ?’ പരിഭവം പറച്ചിലും ആസ്മാ വലിവ് പോലുള്ള ചിരിയും കേട്ടപ്പോള്‍ മനസിലായി, സീത അക്കനാണ് വന്നിരിക്കുന്നത്. അറിയാതെ ഒരു വിളി ഞാന്‍ പ്രതീക്ഷിച്ചു നിന്നു.

‘ബാബൂ… പോയി ഒരു സിഗരട്ട് മേടിച്ചു കൊണ്ടു വാ..’ അണ്ണയ്യ അപ്പുറത്ത് നിന്നും വിളിച്ചു പറഞ്ഞു. ആ പറഞ്ഞതിനര്‍ത്ഥം അടുത്തെങ്ങും ഈ പ്രദേശത്തേക്ക് വരരുതെന്നാണ്. വെങ്കിയണ്ണന്‍ സിഗരട്ട് വലിക്കാറില്ല.

അകത്തുനിന്നും കൌണ്ടറിലേക്ക് പോകുന്ന വഴി ഫോട്ടോ എടുക്കുന്ന മുറിയിലേക്കു നോക്കി. അവിടെ പൂക്കളുടെയും, മലകളുടെയും മുന്നില്‍ വായുവില്‍ ആരുടെയോ ചുമലില്‍ കയ്യിട്ടു നില്ക്കുന്ന ചിരഞ്ജീവി ഫോട്ടോയ്ക്ക് തയ്യാറായി ചിരിച്ചു നില്ക്കുന്നു.

അണ്ണയ്യയുടെ അടുത്ത് നിന്നും സിഗരട്ടിനുള്ള കാശ് മേടിക്കുമ്പോള്‍ എന്നോട് സീത അക്കന്‍ ചോദിച്ചു,

‘ നിന്നെ അങ്ങോട്ടൊന്നും കാണാറേ ഇല്ലല്ലോടാ ?’

ഉത്തരം ഞാന്‍ നാണം കലര്‍ന്ന ഒരു ചിരിയിലൊതുക്കി. അണ്ണന്‍ പറയാറുള്ള സീത അക്കന്റെ ദേഹത്തെ മഞ്ഞള്‍ മണം എന്റെ മുഖത്തെക്കടിച്ചു. ചിരിച്ചുകൊണ്ട് പൊട്ടി മീശ തടവി ഞാന്‍ വെയിലത്തേക്കിറങ്ങി. അകത്തെ ഇരുട്ടിലെക്കോടിയോളിക്കുന്ന ചില അടക്കം ചിരികള്‍ നടന്നു നീങ്ങുമ്പോള്‍ ഞാന്‍ പുറകില്‍ കേട്ടു.

നടന്ന്, കവലയ്ക്കടുത്തുള്ള ആല്‍ത്തറയില്‍ ചെന്നിരുന്നു. വെയില്‍ സ്ഫുരിക്കുന്ന മണല്‍ വീഥികളിലൂടെ പോകുന്ന ആളുകളെ നോക്കിയിരുന്നു. ഉച്ചമയക്കത്തിലിരിക്കുന്ന കവലയിലെ കടക്കാര്‍. തണല്‍ തേടി ക്കിടക്കുന്ന ചില തെരുവുനായ്ക്കളെയും കണ്ടു. അവയില്‍ ചിലത് നല്ല ലക്ഷണമൊത്തവയും ഉണ്ട് .ശൌര്യം കൂടിയവ. ചെവി ഉയര്‍ന്നു നില്‍ക്കുന്നവയാണെങ്കില്‍ ആദ്യം കഴുത്തിലെ കടിക്കൂ.അതാണ് നായ്ക്കളുടെ മുഖലക്ഷണം. ചിലങ്ക പോലുള്ള ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. ആള്‍ക്കാരെ കുത്തി നിറച്ചു പോകുന്ന ഓട്ടോ റിക്ഷയില്‍ തട്ടുപൊളിപ്പന്‍ തെലുങ്ക് പാട്ടു വച്ചിരുന്ന ശബ്ദമായിരുന്നത്. റിക്ഷയുടെ ഇരു വശങ്ങളിലും ആള്‍ക്കാര്‍ ചാര്‍മിനാര്‍ സ്തൂപങ്ങള്‍ പോലെ തൂങ്ങി നില്‍ക്കുന്നുണ്ട്. രമ്മുഡു അണ്ണയ്യയുടെ കയ്യിലെ ഒരു പുസ്തകത്തില്‍ കണ്ടിട്ടുണ്ട് ചാര്‍മിനാറിന്റെ പടം. ഒരിക്കല്‍ ഹൈദ്രബാദില്‍ പോണം, ഞാനോര്‍ത്തു.

എന്റെ ഏറ്റവും വലിയ ആഗ്രഹം വെങ്കിയണ്ണന്റെ പോലെയാകണം എന്നാണ്. ആദ്യം കമ്പ്യൂട്ടര്‍ പഠിക്കണം. പിന്നെ ഹൈദരാബാദില്‍ പോണം. ജീവിതത്തില്‍ രക്ഷപെടണം.

പോകുന്നതിനു മുന്‍പ് ഒരിക്കലെങ്കിലും മാനിന്റെ തലയുള്ള ഋഷി വരച്ച ഗുഹാചിത്രങ്ങള്‍ പോയിക്കാണണം. അതോരാഗ്രതമായി മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു. മാനിന്റെ മുഖമുള്ള മനുഷ്യന്‍. എനിക്കാ ഋഷിയോട് വല്ലാത്ത ഒരടുപ്പം തോന്നി തുടങ്ങിയിരിക്കുന്നു.

എന്നെക്കാണാന്‍ വലിയ ചന്തമോന്നുമില്ല, വെങ്കിയണ്ണയ്യ സുന്ദരനാണ്. ഞാനോര്‍ത്തു, മുഖങ്ങളാണ് ഒരാളെ സുന്ദരനും, വിരൂപനും ഒക്കെ ആക്കുന്നത്. നമുക്കു പല അവയവങ്ങള്‍ ഉണ്ടെങ്കിലും മുഖമാണ് പ്രധാന അടയാളം. സീത അക്കന്റെയും, യേല്ലമ്മയുടെയും പിന്‍ഭാഗം കണ്ടാലും എനിക്ക് തിരിച്ചറിയാം. പക്ഷെ എല്ലാവര്‍ക്കും മുഖം തന്നെ പ്രധാനം. അതുകൊണ്ടാണീഗ്രാമത്തിലെ എല്ലാവരും മുഖത്തിന്റെ ഫോട്ടോ എടുക്കാന്‍ അവിടെ വരുന്നത്.

പത്രത്തില്‍ കൊടുക്കാനായി, മരിച്ചവരുടെ പഴയ ദ്രവിച്ചു തുടങ്ങിയ ഫോട്ടോകള്‍ റിപ്പയര്‍ ചെയ്തു കൊടുക്കാറുണ്ട് അണ്ണയ്യ. അദ്ദേഹം നന്നായി വരക്കും. പക്ഷെ അണ്ണയ്യക്കു കിട്ടുന്നതില്‍ ഭൂരിഭാഗവും മൃതദേഹങ്ങളുടെ ഫോട്ടോകളാണ്. എന്നിട്ട് കമ്പ്യൂട്ടറില്‍ കയറ്റി മൃതദേഹത്തിന്റെ കണ്ണ് തുറപ്പിക്കണം, മുഖത്തൊരു ചിരി വിടര്‍ത്തണം, മൂക്കിലെ പഞ്ഞിയും മായ്ച്ചു കളയണം. ഇവരെല്ലാം ജീവിച്ചിരുന്നപ്പോള്‍ സ്റ്റുഡിയോയില്‍ വരാന്‍ സമയം കിട്ടാതിരുന്നവര്‍.

ഞാന്‍ കയ്യിലെ ചില്ലറയില്‍ നോക്കി. ആദ്യം മടിച്ചു, പിന്നെ ഒരു സിഗരട്ട് വാങ്ങി വലിച്ചു. ഇതിപ്പോ ഒരു ശീലമായി മാറിയിരിക്കുന്നു. നിക്കര്‍ ഇട്ടിരിക്കുന്നത് കൊണ്ട് , പ്രായമായിട്ടില്ലെന്നു കരുതി ആദ്യമൊക്കെ കടക്കാരന്‍ എനിക്ക് സിഗരട്ട് തരില്ലായിരുന്നു. ഞാന്‍ സിഗരട്ട് കത്തിച്ചു. ദൂരെ ഗുഹാചിത്രങ്ങളുള്ള കരിമലയെ നോക്കി നിന്നു.

അസ്തമയമായപ്പോഴാണ് കണ്ണ് തുറന്നത്. ആല്‍ത്തറയില്‍ കിടന്നുറങ്ങിപ്പോയി. ഞാന്‍ വായ തുടച്ച് സ്റ്റുഡിയോയിലേക്ക് നടന്നു. അതാണ് ഞങ്ങളുടെ വീട്, അമോണിയയുടെ മണമുള്ള വീട്.

രാത്രി ഭക്ഷണത്തിന് ശേഷം അണ്ണന് ഒരു കുളിയുണ്ട്. കിണറ്റിലെ വെള്ളത്തിന് ചൂട് ആറിയിട്ടുണ്ടാവില്ല. അതിനുശേശംമാണ് അദ്ദേഹം കമ്പ്യൂട്ടറിലെ പണികള്‍ക്കിരിക്കുന്നത്. കമ്പ്യൂട്ടര്‍ പഠിക്കാനായി എന്നും ഞാന്‍ പുറകില്‍ ചെന്നു നില്ക്കും. വരയില്‍ താല്‍പ്പര്യമുള്ളത് കൊണ്ട് കുറെയൊക്കെ പെട്ടെന്ന് പഠിച്ചു. രാത്രിയില്‍ ഫോട്ടോ ശരിയാക്കി കൊണ്ടിരിക്കുമ്പോള്‍ അണ്ണയ്യ പറഞ്ഞു,

‘ഇന്നലെ നമ്മള്‍ ശരിയാക്കി കൊടുത്ത ഫോട്ടോയിലെ ശവത്തിന്റെ മോന്ത മെലിഞ്ഞു പോയെന്നും പറഞ്ഞ് അയാളുടെ മോന്‍ എന്നെ വഴിക്ക് വച്ചു കണ്ടപ്പോള്‍ തല്ലാന്‍ വന്നു. ‘

അതുകേട്ട് ഞാന്‍ ചിരിച്ചു.

കുറേ സമയത്തെ മൌനത്തിനു ശേഷം അണ്ണന്‍ പറഞ്ഞു,

‘ശരിക്കും ഒരാള്‍ക്ക് രണ്ടുതരം ബന്ധങ്ങളെ ഒള്ളു. ഒന്നു മുന്‍ഗാമി, രണ്ടു പിന്‍ഗാമി, അല്ലെ?’ ആ വാക്കുകളില്‍ നിന്ന് ആരുമില്ല എന്ന ബോധം അദ്ധേഹത്തെ അലട്ടുന്നതായി തോന്നി.

‘അണ്ണനൊരു വിവാഹം കഴിച്ചു കൂടെ?”

‘വേണം.’ എന്നെ ഒഴിവാക്കാന്‍ അദ്ദേഹം പറഞ്ഞപോലെ തോന്നി.

‘നാളെ ഹൈദ്രബാദില്‍ പോയി ചില സാധനങ്ങള്‍ മേടിക്കണം.ഞാന്‍ രാവിലെ പോകും. നീ ഇവിടെ തന്നെ വേണം, എങ്ങും കറങ്ങി നടക്കരുത്. പോയി കിടന്നോ എന്നാ… ഞാനുറങ്ങുമ്പോ വൈകും…’

കിടക്കാനായി പോകുമ്പോള്‍ ഇരുട്ടത്തിരുന്നു ജോലി ചെയ്യുന്ന അണ്ണനെ ഞാനൊന്നു നോക്കി. മൃതദേഹങ്ങള്‍ക്ക് ജീവന്‍ കൊടുക്കുന്ന ഒരാള്‍ ശ്മശാനത്തില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന പോലെ തോന്നി. ചൂടുറങ്ങുന്ന തറയില്‍ ഞാന്‍ പായ വിരിച്ചു. ഭാവിയിലെ ഹൈദരാബാദ് യാത്രയെക്കുറിച്ചാലോചിച്ച് എപ്പോഴോ ഉറങ്ങി.

രാവിലെ അദ്ദേഹം പുറപ്പെടുമ്പോള്‍ എന്നെ വിളിചെഴുന്നെല്‍പ്പിച്ചു, അന്ന് ചെയ്യേണ്ട ചില പണികളും ഏല്പിച്ചു.അണ്ണയ്യ പോയ ശേഷം വാതിലടച്ചു ഞാന്‍ തിരിച്ചു വന്നു കിടന്നുറങ്ങി. രണ്ടാമതുറക്കം പിടിച്ചു തുടങ്ങിയപ്പോള്‍ ആരോ വാതിലില്‍ മുട്ടി. മുട്ടിക്കൊണ്ടേ ഇരിക്കുന്നു. ഞാന്‍ ഉറക്ക ചടവില്‍ എഴുന്നേറ്റ് വാതില്‍ തുറന്നു.

വാതില്‍ക്കല്‍ ഓടിയണച്ചു വന്നു നില്ക്കുന്ന സൈക്കിള്‍ കടക്കാരന്‍ റഷീദ്.

” വെങ്കി കയറിയ ഓട്ടോ ബസ്സിലിടിച്ച് മറിഞ്ഞു. അയാള്‍ വശം ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. വെങ്കി ഓട്ടോയ്ക്ക് അടിയില്‍ പെട്ടുപോയി. ഒട്ടോയിലുണ്ടായിരുന്ന എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.’

‘എ…….ഏതാശുപത്രി?’

‘ഭാരതിലേക്കാ എലാവരെയും കൊണ്ടുപോയിരിക്കുന്നത്’.

റഷീദ് പറഞ്ഞതു വളരെ വേഗത്തിലായിരുന്നു, അതും ഹിന്ദിയില്‍. എനിക്ക് മുഴുവന്‍ മനസ്സിലായില്ല. എന്റെ കാലുകള്‍ കുഴയുന്ന പോലെ തോന്നി. എങ്കിലും ഞാന്‍ ഓട്ടം നിര്‍ത്തിയില്ല.

ആശുപത്രിയിലെത്തി.

ഗുരുതരമായി പരുക്കേറ്റ നാലുപേര്‍. മൊത്തം പന്ത്രണ്ടു പേരുണ്ടായിരുന്നു റിക്ഷയില്‍. ആശുപത്രിക്ക് പുറത്തെ ആള്‍ക്കാരുടെ സംസാരത്തില്‍ നിന്നറിഞ്ഞു. വെങ്കി അണ്ണയ്യക്കു എന്തെങ്കിലും പറ്റിയോ എന്നറിയാന്‍ ആശുപത്രിയിലൂടെ ഞാന്‍ ഓടി നടന്നു. എന്നെ സ്‌നേഹത്തോടെ നോക്കിയിട്ടുള്ള, അല്ലെങ്കില്‍ ഈ ലോകത്ത് എന്റെ ഒരേ ഒരു ബന്ധു… അങ്ങിനെയുള്ള ഒരാളാണ് ഇവിടെ മരണവുമായി മല്ലിടുന്നത്. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

പെട്ടെന്ന് എവിടെന്നോ റഷീദ് ഓടിവന്നു. അണ്ണന്റെ ഓപ്പറേഷനായി പണം കെട്ടി വയ്ക്കാനുള്ള ഡോക്റ്ററുടെ ആവശ്യം അറിയിച്ചു. അണ്ണന്റെ ഒരു കൂട്ടുകാരന്‍ വഴി വേണ്ട പണം ഏര്‍പ്പാടാക്കി.

ജീവന്‍ കയ്യില്‍ പിടിച്ചു ഞാന്‍ ഓടി നടന്ന നിമിഷങ്ങള്‍,
വീണ്ടുമൊരു അനാഥത്വം എനിക്ക് മുന്നില്‍ തലയുയര്‍ത്തി വന്ന നിമിഷങ്ങള്‍,
എന്റെ ചിന്തകള്‍ ഭ്രമണപഥം വിട്ടോടിയ നിമിഷങ്ങള്‍…..

ഒടുവില്‍ ഓപ്പറേഷന്‍ സുഖമായി തന്നെ നടന്നു. അദ്ധേഹത്തിന്റെ ജീവന്‍ തിരിച്ചു കിട്ടി.

ഭാഗ്യം….. എല്ലാവരുടെയും ഭാഗ്യം.

നാലു മാസമെടുത്തു അണ്ണന്റെ മുഖത്തെ കെട്ടഴിച്ച് എല്ലാം നേരെയാവാന്‍. ആശുപത്രിയില്‍ ഞാനായിരുന്നു കൂടെ. വെങ്കിയണ്ണന്റെ തലയാണ് വണ്ടിക്കടിയില്‍പ്പെട്ടത്. താടിയെല്ലിനായിരുന്നു ഒടിവ്. ആറ് ഒടിവുകള്‍. ഇപ്പോള്‍ ചുണ്ടുകള്‍ രണ്ടായി മുറിഞ്ഞു കൊടിയിരിക്കുന്നു. മുറിവ് പറ്റിയ സ്ഥലത്തു മീശ മുളക്കില്ല, അതിനാല്‍ മുറിച്ചുണ്ടുകള്‍ വ്യക്തമായി കാണാം. അദ്ധേഹത്തിന് ഇപ്പോള്‍ മണങ്ങള്‍ ഒന്നും കിട്ടില്ല. അപകടത്തില്‍ ഞരമ്പുകള്‍ക്ക് എന്തോ തകരാറു പറ്റി എന്നാണ്,ഡോക്ടര്‍മാര്‍ പറഞ്ഞത്.

ആറുമാസം കഴിഞ്ഞു.

ഇപ്പോള്‍ കയ്യിലെ ഒടിവും മറ്റും നേരെയായിരിക്കുന്നു. അണ്ണന്‍ ചെറുതായി ജോലികള്‍ ചെയ്തു തുടങ്ങിയിരിക്കുന്നു. ഇതുവരെ ഞാനാണ് സ്റ്റുഡിയോയിലെ ജോലികള്‍ നോക്കിയിരുന്നത്. ഒരുമാതിരി സ്റ്റുഡിയോ ജോലികള്‍ എല്ലാം ഞാന്‍ പഠിച്ചു. അദ്ദേഹം ഈ കഴിഞ്ഞ ആറുമാസവും എന്നെ അല്ലാതെ വേറെ ആരെയും കാണാന്‍ കൂട്ടാക്കിയിട്ടില്ല. ഒരിക്കല്‍ കാണാന്‍ വന്ന സീത അക്കനെപ്പോലും കാണാന്‍ കൂട്ടാക്കാതെ തിരിച്ചയച്ചു. അണ്ണയ്യക്കു എപ്പോഴും വിഷാദഭാവമാണ് മുഖത്ത്. വല്ലപ്പോഴും ഭക്ഷണം കൊടുക്കുമ്പോള്‍ എന്നെ നോക്കി പുഞ്ചിരിക്കും. മുറിചുണ്ടോടെ പുഞ്ചിരിക്കുന്ന അദ്ധേഹത്തിന്റെ ആ മുഖത്തേക്ക് ഞാന്‍ നോക്കാറില്ല. എന്റെ അണ്ണയ്യ… എന്റെ നായകനാണീ ഇരിക്കുന്നതെന്ന് ഞാന്‍ വിശ്വസിച്ചിട്ടില്ല. വിശ്വസിക്കുകയുമില്ല.

ഒരു ദിവസം രാത്രി അണ്ണയ്യ, അദ്ധേഹത്തിന്റെ ഒരു പഴയ ഫോട്ടോ എടുത്ത് കമ്പ്യൂട്ടറില്‍ മിനുക്കു പണികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടു. ആ കാഴ്ച കണ്ടു നില്കാനുള്ള മനക്കട്ടിയില്ലാതിരുന്നത് കൊണ്ട് ഞാന്‍ പോയിക്കിടന്നു. തറയില്‍ നിന്നുള്ള ചൂട് എന്റെ മനസ്സിലേക്കിറങ്ങുന്ന പോലെ തോന്നി. എന്റെ സ്വപ്നങ്ങളില്‍ നിന്നും ഒരു ഹൈദ്രാബാദ് യാത്ര മാഞ്ഞു തുടങ്ങിയിരിക്കുന്നു.

ഇനിയിവിടെ….ഇവിടെ മതി. ഈ യാദഗിരിഗുട്ടയില്‍….അണ്ണനോപ്പം.

ഞാനുറങ്ങി.

പക്ഷെ പിറ്റേന്ന് രാവിലെ മുതല്‍ വെങ്കിഅണ്ണയ്യയെ ആരും കണ്ടിട്ടില്ല. എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല. പകല്‍ മുഴുവന്‍ പലയിടത്തും ഞാന്‍ അന്വേഷിച്ചു നടന്നു. കണ്ടവരായി ആരുമില്ല.

ഒടുവില്‍ തളര്‍ന്നു വീട്ടിലെത്തിയ ഞാന്‍ ആ കാഴ്ച കണ്ടു. തലേന്ന് രാത്രി അദ്ദേഹം കമ്പ്യൂട്ടറില്‍ ശരിയാക്കിയ ഫോട്ടോ. മാനിന്റെ മുഖമുള്ള, വര്‍ണ്ണ പൂക്കള്‍ വിരിയുന്ന ഷര്‍ട്ട് ഇട്ടിരിക്കുന്ന ഒരാളുടെ ചിത്രം. എന്റെ ചെവികള്‍ കൊട്ടിയടഞ്ഞു മൂളാന്‍ തുടങ്ങി.

നിറകണ്ണോടെ ഞാന്‍ പുറത്തേക്കോടി. പൊള്ളുന്ന വെയിലില്‍ ദൂരെയുള്ള കരിമലകളിലേക്ക് നോക്കി. എന്നെ ചുറ്റി പറന്നുകൊണ്ടിരുന്ന ചുടുമണല്‍കാറ്റില്‍ എന്റെ നീളന്‍ മുടികള്‍ പറന്നുകൊണ്ടിരുന്നു. ഒന്നും മനസ്സിലാവാത്തവനെപ്പോലെ ചൂടുവമിക്കുന്ന പാറക്കെട്ടുകള്‍ നോക്കി സ്തബ്ദനായി ഞാന്‍ നിന്നു. ഒരു നിമിഷം ഞാനാ ചിത്രപ്പണികളുള്ള ഗുഹാകവാടത്തിനു മുന്നില്‍ എത്തിയ പോലെ തോന്നി. അതിനുള്ളില്‍ നിന്നും വന്ന അദ്ധേഹത്തിന്റെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങിക്കേട്ടു.

‘ബാബൂ ,

ഒരാള്‍ക്ക് രണ്ടു തരം ബന്ധങ്ങളെ ഒള്ളു. ഒന്നു മുന്‍ഗാമി, രണ്ടു പിന്‍ഗാമി….

നീയറിയുക… നീയാണെന്റെ പിന്‍ഗാമി.’

Advertisements